പി.എസ്.സിക്ക് വേണ്ടി പന്ത്രണ്ടുവർഷത്തെ സേവനം; നേട്ടത്തിളക്കത്തിൽ പടിയിറക്കം | അഭിമുഖം


ആർ. ജയപ്രസാദ്

എം.കെ സക്കീർ | ഫോട്ടോ:രാമനാഥ പൈ

അംഗമായി ആറുവർഷവും പിന്നീട് ചെയർമാനായി ആറുവർഷവും ചേർത്ത് പന്ത്രണ്ടുവർഷമായി പി.എസ്.സി.യാണ് എം.കെ. സക്കീറിന്റെ പ്രവർത്തനമേഖല. ഈ വിപുലമായ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി കാതലായ പരിഷ്‌കാരങ്ങൾ പി.എസ്.സി.യിൽ നടപ്പാക്കാൻ അദ്ദേഹത്തിനായി. ഒക്ടോബർ 31-ന് ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുന്ന എം.കെ.സക്കീർ മാതൃഭൂമി'തൊഴിൽവാർത്ത'യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.

ചെയർമാനെന്ന നിലയിൽ പി.എസ്.സി.യിൽ നടപ്പാക്കാൻ കഴിഞ്ഞ ഏറ്റവും വലിയ നേട്ടമെന്താണ്?പരീക്ഷാ പരിഷ്‌കാരം വളരെ പ്രധാനപ്പെട്ടതാണ്. പി.എസ്.സി. പരീക്ഷകളെക്കുറിച്ച് ഉദ്യോഗാർഥികളുടെ മനസ്സിൽ പതിറ്റാണ്ടുകളായി പതിഞ്ഞ ശൈലിയും രീതിയുമുണ്ട്. അതിൽനിന്ന് അവരെ മാറ്റിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. കുറെ പേർ അപേക്ഷിക്കുന്നു, അതിൽ കുറെ പേർ പരീക്ഷയെഴുതുന്നു, വളരെ കുറച്ചുപേർ റാങ്ക് പട്ടികയിൽ വരുന്നു, അതിലും കുറച്ചുപേർക്ക് ജോലി ലഭിക്കുന്നു. ഇങ്ങനെ ജോലി കിട്ടുന്നവർ അതിന് യഥാർഥത്തിൽ അർഹതയുള്ളവരാണോ എന്ന ചോദ്യം വളരെ നാളുകളായി സിവിൽ സർവീസ് മേഖലയിൽനിന്നും പൊതുരംഗത്തുനിന്നും കേൾക്കുകയാണ്. അതിനുള്ള മറുപടിയാണ് രണ്ടുഘട്ട പരീക്ഷാപരിഷ്‌കാരം. കമ്മിഷൻ അംഗങ്ങളും പി.എസ്.സി. ജീവനക്കാരും ആത്മാർഥമായി സഹകരിച്ചതുകൊണ്ടാണ് അത് നടപ്പാക്കാനായത്.

ലക്ഷക്കണക്കിന് അപേക്ഷകരിൽനിന്ന് സർക്കാർ ജോലിയെയും പി.എസ്.സി. പരീക്ഷയെയും ഗൗരവമായി കാണുന്നവരെ കണ്ടെത്തുകയാണ് പ്രാഥമികപരീക്ഷയുടെ ലക്ഷ്യം. അവരിൽ ആ ജോലിക്ക് ഏറ്റവും യോജിച്ചവരെ തിരഞ്ഞെടുക്കുന്നതിനാണ് രണ്ടാമത്തെ പരീക്ഷ പ്രാധാന്യം നൽകുന്നത്. അതിന് യോജിച്ചവിധം പാഠ്യപദ്ധതിയിലും മാറ്റംവരുത്തി. ഈ പരിഷ്‌കാരത്തിലൂടെ തയ്യാറാക്കിയ ആദ്യ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചുതുടങ്ങി. അതിലുള്ളവർ സർവീസിൽ പ്രവേശിക്കുകയാണ്. നമ്മുടെ സിവിൽ സർവീസിന് അവർ നൽകുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതായിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല. പൊതുവിജ്ഞാനം കാണാതെ പഠിച്ച് ജോലി നേടുന്നവരെക്കാൾ ക്രിയാത്മകമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയുമെന്ന് ഉറപ്പാണ്. കെ.എ.എസിന്റെ ആദ്യബാച്ച് അത്തരത്തിൽ നടത്തിയ തിരഞ്ഞെടുപ്പാണ്. അവരിൽനിന്ന് തീർച്ചയായും നല്ലത് പ്രതീക്ഷിക്കാം.

