പി.എസ്.സി. മത്സരപരീക്ഷകളില്‍ ഒട്ടേറെ കാരണങ്ങളാല്‍ വേറിട്ട് നില്‍ക്കുന്നതാണ് ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലെ തിരഞ്ഞെടുപ്പിനായുള്ളത്. ആര്‍ക്കുംതന്നെ വ്യക്തമായ മുന്‍തൂക്കം ഈ പരീക്ഷകളില്‍ അവകാശപ്പെടാന്‍ കഴിയില്ല. ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വലിയൊരു ശതമാനം പേരും ചെറിയ വിദ്യാഭ്യാസയോഗ്യതകള്‍ ഉള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍നിന്നുതന്നെ, മറ്റു പരീക്ഷകളില്‍നിന്നും വ്യത്യസ്തമായൊരു തയ്യാറെടുപ്പും മുന്നൊരുക്കവും ഈ തസ്തികയിലെ പരീക്ഷയ്ക്കു വേണമെന്നത് വെളിവാകുന്നു.

അപേക്ഷിക്കുന്നവരുടെ എണ്ണം, പരീക്ഷ എഴുതുന്നവരുടെ എണ്ണം, ജോലികിട്ടുന്നവരുടെ എണ്ണം എന്നിവയിലെല്ലാം ലാസ്റ്റ്‌ഗ്രേഡ് മറ്റെല്ലാ പരീക്ഷകളെയും പിന്തള്ളുന്നു. ചെറിയൊരു പിഴവുപോലും ഒട്ടേറെ റാങ്കുകള്‍ പിന്നിലേക്ക് ഉദ്യോഗാര്‍ഥിയെ കൊണ്ടുപോകും എന്നതാണ് ഈ പരീക്ഷയിലെ പ്രധാന വസ്തുത. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ആദ്യമായി വേണ്ടത് വ്യക്തമായൊരു കാഴ്ചപ്പാടാണ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വിജയത്തിലേക്കെത്താന്‍ വേണ്ട കൃത്യമായൊരു പഠനപദ്ധതിയും ഉണ്ടാവണം. 

കട്ട് ഓഫ് മാര്‍ക്കുകള്‍
ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളുടെ ഏറ്റവുംവലിയ പ്രത്യേകതയാണ് ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക്. റാങ്കു പട്ടികയില്‍ കടന്നുകൂടാന്‍പോലും 80 ശതമാനത്തിലേറെ മാര്‍ക്ക് സ്‌കോറു ചെയ്യേണ്ടി വരുന്നു. തൊണ്ണൂറുശതമാനത്തിനും മേലെ മാര്‍ക്കുനേടിയാലേ നല്ലൊരു റാങ്ക് ഉറപ്പാക്കാനാവൂ. ചില ജില്ലകളില്‍ കട്ട് ഓഫ് മാര്‍ക്ക് 95 പിന്നിട്ട ചരിത്രവുമുണ്ട്.

ചെറിയ പിഴവുകള്‍പോലും ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ വിജയത്തിന് തടസ്സമാവാമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കഠിനാധ്വാനവും ശ്രദ്ധയും മാത്രമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ വിജയത്തില്‍ പരമപ്രധാന സംഗതികള്‍. 

ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് സൂചിപ്പിക്കുന്ന പ്രധാന വസ്തുത മറ്റ് പരീക്ഷകളെപ്പോലെ സംശയമുള്ള ചോദ്യങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള സാധ്യത ഈ പരീക്ഷയ്ക്ക് ഇല്ല എന്നതാണ്. തെറ്റുകൂടാതെ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയെ മതിയാവൂ. വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ തന്നെ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് വേണ്ടതുണ്ട് എന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടു
ന്നത്. 

