റിവിന്റെ മാറ്റുരയ്ക്കലാണ് സിവില്‍ സര്‍വീസ് പരീക്ഷയെ ഇപ്പോഴും വേറിട്ടതാക്കുന്നത്. നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ മാത്രം തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ട ഒരു പരീക്ഷയല്ല 24 ഇന്ത്യന്‍ സര്‍വീസുകളിലേക്ക് അഞ്ചു ലക്ഷത്തിലധികം പേരില്‍ നിന്നും ആയിരം പേരെ കണ്ടെത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ. പക്ഷേ നോട്ടിഫിക്കേഷന്‍ വന്ന് ആറുമാസം കൊണ്ടു പഠിച്ചു ഇത് പാസ്സായവരും ചരിത്രത്തിലുണ്ട്. ആരെയും എഴുതിത്തള്ളാന്‍ കഴിയാത്ത പരീക്ഷ. 

ആത്മവിശ്വാസവും കഠിനാധ്വാനവും

ആത്മവിശ്വാസവും കഠിനാധ്വാനവും ചിട്ടയായ തയ്യാറെടുക്കലുകളും ഇഞ്ചോടിഞ്ച് പോരാട്ടങ്ങളും ചേര്‍ന്ന പരീക്ഷയാണിത്. ഇത് പഠിപ്പിസ്റ്റുകള്‍ക്ക് മാത്രമുള്ള പരീക്ഷയാണെന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാ ക്ലാസ്സുകളിലും സ്ഥിരം കിട്ടി വരുന്ന റാങ്കുകളാണ് ഈ പരീക്ഷ ജയിക്കാനുള്ള മാനദണ്ഡമെങ്കില്‍ ഒരിക്കലും ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷ കടക്കില്ലെന്ന് സ്‌കൂളില്‍ ഒരു ശരാശരിക്കാരനായ എനിക്ക് കോളേജില്‍ എത്തുമ്പോഴേ ഉറപ്പായിരുന്നു.

ഗൂഗിളും വിക്കിപീഡിയയൊക്കെ വരുന്നതിന് മുന്‍പ് ഏതൊരു ഗ്രാമീണവിദ്യാര്‍ഥിയേയും പോലെ ഞാനും ഇംഗ്ലീഷ് വിക്കി വിക്കി പറഞ്ഞ്, ഗ്രാമറിനെ ഭയന്ന് തന്നെയാണ് പഠിച്ചത്. സിവില്‍ സര്‍വീസില്‍ വരുന്നതിന് മുന്‍പ് വരെ രണ്ടടിയ്ക്ക് അടുത്ത് ഞാന്‍ ഒരു സിവില്‍ സര്‍വീസുകാരനെയും ജീവിതത്തില്‍ കണ്ടിട്ടില്ല. ഒരു വില്ലേജ് ഓഫീസര്‍ വിരമിച്ച് ഇരുപതു വര്‍ഷത്തിന് ശേഷം എന്റെ ആദ്യ ഗവ. ജോലി കടന്നു വരുന്നത് എനിക്ക് എസ്.ബി.റ്റിയില്‍ ജോലി കിട്ടുമ്പോഴാണ്. വീട്ടിലേക്കുള്ള മണ്‍പാത ടാര്‍ ചെയ്യുന്നത് പോലും എനിക്ക് സിവില്‍ സര്‍വീസ് കിട്ടിക്കഴിഞ്ഞാണ്. 

പരീക്ഷാ രീതി

LIPINRAJ IASഞാന്‍ പരീക്ഷയെ നേരിട്ടത് അമ്മ മലയാളവും പബ്ലിക് അഡ്മിനിസ്‌ട്രേഷനും ഒരേ പോലെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ്. പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ. മെയിന്‍സ് പരീക്ഷയിലെ വിവരണാത്മക എഴുത്താണ് പരീക്ഷയുടെ ഗതി നിര്‍ണ്ണയിക്കുക. പ്രത്യേകിച്ചും ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ക്ക് വാങ്ങുന്ന മാര്‍ക്ക്. 