രണ്ടുഘട്ട പരീക്ഷയിൽ മുഖ്യപരീക്ഷ ചിലതിനെങ്കിലും വിവരണാത്മകമാക്കുമെന്ന് പറഞ്ഞിരുന്നല്ലോ. അത് നടപ്പാക്കാനായില്ലെന്ന് പരാതിയുണ്ട്?

ശരിയാണ്. വിവരണാത്മകപരീക്ഷകൾ പ്രതീക്ഷിച്ചപോലെ വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല. അധ്യാപകസമൂഹത്തിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതാണ് കാരണം. ഗസറ്റഡ് തസ്തികകൾക്കെല്ലാം വിവരണാത്മകപരീക്ഷയിലൂടെ റാങ്ക് നിശ്ചയിക്കണമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, മൂല്യനിർണയത്തിന് ആവശ്യത്തിന് അധ്യാപകരെ കിട്ടാതായി. അതിന്റെ വേഗവും കൃത്യതയും വർധിപ്പിക്കാൻ ഒ.എസ്.എം. (ഓൺ സ്‌ക്രീൻ മാർക്കിങ്) ഏർപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ അധ്യാപകർ സഹകരിച്ചില്ല.

പരീക്ഷാനടത്തിപ്പ് പി.എസ്.സി.യെ സംബന്ധിച്ച് വെല്ലുവിളിയാണോ?

പരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാരുടെ ശ്രദ്ധക്കുറവുകൊണ്ടുണ്ടാകുന്ന ക്രമക്കേടുകൾക്ക് പഴി കേൾക്കേണ്ടിവരുന്നത് പി.എസ്.സി.യാണ്. അതിനാൽ, പരീക്ഷാനടത്തിപ്പ് എല്ലാകാലത്തും വലിയ വെല്ലുവിളിയാണ്. പരീക്ഷാകേന്ദ്രങ്ങളും ഇൻവിജിലേറ്റർമാരും ഉദ്യോഗാർഥികളും സാമൂഹികപ്രതിബദ്ധതയോടെ സ്വന്തം കർത്തവ്യങ്ങൾ ഏറ്റെടുത്താൽ തീരാവുന്ന പ്രശ്‌നമാണിത്. എന്നാൽ, അതിന് ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല. എല്ലാ പരീക്ഷാഹാളിലും ക്ലോക്ക് വാങ്ങി സ്ഥാപിക്കുകയെന്നത് പി.എസ്.സി.ക്ക് പ്രായോഗികമല്ല. ക്രമക്കേടിന് അവസരമുള്ളതിനാൽ, വാച്ചോ മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോ അനുവദിക്കാനുമാകില്ല. ഏതുവിധത്തിലായാലും ഉദ്യോഗാർഥികൾക്ക് സമയത്തെക്കുറിച്ച് അപ്പപ്പോൾ അറിയിപ്പ് നൽകാൻ പരീക്ഷാകേന്ദ്രങ്ങൾതന്നെ സന്നദ്ധരാവുകയാണ് വേണ്ടത്.

സംവരണക്രമം പാലിച്ച് നിയമനശുപാർശ തയ്യാറാക്കാനുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ സ്ഥിതിയെന്തായി?

