മൂന്നുവര്‍ഷത്തേക്ക് മൊത്തം 70 ലക്ഷം രൂപയില്‍ക്കൂടുതല്‍ ആനുകൂല്യങ്ങളോടെ ദേശീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ യുവ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍ക്ക് അവസരമൊരുക്കുന്നു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി.) നല്‍കുന്ന എം.കെ. ഭാന്‍ യങ് റിസര്‍ച്ചര്‍ ഫെലോഷിപ്പിന് അപേക്ഷിക്കാം. മികവു തെളിയിച്ചാല്‍ ഫെലോഷിപ്പ് കാലാവധി രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാം.

സമര്‍ഥരായ, സ്ഥിരമായ ഒരു ജോലിയില്‍ അല്ലാത്ത ഗവേഷകര്‍ക്ക് ഡി.ബി.ടി.യുടെ സ്വയംഭരണ കേന്ദ്രങ്ങളില്‍ സ്വതന്ത്രമായ തുടര്‍ഗവേഷണം നടത്താന്‍ ഫെലോഷിപ്പ് അവസരമൊരുക്കുന്നു.

യോഗ്യത

ബയോടെക്‌നോളജിയിലോ ലൈഫ് സയന്‍സസിലോ അനുബന്ധ വിഷയങ്ങളിലോ പിഎച്ച്.ഡി. ഉണ്ടായിരിക്കണം. ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. ഏതെങ്കിലും സ്ഥാപനത്തിലോ സര്‍വകലാശാലയിലോ ഏതെങ്കിലും സ്ഥിരംസ്ഥാനം വഹിക്കുന്നവരാകരുത്. പഠനകാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോഡ് വേണം. പിയര്‍ റിവ്യൂഡ് പേപ്പറുകള്‍/ പ്രസിദ്ധീകരണങ്ങള്‍, വികസിപ്പിച്ച സാങ്കേതികവിദ്യകള്‍, പേറ്റന്റ് (ബാധകമെങ്കില്‍) തുടങ്ങിയവയില്‍കൂടി ഇത് തെളിയിക്കണം.

ഉയര്‍ന്ന പ്രായപരിധി 2020 ഡിസംബര്‍ 31-ന് 35 വയസ്സ്. മറ്റൊരു ഫെലോഷിപ്പും ഇതോടൊപ്പം അനുവദനീയമല്ല. ഹോസ്റ്റ് സ്ഥാപനത്തെയും മെന്ററെയും കണ്ടെത്തണം. പിഎച്ച്.ഡി.ചെയ്ത സ്ഥാപനം ഹോസ്റ്റ് സ്ഥാപനമാക്കാന്‍ പറ്റില്ല. ഫെലോഷിപ്പ് കാലയളവില്‍ സ്ഥിരംജോലി ലഭിക്കുന്ന പക്ഷം അതിന്റെ വേതനമോ ഫെലോഷിപ്പ് തുകയോ ഏതെങ്കിലും ഒന്ന് സ്വീകരിക്കാം.

ആനുകൂല്യങ്ങള്‍

മൂന്നുവര്‍ഷമാണ് കാലയളവ്. മാസ ഫെലോഷിപ്പ് 75,000 രൂപ. പ്രതിവര്‍ഷം കണ്ടിന്‍ജന്‍സി ഗ്രാന്റായി 10 ലക്ഷംരൂപ ലഭിക്കും. കണ്‍സ്യൂമബിള്‍സ്, കണ്ടിന്‍ജന്‍സി, ട്രാവല്‍ എന്നിവയ്ക്ക് തുക ഉപയോഗിക്കാം. ഒരു ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്./പ്രോജക്ട് അസിസ്റ്റന്റിനെ (ബാച്ചിലര്‍ ബിരുദധാരികള്‍ക്ക് പ്രതിമാസം 12,000 രൂപയും മാസ്റ്റേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസം 15,000 രൂപയും) -സഹായത്തിനു ലഭിക്കും. എക്യുപ്‌മെന്റ്, അക്‌സസറീസ് എന്നിവയ്ക്കായി 10 ലക്ഷംരൂപ ഒറ്റത്തവണ ഗ്രാന്റായും ലഭിക്കും.

അപേക്ഷ

www.dbtepromis.nic.in വഴി ഡിസംബര്‍ 31 വരെ നല്‍കാം. തിരഞ്ഞെടുത്ത ഹോസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും അനുബന്ധ രേഖകളും 'ഡോ. ദിയൊ പ്രകാശ് ചതുര്‍വേദി, സയന്റിസ്റ്റ്-സി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്‌നോളജി, മിനിസ്ട്രി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, റൂം നമ്പര്‍ 814, എട്ടാം ഫ്‌ലോര്‍, ബ്ലോക്ക്-2, സി.ജി.ഒ. കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി-110003' എന്ന വിലാസത്തിലേക്കും അയയ്ക്കണം.

വിവരങ്ങള്‍ക്ക്: http://dbtindia.gov.in/ (ലേറ്റസ്റ്റ് അനൗണ്‍സ്മെന്റ്‌സ് ലിങ്കില്‍).

Content Highlights: 70 lakh rupees fellowship amount for m.k bhan young researcher fellowship