മുന്‍പ് ഓപ്ഷണല്‍ വിഷയങ്ങളുടെ മാര്‍ക്കായിരുന്നു അവസാന റാങ്കിന്റെ ഗതി നിശ്ചയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്റര്‍വ്യൂ മാര്‍ക്കാണ് തല്‍സ്ഥാനത്ത്. എങ്കിലും പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന്‌ പേരെ പിന്തള്ളി മെയിന്‍സ് പരീക്ഷയില്‍ എത്തിച്ചേരാനുള്ള പ്രിലിമിനറി തന്നെയാണ് ഇപ്പോഴും കീറാമുട്ടി. ആദ്യഘട്ടത്തില്‍ പ്രിലിമിനറിയില്‍ സമയ മാനേജ്‌മെന്റ് (Time Management), കൃത്യത, നെഗറ്റീവ് മാര്‍ക്കിംഗ്, അടിസ്ഥാന അറിവ് എന്നിവ പരിശോധിക്കുമ്പോള്‍ മെയിന്‍സില്‍ ആഴത്തിലുള്ള അറിവുകള്‍ പ്രകടിപ്പിക്കുന്ന രീതി, അപഗ്രഥിക്കാനുള്ള കഴിവ്, നിരീക്ഷണപാടവം എന്നിവയും ഇന്റര്‍വ്യൂവില്‍ വ്യക്തിത്വവും അവതരണ പ്രകടനരീതികളും സാഹചര്യങ്ങളെ നേരിടാനുള്ള ചാതുര്യവും പരീക്ഷിക്കപ്പെടും.

ഞാന്‍ ബാങ്കില്‍ ജോലി ചെയ്യുമ്പോള്‍ ഒട്ടനവധി പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും ലാപ്‌ടോപ്പിനും നോട്‌സുകള്‍ക്കും ഇടയില്‍ ചുരുണ്ടുകൂടി കിടന്ന്, അറിവുകള്‍ ആര്‍ത്തിയോടെ സ്വായത്തമാക്കുമ്പോള്‍ അത് ജോലിക്കൊപ്പം കൊണ്ടു പോവുക എന്ന വെല്ലുവിളി തുടക്കത്തില്‍ നേരിട്ടു. എന്നാല്‍, പിന്നീടതും മറികടന്നു. ജോലി ചെയ്യുന്നവര്‍ക്കും ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

സ്മാര്‍ട്ട് വര്‍ക്ക് വേണോ, ഹാര്‍ഡ് വര്‍ക്ക് വേണോ

ലക്ഷ്യത്തെ സാധൂകരിക്കാന്‍ മാര്‍ഗം ഏതുമാവാം എന്ന് ചരിത്രം കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവത്ഗീതയില്‍ പറഞ്ഞു വെച്ചത് പോലെ സിവില്‍ സര്‍വീസ് പരീക്ഷയെ അഭിമുഖീകരിക്കാന്‍ സ്മാര്‍ട്ട് വര്‍ക്ക് (Smart Work) വേണോ ഹാര്‍ഡ് വര്‍ക്ക്(Hard Work) വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഓണ്‍ലൈന്‍ മാഗസിനുകള്‍, പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍, വിവിധ മത്സരപരീക്ഷാ വെബ്‌സൈറ്റുകള്‍, യൂട്യുബ് വിഡീയോകള്‍, ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് വേര്‍ഡ് എന്നിവയൊക്കെ ഞാന്‍ ഈ പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമാക്കി മാറ്റിയിരുന്നു.

