സംരംഭകരാകുന്നത് ചില്ലറക്കാര്യമല്ല!


ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുക വഴി മാത്രമേ ഏതൊരു സംരംഭവും അര്‍ത്ഥവത്താകൂ. ഉപഭോക്താവ് ആഗ്രഹിക്കുന്ന തരം സേവനമാണ് അവരിലേക്കെത്തുന്നതെങ്കില്‍ നിങ്ങളുടെ സംരംഭത്തോട് ഒരു വിശ്വാസം ഉടലെടുക്കും

-

സ്വന്തം ആശയത്തിന്റെ ചിറകിലേറി ഒരു ഉല്‍പ്പന്നമോ, സേവനമോ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തിയെ സംരംഭകന്‍ എന്ന് വിശേഷിപ്പിക്കാം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച്, ആ ചിന്തയെ പ്രാവര്‍ത്തികമാക്കുന്നിടത്താണ് സംരംഭം വിജയിക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങളൊന്നും അത്ര എളുപ്പമുള്ളതല്ല. മനസ്സില്‍ തോന്നുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മുന്നോ്ട്ട് പോകുന്തോറും വഴിയിലെ തടസ്സങ്ങള്‍ കൂടി വന്നേക്കാം. അതിനെ തരണം ചെയ്യാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മനോധൈര്യത്തിലാണ് കാര്യം

സംരംഭകര്‍ക്ക് മുന്നോട്ട് പോകാന്‍ ഏറ്റവും ആവശ്യമായിട്ടുള്ള്ത് മനോധൈര്യമാണ്. നിങ്ങള്‍ തുടങ്ങുന്ന സംരംഭം വിജയമാകുമെന്ന ആത്മവിശ്വാസത്തോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍. കഠിനാധ്വാനത്തിനൊപ്പം മനോധൈര്യവും കൂട്ടുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും നേരിടാം. സ്വന്തം സംരംഭത്തെ എങ്ങനെ മറ്റുള്ളവരുടേതില്‍ നിന്ന് വ്യ്ത്യസ്തമാക്കാമെന്ന് ചിന്തിക്കണം. വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള മനസ്സാണ് ഏതൊരു സംരഭത്തിന്റെയും വിജയം നിര്‍ണയിക്കുന്നത്.

വിശ്വാസമാണ് എല്ലാം

ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുക വഴി മാത്രമേ ഏതൊരു സംരംഭവും അര്‍ത്ഥവത്താകൂ. ഉപഭോക്താവ് ആഗ്രഹിക്കുന്ന തരം സേവനമാണ് അവരിലേക്കെത്തുന്നതെങ്കില്‍ നിങ്ങളുടെ സംരംഭത്തോട് ഒരു വിശ്വാസം ഉടലെടുക്കും. ഈ വിശ്വാസം മുന്നോട്ടുള്ള വഴിയില്‍ വളരെയധികം പ്രയോജനം ചെയ്യും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയിലെ മാറ്റങ്ങളെ നിരീക്ഷിക്കുകയാണ് അടുത്തതായി വേണ്ടത്. പുത്തന്‍ സാങ്കേതിക വിദ്യകളേയും സാധ്യതകളേയും അറിയുകയും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.


shaju thomas
"ഈ മേഖലയില്‍ ദിനംപ്രതിയുണ്ടാകുന്ന സംഭവ വികാസങ്ങളെക്കുറിച്ചും, പുത്തന്‍ സംരംഭങ്ങളെക്കുറിച്ചും അറിയാന്‍ ശ്രമിക്കണം. ഇതുവഴി ഒട്ടേറെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാം. വിജയിച്ച സംരംഭകരെക്കുറിച്ച് മാത്രമല്ല, പരാജയപ്പെട്ടവരെക്കുറിച്ചും അറിഞ്ഞിരിക്കണം. അവര്‍ക്കുണ്ടായ പിഴവുകള്‍ സ്വന്തം സംരംഭത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കാം".- ഷാജു തോമസ്, ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പോപ്പീസ് ബേബി കെയര്‍.