2015-ലെ കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ലിസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ സുഭാഷ്.ടി.വി പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ കണ്ണൂര്‍ പാനൂരില്‍ ബി.ഡി.ഒ.
 
താനും വര്‍ഷം സ്വകാര്യമേഖലയില്‍ ജോലിനോക്കിയശേഷമാണ് സര്‍ക്കാര്‍ജോലിയെന്ന ലക്ഷ്യവുമായി പഠനമാരംഭിക്കുന്നത്. ആദ്യാവസാനം സ്വന്തം നിലയിലുള്ള പഠനമാണ് നടത്തിയത്. ബി.എസ്.സി. കെമിസ്ട്രിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പി.ജി. ഡിപ്ലോമയുമായിരുന്നു യോഗ്യത. അതനുസരിച്ച് എഴുതാന്‍ കഴിയുന്ന ഒട്ടുമിക്ക പി.എസ്.സി. പരീക്ഷകളും എഴുതിയിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലാണ് ആദ്യമായി പേര് വരുന്നത്. ഏകദേശം നാലുവര്‍ഷത്തോളം ആ തസ്തികയില്‍ ജോലിചെയ്തു. അതിനുശേഷം ലാബ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലും സേവനമനുഷ്ഠിച്ചു. ജോലിക്കിടയിലും പി.എസ്.സി. പരീക്ഷകളെഴുതിയിരുന്നു. ജോലി കിട്ടിയശേഷമെഴുതിയ ഹൈക്കോടതി അസിസ്റ്റന്റ്, എല്‍.ഡി.സി. പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളില്‍ പേര് വന്നിരുന്നു. 2015-ലെ കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ലിസ്റ്റില്‍ ഒന്നാംറാങ്ക് നേടിയതാണ് ഏറ്റവും മികച്ച നേട്ടം. നിയമനം ലഭിച്ചെങ്കിലും ജോലിയില്‍ പ്രവേശിച്ചില്ല. 
 
കഠിനാധ്വാനത്തിന്റെ വിജയം
 
തുടക്കത്തില്‍ പി.എസ്.സി. പഠനം പ്രയാസമായി തോന്നിയെങ്കിലും പിന്നീട്  കൈപ്പിടിയിലൊതുങ്ങി. വായനയിലൂടെയാണ് പഠനത്തിന് തുടക്കംകുറിച്ചത്. കൈയില്‍ കിട്ടുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നു. കെമിസ്ട്രി ബിരുദമായിരുന്നതുകൊണ്ട് അടിസ്ഥാന ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍ എന്നീ ഭാഗങ്ങള്‍ എളുപ്പമായിരുന്നു. ചരിത്രമാണ് വഴങ്ങാതിരുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് അതിനെ മറികടന്നത്. മികച്ച പരിശീലനമുണ്ടെങ്കില്‍ മാത്രമേ വിജയം സാധ്യമാകൂവെന്നാണ് എനിക്ക് തോന്നുന്നത്. മാതൃഭൂമി തൊഴില്‍വാര്‍ത്ത, ഹരിശ്രീ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ വായിക്കുമായിരുന്നു. കൂടാതെ റാങ്ക് ഫയലും കൃത്യമായി പിന്തുടര്‍ന്നു. ഒറ്റയ്ക്കുള്ള പഠനമായിരുന്നതിനാല്‍ നിശ്ചിത സമയക്രമം പാലിച്ചാണ് സിലബസ് കവര്‍ചെയ്തത്. കൃത്യമായ ഇടവേളകളില്‍ മോഡല്‍ പരീക്ഷകള്‍ എഴുതിനോക്കാറുണ്ടായിരുന്നു. അതും ഗുണംചെയ്തു. മോക് ടെസ്റ്റുകളിലെ നെഗറ്റീവുകള്‍ മനസ്സിലാക്കിയത് ശരിക്കുള്ള പരീക്ഷയില്‍ മാര്‍ക്ക് നേടാനും സഹായിച്ചിട്ടുണ്ട്. 
 
അറിയാത്തതിന് പിറകേ പോവേണ്ട
 
പൂര്‍ണമായും അറിയാത്ത ചോദ്യങ്ങള്‍ എഴുതാതെവിടുന്നതാണ് എന്റെ രീതി. അറിയാത്ത ഉത്തരങ്ങള്‍ക്ക് പിന്നാലെ പോകുന്നത് നെഗറ്റീവിന് വഴിവയ്ക്കും. ഒരു ചോദ്യത്തിലെ രണ്ട് ഓപ്ഷനുകളില്‍ സംശയമുണ്ടെങ്കില്‍ റിസ്‌കെടുക്കുന്നതില്‍ തെറ്റില്ല. അവിടെ 50 ശതമാനം ശരിയാകാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഒട്ടും അറിയാത്ത ഉത്തരങ്ങള്‍ എഴുതുന്നത് നെഗറ്റീവ് മാര്‍ക്കിനെ ക്ഷണിച്ചുവരുത്തലാകും. അതുകൊണ്ട് അത്തരം ഭാഗ്യപരീക്ഷണങ്ങളൊഴിവാക്കുക. 
 
കാലം മാറി, പരീക്ഷയും
 
മികച്ച പരിശീലനത്തിലൂടെ മാത്രമേ ഇന്ന് സര്‍ക്കാര്‍ജോലി നേടാന്‍സാധിക്കൂ. കഠിനാധ്വാനം മാത്രമാണ് എളുപ്പവഴി. പി.എസ്.സി. പരീക്ഷകളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരവും എന്ന രീതിതന്നെ മാറിയേക്കാം. കെ.എ.എസ്. പരീക്ഷ നല്‍കുന്ന സൂചന ഇതാണ്. കടുപ്പമേറിയ പരീക്ഷകള്‍തന്നെ ഇനി പ്രതീക്ഷിക്കണം. പഠനത്തിലും ഇതനുസരിച്ച് മാറ്റംവരുത്തണം. പരിശീലനക്ലാസുകള്‍ വഴി അറിവ് നേടിയും മോക് ടെസ്റ്റുകളിലൂടെ തെറ്റുതിരുത്തിയും വേണം മുന്നോട്ടുപോകാന്‍. 
 
 
കരുതിയിരിക്കേണ്ട ചോദ്യങ്ങള്‍
 
അന്താരാഷ്ട്ര ദിനരേഖ കടന്നുപോകുന്ന കടലിടുക്ക്:
ബെറിങ് കടലിടുക്ക്
 
2019-ല്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍:
അഭിജിത് ബാനര്‍ജി
 
'ഇരുട്ടിനെ പഴിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തുന്നതാണ്' എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?
ആംനസ്റ്റി ഇന്റര്‍നാഷണല്‍
 
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍:
നന്ദകിഷോര്‍ സിങ്
 
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ ഉള്‍പ്പെടുത്തി റെഡ് ഡേറ്റ ബുക്ക് പുറത്തിറക്കുന്ന സംഘടന?
IUCN (International Union for Conservation of Nature)
 
ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി രചിച്ച ഗാന്ധിജിയുടെ ജീവചരിത്രമായ 'ഗാന്ധീസ് പ്രിസണര്‍' എഴുതിയതാര്?
ഉമ ദുഫേലിയ മിസ്ത്രി
 
രക്തത്തിലെ Rh ഘടകം കണ്ടെത്തിയതാര്?
കാള്‍ ലാന്റ് സ്റ്റെയിനര്‍
 
അടുത്ത ലോകകപ്പ് ക്രിക്കറ്റ് (2023) നടക്കുന്ന രാജ്യം?
ഇന്ത്യ
 
നൊബേല്‍ സമ്മാനം, മാഗ്സസെ അവാര്‍ഡ്, ഭാരതരത്‌നം ഇവ മൂന്നും ലഭിച്ച ഏക വ്യക്തി?
മദര്‍ തെരേസ
 
അന്താരാഷ്ട്ര കംപ്യൂട്ടര്‍ സുരക്ഷാദിനം:
നവംബര്‍ 30
 
സൈബര്‍ ടെററിസത്തിനുള്ള ശിക്ഷ പ്രതിപാദിക്കുന്ന ഐ.ടി. ആക്ട് 2000-ലെ വകുപ്പ്:
66F
 
ലോകത്തിലെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍:
സമ്മിറ്റ്
 
മോര്‍ഫിങ് സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ സിനിമ:
വില്ലോ
 
ലോകത്തിലെ ആദ്യ മൊബൈല്‍ഫോണ്‍ വൈറസ്:
കാബിര്‍
 
ഇന്ത്യന്‍ നാവികസേനയുടെ പിതാവായി അറിയപ്പെടുന്നത്:
ഛത്രപതി ശിവജി
 
ഇന്ത്യ-ഉസ്ബക്കിസ്താന്‍ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്:
ദുസ്ത്ലിക് 2019
 
ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ഗ്രാമീണ കുടിവെള്ള, ശുചിത്വ പദ്ധതി:
ജലനിധി
 
മലയാളഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദ്യ ശ്രേഷ്ഠ ഭാഷാ പുരസ്‌കാരം ലഭിച്ച വ്യക്തി:
ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍
 
ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുന്നോട്ടുവച്ചത്?
സ്വാമി ദയാനന്ദ സരസ്വതി
 
സാമൂതിരിയുടെ ആക്രമണത്തെ തുടര്‍ന്ന് കൊച്ചിരാജ്യത്തിന്റെ ആസ്ഥാനം പെരുമ്പടപ്പ് നിന്ന് എവിടേക്കാണ് മാറ്റിയത്:
മഹോദയപുരം
 
കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്‌നി:
ലൈസോസെം
 
ഫോളിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിന്‍:
വിറ്റാമിന്‍ B9
 
ജഡത്വ നിയമങ്ങളുടെ ഉപജ്ഞാതാവ്:
ഗലീലിയോ ഗലീലി
 
തരംഗസ്രോതസ്സിന്റെ ചലനം കാരണം നിരീക്ഷകന് തരംഗത്തിന്റെ ആവൃത്തിയില്‍ അനുഭവപ്പെടുന്ന മാറ്റമാണ്:
ഡോപ്ലര്‍ പ്രഭാവം
 
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം:
ഫ്‌ളൂറിന്‍
 
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്നതിന് ചേര്‍ക്കുന്ന രാസവസ്തു
സോഡിയം സിട്രേറ്റ്
 
ആദ്യമായി കൃത്രിമമായി നിര്‍മിച്ച പ്ലാസ്റ്റിക്:
ബേക്ക്ലൈറ്റ്
 
ജീവിവര്‍ഗങ്ങളുടെ വര്‍ഗീകരണം അനുസരിച്ച് മനുഷ്യന്‍ ഉള്‍പ്പെടുന്ന ഫൈലം:
കോര്‍ഡാറ്റ
 
ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍:
213
 
ഇന്ത്യന്‍ ഭരണഘടന നിര്‍മാണസഭയുടെ നിയമോപദേഷ്ടാവ്:
ബി.എന്‍. റാവു
 
ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ടിന് ബ്രിട്ടീഷ് രാജ്ഞി അംഗീകാരം നല്‍കിയത്:
1947 ജൂലായ് 18
 
പ്രധാനമന്ത്രി ചാന്‍സലറായ ഇന്ത്യയിലെ സര്‍വകലാശാല:
വിശ്വഭാരതി
 
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാര വിഭജനം ഏത് രാജ്യത്തെ ഭരണഘടനയില്‍നിന്ന് കടംകൊണ്ടതാണ്?
കാനഡ
 
ഗ്രാമസഭയുടെ അധികാരത്തെപ്പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍:
243(a)
 
എത്രാമത് ഭരണഘടന ഭേദഗതിയിലൂടെയാണ് ജി.എസ്.ടി. നിയമം പാസാക്കിയത്?
101
 
കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ രൂപവത്കരണത്തിന് ശുപാര്‍ശ ചെയ്ത കമ്മിറ്റി:
സന്താനംകമ്മിറ്റി
 
വൈസ്രോയിയായിരുന്ന മേയോപ്രഭുവിനെ 1872-ല്‍ സെല്ലുലാര്‍ ജയിലില്‍ വച്ച് കൊലപ്പെടുത്തിയതാര്:
ഷേര്‍ അലി അഫ്രീദി
 
ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം:
1901-ലെ കല്‍ക്കട്ട സമ്മേളനം
 
thozhil
Content Highlights: Success story of LDC Rank Holder, Career Guidance, Kerala PSC, Model Questions