award1. പത്രപ്രവര്‍ത്തനരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് പുലിറ്റ്സര്‍ സമ്മാനം. കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് ലോറസ് സ്‌പോര്‍ട്സ് അവാര്‍ഡ്. ഗ്രീന്‍ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് വൈറ്റ്ലി അവാര്‍ഡ്. 

2. പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്നത് ഗോള്‍ഡ്മാന്‍ പ്രൈസ്. ഗണിതത്തിലെ നൊബേല്‍ എന്നറിയപ്പെടുന്നത് ആബേല്‍ പ്രൈസ്. 

3. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഗോബിന്ദ് ബെഹാരിലാല്‍  (1937). പുലിറ്റ്സര്‍ സമ്മാനം നേടിയ (2000) ആദ്യത്തെ ഇന്ത്യന്‍ വംശജ ജുംപാ ലാഹിരിയാണ്. ലണ്ടനിലാണ് അവര്‍ ജനിച്ചത് (1967).

4. പദ്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യത്തെ കേരളീയന്‍ വി.കെ. കൃഷ്ണമേനോനാണ് (1954). പദ്മഭൂഷണ്‍ നേടിയ ആദ്യ മലയാളി വള്ളത്തോള്‍ നാരായണമേനോനാണ് (1954). ഡോ. പ്രകാശ് വര്‍ഗീസ് ബഞ്ചമിനാണ് പദ്മശ്രീ ബഹുമതി നേടിയ ആദ്യ മലയാളി (1955). 

5. 1857 ല്‍ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ഒരു ബ്രിട്ടീഷ് സൈനിക ഓഫീസറുടെ മകനായി ജനിച്ച വ്യക്തിയാണ് 1902-ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ നേടിയ റൊണാള്‍ഡ് റോസ്. എന്നാല്‍, നൊബേല്‍ അക്കാദമി ഇദ്ദേഹത്തിന്റെ സ്വദേശമായി പരിഗണിക്കുന്നത് യുണൈറ്റഡ് കിങ്ഡമാണ്.

thozil vartha vagam6. മികച്ച ചലച്ചിത്ര നടനും നടിക്കും അവാര്‍ഡ് ഏര്‍പ്പെടുത്തിയത് 1968-ലാണ്. ബംഗാളി നടന്‍ ഉത്തംകുമാറാണ് പ്രഥമ അവാര്‍ഡ് ജേതാവ്. മികച്ച നടിക്കുള്ള അവാര്‍ഡിന് ആദ്യമായി അര്‍ഹയായത് നര്‍ഗീസ് ദത്താണ്. 

7. മികച്ച ചിത്രത്തിന് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ബിയര്‍. ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ പാം. 

8. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണെങ്കിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത് ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനു നല്‍കിയ വിശദീകരണമാണ്. 1921-ലെ ഫിസിക്‌സ് നൊബേലാണ് അദ്ദേഹത്തിനു ലഭിച്ചത്.

9. ആദ്യ നൊബേല്‍ സമ്മാനം 1901-ല്‍ നല്‍കിയത് ഭൗതികശാസ്ത്രം , രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളിലാണ്. ഇക്കണോമിക്‌സില്‍ ആദ്യമായി നൊബേല്‍ സമ്മാനം നല്‍കിയത് 1969-ലാണ്. 

10. ഇന്ത്യന്‍ ഭാഷകളില്‍ പദ്യത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കബീര്‍ സമ്മാനം നല്‍കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കബീര്‍ പുരസ്‌കാരം നല്‍കുന്നത് സാമുദായികസംഘര്‍ഷമുണ്ടാകുന്ന സമയത്ത് അന്യമതക്കാരുടെയോ അന്യജാതിക്കാരുടെയോ ജീവനോ സ്വത്തോ സംരക്ഷിക്കുന്നതിന് പ്രകടിപ്പിക്കുന്ന ധീരതയെ അംഗീകരിക്കാനാണ്. 

