10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല


മനു കുര്യൻ



In-Depth

Representational Image | Photo: Canva

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വര്‍ഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ് മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് കുടിയേറി പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു പോയത് 1.63 ലക്ഷം പേരാണ്. ഇതില്‍ പകുതി പേരും അമേരിക്കന്‍ പൗരന്മാരായപ്പോള്‍ 21,597 പേര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തില്‍ 2021 ലെ കണക്കില്‍ അമേരിക്കയ്ക്കും ഓസ്‌ട്രേലിയക്കും പിന്നില്‍ മൂന്നാം സ്ഥാനമാണ് കാനഡയ്ക്ക്.

വിദേശത്തെ തൊഴിലും കുടിയേറ്റവും മോഹിക്കുന്ന മലയാളികള്‍ക്ക് ഇപ്പോള്‍ ശുഭകരമായ വാര്‍ത്തയാണ് കാനഡയില്‍ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. ഭാഷാ അഭിരുചി അടക്കം കടമ്പകള്‍ എളുപ്പമല്ലെങ്കിലും കാനഡയില്‍ ഒരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാണ് ബെസ്റ്റ് ടൈം. വ്യാപ്തി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ വിശേഷങ്ങളും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാം;

കാനഡ - കുടിയേറ്റക്കാരുടെ പുത്തൻ പറുദീസ

സമ്മിശ്ര സമൂഹമാണ് കാനഡയുടേത്. വിവിധ രാജ്യക്കാരും അവരുടെ പിന്‍തലമുറയുമായി ഒരു ബഹുസ്വര സമൂഹം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഭൂരിപക്ഷത്തിന്റെയും ജന്മനാട് കാനഡയല്ല. കൂടുതലും വരത്തന്മാരാണെന്ന് ചുരുക്കം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യത്തെ 60 ശതമാനത്തോളം യുവാക്കളും ബിരുദം നേടിയവരാണ്. വികസിത രാജ്യമായ കാനഡയിലെ ആകെ ജനസംഖ്യ 3.8 കോടിയോളമാണ്. ഇതില്‍ കനേഡിയന്‍സ് എന്ന് പറയാവുന്നത് 32.3 ശതമാനം മാത്രം. ഇംഗ്ലീഷ് 18.3, സ്‌കോട്ടിഷ് 13.9, ഫ്രഞ്ച് 13.6, ഐറിഷ്-13.4, ജര്‍മ്മന്‍ 9.6, ഫ്രഞ്ച് 11, എന്തിനധികം പറയണം പഞ്ചാബികള്‍ തന്നെ 1.4 ശതമാനമുണ്ട്.

2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയില്‍ നിന്നാണ്. ആറ് വര്‍ഷത്തിനിടെ കുടിയേറിയവരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ വേരുകളുള്ള 14 ലക്ഷം പേരുണ്ട് ഇപ്പോള്‍ കാനഡയില്‍. കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്. ഈ വര്‍ഷവും ഇതില്‍ ഒട്ടും കുറയില്ല. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ വര്‍ഷവും ഈ സംഖ്യ കൂടിക്കൂടി വരുകയായിരുന്നു.

കാനഡയിലെ ഉന്നതപഠന സാധ്യതകളും ജോലി സാധ്യതകളും

വിദേശികള്‍ക്ക് ലഭിച്ചുവരുന്ന മികച്ച സ്വീകരണവും പഠിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സാഹചര്യങ്ങളും മികച്ച ശമ്പളവുമാണ് മുഖ്യ ആകര്‍ഷണം. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ക്കാണ് ഈ വര്‍ഷം കാനഡ പി.ആര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ഏകദേശം 4.3 ലക്ഷം പേര്‍ക്ക്. പെര്‍മനന്റ് റെസിഡന്റ്. അതായത് പി.ആറിനായി എക്‌സ്പ്രസ് എന്‍ട്രി വഴി ശ്രമിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണാവസരം. 10 ലക്ഷം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. നിര്‍മ്മാണമേഖല, പ്രഫഷണലുകള്‍, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയര്‍ഹൗസിങ്, ധനകാര്യം ഇന്‍ഷുറന്‍സ്, വിനോദം റിക്രിയേഷന്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലാണ് അവസരങ്ങളുള്ളത്. കനേഡിയന്‍ എംപ്ലോയീ റീലൊക്കേഷന്‍ കൗണ്‍സിലിന്റെ സര്‍വെ പ്രകാരം ഐആര്‍സിസിയിലെ അപേക്ഷകരുടെ എണ്ണം 27 ലക്ഷത്തോളമായി.

