Representative image: Freepik
കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തൊഴിലിനും സ്ഥിരതാമസത്തിനുമായി കുടിയേറുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദേശജീവിതം കൊതിക്കുന്ന മലയാളികളുടെ ലക്ഷ്യപ്പട്ടികയില്‍ ഏറ്റവും മുന്നിലാണ് കംഗാരുനാടിന്റെ സ്ഥാനം. ജൂണ്‍ 30ന് അവസാനിക്കുന്ന ഈ സാമ്പത്തികവര്‍ഷം ഓസ്‌ട്രേലിയയ്ക്ക് 195000 തസ്തികകളാണ് നികത്താനുള്ളത്. ഇതിലേക്ക് ഒരു ഇന്‍വിറ്റേഷന്‍ പ്രോസസ് വഴിയാണ് ഓസ്‌ട്രേലിയ പെര്‍മനന്റ് റസിഡന്‍സി(പി.ആര്‍) അനുവദിക്കുന്നത്.
സ്‌കില്‍ഡ് മൈഗ്രേഷന്‍
ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റസിഡന്‍സിക്ക് അപേക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്‌കില്‍ഡ് മൈഗ്രേഷനാണ്. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുള്ള തൊഴിലുകളില്‍ നിങ്ങള്‍ക്ക് നൈപുണ്യമുണ്ടെങ്കില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ ഉപയോഗപ്പെടുത്താം. ഇതുപ്രകാരം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ജോലി ഓസ്‌ട്രേല്ിയയിലെ തൊഴില്‍നൈപുണ്യപ്പട്ടികയില്‍(സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ്) ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ആളെക്കിട്ടാനില്ലാത്ത തൊഴിലുകളിലേക്ക് മാത്രമാണ് അവര്‍ സ്‌കില്‍ഡ് മൈഗ്രൈഷനില്‍ പി.ആറിന് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്.
ഓസ്‌ട്രേലിയയിലെ പ്രധാന ഭാഷ ഇംഗ്ലീഷായതിനാല്‍ അതുപയോഗിച്ചുള്ള ആശയവിനിമയ പ്രാവീണ്യം പ്രധാനമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഐ.ഇ.എല്‍.ടി.എസിലെ റീഡിങ്,റൈറ്റിങ്,ലിസണിങ്,സ്പീക്കിങ് എന്നീ നാലുബാന്‍ഡുകളില്‍ ഓരോന്നിലും വേണ്ട സ്‌കോര്‍ 10-ല്‍ ആറ് ആണ്. പി.ടി.ഇയിലാണെങ്കില്‍ 100-ല്‍ അമ്പത്. ഒ.ഇ.ടിയിലാണെങ്കില്‍ ബി ആണ് യോഗ്യത. ബ്രിട്ടന്‍,യു.എസ്.എ,കാനഡ തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടാണെങ്കില്‍ ഇംഗ്ലീഷ് ഭാഷാപരീക്ഷ ആവശ്യമില്ല. സ്‌കില്‍ഡ് മൈഗ്രേഷന്‍,സ്റ്റുഡന്റ് വിസ,എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസ തുടങ്ങി ഏതുതരത്തിലുള്ള അപേക്ഷകരും ഇംഗ്ലീഷില്‍ അടിസ്ഥാനയോഗ്യതയുള്ളവരായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളുമാണ് ഓസ്‌ട്രേലിയയിലുള്ളത്. സ്‌കില്‍ഡ് ഒക്യുപ്പേഷനില്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞാല്‍ സ്വന്തം യോഗ്യതയനുസരിച്ച് ഇതില്‍ എങ്ങോട്ടുവേണമെങ്കിലും കുടിയേറാം. സ്‌കില്‍ഡ് മൈഗ്രേഷന്‍ വഴി നേരിട്ട് പി.ആറിനാണ് അപേക്ഷിക്കുന്നതെങ്കില്‍ ബാങ്ക് ബാലന്‍സ് കാണിക്കേണ്ട ആവശ്യമില്ല.ഓസ്‌ട്രേലിയയില്‍ ഈവര്‍ഷം തൊഴിലധിഷ്ഠിത പെര്‍മനന്റ് റസിഡന്‍സിക്കുള്ള അവസരങ്ങള്‍ വളരെയധികമാണ്. പ്രൊഫഷണല്‍ കാറ്റഗറിയില്‍ പെടുന്ന ഐ.ടി.പ്രൊഫഷണല്‍സ്,എന്‍ജിനീയര്‍മാര്‍,യൂണിവേഴ്‌സിറ്റി ലക്ചര്‍മാര്‍,ടീച്ചര്‍മാര്‍,മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റുകള്‍,ഹ്യൂമന്‍ റിസോഴ്‌സസ് അഡൈ്വസര്‍മാര്‍ അങ്ങനെ ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുള്ളവരുടെ നീണ്ടനിരതന്നെയുണ്ട്. ഓസ്‌ട്രേലിയയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകരെയും പരിഗണിക്കും. പക്ഷേ അതിന് യോഗ്യതാമാനദണ്ഡങ്ങളുണ്ട്.
