വെറുതേ അപേക്ഷിച്ച് പരീക്ഷാ നടപടികള്‍ സങ്കീര്‍ണമാക്കുന്നവരെ തുരത്താന്‍ നടപടികളുമായി പി.എസ്.സി. ഇറങ്ങുന്നതിനിടെ ഇതാ പത്രക്കാരുടെ പരീക്ഷയെന്നറിയപ്പെടുന്ന അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പരീക്ഷയ്ക്ക് വ്യാജ അപേക്ഷകരുടെ തള്ളിക്കയറ്റം. 

2008-ല്‍ നടന്ന തൊട്ടു മുമ്പത്തെ പരീക്ഷയ്ക്ക് 1785 അപേക്ഷകര്‍ മാത്രമുണ്ടായിരുന്ന ഈ തസ്തികയ്ക്ക് ഇത്തവണ കിട്ടിയത് 64594 അപേക്ഷകള്‍.  ബിരുദവും രണ്ട് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയവുമാണ് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യത. 

കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(KUWJ) 2920 പേരാണ് അംഗങ്ങളായുള്ളത്. ഇതില്‍ പ്രായപരിധി കഴിഞ്ഞവരെ ഒഴിവാക്കിയാല്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ 50 ശതമാനത്തില്‍ താഴെയാണ്. യൂണിയനില്‍ അംഗത്വമില്ലാത്തവരും കരാര്‍ ജീവനക്കാരും പ്രവൃത്തി പരിചയം നേടി മറ്റ് ജോലികള്‍ക്ക് പോയവരും എല്ലാം ചേര്‍ന്നാല്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ 3000 പോലും തികയാന്‍ സാധ്യതയില്ല. 

കണക്കുകള്‍ ഇങ്ങനെയായിരിക്കെയാണ് 64000-ത്തിലധികം പേര്‍ അപേക്ഷകരായെത്തിയിരിക്കുന്നത്. പ്രൊഫൈലില്‍ പ്രവൃത്തിപരിചയം ചേര്‍ത്താണ് എല്ലാവരും അപേക്ഷിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ എന്ന നിബന്ധനയുടെ മറവിലാണ് ഇത്രയും അപേക്ഷകര്‍ തള്ളിക്കയറിയിരിക്കുന്നത്. 

പരീക്ഷാ നടത്തിപ്പിനായി പി.എസ്. സി. അനാവശ്യമായി ലക്ഷങ്ങള്‍ ചെലവിടേണ്ടിവരുമെന്നതിനു പുറമെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതില്‍ ക്രമക്കേടിനുള്ള സാധ്യതയുമൊരുക്കുന്നതാണ് അപേക്ഷകരുടെ ഈ തള്ളിക്കയറ്റം.