11. ഇന്ത്യയില്‍നിന്ന് ആദ്യമായി ഗാന്ധി സമാധാന പുരസ്‌കാരത്തിനര്‍ഹമായത് രാമകൃഷ്ണ മിഷനാണ് (1998). ബാബാ ആംതെയാണ് ഈ സമ്മാനത്തിനര്‍ഹനായ ആദ്യ ഭാരതീയന്‍ (1999).

12. ഇരുപതാം നൂറ്റാണ്ടില്‍ സമാധാന നൊബേലിനര്‍ഹനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് തിയോഡര്‍ റൂസ്വെല്‍റ്റ് (1906). ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമാധാന നൊബേലിനര്‍ഹനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ (2009).

13. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവായത് മലാല യൂസഫ്സായ് (17 വയസ്സ്). ഏറ്റവും പ്രായം കൂടിയ നൊബേല്‍ സമ്മാന ജേതാവായത് ലിയോണിഡ് ഹുര്‍വിക്‌സ് (90 വയസ്സ്)- 2007-ല്‍ സാമ്പത്തികശാസ്ത്ര പുരസ്‌കാരം നേടി. ഏറ്റവും കൂടിയ പ്രായത്തില്‍ (88) നൊബേല്‍ നേടിയ വനിത ഡോറിസ് ലെസ്സിങ് (2007) ആണ്.

14. ഏറ്റവും കൂടുതല്‍ പേര്‍ നൊബേല്‍ സമ്മാനം നേടിയ യൂറോപ്യന്‍ രാജ്യം യുണൈറ്റഡ് കിങ്ഡമാണ്.ഏഷ്യന്‍ രാജ്യം ജപ്പാനാണ്. 

15. ഓസ്‌കര്‍ അവാര്‍ഡ് അമേരിക്കയും ബാഫ്റ്റ അവാര്‍ഡ് ബ്രിട്ടണും നല്‍കുന്നു. 

16. കായികരംഗത്തെ മികവിന് ഭാരത സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമായ അര്‍ജുന അവാര്‍ഡ് 1961-ലാണ് ഏര്‍പ്പെടുത്തിയത്. കായികപരിശീലനത്തിലെ മികവിനെ ആദരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 1985-ല്‍ ഏര്‍പ്പെടുത്തിയ അംഗീകാരമാണ് ദ്രോണാചാര്യ അവാര്‍ഡ്. കായികരംഗത്തെ ആജീവാനാന്തമികവിന് ഇന്ത്യാ ഗവണ്‍മെന്റ് 2002-മുതല്‍ നല്‍കിവരുന്ന അവാര്‍ഡാണ് ധ്യാന്‍ചന്ദ് അവാര്‍ഡ്.

17. സമാധാന നൊബേല്‍ നേടിയ ആദ്യ വനിതയാണ് ബെല്‍ജിയത്തിലെ ബെര്‍ത്ത വോണ്‍ സട്നര്‍ (1905). സാഹിത്യ നൊബേല്‍ നേടിയ ആദ്യ വനിതയാണ് സ്വീഡനിലെ സെല്‍മ ലാഗര്‍ലോഫ് (1909). 

18. സമാധാന നൊബേലിനര്‍ഹമായ ആദ്യ സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ലോ (1904). ഏറ്റവും കൂടുതല്‍ പ്രാവശ്യം നൊബേല്‍ സമ്മാനത്തിനര്‍ഹമായ സംഘടനയാണ് റെഡ്ക്രോസ് (1917, 1944, 1963). 

19. സമാധാനം ഒഴികെയുള്ള വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നല്‍കുന്ന നഗരമാണ് സ്റ്റോക്‌ഹോം. എന്നാല്‍ സമാധാന പുരസ്‌കാരം സമര്‍പ്പിക്കുന്നത് ഓസ്ലോ നഗരത്തില്‍വെച്ചാണ്.

20. സമാധാനം ഒഴികെയുള്ള വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം ജേതാക്കള്‍ക്ക് സമര്‍പ്പിക്കുന്നത് സ്വീഡനിലെ രാജാവാണ്. നോര്‍വേയിലെ രാജാവിന്റെ സാന്നിധ്യത്തില്‍ സമാധാന സമ്മാനം ജേതാവിന് സമര്‍പ്പിക്കുന്നത് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ്.

