അവസരങ്ങളുടെ വാതില്‍ തുറന്നു, ഇനി സ്ത്രീയ്ക്കും ഉയരാം സൈന്യത്തിലെ ഉയര്‍ന്ന പദവികളിലേക്ക്. സൈന്യത്തിലെ ലിംഗനീതി ഉറപ്പാക്കാന്‍ സുപ്രീംകോടതി ഇടപെട്ടു. സൈന്യത്തില്‍ സ്ത്രീകള്‍ക്കും സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാണ് സുപ്രീകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരസേനയുടെ പോരാട്ട യൂണിറ്റുകളൊഴിച്ച് വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ (പെര്‍മനന്റ് കമ്മിഷന്‍ -പി.സി.) നല്‍കാനുള്ള നീക്കം സൈന്യത്തിലെ ലിംഗനീതിയുടെ ഉറപ്പാക്കല്‍ കൂടിയാണ്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിലെ അവസരതുല്യത പെണ്‍കുട്ടികള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് അന്വേഷിക്കുകയാണിവിടെ.
സുപ്രീംകോടതിക്ക് നന്ദി
കമാന്‍ഡ് പദവിയിലേക്ക് വനിതകള്‍ക്കും എത്തിച്ചേരാം എന്ന കോടതി നിര്‍ദേശത്തെ ഞങ്ങള്‍ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. ഉന്നതപദവിയിലേക്ക് എത്തിച്ചേരാം എന്നത് കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍മിയിലേക്ക് വരുന്നതിന് പ്രചോദനമാകും. ഇത്തരത്തില്‍ ലിംഗനീതി ഉറപ്പാക്കാനുള്ള സുപ്രീംകോടതിയുടെ ഇടപെടലിന് നന്ദി.

പെണ്‍കുട്ടികള്‍ ഇന്ന് കൂടുതലായി എന്‍.സി.സി.യിലേക്ക് വരുന്നുണ്ട്. എന്‍.സി.സി. എയര്‍വിങ്ങിലേക്കും പെണ്‍കുട്ടികള്‍ താത്പര്യം പ്രകടപ്പിക്കുന്നുണ്ട്. എന്റെ കോളേജില്‍ എയര്‍ വിങ്ങിലുള്ള 50 പേരില്‍ 30 പേരും പെണ്‍കുട്ടികളാണ്. ഞാനടക്കം എന്‍.സി.സി.യില്‍ ചേരുന്ന നല്ലൊരു വിഭാഗം പെണ്‍കുട്ടികളുടെയും ആഗ്രഹം സേനയില്‍ എത്തിച്ചേരണം എന്നതു തന്നെയാണ്.
- കെ.ടി. സ്റ്റെയ്സി (എന്‍.സി.സി. എയര്‍ വിങ്, തേവര എസ്.എച്ച്. കോളേജ്)
പെണ്‍കുട്ടികള്‍ക്ക് വലിയ അവസരം
ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഒരു ലോട്ടറിയടിച്ച പോലെയാണിത്. എന്‍.സി.സി.യില്‍ ചേരുന്ന പെണ്‍കുട്ടികള്‍ എല്ലാവരും സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍, ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. വനിതകള്‍ക്ക് കമാന്‍ഡ് പദവി അടക്കമുള്ള ഉന്നതപദവികള്‍ ലഭിക്കില്ലെന്നുള്ള ചിന്ത എല്ലാവരിലുമുണ്ടായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിട്ടുള്ളത്. റിപ്പബ്ലിക്ദിന പരേഡ് ടാനിയ ഷെര്‍ഗില്‍ നയിച്ചത് അവരുടെ സ്വന്തം കഴിവുകൊണ്ടാണ്. ഇത്തരം കഴിവുകളുള്ള ഒരുപാട് സ്ത്രീകള്‍ നമുക്കിടയിലുണ്ട്.

ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന വേളയില്‍ ഓള്‍ ഇന്ത്യ ബെസ്റ്റ് എന്‍.സി.സി. കേഡറ്റിനുള്ള (ആര്‍മി സീനിയര്‍ വിങ്) സ്വര്‍ണമെഡല്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് റിപ്പബ്ലിക്ദിന പരിപാടിയില്‍ പോയ കുട്ടികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ചൊവ്വാഴ്ച പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഞങ്ങള്‍ എന്‍.സി.സി.യിലെ പെണ്‍കുട്ടികള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. എല്ലാവരും സന്തോഷത്തിലാണ്.
- ഭാവന എസ്. പൈ (എന്‍.സി.സി. ആര്‍മി വിങ്, എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ്)
ആഗ്രഹിച്ച പദവി സ്വന്തമാക്കും

കമാന്‍ഡ് പദവിയിലേക്ക് എത്താന്‍ ആഗ്രഹിച്ച ഒത്തിരി പെണ്‍കുട്ടികളുണ്ട്. അവരെ സംബന്ധിച്ച് സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. സ്ത്രീശാക്തീകരണത്തിനായി നമ്മുടെ രാജ്യം ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്. അത് സേനാവിഭാഗത്തിലും പൂര്‍ണമായി നടപ്പിലാക്കാനുള്ള അവസരമാണ് വരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രെംമിനിസ്റ്റര്‍ റാലിയില്‍ പെണ്‍കുട്ടിയായി ഞാന്‍ മാത്രമാണ് ഉണ്ടായത്. എന്താണ് പെണ്‍കുട്ടികള്‍ കുറഞ്ഞുപോകുന്നത് എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍, ഭാവിയില്‍ സ്ഥിതി മാറുമെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. റിപ്പബ്ലിക്ദിന പരേഡ് ടാനിയ ഷെര്‍ഗില്‍ നയിച്ചത് നേരിട്ടുകാണാന്‍ സാധിച്ചു. വലിയ ആവേശമായിരുന്നു അവര്‍ എന്നില്‍ ജ്വലിപ്പിച്ചത്. ഇന്നിപ്പോള്‍ കോടതിയുടെ നിര്‍ദേശംകൂടി കേട്ടപ്പോള്‍ സന്തോഷം ഇരട്ടിച്ചു. ആഗ്രഹിക്കുന്ന പദവി നേടിപ്പിടിക്കുകതന്നെ ചെയ്യും.
- പി.ബി. അനന്തു (എന്‍.സി.സി. ആര്‍മി വിങ്, കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോളേജ്)
വിധി ചരിത്രം, സ്വാഗതാര്‍ഹം
സ്ത്രീയ്ക്കും പുരുഷനും എല്ലാ മേഖലകളിലും തുല്യത വരുത്താന്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി സഹായിക്കും. മാനസികവും ശാരീരികവുമായ പ്രതിബന്ധങ്ങളെ വെല്ലുവിളിച്ച് ഉറച്ച മനസ്സോടെ രാജ്യസേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന പെണ്‍ശക്തികളുടെ വിജയമാണിത്. സേനയിലുള്ള വനിതകളുടെ പങ്കാളിത്തവും സംഭാവനകളും വിലമതിക്കേണ്ടതാണ്. മിലിട്ടറിയില്‍ ചേരാനാഗ്രഹിക്കുന്ന എന്‍.സി.സി. കേഡറ്റുകള്‍ക്കും പുതുതലമുറയ്ക്കും തീര്‍ച്ചയായും വിധി പ്രോത്സാഹനമാകും. സ്ത്രീത്വത്തിന്റെ മാന്യതയെ ഉയര്‍ത്തുന്ന ഇത്തരം വിധികള്‍ സ്വാഗതാര്‍ഹം.
