യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ് 


വിനീത ഭാസ്കരൻ 

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: freepik.com

വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പഠനച്ചെലവ്. കോഴ്‌സ് ഫീസ് മുതൽ താമസച്ചെലവും യാത്രാചെലവുമെല്ലാംകൂടി വലിയൊരു തുക കണ്ടെത്തേണ്ടതായിവരും. വിദ്യാഭ്യാസവായ്പയാണ് സാധാരണക്കാർ ഈ തുക കണ്ടെത്താനായി ആശ്രയിക്കുന്നത്. എന്നാൽ, മികച്ച അക്കാദമികനിലവാരമുള്ളവർക്ക് ഉന്നതപഠനത്തിന് സാമ്പത്തികസഹായം നൽകുന്ന നിരവധി സ്‌കോളർഷിപ്പുകൾ വിദേശരാജ്യങ്ങൾ/ സർവകലാശാലകൾ/ യൂണിയനുകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ ബിരുദാനന്തരബിരുദപഠത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്നതാണ് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്.

ലോകത്തെത്തന്നെ മിടുക്കരായ വിദ്യാർഥികൾക്കൊപ്പം പഠിച്ച് അത്യാധുനിക പരിശീലനം നേടിയെടുക്കാം എന്നതിനോടൊപ്പം പഠിക്കുന്ന കോഴ്‌സനുസരിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഗവേഷണ-ജോലിസാധ്യതയ്ക്കും ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് അവസരമൊരുക്കുന്നു. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സുകൾ പഠിക്കാനാണ് സ്കോളർഷിപ്പ് നൽകുന്നത്. ട്യൂഷൻ ഫീ, ഇൻഷുറൻസ്, താമസ-യാത്രാ ചെലവുകൾ തുടങ്ങിയവയ്ക്കെല്ലാമായി ഏകദേശം 50 ലക്ഷംരൂപ സ്കോളർഷിപ്പായി ലഭിക്കും.

കൂടാതെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം നടത്താനുള്ള അവസരം, കോഴ്‌സുകളിലെ വൈവിധ്യം എന്നിവയും ഈ സ്കോളർഷിപ്പിന്റെ പ്രത്യേകതകളാണ്. ലോകത്തെമ്പാടുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എല്ലാ വർഷവും ഇന്ത്യയിൽനിന്ന്‌ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് നേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം (2023) കേരളത്തിൽ നിന്നൊരാൾക്കും ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചു; ചാലക്കുടി സ്വദേശി ഗൗരിപ്രിയ എസ്. മേനോൻ.‘‘ഒന്ന് മനസ്സുവെച്ച് പ്രയത്നിച്ചാൽ ഇറാസ്മസ് മുണ്ടസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാം. ഏജൻസികളിൽ ഭീമമായ തുക ചെലവാക്കി വിദേശത്തേക്ക് കുടിയേറുന്നതിന്‌ പകരം മികവുതെളിയിച്ച് സ്കോളർഷിപ്പോടുകൂടി പല രാജ്യങ്ങളെയും അറിയാൻ സാധിക്കുന്നതല്ലേ നല്ലത്! ഒരുപാട് സ്കോളർഷിപ്പുകൾ എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരത്താണുള്ളതെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇറാസ്മസ് മുണ്ടസ് നേടാൻകഴിയുമെന്ന ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. അപേക്ഷാഫീസുപോലുമില്ലാതെ സൗജന്യമായി ലോകനിലവാരമുള്ള ഉന്നതപഠനം നടത്താനും സ്വപ്നതുല്യമായ കരിയർ നേടിയെടുക്കാനും ഇറാസ്മസ് മുണ്ടസ് നിങ്ങൾക്കും വഴിതെളിക്കും.’’ ഗൗരിപ്രിയ പറയുന്നു.

എങ്ങനെ നേടാം?
അവസാന വർഷ ബിരുദ വിദ്യാർഥികൾമുതൽ ബിരുദാനന്തരബിരുദവും പിഎച്ച്.ഡി. യോഗ്യതയുള്ളവർക്കുമെല്ലാം അപേക്ഷിക്കാം. യൂറോപ്യൻ യൂണിയന്റെ വെബ്സൈറ്റിലുള്ള കാറ്റലോഗിൽ പഠനപ്രോഗ്രാമുകൾ, ഓരോന്നും പഠിക്കാവുന്ന രാജ്യങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട് (www.eacea.ec.europa.eu).ഇറാസ്മസ് ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ നടത്തുന്നത് മൂന്നോ അതിലധികമോ സർവകലാശാലകൾ ഭാഗമായ കൺസോർഷ്യങ്ങളാണ്. സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനീയറിങ്, ഇക്കണോമിക്സ്, നിയമപഠനം തുടങ്ങി നൂറ്റമ്പതിലേറെ കോഴ്‌സുകൾ പദ്ധതിയുടെ ഭാഗമായുണ്ട്. ഒരേസമയം മൂന്ന്‌ പ്രോഗ്രാമിനുവരെ ഓൺലൈനായി അപേക്ഷിക്കാം.

ഓരോ പ്രോഗ്രാമിനും അപേക്ഷാതീയതികൾ വ്യത്യസ്തമാണ്. നിങ്ങൾക്കനുയോജ്യമായ പ്രോഗാമുകൾക്ക് അപേക്ഷിക്കേണ്ട സമയം അറിയാൻ വെബ്സൈറ്റിലെ കോഴ്സ് കാറ്റലോഗ് ഇടയ്ക്കിടെ സന്ദർശിക്കണം. സ്കോളർഷിപ്പോടുകൂടിയല്ലാതെ സെൽഫ്-ഫണ്ടഡ് ആയും പ്രോഗ്രാമുകൾക്ക് ചേരാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററും ഓരോ സർവകലാശാലയിൽ പഠിക്കാനുള്ള അവസരം ലഭിക്കുന്നു.

തയ്യാറെടുപ്പ്
പരീക്ഷയിലെ മാർക്ക് മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം. ബയോഡേറ്റ മെച്ചപ്പെടുത്തുക എന്നതാണ് തയ്യാറെടുപ്പിന്റെ ആദ്യപടി. കരിക്കുലത്തിന് പുറമേ കരിയർ താത്‌പര്യങ്ങൾ, ഭാഷാപരിജ്ഞാനം, സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം ശ്രദ്ധ നൽകണം. ഇന്റേൺഷിപ്പുകൾ, ഓൺലൈൻ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സുകൾ, എൻ.ജി.ഒ.കളിലെ പ്രവർത്തനങ്ങൾ, പ്രോജക്ടുകൾ, പേപ്പർ പ്രസിദ്ധീകരണം എന്നിവയെല്ലാം മികവ് തെളിയിക്കാൻ അത്യാവശ്യമാണ്. എല്ലാത്തിന്റെയും സാക്ഷ്യപത്രങ്ങളും വേണം. ഭൂരിഭാഗം കോഴ്സുകൾക്കും ഐ.ഇ.എൽ.ടി.എസിൽ കുറഞ്ഞത് 6.5 സ്കോർ നിർബന്ധമാണ്.

ബിരുദതലത്തിൽ അധ്യയന ഭാഷ ഇംഗ്ലീഷായിരുന്നുവെങ്കിൽ, സ്ഥാപനമേധാവി നൽകുന്ന രേഖ സമർപ്പിച്ചാൽ അപേക്ഷാസമയത്ത് ഐ.ഇ.എൽ.ടി.എസിൽ ഇളവ് നേടാം. സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി.), റഫറൻസ് ലെറ്റർ എന്നിവ തയ്യാറാക്കുന്നതിലും നല്ല പ്രാധാന്യം നൽകണം. അപേക്ഷയ്ക്കുശേഷം ഓൺലൈൻ അഭിമുഖത്തിന് ക്ഷണിച്ചാൽ എസ്.ഒ.പി.യിൽ നൽകിയിട്ടുള്ള തിരഞ്ഞെടുക്കാൻ ആഗ്രഹമുള്ള കോഴ്‌സ്, കരിയർ പ്രതീക്ഷകൾ, ഗവേഷണവിഷയം എന്നിവയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കാം

Content Highlights: about a european scholarship which allows study in europe

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo

3 min

സ്ട്രോങ്ങ് ആയ ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ടുണ്ടോ?; ജോലി നിങ്ങളെ തേടി വരും

Aug 31, 2023


PR MEERA

2 min

'നോ ഫോൺ, നോ സോഷ്യൽ മീഡിയ'; രണ്ടാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കി മീര

May 26, 2023


gautham raj

1 min

ഒന്നല്ല, രണ്ടല്ല നാലാം ശ്രമത്തില്‍ ഐ.എ.സ് കൈപ്പിടിയിലാക്കി ഗൗതം; ഇത്തവണ 63-ാം റാങ്ക്

May 24, 2023

Most Commented