
Representational Image | Photo Mathrubhumi Archives| N.M. Pradeep
പി.എസ്.സിയുടെ സുപ്രധാന പരീക്ഷകളാണ് 2020-ല്‍ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നിവയുടെ പരീക്ഷകള്‍ ഒരേവര്‍ഷം നടക്കുന്ന അപൂര്‍വതയ്ക്കാണ് ഈ വര്‍ഷം സാക്ഷ്യംവഹിക്കുന്നത്. സംസ്ഥാന സര്‍വീസില്‍ പുതുതായി ആരംഭിച്ച രണ്ട് വിഭാഗങ്ങളിലേക്ക് പുതുവര്‍ഷത്തില്‍ പരീക്ഷ ഉറപ്പിക്കാം. രാജകീയപ്രൗഢിയോടെ എത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസാണ് അതില്‍ പ്രധാനം. ഇതിന്റെ ആദ്യ റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ പുതു സര്‍വീസ് സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റാണ്.
യൂണിഫോം സേനകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സിവില്‍ പോലീസ് ഓഫീസര്‍), സബ്ബ് ഇന്‍സ്പെക്ടര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ഫയര്മാന്, ഫയര്‍വുമണ്‍, അസിസ്റ്റന്റ് ജയിലര്‍ എന്നിവയുടെ പരീക്ഷകളും പുതുവര്ഷമുണ്ടാവും. കോളേജ്, എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനും വിജ്ഞാപനമായി. ഇവയുടെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം.
ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, ഫീല്‍ഡ് വര്‍ക്കര്‍ എന്നീ പ്രധാന തസ്തികകളുടെ പരീക്ഷകള്‍ക്കും പുതുവര്‍ഷം സാക്ഷിയാകും. ചുരുക്കത്തില്‍ ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ബി.എഡ്., ബിരുദാനന്തരബിരുദം, സെറ്റ്, നെറ്റ്, കെടെറ്റ് തുടങ്ങി ഏത് തലത്തില്‍ യോഗ്യതയുള്ളവര്‍ക്കും 2020-ല്‍ പി.എസ്.സി. പരീക്ഷയുണ്ടാവും.
ക്ലാര്‍ക്കിനും ലാസ്റ്റ് ഗ്രേഡിനും ഒരേ വര്‍ഷം വിജ്ഞാപനം
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള രണ്ട് തസ്തികകളാണ് എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നിവ. എല്‍.ഡി. ക്ലാര്‍ക്കിനുള്ള വിജ്ഞാപനം നവംബര്‍ 15-ന് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലായി 17.58 ലക്ഷം അപേക്ഷകള്‍ ലഭിച്ചു. 2019 ഡിസംബര്‍ 18 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. പരീക്ഷ 2020 ജൂണില്‍ തുടങ്ങുമെന്നാണ് വിവരം. എട്ട് ഘട്ടമായിട്ടായിരിക്കും നടത്തുന്നത്.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ വിജ്ഞാപനവുമായിക്കഴിഞ്ഞു. ഇതുള്‍പ്പെടെ ഡിസംബര്‍ 30,31 തീയതികളിലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച 250 തസ്തികകളുടെ വിശദാംശങ്ങള്‍ ഈ ലക്കം തൊഴില്വാര്ത്തയിലുണ്ട്. ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിന് 14 ജില്ലകളിലായി 8.54 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. അത് ഇത്തവണ 10 ലക്ഷമാകുമെന്നാണ് കരുതുന്നത്. ബിരുദധാരികള്‍ക്ക് ഇതിന് അപേക്ഷിക്കാനാകില്ല. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ പൂര്‍ത്തിയായശേഷമായിരിക്കും ലാസ്റ്റ് ഗ്രേഡിന്റേത് ആരംഭിക്കുന്നത്. ഒക്ടോബറിലോ നവംബറിലോ പരീക്ഷ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ നിലവിലുള്ള റാങ്ക്പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. അതുകൊണ്ടാണ് പരീക്ഷ 2020 അവസാനത്തിലേക്ക് നീളുന്നത്.