സോഫ്റ്റ് വെയർ തയ്യാറായിട്ടുണ്ട്. ഉപയോഗിച്ചുതുടങ്ങി. പൂർണതോതിൽ ഉപയോഗപ്രദമാക്കുന്നതിന് പരിമിതികളുണ്ട്. അധികം സമയമെടുക്കാതെയും തെറ്റുകൾ വരുത്താതെയും നിയമനശുപാർശ തയ്യാറാക്കുന്നതിന് കഠിനപ്രയത്നം വേണം. പൂർണമായും സോഫ്റ്റ് വെയറിനെ ശ്രയിക്കുന്നത് അപകടമാകുമെന്ന സ്ഥിതിയുമുണ്ട്.

ചെയർമാൻ എന്ന നിലയിൽ ഇക്കാലയളവിൽ വേദനിപ്പിച്ച സംഭവങ്ങളുണ്ടോ?

ഉത്തരം പകർത്തിയെഴുതി ചിലർ പോലീസ് റാങ്ക് പട്ടികയിൽ കയറിക്കൂടിയതും ജോലി കിട്ടില്ലെന്ന വിഷമത്തിൽ എക്‌സൈസ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതും വളരെ വിഷമമുണ്ടാക്കിയ സംഭവങ്ങളായിരുന്നു. പി.എസ്.സി.യുടെ പ്രവർത്തനത്തിലെ പോരായ്മകൊണ്ടല്ല ഇതുരണ്ടും ഉണ്ടായത്. തങ്ങളുടേതല്ലാത്ത തെറ്റിന് കുറ്റപ്പെടുത്തലുകളുണ്ടാകുമ്പോഴാണല്ലോ കൂടുതൽ സങ്കടം ഉണ്ടാകുന്നത്. അതാണ് ഇവിടെയും സംഭവിച്ചത്.

എൽ.ഡി. ക്ലാർക്ക്, എൽ.ജി.എസ്., എൽ.പി.എസ്.ടി. തുടങ്ങി ഈയിടെ പുറത്തിറക്കിയ റാങ്ക്പട്ടികകളിൽ നിന്നെല്ലാം നിയമനശുപാർശ വൈകുന്നത് എന്തുകൊണ്ടാണ്?

നിയമനശുപാർശ തയ്യാറാക്കുന്നതിലും അയക്കുന്നതിലും ചില മാറ്റങ്ങൾ ഈയിടെ വരുത്തിയിരുന്നു. അതുകൊണ്ടാണ് നിയമനശുപാർശകൾക്ക് കാലതാമസമുണ്ടാകുന്നുവെന്ന് ഉദ്യോഗാർഥികളിൽനിന്ന് പരാതിയുണ്ടായത്. ഈ പരാതി പി.എസ്.സി.യുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ, ക്ഷമയോടെ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ ഉദ്യോഗാർഥികൾ ചെയ്യേണ്ടതെന്ന് ചെയർമാനെന്ന നിലയിൽ ഉപദേശിക്കുകയാണ്. കാരണം തിടുക്കം കാണിച്ച് തെറ്റുകൾ വരുത്തിയാൽ ഉദ്യോഗാർഥികൾക്കുതന്നെയാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് നിയമനം റദ്ദാക്കുകയും വകുപ്പ് മാറ്റിനൽകുകയും ചെയ്യേണ്ട സ്ഥിതി ഒഴിവാക്കാനാണ് പുതിയ രീതി സ്വീകരിച്ചത്. സംവരണക്രമം അനുസരിച്ച് തയ്യാറാക്കുന്ന നിയമനശുപാർശകളിൽ സൂക്ഷ്മപരിശോധന നടത്തി തെറ്റില്ലെന്ന് ഉറപ്പാക്കിയശേഷം പ്രസിദ്ധീകരിക്കുന്നതാണ് പുതിയ രീതി. മുൻപ് നിയമനശുപാർശ അയച്ചശേഷമാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. നിയമനശുപാർശ വൈകിയാലും അക്കാലയളവിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളൊന്നും ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെടില്ല.