ഡയറിയില്‍ ചെറുകുറിപ്പുകള്‍ എഴുതുന്നതിനു പകരം അവയെ ഒരു വേര്‍ഡ് ഫയലിലാക്കി ജിമെയിലില്‍ സൂക്ഷിക്കുന്നത് മറ്റൊരു എളുപ്പവഴിയാണ്. ഒരു ലാപ്‌ടോപും ഇന്റര്‍നെറ്റ് കണക്ഷനും തയ്യാറെടുപ്പിനെ കൂടുതല്‍ സുഗമമാക്കും. ഞാന്‍ തയ്യാറെടുക്കുമ്പോള്‍ എന്റെ നാട്ടിന്‍പുറത്തെ വായനശാലയില്‍ കിട്ടിയിരുന്ന പുസ്തകങ്ങള്‍ ഡ്രാക്കുളയും സുധാകര്‍ മംഗളോദയത്തിന്റെ ചില നോവലുകളും ഗൃഹലക്ഷ്മിയുമായിരുന്നു. സിവില്‍ സര്‍വീസിനുതകുന്ന നല്ല നിലവാരമുള്ള പുസ്തകങ്ങള്‍ കിട്ടുന്ന ലൈബ്രറിയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കുക. തിരുവനന്തപുരം പബ്ലിക് ലൈബ്രറി, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി എന്നിവ ഉദാഹരണങ്ങള്‍.

ഭാഷ ഒരു പ്രശ്‌നമേ അല്ല

പരീക്ഷ മലയാളത്തില്‍ എഴുതിയാലും ഇംഗ്ലീഷില്‍ എഴുതിയാലും ഇംഗ്ലീഷ് പത്രവായന നിര്‍ബന്ധമാണ്. ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയൊക്കെ ഇംഗ്ലീഷ് പരിജ്ഞാനത്തിനും മെയിന്‍സ് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും കരുത്തേകും. വേണമെങ്കില്‍ ഇന്റര്‍വ്യൂവും മലയാളത്തില്‍ നേരിടാം. നല്ല ഒരു ഇയര്‍ബുക്ക് സന്തതസഹചാരിയായിരിക്കണം. സിവില്‍ സര്‍വീസ് സംബന്ധിയായ ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങളും കാണുന്ന മത്സരപരീക്ഷാ മാസികകളും വാങ്ങിക്കൂട്ടരുത്. സാധാരണ എന്‍.സി.ഇ.ആര്‍.ടി ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്നും തുടങ്ങുക.

സിലബസ് ആരും വായിക്കാന്‍ ശ്രമിക്കാത്തതാണ് ഭൂരിഭാഗം പരാജയങ്ങള്‍ക്കും കാരണം. ഞാന്‍ ചെറുപ്പത്തില്‍ ഇംഗ്ലീഷ് പത്രം വായിക്കുമ്പോള്‍ നാട്ടുകാരും കൂട്ടുകാരും ഒരേ പോലെ കളിയാക്കുമായിരുന്നു. ഇംഗ്ലീഷ് വാര്‍ത്തകള്‍ വായിക്കുന്ന റേഡിയോ അവതാരകരെ ഞാന്‍ കൊതിയോടെ അക്കാലത്ത് പിന്തുടര്‍ന്നിട്ടുണ്ട്. വീടിനു പുറകിലുള്ള കപ്പയിലകളോട് ഞാന്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചിരുന്നു. പ്രതികരിക്കാത്ത ആ കപ്പയിലകളും ട്രെയിന്‍ യാത്രകളിലെ ജനലുകള്‍ക്കപ്പുറമുള്ള കാറ്റുമായിരുന്നു അക്കാലത്തെ എന്റെ മുറിഞ്ഞ ഇംഗ്ലീഷിന്റെ ശ്രോതാക്കള്‍. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തതോ, നീണ്ട എസ്സേകള്‍ എഴുതാന്‍ കഴിയാത്തതോ ഒരു കുറവല്ലെന്ന് മാത്രമല്ല ഭാഷ ഒരു തടസമേ അല്ല ഈ പരീക്ഷയില്‍.

ഈ പരീക്ഷ ഓരോ വര്‍ഷവും മാറ്റങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍ ഒരിക്കലും മാറാത്ത, ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത ചില മേഖലകളുണ്ട്. അവ ഇവയാണ്:

  • ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം
  • ഇന്ത്യന്‍ സാമ്പത്തികശാസ്ത്രത്തില്‍ ഇന്ത്യന്‍ ബഡ്ജറ്റും സാമ്പത്തികസര്‍വ്വേയും.
  • ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികഅവകാശങ്ങളും മൗലികചുമതലകളും
  • പ്രകൃതിപഠനത്തില്‍ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും
  • ഇന്ത്യന്‍ ഭൂമിശാസ്ത്രത്തില്‍ ഹിമാലയന്‍ നദികളും ഉപദ്വീപിയന്‍ നദികളും പ്രകൃതി വിഭവങ്ങളും
  • നൈതികതയും ഭരണനിര്‍വഹണവും (Ethics &Integrtiy) കേസ് സ്റ്റഡി.

