ദേശീയ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുക, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കരസേന നടത്തുന്ന സൈബര്‍ സെക്യൂരിറ്റി ഹാക്കത്തണ്‍ സൈന്യ രണക്ഷേത്രം മത്സരത്തിലേക്ക് അപേക്ഷിക്കാം. പ്രായോഗികതലത്തില്‍ എത്തിക്കാവുന്ന ഡിജിറ്റല്‍ പരിഹാരങ്ങള്‍ നിദേശിക്കാനും വികസിപ്പിക്കാനും ഹാക്കത്തണ്‍ അവസരമൊരുക്കുന്നു.

ബിരുദ വിദ്യാര്‍ഥികള്‍ക്കും സായുധ സേനാംഗങ്ങള്‍ക്കും സൗജന്യമായി മത്സരത്തില്‍ പങ്കെടുക്കാം.

മിലിറ്ററി കോളേജ് ഓഫ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റി, ഐ.എസ്.എ.സി. എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിന് മൂന്ന് ചലഞ്ച് ട്രാക്കുകള്‍ ഉണ്ട്.

സെക്യൂരിറ്റി കോഡിങ്

സൈബര്‍ ആക്രമണങ്ങളോ നുഴഞ്ഞുകയറ്റമോ നേരിടാന്‍ സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുമ്പോള്‍ ഫലപ്രദമായ രീതിയില്‍ സുരക്ഷാ പരിഗണനകള്‍ വെച്ചുകൊണ്ട് കോഡിങ്ങും എന്‍ക്രിപ്ഷനും നടപ്പാക്കുന്ന രീതികളാണ് സെക്യൂരിറ്റി കോഡിങ് ട്രാക്കില്‍ പരിഗണിക്കുന്നത്.

സോഫ്റ്റ്‌വേര്‍ ഡിഫൈന്‍ഡ് റേഡിയോ

റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ഹാര്‍ഡ്‌വേര്‍ കമ്പോണന്റുകള്‍ക്ക് പകരം സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ?േപഴ്‌സണല്‍ കംപ്യൂട്ടറിലോ എംബഡഡ് സിസ്റ്റത്തിലോ റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനം രൂപപ്പെടുത്തുക എന്നതാണ് സോഫ്റ്റ്‌വേര്‍ ഡിഫൈന്‍ഡ് റേഡിയോ ട്രാക്ക് ലക്ഷ്യമിടുന്നത്.

കാപ്ചര്‍ ദ ഫ്‌ലാഗ്

കാപ്ചര്‍ ദ ഫ്‌ലാഗ് (സി.ടി.എഫ്.) ട്രാക്ക്, കംപ്യൂട്ടര്‍ സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അവ കണ്ടെത്തി സിസ്റ്റത്തെ പ്രതിരോധിക്കുക എന്നിവയുള്‍പ്പെടുന്ന സവിശേഷമായ സൈബര്‍ സെക്യൂരിറ്റി മത്സരമാണ്.

മത്സരം

മൂന്നു ട്രാക്കുകളുടെയും ആദ്യ രണ്ടു റൗണ്ടു മത്സരങ്ങള്‍ യഥാക്രമം നവംബര്‍ 15നും 22നും നടത്തും. സി.ടി.എഫ്. ഫൈനല്‍ ഡിസംബര്‍ 16, 17 തീയതികളിലും മറ്റു രണ്ട് ട്രാക്കുകളുടെ ഫൈനല്‍ ഡിസംബര്‍ ആറു മുതല്‍ 30 വരെയും നടത്തും. ഓരോ ട്രാക്കിലും ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തും. മൊത്തം സമ്മാനത്തുക 15 ലക്ഷം രൂപയാണ്. മുന്നിലെത്തുന്നവര്‍ക്ക് ഇന്ത്യന്‍ കരസേനയില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും ലഭിക്കാം. അന്തിമ റൗണ്ടില്‍ എത്തുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

വിവരങ്ങള്‍ക്ക്

https://www.sainya-ranakshetram.in/

അവസാന തീയതി: നവംബര്‍ 10

Content Highlights: Army Cyber ​​Security Hackathon Competition