21. സമാന്തര ഓസ്‌കര്‍ എന്നറിയപ്പെടുന്നത് ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് അവാര്‍ഡ്. ടെലിവിഷനിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് എമ്മി അവാര്‍ഡ്. 

22. സമാന്തര നൊബേല്‍ എന്നറിയപ്പെടുന്നത് റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ്. ലിറ്റില്‍ നൊബേല്‍ എന്നറിയപ്പെടുന്നത് യുനെസ്‌കോ സമാധാന സമ്മാനം.

23. സരസ്വതി സമ്മാന്‍ ലഭിച്ച ആദ്യ മലയാളിവനിതയാണ് ബാലാമണിയമ്മ (1995). ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ മലയാളിവനിത അരുന്ധതി റോയി (1997).

24. സാഹിത്യ നൊബേല്‍ ജേതാവിനെ നിര്‍ണയിക്കുന്നത് സ്വീഡിഷ് അക്കാദമി. എന്നാല്‍, സമാധാന നൊബേല്‍ ജേതാവിനെ നിര്‍ണയിക്കുന്നത് നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയോഗിക്കുന്ന ഒരു കമ്മിറ്റിയാണ്.

25. രസതന്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ജേതാക്കളെ നിര്‍ണയിക്കുന്നത് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ്. എന്നാല്‍, വൈദ്യശാസ്ത്ര നൊബേല്‍ ജേതാവിനെ നിര്‍ണയിക്കുന്നത് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട്.

26. ജ്ഞാനപീഠം നേടിയ ആദ്യവനിത ആശാപൂര്‍ണാദേവിയാണ്. സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹയായ ആദ്യ വനിതയാണ് അമൃതാപ്രീതം.

27. റസ്സോ ജപ്പാനീസ് കരാറിന് മുന്‍കൈയെടുത്തതിനാണ് തിയോഡര്‍ റൂസ്വെല്‍റ്റിന് നൊബേല്‍ സമ്മാനം (1906) നല്‍കിയത്. ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിനാണ് വുഡ്റോ വില്‍സണ് നൊബേല്‍ സമ്മാനം (1919) നല്‍കിയത്.

28. നൊബേല്‍ സമ്മാന ജേതാവിനെ (ടാഗോര്‍) സംഭാവനചെയ്ത (1913) ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് ബംഗാള്‍. നൊബേല്‍ സമ്മാന ജേതാവിനെ (സി.വി. രാമന്‍) സംഭാവനചെയ്ത (1930) ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം തമിഴ്നാടാണ്. 

29. നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഒക്ടോബര്‍. ജേതാവിന് സമര്‍പ്പിക്കുന്നത് ഡിസംബറില്‍.

30. നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്താന്‍ ആല്‍ഫ്രഡ് നൊബേല്‍ തന്റെ വില്‍പ്പത്രപ്രകാരം വ്യവസ്ഥചെയ്ത വര്‍ഷമാണ് 1895. ആദ്യമായി നൊബേല്‍ സമ്മാനം നല്‍കിയത് 1901-ല്‍. 

31. നൊബേല്‍ സമ്മാനം നേടിയ ആദ്യ പാകിസ്താനിയാണ് അബ്ദസ് സലാം (ഫിസിക്‌സ്, 1979). നൊബേല്‍ സമ്മാനം നേടിയ ആദ്യ ബംഗ്ലാദേശിയാണ് മുഹമ്മദ് യൂനുസ് (സമാധാനം, 2006).

32. നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ സാഹിത്യകാരനാണ് വോള്‍ സോയിങ്ക (1986, നൈജീരിയ). നൊബേല്‍ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരനാണ് നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്).

33. നൊബേല്‍ സമ്മാനം നേടിയ ആദ്യ ഇംഗ്ലീഷ് സാഹിത്യകാരനാണ് റുഡ്യാര്‍ഡ് കിപ്ലിങ് (1907). നൊബേല്‍ സമ്മാനം നേടിയ ആദ്യ അമേരിക്കന്‍ സാഹിത്യകാരനാണ് സിന്‍ക്ലയര്‍ ലെവിസ് (1930).