- എലിസബത്ത് മാത്യു (എന്‍.സി.സി. ആര്‍മി വിങ്, ആലുവ യു.സി. കോളേജ്)
പുതിയ ചിറകുകള്‍
ലിംഗനീതിക്ക് പൊന്‍തൂവലായി മാറിയ സുപ്രീം കോടതി വിധിക്ക് അഭിനന്ദനങ്ങള്‍. കമാന്‍ഡ് പദവിയിലേക്ക് എത്തിച്ചേരാന്‍ വനിതകള്‍ക്കും ഇനി അവസരം എന്നത് ആര്‍മിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തിച്ചേരാന്‍ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇത്തരമൊരു നീതി കാലത്തിന്റെ ആവശ്യമായിരുന്നു. എന്‍.സി.സി. കേഡറ്റ് എന്ന നിലയിലും ഒരു പെണ്‍കുട്ടി എന്ന നിലയിലും സമത്വ ചിന്താഗതി സ്വാഗതം ചെയ്ത സുപ്രീംകോടതി വിധിക്ക് നന്ദി.
- പാര്‍വതി ടി. ജയന്‍ (എന്‍.സി.സി. ആര്‍മി വിങ്, കാലടി ശ്രീശങ്കര കോളേജ്)
മാറ്റങ്ങളെ പ്രതീക്ഷയോടെ കാണുന്നു

സുപ്രീകോടതി നിര്‍ദേശം സന്തോഷമുള്ള കാര്യമാണ്. സമൂഹത്തില്‍ എല്ലായിടങ്ങളിലും പുരുഷന് തന്നെയാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. പെണ്‍കുട്ടികളേയും തുല്യതയോടെ കണ്ടാല്‍ മാത്രമേ ഇത്തരത്തിലുള്ള അസമത്വങ്ങള്‍ ഇല്ലാതാകുകയുള്ളു. സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇത്തരം നടപടികള്‍ പ്രോത്സാഹനമാണ്. ഇഷ്ടപ്പെട്ടാണ് എന്‍.സി.സി.യില്‍ പ്രവര്‍ത്തിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തില്‍ ഇത്തരം മാറ്റങ്ങളെ പ്രതീക്ഷയോടെ കാണുന്നു.
- എന്‍.വി. ശ്രുതി (എന്‍.സി.സി. എയര്‍ വിങ്, മഹാരാജാസ് കോളേജ്)
വേര്‍തിരിവിന്റെ ആവശ്യമില്ല
എന്‍.സി.സി.യില്‍ത്തന്നെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് പരിശീലിപ്പിക്കുന്നത്. അങ്ങനെയുള്ള സ്ഥലത്തുനിന്ന് പരിശീലനം കിട്ടിയിറങ്ങിക്കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവസരങ്ങള്‍ കുറവായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇന്നിപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ വരാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. ശാരീരികക്ഷമത പെണ്‍കുട്ടികള്‍ക്കുമുണ്ടെന്ന് എന്‍.സി.സി.യിലെ പരിശീലനത്തില്‍നിന്ന് മനസ്സിലായിട്ടുണ്ട്. വേര്‍തിരിവ് എവിടെയുമില്ല.
ഞങ്ങള്‍ക്ക് അഭിമാനമാണ് തോന്നുന്നത്, രാജ്യസേവനത്തില്‍ വേര്‍തിരിവ് കാട്ടില്ല എന്ന് അറിയുമ്പോള്‍. എന്‍.സി.സി.യില്‍ ചേര്‍ന്നത് രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാനായാണ്. അതിനാല്‍ത്തന്നെ എവിടെയും വേര്‍തിരിവ് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ലിംഗ വിവേചനത്തിനെതിരായുള്ള ശുഭസൂചകമായിട്ടുള്ള നിര്‍ദേശമാണ് വന്നിരിക്കുന്നത്. സ്ത്രീകള്‍ സൈന്യത്തില്‍ ഉന്നതപദവിയില്‍ എത്തുകതന്നെ ചെയ്യും.
- അഞ്ജലി വാരിയര്‍, അലാന മേരി എല്‍ദോ (എന്‍.സി.സി. ആര്‍മി വിങ്, കോതമംഗലം എം.എ. കോളേജ്)
തയ്യാറാക്കിയത്: കെ.ആർ. അമൽ, സുജിത സുഹാസിനി
*മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Aspiring girls response over supreme court order on permanent commission for women in army