രനൂറ്റാണ്ട് പിന്നിട്ട കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി പഠനവകുപ്പിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി അധ്യാപകനാവുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരവാസികളായ മാവിലൻ വിഭാഗത്തിൽ നിന്നുള്ള സി. ഹരികുമാറാണ് സർവകലാശാലയുടെ കൊമേഴ്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടി ചരിത്രത്തിൽ ഇടം പിടിച്ചത്. അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചപ്പോൾ.

കാസർഗോഡ് ജില്ലയിലെ തായന്നൂരെന്ന ഉൾഗ്രാമത്തിലാണ് എന്റെ വീട്. തായന്നൂർ ഗവൺമെന്റ് സ്കൂളിലും കാസർഗോഡ് നവോദയിലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി.ജിയെടുത്തു. ബിരുദത്തിന് ശേഷം കാലിക്കറ്റിൽ പി.ജിക്ക് ചേരാനുള്ള തീരുമാനത്തിന് കരുത്ത് പകർന്നത് ബ്രണ്ണനിലെ അധ്യാപകരാണ്. സ്കൂൾ, കോളേജ് കാലയളവിൽത്തന്നെ അധ്യാപനത്തോട് താൽപ്പര്യമുണ്ടായിരുന്നു. തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നിന്നുവന്ന എനിക്ക് ആ മേഖലയിലേക്ക് എങ്ങനെ എത്തിപ്പറ്റണമെന്ന് വലിയ ധാരണയുണ്ടായിരുന്നില്ല. അത് സംബന്ധിച്ച കൃത്യമായ അവബോധം എന്നിൽ സൃഷ്ടിച്ചത് എന്റെ സ്കൂൾ, കോളേജ്തല അധ്യാപകരാണ്. അവർ തെളിച്ച വഴിയിലൂടെയാണ് ഞാനിന്ന് കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ എന്ന തസ്തികയിലേക്കെത്തിയത്.

പി.ജിക്ക് പിന്നാലെ ജെ.ആർ.എഫ്

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം.കോം ബിരുദം നേടിയതിന് പിന്നാലെ 2014-ൽ യു.ജി.സി നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ് നേടാനായത് മുന്നോട്ടുള്ള വഴിയിൽ കരുത്തായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോമേഴ്സ് വകുപ്പധ്യക്ഷനായ ഡോ.ബി. ജോൺസൺ സാറിന്റെ കീഴിലാണ് എം.ഫിൽ ഗവേഷണത്തിന് തുടക്കം കുറിച്ചത്. ബിഹേവിയറൽ ഫിനാൻസായിരുന്നു എം.ഫില്ലിലെ പഠന വിഷയം. ഗവേഷണത്തിന്റെ കരിയർ സാധ്യതകളെക്കുറിച്ച് എനിക്ക് മനസ്സിലാക്കി തന്നത് അദ്ദേഹമാണ്. അദ്ദേഹം തന്നെയാണ് എന്റെ റിസർച്ച് ഗൈഡും. നിലവിൽ പി.എച്ച്.ഡി തീസിസ് സമർപ്പണത്തിന്റെ വക്കിലാണ്. 'ക്രൗഡ് ഫണ്ടിങ്ങ് ഇൻ ഇന്ത്യ;പ്രോബ്ലംസ് ആൻഡ് പ്രോസ്പക്ട്സ്' എന്ന വിഷയത്തിലാണ് ഗവേഷണം.

അമിത പ്രതീക്ഷയില്ലാതെ അഭിമുഖം

2019-ലാണ് സർവകലാശാലയിലെ പഠന വകുപ്പിലെ അധ്യാപക നിയമനത്തിനായി വിജ്ഞാപനം ക്ഷണിച്ചത്. നൽകിയ അപേക്ഷ പ്രകാരം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. അതിന് ശേഷം കാലിക്കറ്റ് സർവകലാശാലയിൽ തന്നെ വെച്ച് നടത്തിയ അഭിമുഖത്തിലും പങ്കെടുത്തിരുന്നു. നിയമനം ലഭിക്കുമെന്ന അമിത പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നു മാത്രമായിരുന്നു മനസ്സിൽ. അച്ഛൻ കുഞ്ഞിരാമൻ, അമ്മ രാധ, അനിയത്തിമാരായ ഹരിശ്രീ, ധനശ്രീ എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണെന്റെ. ഇത്രയും വലിയൊരും നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അവർക്കെല്ലാം ഏറെ അഭിമാനമാണുള്ളത്. നാട്ടുകാർക്കും ഏറെ സന്തോഷമാണുള്ളത്. അവർക്കിടയിലൊരാൾ അധ്യാപകനാകുന്നുവെന്ന വാർത്തയറിഞ്ഞ് നാട്ടുകാരിൽ പലരും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

പ്രചോദനമാകാൻ കഴിഞ്ഞാൽ സന്തോഷം

സാമൂഹികമായും സാമ്പത്തികമായും വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ഈ നിലയിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇനിയും ഉയർന്നു വരണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെ നാട്ടിലെ സാധാരണ സ്കൂളിലും കോളേജുകളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളായ എനിക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും അതിന് കഴിയും. പക്ഷേ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ കണക്കെടുത്തു നോക്കിയാൽ പിന്നാക്കാവസ്ഥയിൽ നിന്ന് വരുന്ന കുട്ടികളിൽ പലരും ഇടയ്ക്കുവെച്ച് പഠനം നിർത്തുന്നത് കാണാം. അത് മാറണം. ഇങ്ങനെയൊരു സ്ഥാനത്തേക്ക് വരുന്നത് വഴി കുറച്ച് കുട്ടികൾക്കെങ്കിലും ഒരു പ്രചോദനമാകാൻ എനിക്ക് സാധിക്കുകയാണെങ്കിൽ അത് വലിയൊരു കാര്യമാണ്.

Content Highlights: C. Harikumar, Calicut University's first assistant professor from scheduled tribe shares his experiences