34.  നൊബേല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍ രബീന്ദ്രനാഥ് ടാഗോറാണ് (1913, സാഹിത്യം). എന്നാല്‍ സമാധാന നൊബേലിനര്‍ഹനായ ആദ്യ ഏഷ്യക്കാരനാണ് വിയറ്റ്നാമിലെ ഡുക് തോ. അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ഹെന്‍ട്രി കിസിഞ്ജറോടൊപ്പമാണ് അദ്ദേഹം 1973-ല്‍ സമ്മാനം പങ്കിട്ടത്.

35. നൊബേല്‍ സമ്മാനം നേടിയ ആദ്യ കറുത്ത വര്‍ഗക്കാരനാണ് റാല്‍ഫ് ബഞ്ച് (സമാധാനം, 1950, അമേരിക്ക). നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കക്കാരനാണ് ആല്‍ബര്‍ട്ട് ലുതുലി (സമാധാനം 1960, ദക്ഷിണാഫ്രിക്ക).

36. തന്റെ രാജ്യത്തിലെ ഭരണകൂടത്തിന്റെ സമ്മര്‍ദം മൂലം 1958-ലെ സാഹിത്യ നൊബേല്‍ തിരസ്‌കരിച്ച റഷ്യന്‍ സാഹിത്യകാരനാണ് ബോറിസ് പാസ്റ്റര്‍നാക്. 1970-ലെ സാഹിത്യ നൊബേല്‍ ലഭിച്ചെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം പുരസ്‌കാരം ഏറ്റുവാങ്ങിയ റഷ്യന്‍ സാഹിത്യകാരനാണ് അലക്‌സാണ്ടര്‍ ഷോള്‍സെനിറ്റ്സിന്‍. 1964-ലെ സാഹിത്യ നൊബേല്‍ തിരസ്‌കരിച്ച ഫ്രഞ്ചു സാഹിത്യകാരനാണ് ജീന്‍ പോള്‍ സാര്‍ത്ര്.

37. നൊബേല്‍ സമ്മാനം നേടിയശേഷം ഭാരതരത്‌നത്തിന് അര്‍ഹനായ ആദ്യ വ്യക്തിയാണ് സി.വി. രാമന്‍ (യഥാക്രമം- 1930, 1954). ഭാരതരത്‌നം നേടിയശേഷം നൊബേല്‍ സമ്മാനം (സമാധാനം) നേടിയ ഏക വ്യക്തിയാണ് നെല്‍സണ്‍ മണ്ടേല (യഥാക്രമം- 1990, 1993).

38. നൊബേല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാര ജേതാക്കളുള്ള വിഷയം ഭൗതികശാസ്ത്രവും ഏറ്റവും കുറച്ച് പുരസ്‌കാര ജേതാക്കളുള്ള വിഷയം ഇക്കണോമിക്‌സുമാണ്. 

39. ടാന്‍സാനിയന്‍ സ്വാതന്ത്ര്യശില്പിയും പ്രസിഡന്റുമായ ജൂലിയസ് നെരേരെ ആണ് ഗാന്ധി പീസ് പ്രൈസിന്റെ ആദ്യ ജേതാവ് (1995). ജവാഹര്‍ലാല്‍ നെഹ്‌റു സമാധാന സമ്മാനത്തിന് ആദ്യമായി അര്‍ഹനായത് (1965) ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായിരുന്ന ബര്‍മീസ് നേതാവ് ഊതാന്റ്. അന്താരാഷ്ട്ര ധാരണയ്ക്കുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് ആദ്യമായി നേടിയത് യാസര്‍ അറാഫത്ത്. സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കായുള്ള ഇന്ദിരാഗാന്ധി പ്രൈസ് അഥവാ ഇന്ദിരാ ഗാന്ധി സമാധാന സമ്മാനത്തിന് ആദ്യമായി അര്‍ഹമായത് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ ഗ്ലോബല്‍ ആക്ഷന്‍ എന്ന സംഘടനയാണ് (1986). ഈ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി മിഖായേല്‍ ഗോര്‍ബച്ചേവ് ആണ് (1987).

