പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍.) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്ര ഓഫീസുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, തപാല്‍വകുപ്പില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, സി.എ.ജി. ഓഫീസില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളാണ് പരീക്ഷാവിജയികളെ കാത്തിരിക്കുന്നത്. 3,259 ഒഴിവുകളിലേക്ക് നിയമനം നടക്കും. 

യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസ്/തത്തുല്യയോഗ്യതയുള്ളവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷം പഠിക്കുന്നവര്‍ക്കും സി.എച്ച്.എസ്.എല്‍. പരീക്ഷയെഴുതാം. പ്ലസ്ടു അവസാനവര്‍ഷക്കാര്‍ 2018 ഓഗസ്റ്റ് ഒന്നിനകം യോഗ്യത നേടിയിരിക്കണം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സി.എ.ജി. ഓഫീസിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച് പാസായിരിക്കണം. 

പ്രായം: 18-27. 2018 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഉദ്യോഗാര്‍ഥികള്‍ 1991 ഓഗസ്റ്റ് രണ്ടിനും 2000 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്കും വിധവകള്‍ക്കും നിയമപരമായി ബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.  

ശമ്പളം: 5200-20200 രൂപ, 2,400 രൂപ ഗ്രേഡ് പേ. 

മറികടക്കാം, രണ്ട് പരീക്ഷകള്‍

രണ്ട് ഘട്ടങ്ങളിലായി എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്/സ്‌കില്‍ടെസ്റ്റ് എന്നിവ ഉണ്ടാവും. ആദ്യഘട്ടം മാര്‍ച്ച് 4, 26 തീയതികളിലും രണ്ടാംഘട്ട എഴുത്തുപരീക്ഷ ജൂലായ് എട്ടിനും നടക്കും.  തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. 

കഴിഞ്ഞവര്‍ഷംവരെ ഒന്നേകാല്‍ മണിക്കൂറായിരുന്നു ആദ്യഘട്ട പരീക്ഷയ്ക്ക് അനുവദിക്കപ്പെട്ട സമയം. ഇത്തവണ മുതല്‍ അത് ഒരു മണിക്കൂറായി കുറച്ചു. ഇംഗ്ലീഷ്, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നെസ് എന്നീ വിഷയങ്ങളില്‍നിന്നായി 50 മാര്‍ക്കുവീതമുള്ള ചോദ്യങ്ങളാണ് ആദ്യഘട്ടപരീക്ഷയിലുണ്ടാവുക. ഓണ്‍ലൈന്‍ രീതിയില്‍ നടക്കുന്ന ഈ പരീക്ഷയില്‍ തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. 

Read More | പ്ലസ് ടുക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

ആദ്യഘട്ടപരീക്ഷയില്‍ വിജയിക്കുന്നവര്‍ വിവരണാത്മക രീതിയിലുള്ള രണ്ടാംഘട്ട പരീക്ഷ അഭിമുഖീകരിക്കണം. ലെറ്റര്‍/ആപ്ലിക്കേഷന്‍ റൈറ്റിങ്, എസ്സേ റൈറ്റിങ് എന്നിവയാണ് ഈ പരീക്ഷയിലുണ്ടാവുക. രണ്ടാംഘട്ട പരീക്ഷയിലെ മാര്‍ക്ക് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിക്കുകയേയില്ല. പക്ഷേ, കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

ഒടുവിലായി സ്‌കില്‍/ ടൈപ്പിങ് ടെസ്റ്റ്

രണ്ടുഘട്ടങ്ങളിലും മികവ് തെളിയിച്ചവര്‍ക്ക് സ്‌കില്‍/ടൈപ്പിങ് ടെസ്റ്റ് എന്ന അന്തിമ കടമ്പകൂടി താണ്ടിയാല്‍ ജോലി ഉറപ്പിക്കാം. േഡറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് മണിക്കൂറില്‍ 8000 കീ ഡിപ്രഷന്റെ സ്‌കില്‍ ടെസ്റ്റ് ഉണ്ടാകും. മറ്റ് തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് 10 മിനുട്ട് നേരത്തേക്കുള്ള ടൈപ്പിങ് ടെസ്റ്റാണ് നേരിടേണ്ടിവരിക. മിനുട്ടില്‍ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗമുള്ളവര്‍ക്ക് ഈ ഘട്ടവും എളുപ്പത്തില്‍ മറികടക്കാം. അത്രയും വേഗത്തില്‍ ടൈപ്പ് ചെയ്യാനാകുമോ എന്നോര്‍ത്ത് ഇപ്പോഴേ ആധിപിടിക്കണ്ട. കംപ്യൂട്ടറില്‍ ദിവസവും അരമണിക്കൂര്‍ പരിശീലിച്ചാല്‍ പരീക്ഷയാകുമ്പോഴേക്കും ഈ വേഗം എളുപ്പം കൈവരിക്കാം. 

ഫീസ്: 100 രൂപ. വനിതകള്‍/എസ്.സി./എസ്.ടി./അംഗപരിമിതര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈന്‍ ആയോ എസ്.ബി.ഐ. െചലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിലോ ഫീസടയ്ക്കാം. ഫീസ് അടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് വ്യക്തമാക്കണം. ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. നിര്‍ദേശങ്ങള്‍ക്കനുസൃതമായിമാത്രം ഫീസ് അടയ്ക്കുക. 

അപേക്ഷ: http://ssconline.nic.in എന്ന വെബ്‌സൈറ്റ്‌വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍നമ്പറും പാസ്‌വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം.  തുടര്‍ന്ന് ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഫീസ് അടയ്ക്കാനുള്ള ചെലാന്‍ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നെറ്റ്ബാങ്കിങ് സംവിധാനം ഉപയോഗിച്ചും ഫീസ് അടയ്ക്കാം.  ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും (412 കെ.ബി., 100X120 പിക്‌സല്‍സ്) ഒപ്പും (112 കെ.ബി, 140X60 പിക്‌സല്‍സ്) അപ്‌ലോഡ്‌ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ അയക്കേണ്ടതില്ല. ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്.