രാജ്യത്തിന് അകത്തുള്ള തൊഴിലവസരങ്ങൾ തിരിച്ചറിയുകയെന്നതുപോലെ പ്രധാനപ്പെട്ടതാണ് വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കണ്ടെത്തുന്നത്. ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും നൈപുണ്യമുള്ള മാനവവിഭവശേഷിയുടെ അഭാവമുള്ള രാജ്യങ്ങളാണ് അറബ് രാഷ്ട്രങ്ങളും ജപ്പാൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയവയും. ഭാഷയുടെ അതിർവരമ്പുകൾ നിലനിൽക്കുന്നതിനാൽ ഇവിടെയുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പലപ്പോഴും സാധിക്കാറില്ല. അതിന് പരിഹാരം എന്ന രീതിയിലാണ് അസാപിന്റെ ആഭിമുഖ്യത്തിൽ വിദേശരാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് ഓൺലൈൻ ഭാഷ കോഴ്സുകൾ ആരംഭിക്കുന്നത്.
ഇംഗ്ലീഷ് മാത്രം മതിയാവില്ല
ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യംകൊണ്ടുമാത്രം തൊഴിൽ നേടാൻ കഴിഞ്ഞിരുന്ന കാലഘട്ടത്തിൽനിന്ന് അതത് രാജ്യങ്ങളുടെ പ്രാദേശികഭാഷകൾ തൊഴിൽ ലഭ്യതയ്ക്കുവേണ്ട യോഗ്യതയായി മാറുന്ന ഒരു കാലഘട്ടത്തിലേക്ക് വ്യവസായലോകം മാറിക്കൊണ്ടിരിക്കുകയാണ്.
'വർക്ക് ഫ്രം ഹോം' സംസ്കാരം കൂടുതലായി നടപ്പാക്കാൻ പോകുന്ന കാലത്തിൽ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശഭാഷാ പഠനം ആരംഭിക്കുന്നത്. ജാപ്പനീസ്, ജർമൻ, ഫ്രഞ്ച്, അറബിക്, സ്പാനീഷ് തുടങ്ങിയ ഭാഷകൾ പഠിക്കാനാണ് അസാപ്പ് അവസരം ഒരുക്കുന്നത്.
വിദേശരാജ്യവുമായി സഹകരിച്ച്
അതത് വിദേശരാജ്യത്തെ സർക്കാരുമായോ സർക്കാർ അംഗീകൃത ഏജൻസികളുമായോ സഹകരിച്ചാണ് ഓൺലൈൻ വിദേശഭാഷ പഠനത്തിന് അവസരം ഒരുക്കുന്നത്.
ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകൾ ഓഗസ്റ്റ് മൂന്നാംവാരംമുതൽ ആരംഭിക്കും. പതിനഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഭാഷാപഠനത്തിന് അപേക്ഷിക്കാം. ഓഗസ്റ്റ് 21-ന് മുമ്പായി രജിസ്റ്റർ ചെയ്യുണം. വിവരങ്ങൾക്ക്: 9495999719, 9495999793. www.asapkerala.gov.in or www.skillparkkerala.in
ബഹുഭാഷ പരിശീലനകേന്ദ്രങ്ങൾ
''ജർമൻ, സ്പാനിഷ്, ജാപ്പനീസ്, ഫ്രഞ്ച് തുടങ്ങി തൊഴിൽസാധ്യത വളരെയധികമുള്ള രാജ്യങ്ങളിലെ പ്രാദേശിക ഭാഷകൾ വീട്ടിലിരുന്ന് ഓൺലൈനായി പഠിക്കാനുള്ള അവസരമാണ് അസാപ് സി.എസ്.പികളിലെ ബഹുഭാഷ പരിശീലനകേന്ദ്രങ്ങൾ ഒരുക്കുന്നത്''.
- വീണ എൻ. മാധവൻ, സി.ഇ.ഒ. , അസാപ്പ്
ഭാഷയും കോഴ്സുകളും
ജാപ്പനീസ്
കോഴ്സ് കാലാവധി:150 മണിക്കൂർ
പരീക്ഷ: ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്
കോഴ്സ് ഫീസ്: 6900
ജർമൻ
കോഴ്സ് കാലാവധി: 160 മണിക്കൂർ
പരീക്ഷ: ഡിപ്ലോമ ഇൻ ജർമൻ ലാംഗ്വേജ് സ്റ്റഡീസ് പരീക്ഷ സർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ്: 5200
ഫ്രഞ്ച്
കോഴ്സ് കാലാവധി: 220 മണിക്കൂർ
പരീക്ഷ: ഡിപ്ലോമ ഇൻ ഫ്രഞ്ച് ലാംഗ്വേജ് സ്റ്റഡീസ് പരീക്ഷ സർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ്: 5800
അറബിക്
കോഴ്സ് കാലാവധി: 220 മണിക്കൂർ
കേരള സർവകലാശാല അറബിക് ഡിപ്പാർട്മെന്റ് സർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ്: 4600
സ്പാനിഷ്
കോഴ്സ് കാലാവധി: 300 മണിക്കൂർ
പരീക്ഷ: ഡിപ്ലോമ ഇൻ സ്പാനിഷ് ലാംഗ്വേജ് സ്റ്റഡീസ് പരീക്ഷ സർട്ടിഫിക്കേഷൻ
കോഴ്സ് ഫീസ് പിന്നീട് തീരുമാനിക്കും
Content Highlights: ASAP offers online foreign language learning courses