Representational Image
ഇന്ത്യന്‍ സായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്ന 'അഗ്നിപഥ് റിക്രൂട്ട്മെന്റിന്' ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം ഹ്രസ്വകാലാടിസ്ഥാനത്തില്‍ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും. നാല് വര്‍ഷമായിരിക്കും സേവനകാലാവധി. 'അഗ്നിപഥ് റിക്രൂട്ട്മെന്റ് വഴി നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീരന്മാര്‍ എന്നറിയപ്പെടും. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. യോണിഫോം സേനകളില്‍ താത്പര്യമുള്ള, എന്നാല്‍ അധിക കാലം ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത യുവാക്കള്‍ക്ക് അഗ്നിപഥ് ഗുണം ചെയ്യും.
ഈ വർഷത്തെ റിക്രൂട്ട്‌മെന്റ് റാലി അടുത്ത 90 ദിവസത്തിനകം നടത്തും. 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. ജൂലായ് 2023-ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും. പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
.jpg?$p=9c2ba89&&q=0.8)
യോഗ്യത
പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവര്‍ക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിര്‍ദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവില്‍ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്നിപഥിനും ഉണ്ടായിരിക്കുക.
പരിശീലനം
സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതല്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളില്‍ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നല്‍കും
നിയമനം
ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
ശമ്പളം
തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി 'സേവാനിധി' പാക്കേജ്' എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.
ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം
സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.
.jpg?$p=85b4690&&q=0.8)
ചൊവ്വാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക;
Content Highlights: All about the Agnipath recruitment scheme for the armed forces
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..