ആഴവും പരപ്പും 
'എല്ലാ വിഷയങ്ങളിലും എന്തെങ്കിലും അറിവുകള്‍ ഉണ്ടാവുക'എന്നതാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷാ തയ്യാറെടുപ്പ് നടത്തുന്നവരുടെ നല്ല ലക്ഷണമായി പറയാറുള്ളത്. നഴ്സറി കുട്ടികള്‍ക്ക് ഉത്തരം പറയാന്‍ കഴിയുന്നത് മുതല്‍ സിവില്‍ സര്‍വീസ് നിലവാരമുള്ള ചോദ്യങ്ങള്‍വരെ ലാസ്റ്റ്‌ഗ്രേഡ് ചോദ്യപ്പേപ്പറില്‍ കണ്ടേക്കാം. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളിലെ ചോദ്യങ്ങള്‍ പൊതുവേ സൂക്ഷ്മതലങ്ങളിലേക്ക് പോകാറില്ല. അടിസ്ഥാനവിവരങ്ങളാണ് കൂടുതലും ചോദ്യങ്ങളായി വരിക. ചില വിഷയങ്ങളില്‍ ആഴത്തില്‍ പരതി സമയം കളയാതെ പരമാവധി വിഷയങ്ങളില്‍ സാമാന്യമായ ജ്ഞാനം നേടുകയാണ് വേണ്ടത്. പരമാവധി വിഷയങ്ങള്‍ മനസ്സിരുത്തി വായിക്കാന്‍ കഴിയണം.

പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആവേശം മനസ്സില്‍ വളര്‍ത്തണം. പ്രധാന പഠനവിഷയങ്ങളുടെ ഉപവിഷയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ തന്നെ പട്ടികയായി തയ്യാറാക്കി വിവരശേഖരണം നടത്തുകയും ഹൃദിസ്ഥമാക്കുകയും വേണം. പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടി വരുന്നതിനാല്‍ വിഷയാധിഷ്ഠിതമായി പഠനത്തിന് നിയന്ത്രണംവെക്കാതെ പരന്ന വായനതന്നെ നടത്തണം. 

സിലബസും പാഠപുസ്തകങ്ങളും
ഓരോ പരീക്ഷയ്ക്കും കൃത്യമായ സിലബസ് മുന്‍കൂട്ടി പ്രസിദ്ധീകരിച്ച് അവയില്‍നിന്നുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കുക എന്നതാണ് പി.എസ്.സി.യുടെ ഇപ്പോഴത്തെ ശൈലി. കൂടാതെ തസ്തികയുടെ യോഗ്യതയ്ക്കനുസരിച്ച് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ കേന്ദ്രീകരിച്ച് ചോദ്യങ്ങള്‍ കൂടുതലായി വരുന്ന രീതിയും ഇപ്പോള്‍ കണ്ടുവരുന്നു. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ കൃത്യമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിക്കുംവരെ അപ്പര്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ കേന്ദ്രീകരിച്ച ഉദ്യോഗാര്‍ഥികള്‍ പഠനം നടത്തുന്നതാവും ഉത്തമം. 

ചോദ്യങ്ങള്‍ കൂടുതല്‍ വരുന്ന വിഷയങ്ങള്‍
ചരിത്രവും, ഭൂമിശാസ്ത്രവുമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലകള്‍. നിത്യജീവിതത്തിലെ ശാസ്ത്രം, ബഹുമതികള്‍ എന്നിവയും പിന്നാലെയുണ്ട്. ചരിത്രത്തില്‍ ആഴത്തിലേക്ക് പോകാതെ പ്രധാനസംഭവങ്ങള്‍ ചിട്ടയായി ഓര്‍ത്തിരിക്കുകയാണ് വേണ്ടത്. ഭൂമിശാസ്ത്രത്തില്‍ പ്രധാനം, ആശയക്കുഴപ്പമില്ലാതെ വസ്തുതകള്‍ ഗ്രഹിക്കുക എന്നതാണ്.

വര്‍ഷങ്ങളും, സംഭവങ്ങളും ക്രമമായി മനസിലാക്കാന്‍ കഴിയണം. നദികള്‍, തടാകങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവ തീര്‍ച്ചയായും ലാസ്റ്റ് ഗ്രേഡ് പരീക്ഷ ചോദ്യപ്പേപ്പറില്‍ കൂടുതല്‍ ഇടം നേടുന്നവയാണ്. മനുഷ്യശരീരം, രോഗങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ 10 വരെ ചോദ്യങ്ങളുടെ ഉറവിടമായി മാറുന്നു. ഇന്ത്യയുടെയും, കേരളത്തിന്റെയും രാഷ്ട്രീയത്തിലെ നാഴികക്കല്ലുകളും പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്. 