ഒരിക്കലും മാറ്റാന്‍ കഴിയാത്ത ചില പുസ്തങ്ങളുണ്ട്. അവ:

  • ഇന്ത്യന്‍ പോളിറ്റി: ലക്ഷ്മികാന്ത്
  • ഇന്ത്യന്‍ ഹിസ്റ്ററി : റെഡ്ഡി/ ബിപിന്‍ ചന്ദ്ര
  • ഇന്ത്യന്‍ ജിയോഗ്രഫി : മജീദ് ഹുസൈന്‍
  • ഇന്ത്യന്‍ ഇക്കണോമി : രമണ്‍ സിംഗ്/ദത്ത്&സുന്ദരം  

മലയാളത്തിലും എഴുതാം

പരീക്ഷ മലയാളത്തില്‍ എഴുതാന്‍ തീരുമാനിക്കുന്നത് ഒട്ടേറെ സംശയങ്ങള്‍ക്ക് നടുവില്‍ നിന്നു കൊണ്ടായിരുന്നു. എനിക്ക് മുന്‍പില്‍ മുന്‍പ് മലയാളത്തില്‍ സിവില്‍ സര്‍വീസ് എഴുതി നേടിയവരുടെ നീണ്ട നിരയില്ല. ദേശീയനിലവാരത്തിലുള്ള പുസ്തകങ്ങള്‍ക്കൊന്നും തത്തുല്യമായ മലയാളം പരിഭാഷകളില്ല. എവിടെയും ഭാഷയോടുള്ള അവഗണനയും നിരുസാഹപ്പെടുത്തലും മാത്രം. പതിയെപ്പതിയെ ഞാന്‍ ആരോടും എന്റെ സിവില്‍ സര്‍വീസ് ലക്ഷ്യം പറയാതെയായി. 

ആകെയുള്ളത് സിവില്‍ സര്‍വീസ് നേടിയെടുക്കണമെന്ന ചെറുപ്പം മുതല്‍ ഉള്ളില്‍ കത്തി കൊണ്ടിരുന്ന ഉറച്ച ആഗ്രഹം മാത്രം. ഒടുവില്‍ മനസുണ്ടെങ്കില്‍ ബാക്കിയെല്ലാം തനിയേ രൂപപ്പെടുമെന്ന ഉറച്ച വിശ്വാസം മാത്രം കൈമുതലാക്കിയാണ് ഞാന്‍ ഈ സാഹസത്തിന് മുതിരുന്നത്. അന്നതിനെ പരിഹസിച്ചവരും ഇംഗ്ലീഷ് പരിജ്ഞാനം കുറവായത് കൊണ്ടാണ് മലയാളമെടുത്തതെന്ന് കളിയാക്കിയവരും പിന്നീട് ഉയര്‍ന്ന റാങ്ക് നേടി വിജയിച്ചപ്പോള്‍ എന്നെ അഭിനന്ദിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും, മലയാളത്തെ പ്രകീര്‍ത്തിക്കുന്നതും ഞാന്‍ വെട്ടിയ വഴി തിരഞ്ഞെടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും ഞാന്‍ ദൃക്‌സാക്ഷിയായി.