കെ.എ.എസിന് ആദ്യറാങ്ക് പട്ടിക
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. മൂന്ന് കാറ്റഗറികളിലായി 5.76 ലക്ഷം പേര് അപേക്ഷിച്ചെങ്കിലും പരീക്ഷയെഴുതുമെന്ന് 4.01 ലക്ഷം പേരാണ് ഉറപ്പ് നല്‍കിയത്. ഇവര്‍ക്കുള്ള അഡ്മിഷന് ടിക്കറ്റ് ഫെബ്രുവരി ഏഴുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയും 2020 ജൂണിലോ ജൂലായിലോ നടക്കും. ഇത് വിവരണാത്മക പരീക്ഷയാണ്. അതിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 2020 നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി. അറിയിച്ചിട്ടുള്ളത്. കെ.എ.എസിലേക്കുള്ള ആദ്യ റാങ്ക്പട്ടികയാണത്. ഇതില്‍നിന്ന് നിയമനം ലഭിക്കുന്ന ആദ്യ ബാച്ചിന്റെ പരിശീലനവും 2020-ല്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ഓഫീസ് അറ്റന്‍ഡന്റ്
സെക്രട്ടേറിയറ്റ്/നിയമസഭാ സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക പുതിയതാണ്. ഇതിന്റെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവരാണ് അപേക്ഷകര്‍. എല്‍.ഡി. ക്ലാര്‍ക്ക് നിലവാരത്തിലുള്ള പരീക്ഷയായിരിക്കും ഇവര്‍ക്ക് നടത്തുന്നത്. ഈ തസ്തികയിലെ ആദ്യ പരീക്ഷയ്ക്ക് 10.59 ലക്ഷം പേരാണ് അപേക്ഷിച്ചത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 64 ഒഴിവാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. മറ്റ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കൂടി കണക്കാക്കിയാല്‍ നിലവില്‍ നൂറിലേറെയുണ്ടാകും.
അപേക്ഷകര്‍ കൂടുതലായതിനാല്‍ ഘട്ടംഘട്ടമായി പരീക്ഷ നടത്തേണ്ടിവരും. ജൂണില്‍ തുടങ്ങി നാലോ അഞ്ചോ ഘട്ടമായി നടത്താനാണ് സാധ്യത. എല്‍.ഡി. ക്ലാര്‍ക്കിനൊപ്പം നടത്തുന്നതിനെക്കുറിച്ചും കമ്മിഷന് ആലോചിക്കുന്നുണ്ട്. സംസ്ഥാനതല വിജ്ഞാപനമായതിനാല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ സമീകരിച്ച് റാങ്ക് നിര്‍ണയിക്കണം. ഇതിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ റാങ്ക്പട്ടികയുടെ പ്രസിദ്ധീകരണം 2021-ലേക്ക് നീണ്ടേക്കും.
പ്രതീക്ഷകളോടെ ഫയര്‍ വുമണ്‍
യൂണിഫോം സേനകളിലേക്കുള്ള വിജ്ഞാപനവും ഇത്തവണ കൂട്ടത്തോടെയുണ്ടായി. മുന്‍പ് വാര്‍ഷികാടിസ്ഥാനത്തില്‍ ജൂണ്‍ മാസങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനങ്ങളാണിവ. ഈയിടെയായി സമയക്രമം തെറ്റിയാണ് ഈ വിജ്ഞാപനങ്ങള്‍ വരുന്നത്. ഫയര്മാന് ട്രെയിനിയുടെ വിജ്ഞാപനം നേരത്തേ പുറത്തിറങ്ങി. മൂന്ന് ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചു.
