പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്.) നടത്തുന്ന ഏഴാമത് പൊതുപരീക്ഷ എത്തി. ആദ്യഘട്ടമായ പ്രിലിമിനറി എഴുത്തുപരീക്ഷ ഒക്ടോബര്‍ 7,8,14,15 തീയതികളിലാണ്. ഹാള്‍ടിക്കറ്റ് ഐ.ബി.പി.എസ്. വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
രാജ്യത്തെ 20 പൊതുമേഖലാബാങ്കുകളിലായി 3,562 പ്രൊബേഷനറി ഓഫീസര്‍ ഒഴിവുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ബാങ്ക് ഓഫീസര്‍ പദവിയുടെ ആകര്‍ഷണീയതയും 36,000 രൂപ ശമ്പളം അടക്കമുള്ള ബാങ്കിങ് രംഗത്തെ മികച്ച സേവനവേതന വ്യവസ്ഥകളും ഐ.ബി.പി.എസ്, പി.ഒ. പരീക്ഷാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഐ.ടി. മേഖലയില്‍നിന്ന് ഒട്ടേറെപ്പേര്‍ ഇപ്പോള്‍ ബാങ്കിങ് രംഗത്തേക്ക് എത്തുന്നു.
കഴിഞ്ഞവര്‍ഷം എട്ട് മുതല്‍ 10 ലക്ഷം വരെപേര് ഐ.ബി.പി.എസ്. പി.ഒ. പരീക്ഷയെഴുതിയിട്ടുണ്ട്. ഇവരില്‍ രണ്ട് ലക്ഷത്തില്‍ താഴെ പേരാണ് രണ്ടാംഘട്ടമായ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്.മെയിന്‍ പരീക്ഷയിലും വിജയിക്കുന്നവര്‍ക്ക് അഭിമുഖം എന്നൊരു കടമ്പ കൂടിയുണ്ട്. അതും മറികടക്കുന്നവര്‍ക്കേ പ്രൊബേഷനറി ഓഫീസര്‍ ജോലി സ്വന്തമാക്കാനാവൂ.
സമരം സമയവുമായി
ഒരു മണിക്കൂറാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള സമയം. അതിനുള്ളില്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമളക്കുന്ന 30 ചോദ്യങ്ങള്‍ക്കും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവ പരീക്ഷിക്കുന്ന 35 വീതം ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഓരോ ചോദ്യത്തിനും ഒരു മാര്‍ക്ക് വീതം. ആകെ 100 ചോദ്യം. ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ലഭിക്കുക കഷ്ടി 36 സെക്കന്‍ഡ്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ അതിസൂക്ഷ്മമായി വേണം ഓരോ ചുവടും മുന്നോട്ടുവെക്കാന്‍. എല്ലാ പരീക്ഷകളിലും ചെയ്യുന്നത് പോലെ ഇവിടേയും എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതാം. ആത്മവിശ്വാസം വര്‍ധിക്കും. തുടര്‍ന്ന് പ്രയാസകരമെന്ന് കണ്ട് ഒഴിവാക്കിയ ചോദ്യങ്ങളുടെ കുരുക്കഴിക്കാന്‍ ഒരു ശ്രമം നടത്താം. ഒരുപാട് സമയം ചെലവഴിച്ചിട്ടും ഉത്തരം കിട്ടാത്ത ഏതെങ്കിലും ചോദ്യമുണ്ടെങ്കില്‍ അതിനുമേല്‍ മല്ലിടാതെ അടുത്ത ചോദ്യത്തിലേക്ക് പോകണം. ശരിയല്ലെന്ന് മനസ്സ് പറയുന്ന ഉത്തരങ്ങള്‍ എഴുതി ഭാഗ്യപരീക്ഷണത്തിന് മുതിരാതിരിക്കുക.
ഓണ്‍ലൈന്‍ പരീക്ഷ
ഐ.ബി.പി.എസ്. പി.ഒ. പരീക്ഷയുടെ പ്രിലിമിനറി, മെയിന്‍ ഘട്ടങ്ങള്‍ ഓണ്‍ലൈനായാണ് എഴുതേണ്ടത്. ഒരുതവണയെങ്കിലും ഓണ്‍ലൈന്‍ പരീക്ഷയെഴുതിയവര്ക്കേ സാധാരണ എഴുത്തുപരീക്ഷയും ഇതും തമ്മിലുള്ള വ്യത്യാസം മനസ്സിലാകൂ. ദിവസവും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്പോലും ഓണ്‍ലൈന്‍ പരീക്ഷാഹാളിലെത്തി വെപ്രാളപ്പെട്ട് അബദ്ധങ്ങള്‍ കാട്ടിക്കൂട്ടാറുണ്ട്. ഇതൊഴിവാക്കാനായി ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍ ചെയ്ത് പരിശീലിക്കണം. ഐ.ബി.പി.എസ്. പ്രൊബേഷനറി ഓഫീസര്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള മോക്ക് ടെസ്റ്റ്പേപ്പറുകള്‍ പല വെബ്സൈറ്റുകളിലും ലഭ്യമാണ്. നാലോ അഞ്ചോ തവണ മോക്ക് ടെസ്റ്റ് പരിശീലനം നടത്തുന്നതോടെ ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ആധി അകറ്റാനാകും. പരീക്ഷയെഴുതുന്നിടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ എന്തെങ്കിലും തകരാറുണ്ടെന്ന് സംശയം തോന്നിയാല്‍ സ്വയം 'റിപ്പയറിങി'ന് മുതിരാതെ ഇന്‍വിജിലേറ്ററെ കാര്യം ധരിപ്പിക്കണം. നാളിതുവരെ നടന്ന ഐ.ബി.പി.എസ്. ഓണ്‍ലൈന്‍ പരീക്ഷകളിലൊന്നും കംപ്യൂട്ടറുകള്‍ പണിമുടക്കിയിട്ടില്ലെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കളയാം കട്ട്ഓഫ് ഭീതി
പരീക്ഷയ്ക്ക് അപേക്ഷിച്ച ദിവസം തൊട്ട് ഉദ്യോഗാര്‍ഥികളുടെ മനസ്സിലുയരുന്ന ആശങ്കയാണ് കട്ട് ഓഫ് മാര്‍ക്ക് എത്രയായിരിക്കും എന്നത്. ഓരോ വര്‍ഷത്തെയും കട്ട് ഓഫ് മാര്‍ക്ക് ഇന്റര്‍നെറ്റില്‍ പരതി കണ്ടുപിടിച്ച് അത്രയും മാര്‍ക്ക് നേടാന്‍ തനിക്ക് സാധിക്കുമോയെന്ന് ആലോചിച്ച് ടെന്‍ഷനടിക്കുകയാണ് പിന്നെ. പ്രിലിമിനറി പരീക്ഷയുടെ ഓരോ വിഷയങ്ങളിലും നിര്‍ബന്ധമായി നേടിയിരിക്കേണ്ട മാര്‍ക്കിനെയാണ് കട്ട്ഓഫ് മാര്‍ക്ക് എന്ന് വിളിക്കുന്നത്. നിശ്ചിതശതമാനം മാര്‍ക്ക് ലഭിച്ചാലെ അടുത്ത ഘട്ടമായ മെയിന്‍ പരീക്ഷ എഴുതാനാകൂ. ആകെയുള്ള ഒഴിവുകള്‍ക്ക് ആനുപാതികമായി എത്രപേര്‍ മെയിന്‍ പരീക്ഷ എഴുതണമെന്ന് കണക്കുകൂട്ടിയതിന് ശേഷമാണ് ആ മാര്‍ക്ക് നിശ്ചയിക്കുക. എല്ലാവര്ക്കും എളുപ്പമായി തോന്നുന്ന പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കൂടുന്നത് സ്വാഭാവികം. കേരളം പോലെ മത്സരം കടുത്ത സംസ്ഥാനങ്ങളിലത് സാധാരണഗതിയില്‍ ഉയരാറുണ്ട്. അഖിലേന്ത്യാതലത്തില്‍ ഒറ്റപരീക്ഷയായതിനാല് ഐ.ബി.പി.എസ്. പി.ഒ.യില്‍ ആ പേടിവേണ്ട. കട്ട് ഓഫ് മാര്‍ക്കിന് മുകളിലേക്ക് സ്കോര്‍ ചെയ്യാനാണ് മിടുക്കുള്ള ഉദ്യോഗാര്‍ഥികള്‍ ശ്രമിക്കുക.
എണ്ണംകേട്ട് പേടിക്കരുത്
ലക്ഷക്കണക്കിന് പേര് ഭാഗ്യം പരീക്ഷിക്കുന്നിടത്ത് ഒരു 'പരീക്ഷണ'ത്തിന് പോയിട്ടെന്ത് എന്നചിന്ത ആദ്യം കളയണം. അപേക്ഷകരുടെ എണ്ണം ചിലപ്പോള്‍ 10 ലക്ഷം കടന്നേക്കാം. അതില്‍ എത്രപേര്‍ ഗൗരവത്തോടെ തയാറെടുക്കുന്നു എന്നതിലാണ് കാര്യം. മികച്ചജയം നേടുന്നവര്‍ക്കായി ഒട്ടേറെ കസേരകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നതും ഓര്‍ക്കണം. അതിലൊന്ന് നേടിയെടുക്കും എന്ന നിശ്ചയദാര്‍ഢ്യത്തോടെ വേണം ഇനിയുള്ള ദിവസങ്ങളില്‍ കഠിനപരിശീലനം നടത്താന്‍.