ഇതില്‍ പ്രധാനം വയസ്സ് ആണ്. 45വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനാകില്ല. മാത്രവുമല്ല ഇതൊരു പോയന്റ് അധിഷ്ഠിത തിരഞ്ഞെടുപ്പുമാണ്. 65പോയന്റ് നേടിയവര്‍ക്കാണ് പി.ആറിനായി അപേക്ഷിക്കാനുള്ള അവസരങ്ങള്‍. ബിരുദമാണ് അടിസ്ഥാനയോഗ്യത.
ട്രേഡ് പ്രൊഫഷണലുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കല്‍പ്പണിക്കാര്‍,മരപ്പണിക്കാര്‍,പ്ലംബര്‍മാര്‍,വെല്‍ഡര്‍മാര്‍,ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷില്‍ പ്രാവീണ്യവും വേണം. ഈ കോഴ്‌സുകള്‍ ഓസ്‌ട്രേലയില്‍ പഠിക്കുന്നവര്‍ക്ക് ജോബ് റെഡി പ്രോഗ്രാമിലൂടെ പി.ആറിന് അപേക്ഷിക്കാം.
സ്റ്റുഡന്റ് വിസ
കുടിയേറ്റം ഓസ്‌ട്രേലിയയുടെ പ്രധാന സാമ്പത്തികസ്രോതസ്സാണ്. രാജ്യത്തിന്റെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവയില്‍ രണ്ടാംസ്ഥാനം വിദേശവിദ്യാര്‍ഥികള്‍ക്കാണ്. ഇവിടത്തെ വിദ്യാഭ്യാസം ലോകനിലവാരത്തിലുള്ളതായതിനാല്‍ വിവിധരാജ്യങ്ങളില്‍ നിന്നായി ധാരാളം പേര്‍ ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നു. ഇന്ത്യയില്‍നിന്നുള്ളവരും ഒരുപാടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബാങ്ക് ബാലന്‍സ് ആണ്. ഓസ്‌ട്രേലിയയിലേക്ക് പഠിക്കാന്‍ വരുന്ന ഒരു വിദ്യാര്‍ഥിക്ക് നിശ്ചിത തുക ബാങ്ക് ബാലന്‍സ് വേണമെന്ന നിബന്ധന വിസഅപേക്ഷയിലുണ്ട്. 22000 ഓസ്‌ട്രേലിയന്‍ ഡോളര്‍(11ലക്ഷം രൂപ)ആണ് ഇവിടത്തെ ജീവിതച്ചെലവിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക. ഇതിനൊപ്പം ഒരുവര്‍ഷത്തെ കോഴ്‌സ് ഫീയും യാത്രാച്ചെലവും ഉള്‍പ്പെടെയുള്ള തുകയാണ് ബാങ്ക് ബാലന്‍സ് ആയി കാണിക്കേണ്ടത്. പഠനകാലത്തെ ജീവിതച്ചെലവുകള്‍ താങ്ങാനുള്ള ശേഷി വിദ്യാര്‍ഥിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നിബന്ധന. സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ കുടുംബവുമായാണ് വരുന്നതെങ്കില്‍ പങ്കാളിയുടെയും കുട്ടികളുടെയും ജീവിതച്ചെലവുകളും ബാങ്ക് ബാലന്‍സില്‍ ഉള്‍പ്പെടുത്തി കാണിക്കേണ്ടിവരും. ബാങ്ക് ഡെപ്പോസിറ്റിന് പുറമേ വിദ്യാഭ്യാസ വായ്പയും ബാങ്ക് ബാലന്‍സായി കാണിക്കാവുന്നതാണ്. പങ്കാളിക്ക് ജോലിയുണ്ടെങ്കില്‍ അതിന്റെ വരുമാനം നിശ്ചിതപരിധിക്കുള്ളിലാണെങ്കില്‍ അതും പരിഗണിക്കും. മറ്റുതരത്തിലുള്ള നിക്ഷേപങ്ങള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കണക്കിലെടുക്കില്ല.
സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന കോഴ്‌സിനെക്കുറിച്ച് കൃത്യമായ ധാരണവേണം. ഇംഗ്ലീഷ് പ്രാവീണ്യവും ഉറപ്പുവരുത്തണം. സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ വന്ന് രണ്ടുവര്‍ഷം പഠിച്ചിറങ്ങുന്നവര്‍ക്ക് ആറുവര്‍ഷത്തേക്കുള്ള സ്റ്റേബാക്ക് വിസ കിട്ടും. ആ സമയത്ത് സ്‌കില്‍ഡ് മൈഗ്രേഷന്‍ വഴി പി.ആറിന് അപേക്ഷിക്കാം.
ഗ്ലോബല്‍ ഇന്‍ഡിപെന്‍ഡന്റ് ടാലന്റ് വിസ
ഓസ്‌ട്രേലിയയുടെ ടാര്‍ഗറ്റ് സെക്ടറുകളില്‍ പെടുന്ന ഉയര്‍ന്ന പ്രവൃത്തിപരിചയമുള്ളവര്‍ക്കുള്ളതാണിത്. ഡിജിറ്റല്‍,ആരോഗ്യം,ഫിന്‍ടെക് തുടങ്ങി പത്തെണ്ണമാണ് ഇവിടത്തെ ടാര്‍ഗറ്റ് സെക്ടറുകള്‍. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന തൊഴില്‍മേഖലകളാണിവ. ഇതില്‍ ഏതെങ്കിലും ഒന്നില്‍ അന്താരാഷ്ട്രനേട്ടങ്ങളുള്ളവര്‍ക്ക് ഗ്ലോബല്‍ ഇന്‍ഡിപെന്‍ഡന്റ് ടാലന്റ് വിസയ്ക്ക് അപേക്ഷിക്കാം. ഓസ്‌ട്രേലിയന്‍ പൗരനോ പെര്‍മന്റ് റസിഡന്റോ ആയവര്‍ നോമിനേറ്റ് ചെയ്യുകയും വേണം. ഓസ്‌ട്രേലിയയിലെ സ്ഥാപനങ്ങളുടെ നോമിനേഷനും പരിഗണിക്കും. പ്രായപരിധിയും ഇംഗ്ലീഷ് പ്രാവീണ്യവും ബാധകമല്ല എന്നതാണ് ഈ വിസയുടെ പ്രത്യേകത.
ബിസിനസ് വിസ
നിക്ഷേപകര്‍ക്കും ഓസട്രേലിയയില്‍ പി.ആറിന് അപേക്ഷിക്കാം. പ്രായപരിധി 55വയസ്സാണ്. ഏതെങ്കിലും ബിസിനസ് സ്വന്തമായുണ്ടായിരിക്കണം. രണ്ടുവര്‍ഷത്തേക്ക് 750000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ടേണോവര്‍ വേണം. ഓസ്‌ട്രേലിയയിലെ ഒരു തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസയിലൂടെ പി.ആറിന് അപേക്ഷിക്കാം.