എല്ലാം തനിയെ നേരിടാന്‍ പഠിക്കുക

ആദ്യതവണ തോറ്റ് പുറത്താകുമ്പോള്‍ ഞാന്‍ വീണ്ടും പരീക്ഷ എഴുതേണ്ട എന്ന് നിശ്ചയിച്ചു. ഗ്രാമീണമായ ചുറ്റുപാട്, മലയാളം മീഡിയത്തില്‍ പഠിച്ചത്, ഗവ.സ്‌കൂളില്‍ പഠിച്ചത്, ശരാശരി മാര്‍ക്ക് വാങ്ങിയത്, വലിയ സാമ്പത്തിക പശ്ചാത്തലം ഒന്നുമില്ലാത്തത്, ഉയര്‍ന്ന സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങാന്‍ കഴിയാത്തത് എന്നിങ്ങനെ എല്ലാ കാരണങ്ങളും ഒഴിവു കഴിവുകളും ഞാന്‍ തന്നെ കണ്ടെത്തിയതായിരുന്നു. അതിന് ശേഷം ഞാനൊരു നീണ്ടയാത്ര പോയി. 

ഒട്ടേറെ ജീവിതങ്ങള്‍ കണ്ട്,തിരികെ വന്ന് കുറേ ആലോചിച്ചപ്പോള്‍ മനസിലായി, ഇതൊക്കെത്തന്നെയാണ് ഈ കുറവുകള്‍ തന്നെയാണ് എന്നെ ഞാനാക്കുന്നതെന്ന്. സിവില്‍ സര്‍വീസ് എന്ന അടക്കാനാവാത്ത ലക്ഷ്യത്തിന് വേണ്ടിയാണ് വീടിന് അടുത്ത് കിട്ടിയ സ്റ്റേറ്റ് ബാങ്കിലെ ജോലി വലിച്ചെറിഞ്ഞ്, കൊച്ചിയിലേക്ക് പോയത്. അവിടെയിരുന്ന് വീണ്ടും വീണ്ടും പരീക്ഷകള്‍ എഴുതിയത്. എഴുതിയ ഓരോ പരീക്ഷകളില്‍ നിന്നും ഞാന്‍ ഊര്‍ജ്ജം കണ്ടെത്തി. ആ ഊര്‍ജ്ജമാണ് രണ്ടാം തവണ വിജയമായി തിരികെ വന്നത്.

കരിയര്‍ ഗൈഡന്‍സ് ജീവിതപ്രചോദന ക്ലാസ്സുകളില്‍ പോയി ജീവിതത്തെ രണ്ടു ദിവസത്തേക്ക് പോസിറ്റീവാക്കാന്‍ ആര്‍ക്കും കഴിയും. മൂന്നാം ദിവസം എല്ലാം പഴയ പടി തന്നെയാവും. ഇത്തരമൊരിടത്തും പോയിട്ടല്ല ഞാന്‍ ജീവിതത്തെ പോസിറ്റീവാക്കാന്‍ പഠിച്ചത്. അതുള്ളില്‍ നിന്ന് താനേ വന്നതാണ്. അച്ഛനോ ടീച്ചറോ അമ്മാവനോ അല്ല നിങ്ങളെ പ്രചോദിപ്പിക്കേണ്ടത്; നിങ്ങള്‍ തന്നെയാണ്. നാളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുമ്പോഴും ഏതു പോസ്റ്റില്‍ ഇരിക്കുമ്പോഴും നിങ്ങള്‍ തനിയെയാണ് എല്ലാറ്റിനേയും നേരിടേണ്ടത്.

ലക്ഷ്യത്തെ കുറിച്ച് മാത്രം ചിന്തിക്കുക

വിജയിച്ചവരോട് സംസാരിക്കുക. ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും. ഒട്ടു മിക്ക സിവില്‍ സര്‍വീസ് കോച്ചിങ് അക്കാദമികളും നടത്തുന്നത് തോറ്റവരാണ്. കേരളത്തില്‍ കോച്ചിങ് നേടുമ്പോള്‍ ദേശീയനിലവാരത്തിലുള്ള പരിശീലനം നേടുക. ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറും കരോള്‍ ബാഗും മുനീര്‍ക്കയുമാണ് നിലവില്‍ സിവില്‍ സര്‍വീസ് പരിശീലനരംഗത്തെ പ്രധാന ഇടങ്ങള്‍. 

