കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്നവയില്‍ ഒന്നാണ് കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലെ അസിസ്റ്റന്റ് തസ്തിക. പി. എസ്.സി. യുടെ ബിരുദതല പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്ന തസ്തികയുമാണിത്. ആകര്‍ഷകമായ ശമ്പളവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങളുമാണ് ഈ തസ്തികയുടെ പ്രധാന പ്രത്യേകത. സര്‍ക്കാര്‍വകുപ്പുകളില്‍ ശമ്പളവും അലവന്‍സുകളും മാത്രം ലഭിക്കുമ്പോള്‍, കമ്പനി/കോര്‍പ്പറേഷനുകളില്‍ ഇവയ്ക്കുപുറമേ ഇന്‍സെന്റീവുകളും ഉയര്‍ന്ന ബോണസും കൂടി ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 

കൂടുതല്‍ നിയമനങ്ങള്‍

രണ്ടു കാറ്റഗറികളിലായി നടത്തുന്ന കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷകളില്‍നിന്നും 6,000 ത്തോളം പേര്‍ക്കാണ് നിലവിലെ ലിസ്റ്റുകളില്‍നിന്നും നിയമനം ലഭിച്ചിട്ടുള്ളത്. കെ.എസ്.എഫ്.ഇ. പോലുള്ള സ്ഥാപനങ്ങള്‍ പുതിയ ശാഖകള്‍ തുറക്കുകയും, കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ നിയമനങ്ങള്‍ക്ക് സാധ്യതയുണ്ട്. ചുരുങ്ങിയത് 7,500 ഒഴിവുകളെങ്കിലും പുതിയലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കായി ലഭിക്കുമെന്നുറപ്പാണ്. 

രണ്ടു തസ്തിക; രണ്ടു പരീക്ഷ

2013 വരെ ഈ തസ്തികകളിലെ തിരഞ്ഞെടുപ്പിന് ഒരു പരീക്ഷയാണ് നടത്തിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന റാങ്കുകള്‍ നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. പോലുള്ള ലാഭം കുറഞ്ഞ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുമ്പോള്‍ താരതമ്യേന താഴ്ന്ന റാങ്കുകാര്‍ക്ക് കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി. തുടങ്ങി മികവു പുലര്‍ത്തുന്ന കമ്പനികളില്‍ ജോലി ലഭിക്കുന്നത് വലിയ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ രണ്ടുവിഭാഗമായി തിരിച്ച് പ്രത്യേകമായി പരീക്ഷകള്‍ നടത്തി റാങ്കു ലിസ്റ്റുകള്‍ തയാറാക്കുന്നു. കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി., കെല്‍ട്രോണ്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, മലബാര്‍ സിമന്റ്സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്, വികസന അതോറിറ്റികള്‍, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് കമ്പനി/കോര്‍പ്പറേഷനുകളിലെ ആദ്യത്തെ കാറ്റഗറി. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ്-2/ക്ലാര്‍ക്ക് ഗ്രേഡ്-1/അസിസ്റ്റന്റ്/സീനിയര്‍ അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം ലഭിക്കുക. 
സിഡ്കൊ, കെ.എസ്.ആര്‍.ടി.സി., ഔഷധി, സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയാണ് രണ്ടാമത്തെ കാറ്റഗറി സ്ഥാപനങ്ങള്‍. ജൂനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ് ഗ്രേഡ്-2/എല്‍.ഡി.സി. തസ്തികകളിലാണ് ഈ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുക. 

പരീക്ഷാ രീതി മാറിയേക്കും

100 മാര്‍ക്കിന്റെ ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്. എന്നാല്‍ പി.എസ്.സി. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരീക്ഷാ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിലിമിനറി, മെയിന്‍ എന്നീ രണ്ടുഘട്ടങ്ങളാവും ഇനിമുതല്‍ പരീക്ഷയ്ക്കുണ്ടാവുക. പ്രിലിമിനറി 100 മാര്‍ക്കിന്റെ ഒ.എം.ആര്‍. പരീക്ഷയും, മെയിന്‍ വിവരണാത്മകവും ആയേക്കും.