കുടിയേറ്റനിയമങ്ങള്‍
ഓസ്‌ട്രേലിയയിലെ കുടിയേറ്റനിയമങ്ങള്‍ 1958-ലെ മൈഗ്രേഷന്‍ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വിവിധ വിസകള്‍ക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. പക്ഷേ ഈ ആക്ടില്‍ ഒരുപാട് ഭേദഗതികള്‍ ഓസ്‌ട്രേലിയ വരുത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തികപുരോഗതിക്ക് പ്രയോജനകരമാം വിധത്തില്‍താഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി എല്ലാവര്‍ഷവും ഈ നിയമങ്ങളിലും യോഗ്യതാമാനദണ്ഡങ്ങളിലും വ്യത്യാസം വരുത്തുന്നു.
ഓസ്‌ട്രേലിയയിലെ ആഭ്യന്തരവകുപ്പ് തന്നെയാണ് കുടിയേറ്റക്കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. തൊഴില്‍നൈപുണ്യപ്പട്ടിക തയ്യാറാക്കുന്നത് ഇവരാണ്. ഇതില്‍ എല്ലാവര്‍ഷവും മാറ്റംവരും. ഇതുകൂടാതെ ഓരോ സംസ്ഥാനത്തിനും പ്രത്യേകപട്ടികയുണ്ടാകും. എന്തിനാണ് ഓസ്‌ട്രേലിയയിലേക്ക് വരുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ആഭ്യന്തരവകുപ്പിനാണ് വിസയ്ക്കായി അപേക്ഷ നല്‍കേണ്ടത്. അപേക്ഷിക്കുന്നയാള്‍ എല്ലാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് നിയമപരമായ സാക്ഷ്യപ്പെടുത്തലും ഇതോടൊപ്പം സമര്‍പ്പിക്കണം.
വിസതട്ടിപ്പുകള്‍ സൂക്ഷിക്കുക
തൊഴിലവസരം വാഗ്ദാനം ചെയ്ത് എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസയിലുള്ള തട്ടിപ്പാണ് ഏറ്റവും കൂടുതല്‍. ജോലികിട്ടണമെങ്കില്‍ നിശ്ചിതതുക കൂടി അടയ്ക്കണം എന്ന് പറഞ്ഞുവരുന്നവരെ സൂക്ഷിക്കുക. അത് നേരായമാര്‍ഗത്തിലുള്ളതല്ല. ഓസ്‌ട്രേലിയയിലെ കുടിയേറ്റനിയമപ്രകാരം തൊഴിലുടമയ്ക്ക് താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നയാളില്‍ നിന്ന് പണംവാങ്ങാനുള്ള അധികാരമില്ല. ഓസ്‌ട്രേലിയയില്‍ നിന്നൊരു തൊഴിലവസരം വാഗ്ദാനം ചെയ്യപ്പെടുകയാണെങ്കില്‍ ആദ്യം ചോദിക്കേണ്ടത് ഏത് സബ്ക്ലാസിനാണ്(ഏത് വിസയ്ക്കാണ്) ജോലി കിട്ടുന്നതെന്നാണ്. ഈ വിസ പ്രകാരം ജോലി തരാനുള്ള ലൈസന്‍സ് സ്‌പോണ്‍സര്‍ക്കുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും ആവശ്യപ്പെടാം. ശരിയായ തൊഴില്‍ക്കരാറും മിനിമം വേതനവും ഉറപ്പുവരുത്തണം. 53900 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് മിനിമം വേതനം. സൂപ്പര്‍ ആനുവേഷനും ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമാണെങ്കിലും അങ്ങോട്ട് പൈസ കൊടുത്ത് തൊഴില്‍ നേടുന്നത് ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമപ്രകാരം വിസ അസാധുവാക്കപ്പെടാന്‍ കാരണമായേക്കാം. ആജീവനാന്തവിലക്കുപോലും ഉണ്ടായേക്കാം.
(ഓസ്‌ട്രേലിയയില്‍ മൈഗ്രേഷന്‍ ലോയറാണ് ലേഖിക)
Content Highlights: Australian Jobs and Visa details
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..