പഴയ ലിസ്റ്റിന്റെ കാലാവധി ഡിസംബര്‍ 16-ന് അവസാനിച്ചു. നിലവില്‍ റാങ്ക്പട്ടികയില്ല. അതിനാല്‍ അധികം വൈകാതെ പരീക്ഷ നടത്തേണ്ടിവരും. കായികക്ഷമതാപരീക്ഷയ്ക്ക് പുറമേ നീന്തല്‍ പരീക്ഷയും നടത്തിയാണ് റാങ്ക്പട്ടിക തയ്യാറാക്കേണ്ടത്. ഫയര്‍ വുമണിന്റെ 100 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും വിജ്ഞാപനത്തിനുള്ള നടപടി ആയിട്ടില്ല. പുതുവര്‍ഷത്തില്‍ ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കും. രണ്ട് വിഭാഗത്തിനും ഒരുമിച്ച് പരീക്ഷ നടത്തുന്നതിനും ആലോചനയുണ്ട്.
നാലര വര്‍ഷത്തിന് ശേഷം എസ്.ഐ വിജ്ഞാപനം
നാലരവര്‍ഷത്തിനുശേഷമാണ് എസ്.ഐ. തസ്തികയില്‍ വിജ്ഞാപനം വന്നത്. വനിതകള്‍ക്കും അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. നിലവിലെ റാങ്ക്പട്ടിക 2020 മാര്‍ച്ച് 13-ന് കാലാവധി തികയ്ക്കും. സിവില്‍ പോലീസ് ഓഫീസറുടെ നിയമനം ഈയിടെയാണ് തുടങ്ങിയത്. പരീക്ഷാക്രമക്കേടിനെത്തുടര്‍ന്ന് നടപടികള്‍ മരവിപ്പിച്ചുനിര്ത്തിയിരിക്കുകയായിരുന്നു. ഇപ്പോള്‍ 2805 പേര്‍ക്ക് നിയമനശുപാര്‍ശ നല്കി. പുതിയ പരീക്ഷ നടത്തി റാങ്ക്പട്ടിക 2020-ല്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
എക്സൈസിലും ഇന്‍സ്പെക്ടര്‍ക്കും സിവില്‍ ഓഫീസര്‍ക്കും ഒരുമിച്ചാണ് വിജ്ഞാപനം. സമാന യോഗ്യതയായതിനാല്‍ ഇവയ്ക്കെല്ലാം പൊതുപരീക്ഷ നടത്തി പ്രത്യേകം റാങ്ക്പട്ടിക തയ്യാറാക്കും. ഏപ്രിലിലോ മേയിലോ പരീക്ഷയ്ക്ക് സാധ്യതയുണ്ട്.
അധ്യാപകരാകാം
സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് നടക്കും. ഒരുവര്‍ഷം മുന്‍പാണ് ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 80,515 പേര് അപേക്ഷിച്ചിരുന്നു. പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയവര്‍ക്ക് ജനുവരി 18 മുതല്‍ അഡ്മിഷന് ടിക്കറ്റ് ലഭിക്കും. കോളേജ് ലക്ചറര്‍, എല്‍.പി., യു.പി. അസിസ്റ്റന്റ് പരീക്ഷകള്‍ക്കും നിരവധി അപേക്ഷകരുണ്ടാകും. 27 വിഷയങ്ങളിലേക്കാണ് ലക്ചറര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ജനുവരി 15 വരെ ഇതിന് അപേക്ഷിക്കാം.
അധ്യാപക തസ്തികകള്‍ക്ക് രണ്ടുഘട്ട പരീക്ഷകളാണ് പി.എസ്.സി. ആസൂത്രണം ചെയ്യുന്നത്. അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് ആദ്യ പരീക്ഷ ഓണ്‍ലൈനില്‍ നടത്താനും മുഖ്യപരീക്ഷ വിവരണാത്മകരീതിയില്‍ നടത്താനും പദ്ധതിയുണ്ട്. എല്‍.പി., യു.പി. അധ്യാപക പരീക്ഷയാണ് മറ്റൊന്ന്. ഇതിന് വിവരണാത്മക പരീക്ഷയ്ക്ക് സാധ്യതയില്ല. ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളിലും എല്ലാ ജില്ലകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവയുടെയും പരീക്ഷ 2020-ല്‍ തന്നെ നടക്കും.