40. നൊബേലിനര്‍ഹരായ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ പുരസ്‌കാരം നേരിട്ട് ഏറ്റു വാങ്ങിയ ആദ്യ വ്യക്തിയാണ് ജിമ്മി കാര്‍ട്ടര്‍ (2002). എന്നാല്‍ പദവിയിലിരിക്കേ, നൊബേല്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്ത ഏക അമേരിക്കന്‍ പ്രസിഡന്റാണ് ബരാക് ഒബാമ (2009).

41. നൊബേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടിയിട്ടുള്ളത് അമേരിക്കക്കാരാണ്. സാഹിത്യ നൊബേല്‍ സമ്മാനം ഏറ്റവും കൂടുതല്‍ നേടിയിട്ടുള്ളത് ഫ്രഞ്ച് ഭാഷയിലെ രചയിതാക്കളാണ്.

42. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ ഭാരതരത്‌നം, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതികള്‍ പരമവീരചക്രം, മഹാവീരചക്രം, വീരചക്രം എന്നിവയാണ്. ഇവയ്ക്ക് തത്തുല്യമായി, സമാധാനകാലത്തെ ധീരതയ്ക്കുള്ള ബഹുമതികളാണ് അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നിവ.

43. ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതി ഭാരതരത്‌നമാണ്. ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സൈനിക ബഹുമതിയാണ് പരമവീരചക്രം. 

44. പരമവീരചക്രത്തിനു സമാനമായി സമാധാനകാലത്തെ ധീരതയ്ക്ക് ഭാരതം നല്‍കുന്ന ബഹുമതിയാണ് അശോക ചക്രം. 

45. ഭാരതരത്‌നം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ബഹുമതി പരമവീരചക്രമാണ്. എന്നാല്‍ സിവിലിയന്‍ ബഹുമതികളില്‍ രണ്ടാമത്തേത് പദ്മവിഭൂഷണ്‍ ആണ്. 

46. പരമവീരചക്രം കഴിഞ്ഞാല്‍ അശോകചക്രമാണ് ഇന്ത്യയിലെ ഉന്നത ബഹുമതി. അശോകചക്രം കഴിഞ്ഞാല്‍ ഉയര്‍ന്ന ബഹുമതി പദ്മവിഭൂഷണ്‍ ആണ്. 

47. യു.എസ്.എ.യിലെ ഏറ്റവും വലിയ സൈനിക ബഹുമതി മെഡല്‍ ഓഫ് ഓണര്‍. യുണൈറ്റഡ് കിങ്ഡത്തിലേത് വിക്ടോറിയ ക്രോസ്. 

48. പാകിസ്താനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് നിഷാന്‍-ഇ-പാകിസ്താന്‍. ധീരതയ്ക്കുള്ള പരമോന്നത പാക് ബഹുമതിയാണ് നിഷാന്‍-ഇ-ഹൈദര്‍.

49. ഭാരതരത്‌നവും നിഷാന്‍-ഇ-പാകിസ്താനും നേടിയ വ്യക്തികളാണ് മൊറാര്‍ജി ദേശായിയും നെല്‍സണ്‍ മണ്ടേലയും. മൊറാര്‍ജി ദേശായിക്ക് നിഷാന്‍-ഇ-പാകിസ്താന്‍ (1990) കിട്ടിയശേഷമാണ് ഭാരതരത്‌നം ലഭിച്ചത് (1991). നെല്‍സണ്‍ മണ്ടേലയ്ക്ക് ഭാരതരത്‌നം ലഭിച്ചശേഷമാണ് (1990) നിഷാന്‍-ഇ-പാകിസ്താന്‍ കിട്ടിയത് (1992). 

50. ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്നത് മഗ്സസേ അവാര്‍ഡ്. അമേരിക്കയുടെ നൊബേല്‍ എന്നറിയപ്പെടുന്നത് ലാസ്‌കര്‍ അവാര്‍ഡ്.

തയ്യാറാക്കിയത്: അലോഷി