ഊന്നല്‍ കേരളത്തിന് 
ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്‌ക്കൊരുങ്ങുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ്പെട്ടുള്ളവ ചോദിക്കുന്നതാണ് പതിവ്. നമ്മുടെ സംസ്ഥാനത്തെപ്പറ്റി പറ്റുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് ചിട്ടയായി പഠിക്കേണ്ടത് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷാവിജയത്തില്‍ പരമപ്രധാനമാണ്. കേരളചരിത്രം, സംസ്‌കാരം, നവോത്ഥാനം, ഭൂമിശാസ്ത്രം, ജില്ലകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. കേരളരാഷ്ട്രീയത്തിലെ നാഴികക്കല്ലുകള്‍, വേറിട്ട വ്യക്തിത്വങ്ങള്‍, വര്‍ഷങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയും പി.എസ്.സി.ക്ക് പ്രിയപ്പെട്ടവയാണ്.

മുന്‍പരീക്ഷാ ചോദ്യങ്ങളുടെ പരിശോധന
കഴിഞ്ഞകാലങ്ങളിലെ ലാസ്റ്റ്‌ഗ്രേഡ് ചോദ്യപ്പേപ്പറുകള്‍ നിശ്ചയമായും വായിച്ചിരിക്കണം. പരീക്ഷയിലെ ചോദ്യങ്ങളുടെ രീതിയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, മുന്‍ ചോദ്യപ്പേപ്പറുകളിലെ അഞ്ച് ശതമാനം ചോദ്യങ്ങള്‍ വരെ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകളില്‍ ആവര്‍ത്തിക്കാറുണ്ട്. മുന്‍ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നതിലൂടെതന്നെ പരീക്ഷയ്ക്കുവരാന്‍ പോകുന്ന പല ചോദ്യങ്ങളും മനസ്സിലാക്കാനാവും. ചോദ്യങ്ങള്‍ വന്നിരിക്കുന്ന മേഖലകളെ സൂക്ഷ്മമായി അപഗ്രഥിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ വന്നിട്ടുള്ള വിഷയങ്ങളെ കൂടുതല്‍ പ്രാധാന്യം നല്‍കി പഠിക്കാന്‍ ശ്രദ്ധിക്കണം. 

റഫറി പൊതുവിജ്ഞാനം
ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിലെ വിജയികളെ തീരുമാനിക്കുന്നത് പൊതുവിജ്ഞാനമാണെന്നുതന്നെ പറയാം. ആകെ ചോദ്യങ്ങളില്‍ 80 എണ്ണവും പൊതുവിജ്ഞാനത്തില്‍നിന്നുമാണ് വരിക. പൊതുവിജ്ഞാനത്തിന് ഇത്രയധികം പ്രാധാന്യമുള്ള മറ്റൊരു പി.എസ്.സി. പരീക്ഷയും ഇല്ല. കറന്റ് അഫയേഴ്സില്‍നിന്നും ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സംഭവവും ചോദിക്കാം. പരമാവധി പൊതുവിജ്ഞാനമേഖലകളിലൂടെ പരീക്ഷയ്ക്കുമുന്‍പ് കടന്നുപോകാന്‍ ശ്രദ്ധിക്കണം. 

കണക്കിലെ അടിസ്ഥാന ക്രിയകള്‍
കണക്കിലെ പത്തോളം വരുന്ന അടിസ്ഥാനക്രിയകളാണ് ലാസ്റ്റ്‌ഗ്രേഡ് ചോദ്യങ്ങളായി വരിക. കണക്കില്‍ പരമാവധി മാര്‍ക്കുകള്‍ നേടുക എന്നതാവണം ഉദ്യോഗാര്‍ഥിയുടെ ലക്ഷ്യം. കണക്കിലെ അടിസ്ഥാനക്രിയകള്‍ പലവട്ടം ആവര്‍ത്തിച്ച് ചെയ്ത് ഹൃദിസ്ഥമാക്കുന്നതാണ് നല്ലത്. സംഖ്യാശ്രേണികള്‍, ശതമാനം, അനുപാതം, ലാഭം നഷ്ടം, വലിയ സംഖ്യകളുടെ ക്രിയകള്‍ എന്നിവയും അറിഞ്ഞിരിക്കണം.

