2018-ലെ കൊല്ലം എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ 86.67 മാര്‍ക്കോടെ രണ്ടാം റാങ്ക് നേടിയ രഞ്ജിനി. ആര്‍ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റാണ്. 

എം.എസ്.സി മാത്സ് ആയിരുന്നത് കൊണ്ട് കണക്കും ജനറല്‍ സയന്‍സും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയില്ല. എന്നാല്‍ ചരിത്രം അക്ഷരാര്‍ത്ഥത്തില്‍ കുഴക്കി. മുഗള്‍ സാമ്രാജ്യവും ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ പേരുകളും ഓര്‍ത്തുവെക്കുന്നതായിരുന്നു ബുദ്ധിമുട്ട്. പലയാവര്‍ത്തി വായിച്ച് പഠിക്കുകയായിരുന്നു അതിനുള്ള പോംവഴി. കണ്‍സോളഡേഷന്‍ എന്ന പഠന രീതിയാണ് അവസാന സമയങ്ങളില്‍ പിന്തുടര്‍ന്നത്. പഠിച്ച വിഷയം ഒരിക്കല്‍ക്കൂടി വായിക്കുമ്പോള്‍ അതില്‍ ഓര്‍മില്ലാത്ത കാര്യങ്ങള്‍ കുറിച്ച് വെക്കുന്ന രീതിയാണിത്. പിന്നീട് ഓര്‍മയില്ലാത്ത കാര്യങ്ങള്‍ വീണ്ടും പഠിച്ച് ഉറപ്പിക്കും. അത് പ്രയോജനം ചെയ്തു.

മോക്ക്‌ടെസ്റ്റുകള്‍ ഗുണമായി

ഹാളില്‍ പരീക്ഷ എഴുതുന്ന അതേ സമീപനത്തോടെ മോക്ക് ടെസ്റ്റുകള്‍ എഴുതിനോക്കിയത് ഗുണമായി. ടെന്‍ഷന്‍ മറികടക്കാനും സമയക്രമം പാലിച്ച് പരീക്ഷയെഴുതാനും അത് സഹായിച്ചു. വിജ്ഞാപനം വന്നതിന് ശേഷം നൂറോളം ചോദ്യപേപ്പറുകള്‍ ചെയ്്ത് പരിശീലിച്ചു. നെഗറ്റീവ് മാര്‍ക്കാണ് പലപ്പോഴും റാങ്കിനെ പിന്നോട്ടടിക്കുന്നത്. അതിനെ മറിക്കടക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പഴയ ചോദ്യപേപ്പര്‍ ചെയ്തു നോക്കിയത് വഴി ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചു. 

പരീക്ഷയില്‍ കാര്യമായി നെഗറ്റീവ് മാര്‍ക്ക് ബാധിച്ചില്ല. ചെറിയ സംശയം പോലും ഉണ്ടായ വിഷയങ്ങള്‍ എഴുതാതെ വിട്ടാണ് മുന്നോട്ട് പോയത്. അതും നേട്ടമായി.  എല്‍.ഡി. ക്ലര്‍ക്കിന് മുന്‍പ് ബെവ്‌കോ അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും ഇടം നേടിയിരുന്നു. യൂണിവേഴ്‌സിറ്റി ലിസ്റ്റില്‍ 1622-ാം റാങ്കായിരുന്നു. അതിന് പിന്നാലെ എല്‍.ഡി. ക്ലര്‍ക്ക ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടി്. 

പഠനം സെലക്റ്റീവാക്കുക 

എല്ലാ വിഷയങ്ങളും വാരിവലിച്ച് പഠിക്കരുത്. ഇംഗ്ലീഷ് ഗ്രാമറും മലയാളവും ദിവസവും പഠിക്കുക. പഴയ ചോദ്യപേപ്പര്‍ വര്‍ക്കൗട്ട് ചെയ്യുക. ഒരു കാര്യം എപ്പോഴും ഓര്‍ത്തിരിക്കുക- റാങ്ക് നേടാന്‍ കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏക വഴി. 

കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍

*   2019-ലെ ഫിഫ വനിത ഫുട്ബോള്‍ ലോകകപ്പ് ജേതാക്കള്‍:
    അമേരിക്ക

*   T×D, D×T, കേരഗംഗ, ലക്ഷഗംഗ എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?
    തെങ്ങ്

*   കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഏതിനം ശിലകളാണ്?
    കായാന്തരിത ശിലകള്‍

*   അയിത്തത്തിനെതിരേ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം:
    വൈക്കം സത്യാഗ്രഹം

*   കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ച വര്‍ഷം:
    1972

*   സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നല്‍കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാവകുപ്പ്?
    ആര്‍ട്ടിക്കിള്‍ 39ഡി