Temporaray Resident, Permenant Resident- ഇതാണ് രണ്ട് തരം. എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പിലെ കട്ട് ഓഫ് സ്‌കോറാണ് കാര്യങ്ങള്‍ നിശ്ചയിക്കുക. പ്രായം ചെറുപ്പം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലെ പരിജ്ഞാനം എന്നിവ മുഖ്യമാണ്. ഐടിഎ അപേക്ഷ കിട്ടാന്‍ ഇതെല്ലാം പ്രധാനമാണ്. ഏറ്റവും ഒടുവില്‍ നടന്ന ഡ്രോയില്‍ കട്ട് ഓഫ് സ്‌കോര്‍ 533 ആയിരുന്നു. അതില്‍പെട്ട 2000 ത്തോളം പേര്‍ക്കാണ് പി.ആര്‍ ലഭിച്ചത്. കോവിഡിന് ശേഷം മൂന്നാമത്തെ ഡ്രോയാണ് ഓഗസ്റ്റിൽ നടന്നത്. ഓരോ മാസം കഴിയുമ്പോഴും സ്‌കോര്‍ കുറഞ്ഞുവരുന്നുണ്ട്. വരുംമാസങ്ങള്‍ കുറഞ്ഞ സ്‌കോര്‍ വരുന്നവര്‍ക്കും അവസരം ലഭിച്ചേക്കും.

കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ അറിയാന്‍ join whatsapp group

ഫെഡറല്‍ സ്‌കില്‍ വര്‍ക്ക് പ്രോഗ്രാം, സ്‌കില്‍ഡ് വിത്ത് ഫോറിന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ്, കനേഡിയന്‍ എക്‌സ്പ്രസ് ക്ലാസ്, കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം, ക്വാളിഫയ്ഡ് ഇന്‍ എ സ്‌കില്‍ഡ് ട്രേഡ് എന്നിവയാണിതിലുള്ളത്. ഒന്നിടവിട്ട ബുധനാഴ്ചകളിലാണ് ഡ്രോ നടക്കുക. കട്ട് ഓഫ് സ്‌കോറിന് മുകളിലാണെങ്കില്‍ നിങ്ങൾ തെരഞ്ഞെടുക്കപ്പെടും. Education Credential Assessment(ECA) ആണ് ആദ്യ കടമ്പ. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ വെരിഫിക്കേഷന്‍ ആണ് ഇതിൽ വരിക(കനേഡിയന്‍ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് ഈ കടമ്പ ഇല്ല). ലാംഗ്വേജ് ടെസ്റ്റ്, ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കാന്‍ IELTS, ഫ്രഞ്ച് പരിജ്ഞാനം അളക്കാന്‍ TEF അല്ലെങ്കില്‍ TCF Canada എന്നീ കടമ്പകളും കടക്കേണ്ടതായുണ്ട്. ഓരോന്നും വളരെ ചെലവുള്ളതുമാണ്.

എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം ഓണ്‍ലൈന്‍ ആണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. 2015 ജനുവരിയിലാണ് തുടങ്ങിയത്. ആറ് മാസം വരെ ഇതിന് പ്രോസസിങ് സമയമെടുക്കും.

പ്രൊഫൈല്‍ ക്രിയേഷന്‍, സ്‌കില്‍, ജോലി പരിചയം

Federal Skilled Worker Program (FSWP), Federal Skilled Trades Program (FSTP), Canadian Experience Class (CEC)- എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമിന് കീഴില്‍ പ്രധാനപ്പെട്ടവ ഇത് മൂന്നുമാണ്. ഇതില്‍ യോഗ്യത നേടുന്നത് ഒരു കടമ്പയാണ്. പ്രൊഫൈല്‍ അപ് ലോഡ് ചെയ്താല്‍ അതില്‍ ചേര്‍ത്തിരിക്കുന്ന അനുബന്ധ വിവരങ്ങള്‍ വിലയിരുത്തി Comprehensive Ranking System (CRS മുഖേന സ്‌കോര്‍ നിശ്ചയിക്കും. ഫ്രഞ്ച് ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള മികച്ച കഴിവുണ്ടെങ്കില്‍, ജോലി ഓഫര്‍ ഉണ്ടെങ്കില്‍, ബന്ധു കാനഡയില്‍ താമസക്കാരാണെങ്കില്‍ പി.ആര്‍ കിട്ടാനുള്ള സാധ്യത കൂടുതലാണ്.

