2017-ലെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ എറണാകുളം ജില്ലയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ രന്‍സി.ഇ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഓഡിറ്ററാണ്.

ദേശീയതല ക്രിക്കറ്റ്താരമെന്ന നിലയില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ലഭിക്കാനിരുന്ന ജോലി ഒരു ചെറിയ സാങ്കേതികത്വത്തിന്റെ പേരില്‍ ലഭിച്ചില്ല. അന്നുമുതലാണ് ക്രിക്കറ്റിനെന്നപോലെ പി.എസ്.സി. വിജയത്തിനും കഠിനപ്രയത്നം തുടങ്ങിയത്. കെമിസ്ട്രിയിലെ ബിരുദവും വിദൂരപഠനംവഴി നേടിയ സൈക്കോളജി ബിരുദാനന്തര ബിരുദവുമായിരുന്നു യോഗ്യത. ദേശീയതല ക്രിക്കറ്റ് മല്‍സരത്തില്‍ പങ്കെടുത്തതിനുള്ള വെയിറ്റേജും ഒരു സ്ഥിരനിക്ഷേപമെന്നപോലെ കൂടെയുണ്ടായിരുന്നു. 

പി.എസ്.സി നടത്തിയ ഒട്ടുമിക്ക പരീക്ഷകളും എഴുതി. പി.എസ്.സി. പരിശീലന കേന്ദ്രത്തില്‍ ദിവസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ അന്നന്നുതന്നെ മനപ്പാഠമാക്കി. പരിശീലന പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങാതെ ചെയ്തു. അതിനൊപ്പം മാതൃഭൂമി തൊഴില്‍വാര്‍ത്തയും മറ്റ് പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്റര്‍നെറ്റും ഉപയോഗിച്ചു. 

കണക്ക് ബാലികേറാമലയല്ല

കണക്കിലായിരുന്നു പേടി. ബിരുദത്തിന് കെമിസ്ട്രി എടുത്തതുതന്നെ കണക്ക് പഠിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ്. എന്നാല്‍ പി.എസ്.സി. പരിശീലന ക്ലാസില്‍ ലഭിച്ച ട്രിക്കുകളിലൂടെ ഗണിതം കൈപ്പിടിയിലൊതുങ്ങി. സമയം ക്രമീകരിച്ച് പഠിക്കാനും പുതിയ ചോദ്യങ്ങളെ നേരിടാനും മോക്ക് ടെസ്റ്റുകള്‍ ധാരാളം എഴുതി. പരീക്ഷാസമയത്തെക്കാള്‍ 15 മിനിറ്റ് മുന്‍പുതന്നെ എല്ലാ ചോദ്യങ്ങളും ചെയ്ത് തീര്‍ക്കാനാണ് ശ്രമിച്ചത്. പരീക്ഷയില്‍ അത് വിജയം കാണുകയും ചെയ്തു. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കോഴിക്കോട്), ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് (എറണാകുളം) എന്നീ റാങ്ക് ലിസ്റ്റുകളില്‍ മുന്നിലെത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷോര്‍ട്ട് ലിസ്റ്റിലും ഉള്‍പ്പെട്ടു. 

മുന്‍ ചോദ്യപേപ്പറുകള്‍ വഴികാട്ടി

പി.എസ്.സി. പരീക്ഷയുടെ ചോദ്യ പാറ്റേണ്‍ ഒരേ രീതിയിലായതിനാല്‍ പഠിക്കുന്ന വിവരങ്ങള്‍ ബിരുദതല പരീക്ഷകള്‍ക്കുവരെ ഉപയോഗിക്കാം. മുന്‍ ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കുന്നത് മികച്ച മാര്‍ക്കിലേക്കെത്തിക്കും. ഇംഗ്ലീഷ്, ജനറല്‍ സയന്‍സ് വിഷയങ്ങള്‍ പൊതുവേ പഠിക്കാന്‍ എളുപ്പമായിരുന്നു. ആ മേഖലയില്‍നിന്ന് മാര്‍ക്ക് സ്‌കോര്‍ ചെയ്യാനും പറ്റിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പഠനവും മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചിരുന്നു. 

ആത്മവിശ്വാസമാണ് പ്രധാനം

ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. നമുക്ക് ഒരു ചോദ്യം അറിയില്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്കും അറിയില്ല എന്നുതന്നെ വിശ്വസിക്കുക. മറ്റുള്ളവര്‍ എഴുതുമോ എന്ന് പേടിച്ച് തെറ്റുത്തരം എഴുതാന്‍ പോകരുത്. ടെന്‍ഷന്‍ ഇല്ലാതെ പരീക്ഷയെഴുതാന്‍ ശ്രമിക്കുക. 