*   കശ്മീരിലെ രാജാക്കന്‍മാരുടെ ചരിത്രം ഇതിവൃത്തമാക്കുന്ന രാജതരംഗിണി രചിച്ചത്?
    കല്‍ഹണന്‍

*   ഒന്നാം സ്വാതന്ത്ര്യസമരം പശ്ചാത്തലമാക്കി 'അമൃതം തേടി' എന്ന നോവല്‍ രചിച്ചത്?
    മലയാറ്റൂര്‍ രാമകൃഷ്ണന്‍

*   അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ കേരളത്തിലെ ഏക മുഖ്യമന്ത്രി ആരാണ്?
    ആര്‍. ശങ്കര്‍

*   ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും നിലവില്‍ വന്നത് ഏത് സമ്മേളന തീരുമാനപ്രകാരമാണ്?
    ബ്രട്ടന്‍വുഡ്സ്

*   കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?
    ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

*   2019-ലെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നേടിയത്?
    1. ബജ്രംഗ് പുനിയ - ഗുസ്തി
    2. ദീപ മാലിക് - പാരാ അത്ലറ്റ്
    (ഷോട്ട്പുട്ട്)

*   ആദ്യമായി ഇന്ത്യയില്‍നിന്ന് വേര്‍പിരിക്കപ്പെട്ട ഭൂവിഭാഗം?
    ബര്‍മ

*   'മന്‍ മോഹന്‍ മോഡല്‍' എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി ഏത്?
    8-ാം പഞ്ചവത്സര പദ്ധതി

*   സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരന്‍?
    പാബ്ലോ പിക്കാസോ

*   'ചരിത്രം എനിക്ക് മാപ്പു നല്‍കും' എന്ന പേരില്‍ പ്രശസ്തമായ പ്രസംഗം നടത്തിയത്?
    ഫിഡല്‍ കാസ്ട്രോ

*   'എല്‍ നിനോ' പ്രതിഭാസം കണ്ടുവരുന്ന സമുദ്രമേത്?
    പസഫിക് സമുദ്രം

*   ആരുടെ ഉപദേശപ്രകാരമാണ് രാഷ്ട്രപതി സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്നത്?
    പ്രധാനമന്ത്രിയുടെ

*   തിരുവിതാംകൂറിലെ ഏത് നേതാവിന്റെ ആത്മകഥയാണ് '1114ന്റെ കഥ'?
    അക്കാമ്മ ചെറിയാന്‍

*   ദേശീയ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യത്തെ വനിതയാര്?
    ദീപക് സന്ധു

*   മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം:
    കണ്ടക്ടിവിറ്റി മീറ്റര്‍

*   ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്?
    രാഷ്ട്രപതിക്ക്

*   ചക്രവാതവും പ്രതിചക്രവാതവും ഏതുതരം കാറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്?
    അസ്ഥിര വാതങ്ങള്‍

*   പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം:
    1989

*   ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
    ഹൈദരാബാദ്

*   ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ വിമുക്ത സംസ്ഥാനം:
    ഹിമാചല്‍ പ്രദേശ്

*   ചെങ്കോട്ടയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഇന്ത്യയുടെ കറന്‍സിനോട്ടേത്?
    500രൂപ

*   ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യത്തെ മലയാളി വനിതയാര്?
    എം.ഡി. വത്സമ്മ

*   ഭാരതീയ റിസര്‍വ് ബാങ്കിന്റെ മുദ്രയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൃഗമേത്?
    കടുവ

*   മഞ്ജീര, പ്രവ്ര, ഇന്ദ്രാവതി, പൂര്‍ണ, ഹിത, ഗിര്‍ന തുടങ്ങിയ നദികള്‍ ഏത് നദിയുടെ പോഷകനദികളാണ്?
    ഗോദാവരി

*   കൊച്ചി കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ സഹായിച്ച രാജ്യമേത്?
    ജപ്പാന്‍

*   17-ാം ലോക്സഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍?
    ഓംബിര്‍ള

*   ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ മത്സരിക്കാം?
    2

*   ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    പത്രപ്രവര്‍ത്തനം

*   ജനസാന്ദ്രത ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനമാണ്?
    അരുണാചല്‍ പ്രദേശ്

*   ഏത് മതവുമായി ബന്ധപ്പെട്ടുള്ള ആരാധനാലയമാണ് അഗ്‌നിക്ഷേത്രം (ഫയര്‍ ടെമ്പിള്‍)
    പാഴ്സി മതം

*   കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത് എവിടെ?
    നീണ്ടകര

*   'എന്റെ പെണ്‍കുട്ടിക്കാലം' ആരുടെ ആത്മകഥയാണ്?
    തസ്ലീമ നസ്റിന്‍

*   ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപമുള്ളത്?
    ഭോപ്പാല്‍

thozhil

Content Highlights: LDC 2020 Exam Coaching, Study Guidance part-6, LDC Exam Special