പി.ആര്‍ വേഗം കിട്ടാനുള്ള വഴികള്‍

എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയാല്‍, ഏതെങ്കിലും പ്രവിശ്യയോ പ്രദേശമോ നിങ്ങളെ നോമിനേറ്റ് ചെയ്താല്‍ ഒക്കെ പി.ആർ വേഗം കിട്ടുന്നതിന് സഹായിക്കും. ഇതിന് ശ്രമിക്കുന്നവര്‍ പ്രഫഷണല്‍ കണ്‍സള്‍ട്ടന്‍സിയുടെ സേവനമേ തേടാവൂ എന്ന് ഓര്‍മ്മിക്കുക. കാനഡയില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളെ സ്‌പോണസര്‍ ചെയ്യാം. സുതാര്യമായതിനാല്‍ അധികം ബുദ്ധിമുട്ടില്ലാതെ ഈ വഴിയില്‍ കയറിക്കൂടാം.ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത തുക എന്ന കടമ്പ വേറെയുമുണ്ട്. 10 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സ് എങ്കിലും ഉണ്ടായിരിക്കണം

താത്കാലിക താമസക്കാരനിൽ നിന്ന് സ്ഥിരതാമസക്കാരനിലേക്ക് (TR to PR)

കാനഡയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താത്കാലിക താമസക്കാരന്‍ എന്ന പദവിയില്‍ നിന്ന് താമസക്കാരനായി അംഗീകരിക്കുന്ന പ്രക്രിയയാണിത്. ജോലിക്കാരേയും കാനഡയില്‍ പഠിച്ച് ബിരുദം നേടിയവരേയുമാണ് ഇതിനായി പരിഗണിക്കുക. 2022 ല്‍ മാത്രം താത്കാലിക വിസ പി.ആര്‍ ആക്കി 50,000 കുടിയേറ്റക്കാര്‍ പുതുതായി പി.ആര്‍ നേടി. 2021 മെയ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്കാണിത്. 2024 ഓടെ കാനഡയിലെ വിദേശ പൗരന്മാരുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് കണക്ക്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 90 ലക്ഷം പേരാണ് കാനഡയില്‍ ജോലിയില്‍ നിന്ന് വിരമിക്കുകയെന്ന് സിഐസി ന്യൂസ് റിപ്പോര്‍ട്ട്. അതായത് വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടിവരാന്‍ തന്നെയാണ് സാധ്യത.

പഠിക്കാനും മികച്ച യൂണിവേഴ്‌സിറ്റികളുള്ള രാജ്യം

ടൊറന്റോ, മക് ഗില്‍ യൂണിവേഴ്‌സിറ്റികള്‍ ലോകത്തെ മികച്ച റാങ്കിങ്ങുള്ള യൂണിവേഴ്‌സിറ്റികളാണ്. അമേരിക്കയേയും യുകെയേയും കണക്കിലെടുത്താല്‍ താരതമ്യേന ട്യൂഷന്‍ ഫീസ് കുറവാണ്. എങ്കിലും കേരളീയരെ സംബന്ധിച്ച് വളരെ ഉയര്‍ന്ന ഫീസ് തന്നെ. ഏറ്റവും ഉയര്‍ന്ന ഫീസുള്ള കോഴ്‌സുകളില്‍ ഒന്ന് എം.ബി.എയാണ്. എറ്റവും പ്രധാന കടമ്പ IELTS തന്നെ ആണ്. കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ചാല്‍ നിങ്ങള്‍ക്ക് പഠനം ആവാം. ഒപ്പം ജോലി ചെയ്യാനുള്ള സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ കിട്ടും. ഓര്‍ക്കുക സ്റ്റഡി പെര്‍മിറ്റ് വിസയല്ല. സ്റ്റഡി പെര്‍മിറ്റിനൊപ്പം വിസിറ്റിങ് വിസയാണ് കിട്ടുക. ഏറ്റവും ആകര്‍ഷകം പഠനത്തോടൊപ്പമുള്ള ജോലിയാണ്. പോക്കറ്റ് മണി മാത്രമല്ല അത്യാവശ്യം ചെലവുകളും പിന്നെ ജോലി പരിചയവും ആകും. ഇന്ത്യക്കാര്‍ക്ക് സര്‍വകലാശാലകളില്‍ പഠനത്തിനായി പ്രധാനമായും അഞ്ച് സ്‌കോളര്‍ഷിപ്പുകളാണുള്ളത്.

