2018-ലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയില്‍ കൊല്ലം ജില്ലയില്‍ മൂന്നാം റാങ്ക് നേടിയ അനു. ആര്‍ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ ലേബര്‍ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കാണ്. 

ഇലക്ട്രോണിക്‌സ് ഡിപ്ലോമയ്ക്കുശേഷം 2015-ലാ ണ് പി.എസ്.സി. പരീക്ഷയ്ക്ക് പരിശീലിക്കാന്‍ തുടങ്ങിയത്. 2016-ല്‍ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തി. അതേ വര്‍ഷം തന്നെ ഫയര്‍മാന്‍ സംസ്ഥാനതല ലിസ്റ്റില്‍ 9-ാം റാങ്ക് നേടി. തുടര്‍ന്ന് പത്തനംതിട്ടയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ മാര്‍ക്കടിസ്ഥാനത്തില്‍ ഒന്നാമതെത്തി. കൊല്ലം ജില്ലയിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ ലിസ്റ്റിലും ഒന്നാമതെത്തി. റാങ്ക് ലിസ്റ്റില്‍ പേരുവന്നപ്പോഴും പഠനവുമായി മുന്നോട്ട് പോയി. അങ്ങനെ എല്‍.ഡി. പരീക്ഷയില്‍ മൂന്നാം റാങ്കിലെത്തി. 

14 മണിക്കൂര്‍വരെ പഠനം

ഒരുദിവസം 10 മുതല്‍ 14 മണിക്കൂര്‍വരെ പഠനത്തിനായി ചെലവഴിച്ചിരുന്നു. ക്ലാസിനുശേഷം സ്വന്തമായി പഠിച്ചു. കൂട്ടുകാര്‍ക്കൊപ്പമുള്ള രാത്രികാല ക്ലാസുകളും വളരെയധികം പ്രയോജനം ചെയ്തു. സിലബസിലുള്ള എല്ലാ വിഷയങ്ങളും കവര്‍ ചെയ്താണ് പഠനം മുന്നോട്ട് കൊണ്ടുപോയത്. മുന്‍ ചോദ്യപേപ്പറിനെയാണ് പ്രധാനമായും ആശ്രയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മിക്ക പരീക്ഷകളിലും മികച്ച മാര്‍ക്ക് നേടിയത്. പരീക്ഷ എഴുതുന്നതുപോലെ മോക്ക് ടെസ്റ്റുകള്‍ എഴുതി. അത് പരീക്ഷാസമയത്തെ ടെന്‍ഷന്‍ മറികടക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. എല്‍.ഡി. പരീക്ഷയില്‍ 86.33 മാര്‍ക്കാണ് നേടിയത്.

കട്ടിയുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം

ബുദ്ധിമുട്ടായി തോന്നിയ വിഷയം ഇംഗ്ലീഷാണ്. ഇംഗ്ലീഷ് പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ആ പ്രയത്‌നത്തിന്റെ ഫലമായി ഇംഗ്ലീഷിന് മുഴുവന്‍ മാര്‍ക്കും നേടി. പൊതുവിജ്ഞാനവും ആനുകാലികവുമാണ് എന്റെ കരുത്തായി തോന്നിയിട്ടുള്ളത്. പത്രങ്ങള്‍, തൊഴില്‍വാര്‍ത്ത, ഹരിശ്രീ എന്നിവ അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ നിരന്തരം വായിക്കുന്നത് മുതല്‍ക്കൂട്ടായി. അങ്ങനെ മിക്ക മോക്ക് ടെസ്റ്റുകളിലും 50 പൊതുവിജ്ഞാന ചോദ്യങ്ങളില്‍ 46 മാര്‍ക്കുവരെ നേടാന്‍ സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, കണക്ക് എന്നിവയ്‌ക്കൊപ്പം പൊതുവിജ്ഞാനം, ആനുകാലികം എന്നിവയില്‍കൂടി മികച്ച മാര്‍ക്ക് സ്വന്തമാക്കിയാല്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്താം. 

നെഗറ്റീവാകരുത്

അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി നെഗറ്റീവ് മാര്‍ക്ക് വന്നാല്‍ അത് റാങ്കിനെ സാരമായി ബാധിക്കും. മൂന്ന് മാര്‍ക്കില്‍ കൂടുതല്‍ നെഗറ്റീവ് ഉത്തരങ്ങള്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. നെഗറ്റീവ് മാര്‍ക്കില്ലാതെ മോക്ക് ടെസ്റ്റുകളെഴുതാന്‍ ശ്രമിക്കുക. ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങള്‍ പലയാവര്‍ത്തി ചെയ്തുനോക്കുക. സിലബസിലുള്ള എല്ലാ വിഷയങ്ങള്‍ക്കും തുല്യ പ്രാധാന്യം കൊടുത്ത് പഠിക്കുക.

കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍

2019-ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ജേതാക്കള്‍:
    ഗ്രേറ്റ തുന്‍ബര്‍ഗ്, ഡിവിന മലൂം (കാമറൂണ്‍)

ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട സംഘടന:
    ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍
     
ദേശീയ യുദ്ധസ്മാരകം എവിടെയാണ്?
    ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന് സമീപം

ഇന്ത്യയിലെ തദ്ദേശീയനിര്‍മിത പോര്‍വിമാനമായ തേജസ്സില്‍ പറന്ന ആദ്യ വനിതയാര്?
    പി.വി. സിന്ധു

ഓക്‌സ്ഫഡ് ഡിക്ഷണറി 2019-ലെ വാക്കായി തിരഞ്ഞെടുത്തത്?
    ക്ലൈമറ്റ് എമര്‍ജന്‍സി

ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാസാധുത നല്‍കിയ ഭരണഘടനാ ഭേദഗതി:
    102-ാം ഭേദഗതി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി:
    103-ാം ഭേദഗതി

'5+3+3+4'വിദ്യാഭ്യാസ പദ്ധതി ശുപാര്‍ശ ചെയ്ത കമ്മിഷന്‍?
    ഡോ. കസ്തൂരിരംഗന്‍ കമ്മിഷന്‍

ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തിന്റെ പേര് എന്തായി മാറ്റാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്?
    അഗ്രവന്‍

നേപ്പാള്‍ അവകാശവാദമുന്നയിച്ച 'കാലാപാനി'എന്ന പ്രദേശം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
    ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ല

2019-ലെ 17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായാണ് നടന്നത്?
    7

ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ?
    17-ാം ലോക്സഭ, (വനിതകളുടെ എണ്ണം-78)

ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം:
    ചന്ദ്രാണി മുര്‍മു (ഒഡിഷ)

 2019-ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാമൂല്യമുള്ള സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ മലയാള ചിത്രം?
    വെയില്‍ മരങ്ങള്‍ (നായകന്‍: ഇന്ദ്രന്‍സ്, സംവിധാനം: ഡോ. ബിജു)
     
2019-ലെ സാഫ് കപ്പ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്മാര്‍:
    ഇന്ത്യ (റണ്ണര്‍ അപ്പ്- നേപ്പാള്‍)

ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ്?
    എമിസാറ്റ്

ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹവേധ മിസൈല്‍?
    എ-സാറ്റ് (ആന്റി സാറ്റലൈറ്റ് മിസൈല്‍)

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ നല്‍കിയ രഹസ്യനാമം?
    മിഷന്‍ ശക്തി

2019-ലെ വ്യാസസമ്മാന്‍ പുരസ്‌കാരം ലഭിച്ച നാസിറ ശര്‍മയുടെ കൃതി:
    കാഗസ് കി നാവ്

 2019 നവംബര്‍ 18-ന് ആരംഭിച്ചത് രാജ്യസഭയുടെ എത്രാമത്തെ സമ്മേളനമാണ്?
    250

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക(25 ലക്ഷം)യുള്ള സാഹിത്യ പുരസ്‌കാരമായ ജെ.സി.ബി. ലിറ്ററേച്ചര്‍ പുരസ്‌കാരം 2019-ല്‍ നേടിയത്?
    മാധുരി വിജയ്, (2018- ബെന്യാമിന്‍)

ജമ്മു കശ്മീര്‍ വിഭജിച്ചതോടെ ഇന്ത്യയില്‍ നിലവില്‍ നിയമസഭയുള്ള എത്ര കേന്ദ്രഭരണപ്രദേശമുണ്ട്?
    3 (ഡല്‍ഹി, പുതുച്ചേരി, ജമ്മു കശ്മീര്‍)

 2019-ലെ മാന്‍ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍
    ബെര്‍ണാഡിനോ എവറിന്റോ (ബ്രിട്ടന്‍, കൃതി- ഗേള്‍, വുമണ്‍, അതര്‍), മാര്‍ഗരറ്റ് അറ്റ് വുഡ് (കാനഡ, കൃതി- ദ ടെസ്റ്റമെന്റ്സ്)

2019-ല്‍ ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി നടന്നതെവിടെ?
    മഹാബലിപുരം

ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
    ലഖ്നൗ-ന്യൂഡല്‍ഹി

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടിയഭൂരിപക്ഷത്തില്‍ വിജയിച്ചത്?
    സി.ആര്‍. പാട്ടീല്‍ (ഗുജറാത്തിലെ നവ്സാരി മണ്ഡലം)

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ സന്നദ്ധ സംഘടനയാണ്?
    കോമണ്‍കോസ്

2019- നവംബര്‍ 29-ന് നിലവില്‍ വന്ന കേരള ബാങ്കിന്റെ ആദ്യ ചെയര്‍മാനായി നിയമിതനായത്?
    പി.എസ്. രാജന്‍

ഇന്ത്യയില്‍ 2019 മാര്‍ച്ച് 19ന് നിലവില്‍ വന്ന ലോക്പാലില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ എത്ര അംഗങ്ങളുണ്ട്.
    9

പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ദ്ദിഷ്ട രീതിയില്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്രയായി ചുരുങ്ങും?
    12

ലണ്ടന്‍ ഓഹരി വിപണിയില്‍ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ആദ്യ സ്ഥാപനം.
    KIIFB (Kerala Infrastructure and Investment Board)

അടുത്തിടെ അന്തരിച്ച മലയാളത്തിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായിക?
    വിജയ നിര്‍മല

thozhil

Content Highlights: LDC 2020 Success Story, Mocktest, Kerala PSC Exam Guidance part-9