റാങ്ക്പട്ടികയിൽനിന്ന് ഒഴിവാകുന്നതിനുള്ള അവസരം പ്രൊഫൈലിലൂടെ നൽകണമെന്ന് ആവശ്യമുയർന്നിരുന്നല്ലോ. അതെന്താണ് പരിഗണിക്കാത്തത്?

ഉദ്യോഗാർഥികളുടെ തൊഴിൽ സുരക്ഷയ്ക്കുവേണ്ടിയാണ് അതിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചത്. പലരും ഇന്റർനെറ്റ് കഫേകളെ ഏൽപ്പിച്ചാണ് അപേക്ഷ അയക്കുന്നതും പരീക്ഷ എഴുതാൻ ഉറപ്പ് നൽകുന്നതും. ആ സാഹചര്യത്തിൽ ഒഴിവാകാനുള്ള അവസരം പ്രൊഫൈലിലൂടെ നൽകുന്നത് ദുരുപയോഗിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഈ ആവശ്യം ഉദ്യോഗാർഥികൾ ഒരിക്കലും ഉന്നയിക്കരുതെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.

പുനഃപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനും വലിയ കാലതാമസമുണ്ട്. ഇത് പരിഹരിക്കാൻ എന്തെങ്കിലും നിർദേശമുണ്ടോ?

കാലതാമസമുണ്ടെന്നത് ശരിയാണ്. അത് കുറേക്കൂടി സമയബന്ധിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ രണ്ടിനും റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അപേക്ഷിക്കണം. നിലവിൽ ഇതിന് 45 ദിവസം സമയം നൽകിയിരുന്നു. കിട്ടുന്ന അപേക്ഷകളിൽ 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്. നിലവിൽ വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് പി.എസ്.സി.യുടെ സെർവറിൽ ഇമേജായി സൂക്ഷിച്ചിട്ടുണ്ട്. ഒ.എം.ആർ. പരീക്ഷയുടെ പകർപ്പും ഇതുപോലെ ഡിജിറ്റലായി സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മലിനീകരണ നിയന്ത്രണ ബോർഡ്, മത്സ്യഫെഡ് എന്നിവയിലേക്ക് പി.എസ്.സി. വഴി നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാനായി. എന്തുകൊണ്ടാണ് കേരള ബാങ്കിലേക്കുള്ള വിജ്ഞാപനങ്ങൾ വൈകുന്നത്?

കഴിഞ്ഞ ദിവസവും കേരള ബാങ്ക് പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. നിലവിൽ 13 ജില്ലകളിലെ എൻ.സി.എ. നിയമനവുമായി മുന്നോട്ട് പോകാനാണ് ധാരണയായത്. അതിനുള്ള 145 ഒഴിവ് കേരള ബാങ്ക് റിപ്പോർട്ട് ചെയ്തു. അവയിലേക്കുള്ള വിജ്ഞാപനം ഉടൻ വരും. ബാക്കിയുള്ള ജനറൽ തസ്തികകളിൽ നേരിട്ട് നിയമനം നടത്തേണ്ടവ അവർ പട്ടികയാക്കി നൽകിയിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് നിയമന നടപടികൾ ആരംഭിക്കും.

കൈവരിച്ച 10 പ്രധാന നേട്ടങ്ങൾ

പരീക്ഷാ പരിഷ്‌കാരം
പ്രധാന തസ്തികകൾക്ക് രണ്ടുഘട്ട പരീക്ഷാ പരിഷ്‌കാരം നടപ്പാക്കി. പത്താംക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിവ യോഗ്യതകളായി വരുന്ന തസ്തികകൾ മൂന്ന് കാറ്റഗറികളായി തിരിച്ച് പ്രാഥമിക പരീക്ഷ പൊതുവായി നടത്തുന്നു. ഒഴിവാക്കൽ (elimination) മാതൃകയിലാണ് ആദ്യ പരീക്ഷ നടത്തുന്നത്. അതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ തസ്തികയ്ക്കും പ്രത്യേകം അർഹതാപട്ടിക തയ്യാറാക്കുന്നു. ഇവർക്ക് തസ്തിക തിരിച്ച് മുഖ്യപരീക്ഷ നടത്തും. ഓരോ തസ്തികയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ പരീക്ഷയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാഠ്യപദ്ധതി നവീകരിച്ചു
പൊതുവിജ്ഞാനം കാണാതെ പഠിച്ച് പി.എസ്.സി. പരീക്ഷയിൽ മുന്നിലെത്തുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി. വിഷയങ്ങൾ സമഗ്രമായി പഠിച്ച്, ലോജിക്കലായി വിലയിരുത്തി ഉത്തരങ്ങൾ കണ്ടെത്തണം. അതിന് സഹായകമായ വിധത്തിൽ പരീക്ഷാസമയം വർധിപ്പിച്ചു.

