വ്യക്തിപരമായ കാരണങ്ങളാല്‍ ജോലിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നവരാണോ നിങ്ങള്‍, തിരിച്ച് ജോലിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടോ. ശരിയായ മാര്‍ഗനിര്‍ദേശവും വിവരങ്ങളും ഇല്ലാത്തതിനാല്‍ മികച്ച കരിയര്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്നുണ്ടോ. തൊഴില്‍ജീവിതത്തിലെ ഇടവേളയെ മികച്ച പരിശീലനത്തിലൂടെ മറികടക്കാം.

വനിതാ പ്രൊഫഷണലുകള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ജീവിതം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേര്‍ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേറുകളില്‍ ബാക്ക് ടു വര്‍ക്ക് എന്നപേരില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നു.

സോഫ്റ്റ്‌വേര്‍ ടെസ്റ്റിങ്

പ്രതിഭയും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകളെ തൊഴില്‍മേഖലയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാല്‍ തൊഴില്‍ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് പങ്കെടുക്കാം. രണ്ടാംതൊഴില്‍ജീവിതമാണ് ബാക്ക് ടു വര്‍ക്ക് മുന്നോട്ടുവെക്കുന്നത്. സോഫ്റ്റ്‌വേര്‍ ടെസ്റ്റിങ്ങിലാണ് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം കാര്യവട്ടത്തെ ഐസിഫോസ് പരിശീലനകേന്ദ്രത്തില്‍വെച്ച് നവംബര്‍ 17ന് തുടങ്ങും. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയില്‍ 25 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. ആഴ്ചയില്‍ മൂന്നോനാലോ ക്ലാസുകളായി (താമസസൗകര്യം സൗജന്യം) ഒരുമാസമാണ് പരിശീലനം.

സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സാങ്കേതികമേഖലയില്‍ സംഭാവനകള്‍ നല്‍കാന്‍ അവരെ സഹായിക്കാനുമായി 'ജെന്‍ഡര്‍ ആന്‍ഡ് ടെക്‌നോളജി' സംരംഭത്തിന്റെ ഭാഗമായാണ് ഐസിഫോസ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്ലേസ്‌മെന്റ്

കരിയറില്‍ ഇടവേളവന്നവര്‍ക്ക് ജോലിയിലേക്ക് തിരിച്ചുവരാന്‍ നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കി ജോലിക്കു പ്രാപ്തരാക്കാനുള്ള പരിപാടിയാണ് ബാക്ക് ടു വര്‍ക്ക് പ്രോഗ്രാം. പരിശീലനം പൂര്‍ത്തിയാക്കുന്ന 75 ശതമാനം പേര്‍ക്കും നേരിട്ട് പ്ലേസ്‌മെന്റ് ലഭിക്കുന്നുണ്ട്. കോവിഡ് കാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. അവര്‍ക്കെല്ലാം ഇതിന്റെ ഭാഗമാകാം.

ഡോ. എലിസബത്ത് ഷേര്‍ളി

ഡയറക്ടര്‍, ഐസിഫോസ്

 

ആത്മവിശ്വാസം നേടി

സോഫ്റ്റ്‌വേര്‍ ടെസ്റ്റിങ്ങില്‍ 10 വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് കുറച്ചുകാലം ഇടവേളവന്നു. ഇതിനുശേഷം വിവിധ കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുത്തെങ്കിലും ജോലികിട്ടിയില്ല. അങ്ങനെയാണ് ഐസിഫോസ് ബാക്ക് ടു വര്‍ക്ക് പരിപാടിയുടെ ഭാഗമാകുന്നത്. മറന്നുപോയ കാര്യങ്ങള്‍ പരിശീലനത്തിലൂടെ ഓര്‍ത്തെടുത്തു. ആദ്യം മുതലുള്ള ക്ലാസുകള്‍. നൂതന സാങ്കേതികവിദ്യകള്‍ പഠിച്ചു. പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടി. നൈപുണി വളര്‍ത്താന്‍ സാധിച്ചു. എങ്ങനെ മുന്നോട്ടു പോകണമെന്ന് ഐസിഫോസ് പറഞ്ഞുതന്നു. എന്റെ ബാച്ചിലെ കുറെ പേര്‍ക്ക് ജോലിലഭിച്ചു. ജോലിയില്ലാത്ത അവസ്ഥയില്‍ നിന്നുമാറി ജോലിചെയ്യാനുള്ള ആത്മവിശ്വാസം നേടി.

സിമി ജോസഫ് , ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്

മൈന്‍ഡ് ട്രീടെക്‌നോളജി കണ്‍സള്‍ട്ടിങ് കമ്പനി, ചെന്നൈ (കോതമംഗലം സ്വദേശി)

 

രജിസ്റ്റര്‍ ചെയ്യാം: www. icfoss.in  അവസാന തീയതി നവംബര്‍ 10

7356610110 | 9400225962 (രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ)

Content Highlights: Back to work project by icfoss