  • ഹംബര്‍ കോളജ് ഇന്റര്‍നാഷണല്‍ എന്‍ട്രസ് സ്‌കോളര്‍ഷിപ്പ്
  • കാനഡ ആസിയാന്‍ സീഡ്
  • കാര്‍ലെട്ടന്‍ പ്രസ്റ്റീജ്
  • ലെസ്റ്റര്‍ ബി പിയേഴ്‌സണ്‍
  • യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
ഏറ്റവും കൂടുതല്‍ കടല്‍ത്തീരം, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം, ആറ് ടൈം സോൺ - കാനഡ ചെറിയ സംഭവമല്ല

10 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിന്റെ വിസ്തീര്‍ണം. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യം. പക്ഷേ രാജ്യത്തിന്റെ ഭൂപ്രകൃതിയില്‍ മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളാണ് കൂടുതല്‍. ആറ് ടൈം സോണുണ്ട്. എണ്ണനിക്ഷേപത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം. ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. ഏറ്റവും കൂടുതല്‍ കായലുകള്‍ ഉള്ള രാജ്യം. അങ്ങനെ ഒരുപിടി പ്രത്യേകതകളുണ്ട് കാനഡയ്ക്ക്. അറ്റ്‌ലാന്റിക്, ആര്‍ട്ടിക് പസഫിക് സമുദ്രങ്ങളാണ് രാജ്യത്തിന്റെ മൂന്നു വശങ്ങളില്‍. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യം. ലോകത്തെ ആകെ വനപ്രദേശത്തിന്റെ 10 ശതമാനവും കാനഡയിലാണ് രാജ്യത്തിന്റെ 34 ശതമാനവും വനമാണ്. രാജ്യത്തിന്റെ അടയാളമായ മേപ്പിള്‍ ഇല ചേര്‍ത്താണ് അവരുടെ പതാക. നമ്മുടെ അശോക ചക്രം പോലെ കൊടിക്ക് നടുവില്‍ ആ ഇല കാണാം.

അടച്ചു പൂട്ടാത്ത വാതിലുകളും, ഡോർ ലോക്ക് ചെയ്യാത്ത കാറുകളും

തണുത്തകാലാവസ്ഥയാണ് ഏറ്റവും വെല്ലുവിളി. കാനഡയിലെ മാനിടോബയിലെ ചര്‍ച്ചില്‍ നഗരം അടച്ചുപൂട്ടിയിടാറില്ലാത്തതിലൂടെ ശ്രദ്ധേയമാണ്. വീടുകളുടെ വാതിലുകള്‍ തുറന്നുതന്നെ കിടക്കും കാറുകളുടെ ഡോര്‍ ലോക്ക് ചെയ്യാറില്ല. കള്ളന്മാരില്ലാത്തതിനാലോ സുതാര്യത കൂടിയതുകൊണ്ടോ ഒന്നുമല്ല, ഹിമ കരടികളില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗമായി കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്നതാണ്. വഴിമധ്യേ ഏത് നിമിഷവും ഹിമ കരടികള്‍ മുന്നില്‍ പെട്ടേക്കാം. അവയില്‍ നിന്ന് ഓടിക്കയറി രക്ഷപെടാനായിട്ടാണ് ഈ മാര്‍ഗം സ്വീകരിച്ചുപോരുന്നത്. വാതില്‍ തുറന്നിരിക്കണമെന്ന നിയമം ഒന്നും ഇല്ലെങ്കിലും ആചാരം പോലെ തുടര്‍ന്ന് പോരുന്നു. ഹിമ കരടികളുടെ തലസ്ഥാനമായാണ് ഈ നഗരം അറിയപ്പെടുന്നത്. അതുപോലെ മറ്റൊരു പ്രത്യേകത ചര്‍ച്ചില്‍ മാനിടോബയിലെ ഹഡ്‌സണ്‍ ബേയിലാണ് ഭൂഗുരുത്വം ഏറ്റവും കുറഞ്ഞ തോതില്‍ ലോകത്ത് അനുഭവപ്പെടുന്നത് ഇവിടെയാണ്. അതായത് അവിടെ എത്തിയാല്‍ എത്ര ഭാരമുള്ളയാള്‍ക്കും അല്‍പം ഭാരക്കുറവ് തോന്നും. ക്രിസ്മസും സാന്റയും ഡിസംബറിന്റെ അടയാളമാണ്. ഓരോ വര്‍ഷവും ക്രിസ്മസ് കാലത്ത് 10 ലക്ഷത്തിലധികം കത്തുകളാണ് സാന്റയുടെ കാനഡയിലെ വിലാസത്തില്‍ എത്തുന്നത്.

കടല്‍ കടന്ന് കാനഡയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും ബെസ്റ്റ് ടൈമില്ല. പി.ആറിന് തയ്യാറെടുക്കുന്നവര്‍ക്കും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ആശംസകള്‍.

Content Highlights: 10 lakh job vacancies in Canada


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented