
Representational Image | Pic Credit: Getty Images
കോവിഡ്-19 രോഗവ്യാപനത്തെത്തുടര്‍ന്ന് ഒട്ടുമിക്ക സ്വകാര്യ, കോര്‍പ്പറേറ്റ്, ഐ.ടി., മാധ്യമ സ്ഥാപനങ്ങളും പരമാവധി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ നേരത്തെതന്നെ നിര്‍ദേശിച്ചതാണ്. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ചില ഐ.ടി കമ്പനികളിലെ ജോലിക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗംപേര്‍ക്കും വര്‍ക്ക് ഫ്രം ഹോം എന്നത് പുതിയ അനുഭവമാണ്. വീടുകളില്‍ പലര്‍ക്കും പലതരത്തിലുള്ള അസൗകര്യങ്ങളും നേരിടാനുള്ള സാധ്യതയും ചെറുതല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അസൗകര്യങ്ങളെ മറികടന്ന് ഓഫീസില്‍ ചെയ്യുന്നതുപോലെതന്നെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കാം.
ഓഫീസ് സ്പേസ്

ലാപ്ടോപ്പ്, മികച്ച സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന്/ വൈഫൈ ഡോംഗിള്‍ എന്നിവയുണ്ടെങ്കില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഉപകരണങ്ങളും തയ്യാര്‍. അത്യാവശ്യത്തിനുവേണ്ട പേന, നോട്ട്പാഡ് തുടങ്ങിയവയും ഇവിടെ ഉണ്ടായിരിക്കണം. ഓഫീസ് സ്പേസില്‍നിന്ന് ഇടയ്ക്ക് മാറാമെങ്കിലും സോഫ, ബെഡ് മുതലാവയിലേക്ക് ലാപ്ടോപ്പുമായി പോകുന്നത് നല്ലതായിരിക്കില്ല, ഇത് ചെയ്യുന്ന ജോലിയുടെ സമയം ദീര്‍ഘിപ്പിക്കാന്‍ കാരണമായിത്തീരും.
ചര്യകള്‍ മുടങ്ങരുത്
ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണെങ്കിലും എല്ലാദിവസവും രാവിലെ സാധാരണ നടത്തുന്ന തയ്യാറെടുപ്പുകള്‍ കൂടുതല്‍ ഉന്മേഷം നല്‍കും. ഓഫീസില്‍ പോകുന്ന അത്രയുമില്ലെങ്കിലും വീട്ടിലുപയോഗിക്കുന്ന സാധാരണ ലുങ്കിയും നിശാവസ്ത്രങ്ങളുമെല്ലാം മാറ്റി പാന്റ്സും ഷര്‍ട്ടും, അല്ലെങ്കില്‍ കൊള്ളാവുന്ന ടീഷര്‍ട്ടോ ധരിക്കുന്നതില്‍ തെറ്റില്ല. ജോലി ചെയ്യുകയാണെന്ന തോന്നല്‍ സ്വയം ഉണ്ടാക്കാന്‍ കൂടിയാണിത്. ജോലിസമയം കഴിഞ്ഞാല്‍ വീട്ടിലുപയോഗിക്കുന്നതരം വസ്ത്രങ്ങളിലേക്കു മാറാം.
ഓഫീസ് ടൈമില്‍ വര്‍ക്ക് ചെയ്യാം
വീട്ടിലാണെങ്കിലും ഓഫീസ് ടൈമില്‍ - ഷിഫ്റ്റില്‍ - കൃത്യമായി ജോലിചെയ്യുകയെന്നത് പ്രധാനമാണ്. ജോലികള്‍ കൃത്യമായി ഡെഡ്ലൈന് വെച്ച് പൂര്‍ത്തീകരിക്കുകയെന്നത് വീട്ടിലായാലും പ്രധാനമാണ്. ജോലിയിലാണെന്ന കാര്യം വീട്ടുകാരെ ബോധ്യപ്പെടുത്തേണ്ടതും പ്രധാനമാണ്. അനാവശ്യമായി അതിഥികള്‍ വരുന്നതും ജോലിക്ക് തടസ്സമുണ്ടാക്കിയേക്കാം. വീട്ടുകാരുമായി നേരത്തെ സംസാരിച്ച് ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കിയെടുക്കാം.
ഓരോ ദിവസവും എന്തെല്ലാം ജോലികള്‍ ചെയ്യണമെന്നതിന് പ്ലാനിങ് ഉണ്ടാവുന്നത് നല്ലതാണ്. ഈ പ്ലാനിങ് അനുസരിച്ച് ജോലി ചെയ്യാനായോ എന്നതും പുതിയതു വല്ലതും ചെയ്യേണ്ടി വന്നോ എന്നതും രേഖപ്പെടുത്തി വെക്കാം. ജോലിസമയത്ത് ഓണ്ലൈനിലുണ്ടെന്ന കാര്യം സഹപ്രവര്‍ത്തകരെ ഇടയ്ക്കിടെ അറിയിക്കുന്നതും നല്ലതാണ്.
ഡേറ്റാ സെക്യൂരിറ്റി

കോര്‍പ്പറേറ്റ്/ ഐ.ടി. കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട ഘടകമാണ് ഡേറ്റാ സെക്യൂരിറ്റി. വിവിധ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ അല്‍ഗരിതമോ ഡേറ്റയോ ചോരാനുള്ള സാധ്യത കൂടുതലാണ്. പരമാവധി കമ്പനി അനുവദിച്ചുനല്കിയിട്ടുള്ള ലാപ്ടോപ്പുകളില്ത്തന്നെ ജോലി ചെയ്യുകയെന്നത് ഇതില്‍ പ്രധാനകാര്യമാണ്. ഈ കമ്പ്യൂട്ടര്‍ ഒരുകാരണവശാലും പൊതുവൈഫൈയില് ഉപയോഗിക്കാതിരിക്കുക, ലോഗിന്‍ വിവരങ്ങള്‍ ചോരാന്‍ ഇത് ഇടയാക്കിയേക്കാം. സുരക്ഷിതമല്ലാത്ത നെറ്റ്വര്ക്കുകള് ഉപയോഗിക്കാതിരിക്കുക എന്നതും എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.
പുറത്തുപോകുമ്പോള്‍ സഹപ്രവര്‍ത്തകരെ അറിയിക്കാം
ഓഫീസ് വീട്ടിലാണെന്നു കരുതി എന്തെങ്കിലും ആവശ്യത്തിനു പുറത്തുപോകേണ്ടി വരികയാണെങ്കില്‍ ഓണ്‍ലൈനിലുള്ള മറ്റു സഹപ്രവര്‍ത്തകരെ അറിയിക്കുന്നതാണ് ഉത്തമം. ടീമിലെ അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തന വിജയത്തിനും വിശ്വാസത്തിനും ഇത് വളരെ പ്രധാനമാണ്. നേരിട്ടുള്ള നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത് വര്‍ക്ക് ഫ്രം ഹോമില്‍ പ്രധാന ഘടകമാണ്.
നല്ല ഭക്ഷണ ശീലം

ജോലി വീട്ടില്‍നിന്നു തന്നെയാണെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയെന്നത് ശാരീരികമായും മാനസികമായും പ്രധാനപ്പെട്ട കാര്യമാണ്. പോഷക സമ്പുഷ്ടമായ ആഹാരരീതി ശീലിക്കുന്നതാവും നല്ലത്. കഴിച്ചുകഴിഞ്ഞാല്‍ ഉറക്കംവരുന്ന 'ഹെവി' ഐറ്റംസ് ജോലിസമയത്ത് ഒഴിവാക്കാം. നന്നായി വെള്ളം കുടിക്കണം. ഓഫീസ് യാത്ര മുടങ്ങിയെങ്കിലും രാവിലെയോ വൈകിട്ടോ വീട്ടില്‍നിന്നുതന്നെ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ജീവിതശൈലീ രോഗങ്ങളെ മാറ്റിനിര്‍ത്താന്‍ സഹായിക്കും.
Content Highlights: A Guideline for Work From Home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..