ക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഓരോ വര്‍ഷവും യു.പി.എസ്.സി.യുടെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്.  എന്നാല്‍ വിജയം കൈവരിക്കുന്നതാകട്ടെ ആയിരത്തില്‍ താഴെപ്പേര്‍ മാത്രവും. പരാജയപ്പെടുന്നവര്‍ക്ക് കാരണങ്ങള്‍ പലതാണ്. ജീവിത സാഹചര്യവും തയ്യാറെടുപ്പിലെ പോരായ്മകളുമെല്ലാം അതില്‍ ചിലത് മാത്രവും.  എന്നാല്‍ പരിശ്രമിക്കുകയാണെങ്കില്‍ ഏത് പ്രതിസന്ധിയേയും മറികടന്ന് വിജയം എത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പ്രദീപ് സിങ്.

2019 ഏപ്രില്‍ അഞ്ച്, സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച ദിവസം. ലിസ്റ്റില്‍ ഇടം നേടിയത് 759 പേര്‍. ഇന്‍ഡോറിലെ ഒരു പെട്രോള്‍ പമ്പില്‍ സാധാരണ ജീവനക്കാരനായ മനോജ് സിങിന്റെ മകന്‍ പ്രദീപും പട്ടികയില്‍ ഇടം നേടി. അതും 22-ാം വയസില്‍. ആദ്യശ്രമത്തില്‍ തന്നെ 93-ാം റാങ്കാണ് പ്രദീപ് നേടിയെടുത്തത്.

ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍നിന്ന് 1991-ലാണ് മനോജ് സിങ് ഇന്‍ഡോറിലേക്ക് കുടിയേറുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ അന്വേഷിച്ചുള്ള യാത്രയിലാണ് മനോജ് ഇവിടെയെത്തുന്നത്. അപ്പോഴും കുടുംബം ഗോപാല്‍ഗഞ്ചില്‍ തന്നെയായിരുന്നു. 1996-ല്‍ പ്രദീപ് ജനിച്ചതോടെ മികച്ച വിദ്യാഭ്യാസം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ കുടുംബത്തോടൊപ്പം ഇന്‍ഡോറില്‍ സ്ഥിരതാമസമാക്കി. 

സി.ബി.എസ്.ഇ സിലബസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രദീപ് ഇന്‍ഡോറിലെ ദേവി അഹില്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍നിന്നും ബി.കോം ബിരുദം പൂര്‍ത്തിയാക്കി. ഇതിനിടെ മാതാപിതാക്കളുമായുള്ള സംഭാഷണത്തിനിടെ കടന്നുവന്ന ഒരു വിഷയമായിരുന്നു സിവില്‍ സര്‍വീസ്. ജേതാക്കളുടെ കഥ അവരില്‍ സന്തോഷം നിറയ്ക്കുന്നു എന്ന യാഥാര്‍ഥ്യം പ്രദീപ് തിരിച്ചറിഞ്ഞതും അങ്ങനെയാണ്. സ്വന്തം മകന്റെ വിജയകഥ പറയാന്‍ അവര്‍ എത്ര സന്തോഷിക്കുമെന്ന ചിന്തയില്‍നിന്നുമാണ് സിവില്‍ സര്‍വീസിനെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രദീപ് പറയുന്നു.

സിവില്‍ സര്‍വീസ് കോച്ചിങിനായി ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോഴും പിതാവിന്റെ പിന്തുണ തന്നെയായിരുന്നു പ്രധാന ഘടകം. മകന്റെ പഠനത്തിനും താമസത്തിനുമുള്ള തുക തന്റെ ജോലിയില്‍ നിന്നുമാത്രം കിട്ടില്ലെന്നു മനസിലാക്കിയ മനോജ് രണ്ട് വര്‍ഷം മുമ്പ് വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞതാകട്ടെ വാടക വീട്ടിലും. മകനുവേണ്ട പഠന സാമഗ്രികള്‍ എത്ര വിലയേറിയതായാലും ലഭ്യമാക്കാന്‍ മനോജ് പ്രത്യേകം ശ്രദ്ധിച്ചു. 