സമാധാനിപ്പിക്കാന്‍ ചില ഇടങ്ങള്‍ പറയാമെങ്കിലും കേരളത്തില്‍ അങ്ങനെ ഒരു സ്ഥലമില്ല. ബാങ്ക്, പി.എസ്.സി, എസ്.എസ്.സി, നെറ്റ്/ജെ.ആര്‍.എഫ് എന്നിവ ചേര്‍ന്ന ഒരു അവിയല്‍ പരുവത്തിലുള്ള പരിശീലനമാണ് കേരളത്തില്‍ ലഭിക്കുക. അതിനാല്‍ തന്നെ ഞാന്‍ ഒരിടത്തും കോച്ചിംഗിന് പോയിട്ടില്ല. അടിസ്ഥാനമുറപ്പിക്കാന്‍ ഒരു ഫൌണ്ടെഷന്‍ കോഴ്‌സില്‍ ചേരുന്നതില്‍ തെറ്റില്ല.

നിങ്ങളുടെ ജീവിതത്തിന്റെ ആരംഭവും ഉള്ളിലുറപ്പിച്ച ലക്ഷ്യത്തിന്റെ തുടക്കവും ചിലപ്പോള്‍ നല്ല അനുഭവങ്ങളോടെയാകണമെന്നില്ല. മറ്റു ചിലപ്പോള്‍ തുടക്കം നല്ലതായാലും ഇടക്കാലം ശരിയാവണമെന്നില്ല. ഒതുക്കുകല്ലുകളില്‍ കയറിയിരുന്ന് കഴിഞ്ഞ കാലത്തെയോര്‍ത്തു ആകുലപ്പെടാതെ, അവസാനം എത്തിച്ചേരേണ്ട ഗോള്‍പോസ്റ്റിലേക്ക് ബാക്കിയുള്ള ദൂരത്തെക്കുറിച്ചും അതെങ്ങനെ താണ്ടണമെന്നും മാത്രം ആലോചിക്കുക. 

അങ്ങനെ ഒതുക്കുകല്ലുകളില്‍ കയറിയിരുന്നവരാണ് പില്‍ക്കാലത്ത് ഒതുക്കുക്കല്ലുകളായി ഒതുക്കപ്പെട്ടുപ്പോയത്. നിങ്ങള്‍ക്ക് ഒതുക്കുക്കല്ലുകളാവണോ അതോ ഗോള്‍ പോസ്റ്റുകളാവണോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ മനസും ഹൃദയവും തലച്ചോറും ചേര്‍ന്ന നിങ്ങള്‍ക്കുള്ളിലെ ത്രിത്വ(Trintiy)മാണ്.

ചുറ്റിനുമുള്ള ഒട്ടനവധി ത്രിത്വങ്ങള്‍ നിങ്ങളെ ഒരു പരിധി വരെ പ്രചോദിപ്പിച്ചേക്കാം. ഇതിനൊപ്പം സ്വയംപ്രചോദന (Self-Motivation)മാണ് ഗോള്‍ പോസ്റ്റിലേക്ക് എത്തും വരെ, ഗാലറിയിലിരുന്ന് ആയിരങ്ങള്‍ ഗോള്‍ എന്നാര്‍ത്തു വിളിക്കുമ്പോഴും വിക്ടറി സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴും അതിനപ്പുറവും കൂടെയുണ്ടാവേണ്ടത്. 

ചിലര്‍ ഗാലറിയില്‍ ഇരിക്കാന്‍ താല്പര്യപ്പെടും, ചിലര്‍ കളിക്കളത്തിലിറങ്ങി കളിക്കാനും. കളിക്കാനായി ഇറങ്ങുന്നവരും കളിച്ചു തോറ്റവരും കളിച്ചു കൊണ്ടിരിക്കുന്നവരും ചേര്‍ന്ന പോരാട്ടമാണ് അഞ്ചു ലക്ഷം പേര്‍ മാറ്റുരയ്ക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ. ഈ കളിയില്‍ നിങ്ങള്‍ തന്നെയാണ് മാച്ച് നിയമങ്ങള്‍ തീരുമാനിക്കുന്ന റഫറിയും.