Representational Image | Pic Credit: Getty Images
ഒരു ബഹുരാഷ്ട്ര കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജര്‍ ഭക്ഷണശേഷം കുറച്ചുസമയത്തെ വിശ്രമത്തിനായി അടുത്തുള്ള ബ്ലാക്‌ബെറി മരത്തിനു സമീപമെത്തി. വലിയ മരത്തിലെ ആ ചെറിയ പഴുത്തകായകള്‍ നോക്കിയിരിക്കുമ്പോള്‍ കുശാഗ്രബുദ്ധിയായ അയാള്‍ക്ക് അതൊരു പ്രകൃതിയുടെ വികൃതിയായി അല്ലെങ്കില്‍ ഭ്രാന്തായാണ് തോന്നിയത്. സത്യത്തില്‍ അത്രയും ചെറിയ ഫലങ്ങളെ ഉദ്പാദിപ്പിക്കാന്‍ എന്തിന് ഇത്രയും വലിയ മരങ്ങള്‍? ആ സമയം തന്നെയാണ് കുറച്ചകലെയായി അദ്ദേഹം നിലത്തുതന്നെയുള്ള ഒരു ചെറിയ വള്ളിയില്‍നിന്നും ആളുകള്‍ പറിച്ചെടുത്തു വരുന്ന ഭീമാകാരമായ തണ്ണിമത്തനെയും കാണുന്നത്.
അതോടെ അദ്ദേഹം ഉറപ്പിച്ചു, പ്രകൃതിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. വൈകിയില്ല, ആവേശംകയറി തന്റെ തിരിച്ചറിവ് അദ്ദേഹം അവിടവിടെയായി നില്‍ക്കുന്നവരോടു പങ്കുവെച്ചു: ''നോക്കൂ, ആ എടുത്താല്‍പൊങ്ങാത്ത തണ്ണിമത്തന്‍ ഉത്പാദിപ്പിക്കാന്‍ പ്രകൃതി കണ്ടത് അതിനെ താങ്ങാന്‍ ശേഷിയില്ലാത്ത ഒരുവള്ളിയാണ്. ചെറിയ ബെറിക്കായി വന്‍മരവും. സംശയമില്ല, പ്രകൃതി ഇന്‍എഫിഷ്യന്റ് ആണ്. ഡിസൈനിങ്ങില്‍ ഇതിലപ്പുറം കഴിവുകേട് ഞാന്‍ കണ്ടിട്ടില്ല.''
ചുറ്റുമുള്ളവരെയൊക്കെ ചിന്തിപ്പിച്ച തന്റെ നിരീക്ഷണത്തിന്റെ ശേഷിയും പ്രകൃതിയുടെ ശേഷിക്കുറവും ഒക്കെ ഒന്നുകൂടി ആലോചിച്ചു, തെല്ലൊരു അഭിമാനം സ്വയംതോന്നി നില്‍ക്കുന്ന ശുഭമുഹൂര്‍ത്തത്തിലാണ് അതുസംഭവിച്ചത്. ചെറിയൊരു പഴം കൃത്യമായി അദ്ദേഹത്തിന്റെ തലയിലേക്കുതന്നെ വീണു. ഒന്നും സംഭവിച്ചില്ല, അത് താഴോട്ട് ഉരുണ്ടങ്ങു പോവുകയും ചെയ്തു. ആ ചെറിയ പഴത്തിന്റെ സ്ഥാനത്ത് എടുത്താല്‍ പൊങ്ങാത്ത തണ്ണിമത്തനായിരുന്നു എങ്കില്‍ തനിക്ക് എന്തു സംഭവിക്കുമായിരുന്നു എന്നൊരു ചിന്ത അദ്ദേഹത്തിലൂടെ കടന്നുപോയത് സെക്കന്‍ഡുകള്‍ക്കുള്ളിലാണ്.
പ്രകൃതിയുടെ രൂപകല്പനകള്‍ അങ്ങനെയാണ്, അതുമാറ്റാന്‍ പോയാല്‍ ഉണ്ടാവുന്ന ഫലം നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരിക്കും. പ്രകൃതിയില്‍നിന്ന് പഠിക്കാം, നമ്മുടെ രൂപകല്പനകളും അങ്ങനെത്തന്നെയാവണം, പ്രതീക്ഷിക്കാത്ത ഒരു പരിണതഫലവുമുണ്ടാവാത്ത അത്രമേല്‍ കരുതലോടെയുള്ള രൂപകല്പനകള്‍.
(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..