പ്രതീക്ഷിക്കാം ഈ ചോദ്യങ്ങള്‍

'ഇന്ത്യന്‍ വിദേശനയത്തിന്റെ മുഖ്യശില്പി' എന്നറിയപ്പെടുന്നതാര്?
    ജവാഹര്‍ലാല്‍ നെഹ്റു

യു.എന്നിന്റ കോളനിവത്ക്കരണം വിമുക്തമാക്കല്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ച ആദ്യ രാജ്യമേത്?
    ഇന്ത്യ

കേന്ദ്ര ആസൂത്രണക്കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷന്‍ ആരായിരുന്നു?
    ഗുല്‍സാരിലാല്‍ നന്ദ

റിസര്‍വ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യഗവര്‍ണര്‍ ആരായിരുന്നു?
    സി.ഡി.ദേശ്മുഖ്

സ്വാതന്ത്ര്യസമരസേനാനി ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ 1895-ല്‍ ലാഹോറില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്കേത്?
    പഞ്ചാബ് നാഷണല്‍ ബാങ്ക്

ഇന്ത്യയില്‍ നിലവിലിരുന്ന ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളെ ഒരു കുടക്കീഴില്‍ സംയോജിപ്പിച്ചു കൊണ്ട് 1999 ഏപ്രില്‍ 1-ന് തുടക്കംകുറിച്ച ബൃഹദ്പദ്ധതിയേത്?
    സ്വര്‍ണജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) 

ഗ്രാമപ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 100 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി ദാരിദ്ര്യവും തൊഴിലില്ലായ്മയും ലഘൂകരിക്കാനുള്ള സംരംഭമേത്?
    ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

1978-ല്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതേത്?
    സ്വത്തവകാശം

'ഇന്ത്യയുടെ രാഷ്ട്രീയജാതകം' എന്ന് കെ.എം. മുന്‍ഷി വിശേഷിപ്പിച്ച ഭരണഘടനാ ഭാഗമേത്?
    ആമുഖം

ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചയാളാവണം ചെയര്‍മാനെന്ന നിഷ്‌കര്‍ഷയുള്ള സ്ഥാപനമേത്?
    സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

കല്‍ക്കത്ത ജനറല്‍ അഡൈ്വസര്‍ എന്നറിയപ്പെട്ടിരുന്ന പത്രമേത് ?
    ബംഗാള്‍ ഗസറ്റ്

ഏത് ദേശീയ പരിപാടിയുടെ ഭാഗമാണ് 'ആശാ വര്‍ക്കര്‍'?
    ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം)

ഗ്രാമീണവനിതകളുടെ സമ്പാദ്യശീലം വളര്‍ത്താനായി 1993 ഒക്ടോബര്‍ 2-ന് തുടക്കമിട്ട പദ്ധതിയേത്?
    മഹിളാ സമൃദ്ധിയോജന

ഇന്ത്യന്‍ റീ-ഇന്‍ഷ്വറര്‍ എന്നറിയപ്പെടുന്ന സ്ഥാപനമേത്?
    ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

എല്‍.ഐ.സി.യുടെ ആപ്തവാക്യം എന്ത്?
    യോഗക്ഷേമം വഹാമ്യഹം

ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യശില്പി ഏതു രാജ്യമായിരുന്നു?
    ഇന്ത്യ

ഇന്ത്യയുടെ പ്രഥമ ആണവവിസ്ഫോടനം, കൃത്രിമോപഗ്രഹ വിക്ഷേപണം(ആര്യഭട്ട) എന്നിവ നടന്നത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ്?
    അഞ്ചാം പദ്ധതി

'ഗരീബി ഹഠാവോ' എന്നത് മുഖ്യലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതിയേത്?
    അഞ്ചാം പദ്ധതി

ഇന്ത്യയുടെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരമേത്?
    കൊഹിമ (നാഗാലാന്‍ഡ്)

മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏത് കീടനാശിനി നിര്‍മാണശാലയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയാണ് ഭോപ്പാല്‍ വാതക ദുരന്തത്തിനു കാരണമായത്?
    യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ്

1857-ലെ കലാപത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു?
    മംഗള്‍ പാണ്ഡെ

ഡല്‍ഹി പിടിച്ചെടുത്ത കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതാരെ?
    ബഹദൂര്‍ ഷാ രണ്ടാമനെ

1857-ലെ കലാപത്തിന് ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയതാര്?
    ഭക്ത്ഖാന്‍

ഇന്ത്യയുടെ ധാതുസംസ്ഥാനം എന്നറിയപ്പെടുന്നതേത്?
    ജാര്‍ഖണ്ഡ്

ലഖ്നൗവില്‍ കലാപം നയിച്ച ഔദിലെ വനിതാ ഭരണാധികാരി?
    ബീഗം ഹസ്രത്ത്മഹല്‍

സ്വകാര്യമേഖലയുടെകൂടി പങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമേത്?
    കൊച്ചി (നെടുമ്പാശ്ശേരി)

ചൗധരി ചരണ്‍സിങ് വിമാനത്താവളം ഉത്തര്‍പ്രദേശിലെ ഏത് നഗരത്തിലാണ്?
    ലഖ്നൗവില്‍

ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏതായിരുന്നു?
    ബംഗാള്‍ ഗസറ്റ്

ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് റൂര്‍ക്കേല സ്റ്റീല്‍പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്?
    ജര്‍മനി

ഇന്ത്യയിലെ ധാതുനിക്ഷേപത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമേത്?
    ഛോട്ടാനാഗ്പൂര്‍ പീഠഭൂമി

കേരളത്തിലെ ഏതുനദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്?
    പമ്പ

ഹിമാലയവുമായും സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനമേത്?
    പശ്ചിമബംഗാള്‍

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ കേന്ദ്രമേത്?
    കൊല്ലം

ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്?
    കശുവണ്ടി

കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ച വിദേശഗ്രന്ഥകാരനാര്?
    ഫ്രിയാര്‍ ജോര്‍ഡാനസ്‌

thozhil

Content Highlights: LDC 2020 Success Story, Mock test, Model Questions, Study Guidance part-10