കെ.എ.എസ്. യാഥാർഥ്യമാക്കി
സർക്കാർ സർവീസിലെ ഏറ്റവും ഉയർന്ന കേഡറായ കേരള ഭരണ സർവീസ് (കെ.എ.എസ്.) യാഥാർഥ്യമാക്കി.

ഓൺലൈൻ പരീക്ഷകൾ വർധിപ്പിച്ചു
പി.എസ്.സി.യുടെ സൗകര്യങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നതിനുള്ള ഓൺലൈൻ കേന്ദ്രങ്ങൾ തുടങ്ങി. ഓൺലൈൻ പരീക്ഷകളുടെ എണ്ണവും വർധിപ്പിച്ചു. നിലവിൽ പതിനായിരം അപേക്ഷകളുള്ള പരീക്ഷകൾ ഓൺലൈനിൽ നടത്താം. ആഴ്ചകൾക്കുള്ളിൽ ഫലം തയ്യാറാക്കാനാകും എന്നതാണ് ഓൺലൈൻ പരീക്ഷകളുടെ നേട്ടം.

ഒ.എസ്.എം. നടപ്പാക്കി
വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) ആരംഭിച്ചു. കെ.എ.എസ്. ഉൾപ്പെടെയുള്ള പരീക്ഷകൾ അതിലൂടെയാണ് മൂല്യനിർണയം നടത്തിയത്. ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്ത ഇമേജ് കംപ്യൂട്ടർ ടെർമിനലിന്റെ ഒരു ഭാഗത്തും ഉത്തരസൂചിക മറുഭാഗത്തും പ്രദർശിപ്പിച്ച് മൂല്യനിർണയം പരമാവധി കൃത്യതയുള്ളതാക്കുകയാണ് ഒ.എസ്.എമ്മിന്റെ പ്രത്യേകത. കേന്ദ്രീകൃത സ്വഭാവത്തിൽ അധികം സമയമെടുക്കാതെ മൂല്യനിർണയം നടത്താനുമാകും.

സർക്കുലർ ഏകീകരണം
ഒരേ വിഷയത്തിൽതന്നെ വിവിധ സർക്കുലറുകൾ പി.എസ്.സി.യിൽ നിലവിലുണ്ടായിരുന്നു. അവ ക്രോഡീകരിച്ച് ഓരോ വിഷയത്തിലും ഓരോ സർക്കുലർ എന്ന നിലയിലെത്തിച്ചു. 600-ഓളം സർക്കുലറുകളാണ് ഇങ്ങനെ ഏകീകരിച്ച് 25 ആക്കി ചുരുക്കിയത്.

ചോദ്യശേഖരം തയ്യാറായി
പി.എസ്.സി.യിൽ ശേഖരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തിത്തുടങ്ങി. പ്രാഥമിക പരീക്ഷകൾക്ക് പി.എസ്.സി. ശേഖരിച്ച ചോദ്യങ്ങൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. പൊതുവിജ്ഞാനത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് ചോദ്യങ്ങൾ ശേഖരിച്ചുകഴിഞ്ഞു. ഇവയിൽ കംപ്യൂട്ടർ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുന്നത്. ഈ ചോദ്യങ്ങൾ പരസ്യപ്പെടുത്താറായിട്ടില്ല. പി.എസ്.സി.യിലുള്ളവർക്കുപോലും ഇത് ലഭ്യമല്ല. അതീവ രഹസ്യമായി ഡീകോഡ് ചെയ്താണ് സൂക്ഷിക്കുന്നത്.

പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടി
ഒ.ടി.പി. സംവിധാനവും ഉറപ്പ് നൽകലും ഏർപ്പെടുത്തിയതോടെ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാക്കാനായി. മുൻപ് 60-ഉം 70-ഉം ശതമാനം അപേക്ഷകർ പരീക്ഷയെഴുതാറില്ലായിരുന്നു. അങ്ങനെയുള്ളവരുടെ എണ്ണം 20-ഉം 30-ഉം ശതമാനമാക്കി കുറയ്ക്കാനായി.

ഭിന്നശേഷി സംവരണവും സാമ്പത്തിക സംവരണവും നടപ്പാക്കി
കേന്ദ്രനിയമം അനുസരിച്ചുള്ള നാലുശതമാനം ഭിന്നശേഷി സംവരണവും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ളവർക്കുള്ള 10 ശതമാനം സംവരണവും പി.എസ്.സി. നിയമനങ്ങളിലും നടപ്പാക്കിത്തുടങ്ങി.

രേഖാപരിശോധനയ്ക്ക് ഡിജിലോക്കർ
കേന്ദ്രസർക്കാർ സംവിധാനമായ ഡിജിലോക്കറിൽ സൂക്ഷിക്കുന്ന രേഖകളുടെ ഔദ്യോഗിക പരിശോധകരായി പി.എസ്.സി. മാറിയിട്ടുണ്ട്. പി.എസ്.സി.യുടെ രേഖാപരിശോധനയ്ക്ക് രേഖകളുടെ ഹാർഡ് കോപ്പി വേണമെന്നില്ല. വിദേശത്ത് ജോലിചെയ്യുന്നവർക്കും പഠനം നടത്തുന്നവർക്കും പ്രോക്‌സി സംവിധാനത്തിലൂടെ രേഖാപരിശോധന നടത്താവുന്ന പരിഷ്‌കാരം നടപ്പാക്കി. ഇതിന് പി.എസ്.സി.യുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്.

പുതിയ ചുമതലക്കാർ ശ്രദ്ധിക്കാൻ

മൂല്യനിർണയത്തിലേയും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലേയും കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ പരീക്ഷകൾ സഹായകമാണ്. എല്ലാ പി.എസ്.സി ഓഫീസുകൾക്കും സ്വന്തമായി ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളുണ്ടാകുന്നത് വലിയ സഹായമാകും.

പി.എസ്.സി. പരീക്ഷകൾ സുഗമമായി നടത്തുകയെന്നത് പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ കൂടി സാമൂഹിക ഉത്തരവാദിത്വമുള്ള ദൗത്യമായി ഏറ്റെടുക്കണം. വാച്ചുകൾ നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ അപ്പപ്പോൾ സമയം അറിയുകയെന്നത് ഉദ്യോഗാർഥികൾക്ക് പരമ പ്രധാനമാണ്. ക്ലോക്കുകൾ സ്ഥാപിച്ചോ മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയോ എല്ലാ പരീക്ഷാഹാളുകളിലും സൗകര്യമൊരുക്കാൻ സ്ഥാപനങ്ങളെ സജ്ജരാക്കണം.

ഉറപ്പ് നൽകിയിട്ടും പരീക്ഷയെഴുതാതിരിക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ശിക്ഷാനടപടിയുൾപ്പെടെ പ്രഖ്യാപിച്ചിട്ടും അപേക്ഷിച്ചശേഷം ഇവർ ഇപ്പോഴും മാറിനിൽക്കുകയാണ്. ഗൗരവമായി പരിശോധിച്ച് ഇതിന് പരിഹാരം കാണേണ്ടതുണ്ട്.

(മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: about psc chairman m.k sakkeer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented