ജൂലായ് 27 ന് പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതോടെ ഇത്തവണത്തെ യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യഘട്ടം അവസാനിച്ചു. ഇനി മെയിന്‍ പരീക്ഷാ ചൂടിലേക്ക്. ജൂണ്‍ 18 നാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസസ് പ്രിലിമിനറി നടത്തിയത്. 

12 ലക്ഷത്തോളം പേര്‍ ഇതിന് രജിസ്റ്റര്‍ചെയ്തു. പാസായ 13,366 പേര്‍ക്ക് ഒക്ടോബര്‍ 28ന് നടക്കുന്ന മെയിന്‍ പരീക്ഷ എഴുതാം. പ്രിലിമിനറി പാസ്സായവര്‍ ഡി.എ.എഫ്. (വിശദമായ അപേക്ഷാഫോറം)  പൂരിപ്പിച്ചു നല്‍കണം. ഓഗസ്റ്റ് 17 മുതല്‍ 31 വരെ ആറുമണിവരെയാണ് ഈ ഫോറം യു.പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുക.

പ്രിലിമിനറി പരീക്ഷയെഴുതിയവരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തുമ്പോള്‍ സാമാന്യം ബുദ്ധിമുട്ടുള്ള ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണ. ജനറല്‍ സ്റ്റഡീസ്ഒന്നാം പേപ്പറിലെ ചോദ്യങ്ങള്‍ മിക്കതും കാലികവിജ്ഞാനവുമായി (കറന്റ് അഫയേഴ്‌സ്) ബന്ധപ്പെട്ടതായിരുന്നു. ആശയത്തിലൂന്നിയ ചോദ്യങ്ങളും (Conceptual) ഒപ്പം പ്രായോഗികതലത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. ആശയപരമായ വ്യക്തതയും സിലബസിനെപ്പറ്റി ആഴത്തിലുള്ള അറിവും അവബോധവുമുള്ളവരെ ഇത് അത്ര ബുദ്ധിമുട്ടിച്ചില്ല.

DAF  (Detailed Application Form)

പ്രിലിമിനറി പാസായവര്‍ മെയിന്‍ പരീക്ഷയ്ക്കു മുന്‍പ് പൂരിപ്പിച്ചു നല്‍കേണ്ടത്. യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.in ല്‍ കയറി ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പൂരിപ്പിക്കുന്നതിനുമുന്‍പ് രജിസ്റ്റര്‍ ചെയ്യണം. നിര്‍ണായകമായ ഒരു രേഖയാണ് ഡി.എ.എഫ്. പൂരിപ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡി.എ.എഫിന് ആറു ഭാഗങ്ങളുണ്ട്. ഓരോന്നും പൂര്‍ണമായി പൂരിപ്പിക്കണം 1. വ്യക്തിപരമായ വിവരങ്ങള്‍ 2. വിദ്യാഭ്യാസ വിവരങ്ങള്‍ 3. രക്ഷാകര്‍ത്താക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ 4. തൊഴില്‍ വിവരങ്ങള്‍ 5. ഡോക്യുമെന്റ് അപ്‌ലോഡ്.

മെയിന്‍ പരീക്ഷ
പ്രിലിമിനറിയിലെ പോലെ ഒബ്ജക്ടീവ് ടൈപ്പല്ല മെയിന്‍ പരീക്ഷ. വിവരാണാത്മകമായാണ് ഉത്തരമെഴുതേണ്ടത്. യു.പി.എസ്.സി. കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 28 നാണ് സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ. അഞ്ചു ദിവസങ്ങളിലായാണ് നടത്തുന്നത്. മൊത്തം 9 പേപ്പര്‍. ആകെ 1750 മാര്‍ക്ക്. ഓരോ വിഷയത്തിനും മൂന്നുമണിക്കൂറാണ് പരീക്ഷാസമയം.

1. ഏതെങ്കിലും ഇന്ത്യന്‍ ഭാഷ: 300 മാര്‍ക്ക്
2. ഇംഗ്ലീഷ്: 300 മാര്‍ക്ക്
3. ഉപന്യാസം: 250 മാര്‍ക്ക്
4. ജനറല്‍ സ്റ്റഡീസ് പേപ്പര്‍1: 250 മാര്‍ക്ക്
5. ജനറല്‍ സ്റ്റഡീസ് പേപ്പര്‍2: 250 മാര്‍ക്ക്
6. ജനറല്‍ സ്റ്റഡീസ് 3: 250 മാര്‍ക്ക്
7. ജനറല്‍ സ്റ്റഡീസ്4: 250 മാര്‍ക്ക്
8. ഓപ്ഷണല്‍ പേപ്പര്‍1: 250 മാര്‍ക്ക്
9. ഓപ്ഷണല്‍ പേപ്പര്‍2: 250 മാര്‍ക്ക്

ശരിയായ തന്ത്രങ്ങളും ചിട്ടയായ പഠനവും ഉണ്ടായാല്‍ മെയിന്‍ പരീക്ഷ എന്ന കടമ്പ അനായാസം കടക്കാം.

ഇംഗ്ലീഷ് പേപ്പറും ഇന്ത്യന്‍ ഭാഷാ പേപ്പറും
ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് ഇത് ഒരു കീറാമുട്ടിയല്ല. ഇന്ത്യന്‍ ഭാഷാ പേപ്പറിനുവേണ്ടി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള ഏതു ഭാഷയും തിരഞ്ഞെടുക്കാം. പത്രം, എഡിറ്റോറിയലുകള്‍, മാസികകള്‍ എന്നിവ വായിക്കുന്നത് ഈ പേപ്പര്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. മേല്‍പ്പറഞ്ഞ രണ്ടു പേപ്പറുകളിലും പാസ് മാര്‍ക്ക് നിര്‍ബന്ധമായും വേണം. 25 ശതമാനം മാര്‍ക്കാണ് പാസ് മാര്‍ക്കായി യു.പി.എസ്.സി. പറയുന്നത്.

ഉപന്യാസം
നല്ലഭാഷയില്‍ വ്യക്തവും ലളിതവുമായ രീതിയില്‍ ഉത്തരമെഴുതിയാല്‍ പേപ്പറില്‍ നല്ല മാര്‍ക്കുനേടാം. തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടാവണം. അഭിപ്രായങ്ങള്‍ വ്യക്തമായി എഴുതാനാവണം.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍
നാലു ജനറല്‍ സ്റ്റഡീസ് പേപ്പറുകളാണ് മെയിന്‍ പരീക്ഷയ്ക്കുള്ളത്. ജിയോഗ്രഫി, ചരിത്രം, എക്കണോമിക്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സോഷ്യല്‍ ഇഷ്യൂസ്, പോളിറ്റി, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളാണ് ഓരോ പേപ്പറിലും ഉള്ളത്. വിഷയത്തിലുള്ള അറിവ്, ആശയപരമായ വ്യക്തത, കാലിക പൊതുവിജ്ഞാനത്തിലെ അറിവ് എന്നിവയുണ്ടെങ്കില്‍ ജനറല്‍ സ്റ്റഡീസ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാം. സമയം ഒരു പ്രധാന ഘടകമായതിനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് ഉത്തരങ്ങള്‍ എഴുതിപ്പഠിക്കേണ്ടത് അത്യാവശ്യമാണ്. മുന്‍കാല ചോദ്യപ്പേപ്പറുകള്‍ പരിശീലിക്കുന്നത് പരീക്ഷയുടെ പാറ്റേണും സ്വഭാവവും മനസ്സിലാക്കാന്‍ ഉപകരിക്കും.

താഴെ പറയുന്ന പേപ്പറുകളും ഓപ്ഷണല്‍ പേപ്പറുകളുമാണ് റാങ്കിനുവേണ്ടി പരിഗണിക്കുക. ഇവയില്‍ നല്ല മാര്‍ക്കുനേടിയാല്‍ നിശ്ചയമായും അവസാന റാങ്കുപട്ടികയില്‍ ഇടംനേടാം.

  • ജനറല്‍ സ്റ്റഡീസ് പേപ്പര്‍1: ഇന്ത്യന്‍ പൈതൃകം, സംസ്‌കാരം, കല, ചരിത്രം, ജിയോഗ്രഫി ഓഫ് വേള്‍ഡ് ആന്‍ഡ് സൊസൈറ്റി.  
  • ജനറല്‍ സ്റ്റഡീസ് പേപ്പര്‍2: ഗവേണന്‍സ്, ഭരണഘടന, പോളിറ്റി, സോഷ്യല്‍ ജസ്റ്റിസ്, അന്താരാഷ്ട്ര ബന്ധങ്ങള്‍
  • ജനറല്‍ സ്റ്റഡീസ് പേപ്പര്‍3: സാങ്കേതികവിദ്യ, സാമ്പത്തിക പുരോഗതി, ജൈവവൈവിധ്യം, പരിസ്ഥിതി, സെക്യൂരിറ്റി ആന്‍ഡ് ഡിസാസ്റ്റര്‍ മനേജ്‌മെന്റ്
  • ജനറല്‍ സ്റ്റഡീസ് പേപ്പര്‍4: എത്തിക്‌സ്, ഇന്റ്റഗ്രിറ്റി ആന്‍ഡ് ആപ്റ്റിട്യൂഡ്

 

ഓപ്ഷണല്‍ വിഷയങ്ങള്‍
മെയിന്‍ പരീക്ഷയ്ക്കുവേണ്ടി ഒരു വിഷയം ഐച്ഛികമായി എടുക്കേണ്ടതുണ്ട്. യു.പി.എസ്.സി. സിലബസ് പ്രകാരം 48 ഓപ്ഷണല്‍ വിഷയങ്ങളാണുള്ളത്. ഇതില്‍ 23 എണ്ണം സാഹിത്യവിഷയങ്ങളാണ് (literature subjects). ഇതില്‍നിന്നും ഒരു വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. താത്പര്യവും പരിചയവുമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കണം. കഠിനാധ്വാനം, ചിട്ടയായ പഠനം, തിരഞ്ഞെടുത്ത വായനശീലം (Selective reading) എന്നിവതന്നെയാണ് ഈ പരീക്ഷയില്‍ വിജയിക്കാനുള്ള മന്ത്രം. മോക് ടെസ്റ്റുകള്‍ ചെയ്യുന്നതും മുന്‍കാല ചോദ്യപ്പേപ്പറുകള്‍ പരിശീലിക്കുന്നതും ഗുണംചെയ്യും. എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍, പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവ വിശാലമായ ഒരു ഡേറ്റാബേസ് ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.