2017 ജൂണില്‍ ഡല്‍ഹിയിലെത്തിയ പ്രദീപ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. കോളേജ് പഠനകാലത്തു തന്നെ പ്രസംഗത്തിലും പ്രശ്‌നോത്തരികളിലും പ്രദീപ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇക്കാലയളവില്‍ത്തന്നെ പ്രദീപ് ഇന്ത്യയിലും പുറത്തുമുണ്ടാകുന്ന പ്രധാന രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങളെ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചിരുന്നു. തന്നോടൊപ്പം മത്സരിക്കാന്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുണ്ടെന്ന വ്യക്തമായ ധാരണയോടെയാണ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചതെന്ന് പ്രദീപ് പറയുന്നു.

പഠിക്കാനുള്ള ഫോര്‍മുല നേരത്തെ തയ്യാറാക്കി. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക, കുളിക്കുക, ഭക്ഷണം കഴിക്കുക ശേഷം ബാക്കിയുള്ള മുഴുവന്‍ സമയം പഠിക്കുക - ഇതായിരുന്നു താന്‍ സ്വീകരിച്ച രീതിയെന്ന് പ്രദീപ് പറയുന്നു. സിനിമയ്ക്ക് പോകുന്നതും കൂട്ടുകാരുമായി പുറത്തുപോകുന്നതുമെല്ലാം വളരെ അപൂര്‍വ്വമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുവര്‍ഷത്തേക്ക് എല്ലാദിവസവും 14 മണിക്കൂറിലേറെയാണ് പഠനത്തിനായി മാറ്റിവെച്ചത്.

മാതാപിതാക്കള്‍ എത്ര കഷ്ടപ്പെട്ടാണ് തന്നെ പഠിക്കാനയച്ചതെന്ന ബോധ്യം എപ്പോഴും മനസിലുണ്ടായിരുന്നുവെന്ന് പ്രദീപ് പറയുന്നു. 'എനിക്ക് കിട്ടിയതുപോലുള്ള അവസരം എല്ലാവര്‍ക്കും കിട്ടുന്നതല്ല, അതിനാല്‍ ആദ്യശ്രമം അവസാനത്തേത് പോലെ കാണുകയും ഏറ്റവും മികച്ച പ്രകടനത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു' - പ്രദീപ് വ്യക്തമാക്കി. പ്രിലിമിനറിയിലും മെയിന്‍ പരീക്ഷയിലും നേടിയ വിജയം കുടുംബത്തെ ഏറെ സന്തോഷിപ്പിച്ചു. അന്തിമ ഫലം വന്നതോടെ അത് പുതിയ ഉയരത്തിലേക്കെത്തി.

പരീക്ഷയിലെ വിജയത്തേക്കാളേറെ മാതാപിതാക്കള്‍ക്കുണ്ടായ ആനന്ദമാണ് തനിക്ക് സന്തോഷം നല്‍കുന്ന ഘടകമെന്ന് പ്രദീപ് പറയുന്നു. കോച്ചിങ് ക്ലാസില്‍നിന്ന് കിട്ടുക ആവശ്യമായതിന്റെ എട്ടോ പത്തോ ശതമാനം മാത്രമായിരിക്കും. ബാക്കിയുള്ളത് സ്വന്തം കഠിനാധ്വാനത്തിലൂടെ മാത്രമേ നേടിയെടുക്കാനാവൂ. നിങ്ങള്‍ എത്രത്തോളം കഷ്ടതകള്‍ അനുഭവിക്കാന്‍ തയ്യാറാണോ, അത്രത്തോളം ജയസാധ്യത കൂടുന്നുവെന്ന് ഈ യുവ ഐ.എ.എസുകാരന്‍ ഓര്‍മിപ്പിക്കുന്നു.

കടപ്പാട് - The Better India

Content Highlights: 22 Year Old Pradeep Singh from Indore Cracks CSE at First Attempt