സെമിയും ഫൈനലും
ഒരു തയ്യാറെടുപ്പില്‍ തന്നെ രണ്ട് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷകള്‍ എഴുതാം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയാണ് ആദ്യം നടക്കുക. വിവിധ കമ്പനി/കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ളത് പിന്നാലെ നടക്കും. അതുകൊണ്ടുതന്നെ ഒരു പരീക്ഷയിലെ പിശകുകള്‍ തിരുത്തി മുന്നേറാന്‍ മറ്റൊരു അവസരം കൂടി ഇത്തവണ ലഭിക്കും. 

അധ്വാനത്തിന്റെ മഹത്വം
ഉദ്യോഗാര്‍ഥി സ്വയംചിട്ടപ്പെടുത്തിയ പഠനരീതിയിലൂടെ നടത്തുന്ന മുന്നേറ്റമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകം. കൃത്യമായ പഠനപദ്ധതിയിലൂടെ മൂന്നുമാസത്തെ ശ്രമംകൊണ്ടുതന്നെ ലാസ്റ്റ്‌ഗ്രേഡ് ഉദ്യോഗം നേടിയെടുത്ത ഏറെപ്പേരുണ്ട്. പഠനത്തിന്റെ എല്ലാ ഘട്ടത്തിലും ഗൗരവം നിലനിര്‍ത്താനും ചിട്ടയായ മുന്നേറ്റം ഉറപ്പാക്കാനും ഉദ്യോഗാര്‍ഥി ശ്രദ്ധിക്കണം. സ്വന്തം പഠനക്കുറിപ്പുകളും വിവരശേഖരവും ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടാവണം.

ചോദ്യങ്ങള്‍ എവിടെ മുതല്‍ എവിടെ വരെ ? 

അതിശയിപ്പിക്കുന്ന നിലവാര വ്യത്യാസമാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്കുണ്ടാവുക. ഉദാഹരണമായി 'പാലില്‍ അടങ്ങിയ ആസിഡേത്' എന്നചോദ്യമുള്ള പരീക്ഷയില്‍തന്നെ 'പമ്പരം കറങ്ങുന്നത് ഏതുതരം ചലനമാണ്' എന്ന ചോദ്യവുമുണ്ട്. പൊതുവിജ്ഞാനത്തിലെ 50 ശതമാനം വരെ ചോദ്യങ്ങള്‍ ചെറിയ തയ്യാറെടുപ്പ് നടത്തിയവര്‍ക്കും ഉത്തരമെഴുതാന്‍ സാധിക്കുന്നവയാണ്. 30 ശതമാനം ചോദ്യങ്ങള്‍ സാമാന്യം തയ്യാറെടുത്തവര്‍ക്കും ബാക്കി 20 ശതമാനം ചോദ്യങ്ങള്‍ നല്ല തയ്യാറെടുപ്പ് നടത്തിയവര്‍ക്കും മാത്രമേ ഉത്തരമെഴുതാനാവൂ. ഈ 20 ശതമാനം ചോദ്യങ്ങളാണ് യഥാര്‍ഥത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ നിശ്ചയിക്കുക. 

കുറഞ്ഞത് 15,000 മുതല്‍ 20,000 വരെ ചോദ്യോത്തരങ്ങള്‍ പരീക്ഷയ്ക്കു മുന്‍പ് ഉദ്യോഗാര്‍ഥി പഠിച്ചിരിക്കണം. ഇതിനനുസൃതമായി സമയക്രമം ചിട്ടപ്പെടുത്തേണ്ടതുണ്ട്. പഠനം പാതിവഴിയില്‍ എത്തുന്നതുമുതല്‍ നിര്‍ബന്ധമായും ഏര്‍പ്പെടേണ്ട പ്രവര്‍ത്തനമാണ് മാതൃകാ ചോദ്യപ്പേപ്പറുകള്‍ ചെയ്യുക എന്നത്. ശരിയായ പരീക്ഷാമാനസികാവസ്ഥ വികസിപ്പിക്കാന്‍ ഉപകരിക്കും എന്നതിനുപുറമേ കൂടുതല്‍ ചോദ്യങ്ങളില്‍ക്കൂടി കടന്നുപോകാനും ഇതിടയാക്കും. നിലവാരമുള്ള മാതൃകാചോദ്യപ്പേപ്പറുകള്‍ തിരഞ്ഞെടുക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

Thozil