സിലബസ് നിലനില്‍ക്കും

ഏറ്റവും ഒടുവില്‍ നടന്ന (2013ല്‍) കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ് താഴെപ്പറയുംവിധമായിരുന്നു;

പൊതുവിജ്ഞാനം: 50 മാര്‍ക്ക്
ജനറല്‍ ഇംഗ്ലീഷ് : 10 മാര്‍ക്ക്
മലയാളം: 10 മാര്‍ക്ക്
ഐ.ടി. ചോദ്യങ്ങള്‍: 10 മാര്‍ക്ക്
കണക്ക്/മെന്റല്‍ എബിലിറ്റി : 20 മാര്‍ക്ക്

ഇത്തവണയും ഈ സിലബസ് തന്നെയാവും പിന്‍തുടരാന്‍ സാധ്യത. കേരളം, ഇന്ത്യ-പൊതുവിവരങ്ങള്‍, കേരളീയ നവോത്ഥാനം, നിത്യജീവിതത്തിലെ ശാസ്ത്രം, ഭരണഘടന-രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം, സ്വാതന്ത്ര്യാനന്തര ഭാരതം, കറന്റ് അഫയേഴ്സ് എന്നിവയാണ് പൊതുവിജ്ഞാനത്തിലെ പ്രധാന ചോദ്യമേഖലകള്‍. 

കൂടുതല്‍ ചോദ്യങ്ങള്‍ വന്ന മേഖലകള്‍

പൊതുവിജ്ഞാനത്തില്‍ 2013-ലെ ആദ്യപരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വന്ന മേഖലകള്‍ ഇനിപ്പറയുന്നു;

ഭൗതികശാസ്ത്രം: 10
ഭരണഘടന/രാഷ്ട്രീയം: 10
കറന്റ് അഫയേഴ്സ്: 5
കേരള നവോത്ഥാനം: 5
സമ്പദ്വ്യവസ്ഥ: 4
കേരളം-പൊതുവിവരങ്ങള്‍: 5
ഇന്ത്യ-പൊതുവിവരങ്ങള്‍: 4
സ്വാതന്ത്യസമരം, ഇന്ത്യാചരിത്രത്തിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ചോദ്യങ്ങള്‍ വന്നില്ല. 
2013-ലെ രണ്ടാമത്തെ പരീക്ഷയില്‍ വിവിധ പൊതുവിജ്ഞാന മേഖലകളില്‍ വന്ന ചോദ്യങ്ങള്‍ ഇനിപ്പറയുന്നു;
ഭൗതികശാസ്ത്രം: 10
ഭരണഘടന/രാഷ്ട്രീയം: 8
കറന്റ് അഫയേഴ്സ്: 8
നവോത്ഥാനം: 7
ഇന്ത്യാചരിത്രം: 5
ഭൂമിശാസ്ത്രം: 5
കേരളചരിത്രം: 2
രണ്ടു പരീക്ഷകളിലും കൃത്യമായ എണ്ണം ചോദ്യം വന്നിരിക്കുന്നത് ഭൗതികശാസ്ത്രത്തില്‍നിന്നുമാണ് (10 വീതം). കറന്റ് അഫയേഴ്സ്, ഭരണഘടന, നവോത്ഥാനം എന്നിവയാണ് കൂടുതല്‍ ചോദ്യം വന്ന മറ്റു മേഖലകള്‍.

മുന്നൊരുക്കം തുടങ്ങാം

മുന്‍പരീക്ഷകളിലെ ചോദ്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനൊപ്പം, പി.എസ്.സി.യുടെ നിലവില്‍ ചോദ്യരീതികളെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടുള്ള പരിശീലനമാണ് ആവശ്യം. പരീക്ഷാ രീതിയും തീയതിയും സിലബസും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്‍ പരീക്ഷകളുടെ സ്വഭാവം വിലയിരുത്തി പഠനപദ്ധതി തയ്യാറാക്കി പഠനം തുടങ്ങണം. തൊഴില്‍ വാര്‍ത്ത ഒരുക്കുന്ന സമഗ്ര പരിശീലനം ഉദ്യോഗാര്‍ഥികളെ മികച്ച റാങ്കു നേടാന്‍ സഹായിക്കും. 

പഠിച്ചു തുടങ്ങാം

കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പരിശീലനം തൊഴില്‍ വാര്‍ത്തയിലുണ്ട്‌. ഇത്തവണ പരീക്ഷാ രീതിയില്‍ മാറ്റങ്ങളുണ്ടാവുമെന്ന് സൂചനയുണ്ട്. സിലബസ്സും പരീക്ഷാ രീതിയും സംബന്ധിച്ച് പി.എസ്.സി. ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും മുന്‍ പരീക്ഷകളിലെ സിലബസ്സ് ഏതാണ്ട് അതുപോലെ പിന്തുടരുമെന്നാണ് വിവരം. സിലബസ്സിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍കൂടി പരിഗണിച്ച് സമഗ്രമായ നോട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷാതീയതി അധികം വൈകാതെ പി.എസ്.സി. പ്രഖ്യാപിക്കും. സിലബസ്സിനു കാത്തിരിക്കാതെ ഇപ്പോള്‍തന്നെ പഠനം തുടങ്ങാം.

Content Highlights:Kerala PSC Company/Corporation Assistant, Exam Syllabus, PSC Exam

Thozil