2015-ലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയില്‍ കൊല്ലം ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ വിജയലക്ഷ്മി.എസ് തന്റെ പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ ഗ്രാമവികസന വകുപ്പില്‍ വി.ഇ.ഒയാണ്.

എം.കോം പാസായിക്കഴിഞ്ഞ് ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു. 30 വയസ്സ് പിന്നിട്ട ശേഷമാണ് പി.എസ്.സി കോച്ചിങ്ങിലേക്ക് തിരിയുന്നത്. രണ്ടു വര്‍ഷത്തോളം ക്ലാസ്സുകളുമായി മുന്നോട്ട് പോയി. ആ സമയത്താണ് എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം വരുന്നത്. ഒരു സര്‍ക്കാര്‍ ജോലി നേടാനുള്ള വാശിയാണ് പഠിക്കാന്‍ കരുത്തായത്. കഠിനമായി പരിശ്രമിച്ചു. കോച്ചിങ് ക്ലാസ്സിലെ പഠനത്തെക്കൂടാതെ തൊഴില്‍വാര്‍ത്തയുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വാങ്ങി പഠിച്ചു. 

മോക്ക് ടെസ്റ്റിലാണ് കാര്യം

പി.എസ്.സി മുന്‍പ് നടത്തിയിട്ടുള്ള ചോദ്യപേപ്പറുകള്‍ സോള്‍വ് ചെയ്ത് പഠിച്ചു. പരീക്ഷാഹാളിലിരുന്ന് പരീക്ഷ എഴുതുന്നത് പോലെതന്നെ ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട്  മോക്ക് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. പിന്നാക്കം പോയ ഭാഗങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുത്ത് പഠിച്ച് വീണ്ടും പരീക്ഷയെഴുതി. ഇങ്ങനെ പഴയ ചോദ്യങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പി.എസ്.സിയുടെ ചോദ്യത്തിന്റെ പാറ്റേണ്‍ മനസ്സിലുറച്ചു. മോക്ക് ടെസ്റ്റുകളിലെല്ലാം തന്നെ 75 മാര്‍ക്കില്‍ മുകളില്‍ നേടാന്‍ കഴിഞ്ഞിരുന്നു. 

വെള്ളം കുടിപ്പിച്ച് ജനറല്‍ സയന്‍സ്

Vijayalakshmi
വിജയലക്ഷ്മി.എസ്

ജനറല്‍ സയന്‍സില്‍ നിന്നുള്ള ചോദ്യങ്ങളാണ് എനിക്ക് ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത്. പലപ്പോഴും കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഈ ചോദ്യങ്ങളെ മെരുക്കിയത് ചിട്ടയായ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്. ജനറല്‍ സയന്‍സ് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കൂടുതലായി വായിക്കുകയും ആ ഭാഗത്തു നിന്നുള്ള ചോദ്യങ്ങള്‍ പരിശീലിക്കുകയും ചെയ്്തു. എം.കോമായത് കൊണ്ടാകാം കണക്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. 

91.33 മാര്‍ക്ക് നേടിയാണ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ചിട്ടയായ പഠനമാണ് ഇത് സാധ്യമാക്കിയത്. സ്ഥിരമായുള്ള പത്രം വായന പൊതു വിജ്ഞാനത്തില്‍ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചു. പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ ഡയറിയില്‍ കുറിച്ച് വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. മനസിലാക്കാന്‍ പ്രയാസമുള്ള വിഷയങ്ങളില്‍ കോഡുകളൊക്കെ രൂപപ്പെടുത്തിയതും ഗുണം ചെയ്തു. 

ജോലി കിട്ടുമെന്നുറപ്പിച്ച് വേണം പഠനം

ഇത്തവണ ജോലി നേടിയിരിക്കും എന്നുറപ്പിച്ച് വേണം പഠനം മുന്നോട്ട് കൊണ്ടുപോകാന്‍. പഠിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിക്കണം. കണക്കുകള്‍ കുറുക്കുവഴികളിലൂടെ ചെയ്ത് പഠിക്കുക. ഒരു വിഷയത്തില്‍ നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ ചോദ്യങ്ങളും മനസ്സിലാക്കി വേണം പഠിക്കാന്‍.  

കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍

1.മധ്യേഷ്യയില്‍ നിന്ന് വീശുന്ന ശീതക്കാറ്റിനെ ഇന്ത്യയിലേക്ക് പ്രവേശിക്കാതെ തടഞ്ഞു നിര്‍ത്തുന്നതെന്ത്? 
ഹിമാലയം

2. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതി് പദവി വഹിച്ചിരുന്നത് ആര്?
ഡോ. എ.പി.ജെ.അബ്ദുള്‍ കലാം

3. ഇന്ത്യയിലെ സൈനിക സേവനത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി ഏതാണ്? 
പരമവീര ചക്രം

4. ഇന്ത്യയില്‍ ഏറ്റവുമധികം ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ഗുജറാത്ത് 

5.പുരാതന ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്ന പുരാണമേത്? 
അഗ്നി പുരാണം

6. ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ് ഡയറ്റ്?
ജപ്പാന്‍

7. ആസിയാന്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ? 
ജക്കാര്‍ത്ത

8. ശീതയുദ്ധം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്? 
ബര്‍ണാഡ് ബ്രൂച്ച്

9. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോര്‍വാട്ട് പണി കഴിപ്പിച്ചതാര്? 
സൂര്യവര്‍മന്‍

10. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവാര്? 
റിപ്പണ്‍ പ്രഭു

11. താഴെപ്പറയുന്നവരില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധമില്ലാത്ത വ്യക്തിയാര്?
നെണ്‍സണ്‍ മണ്ടേല

12. ഏത് രാഷ്ട്രീയ നേതാവിന്റെ സമാധി സ്ഥമാണ് കിസാന്‍ ഘട്ട്? 
ചൗധരി ചരണ്‍ സിങ്

13. ആനന്ദമതത്തിന്റെ സ്ഥാപകനാര്? 
ബ്രഹ്മാനന്ദ ശിവയോഗി

14. ഏത് കേന്ദ്ര മന്ത്രാലയമാണ് മിഡ് ഡേ മില്‍ (ഉച്ചഭക്ഷണ) പദ്ധതി ആരംഭിച്ചത്? 
മാനവ വിഭവശേഷം മന്ത്രാലയം

15. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള റിലീഫ് ഓഫ് ലക്‌നൗ എന്ന പെയിന്റിങ് വരച്ചതാര്? 
തോമസ് ജോണ്‍ ബാര്‍ക്കര്‍

16. കല്‍ക്കട്ട, ബോംബൈ, മദ്രാസ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയതാര്?
കാനിങ് പ്രഭു 

17. സൈബര്‍ സ്‌പൈസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? 
വില്യം ഗിബ്‌സണ്‍

18. തിരുവിതാംകൂര്‍ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്? 
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

19. അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ നദിയേത്? 
പെരിയാര്‍

20. കേരളത്തില്‍ നടപ്പാക്കി വരുന്നതില്‍ വച്ചേറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയേത്?
കുടുംബശ്രീ

21. ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ലഫ്റ്റനന്റ് ജനറല്‍ ആര്? 
പുനിത അറോറ

22. മാനസ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ? 
അസാം

23. ഗൈനക്കോളജിയുടെ പിതാവെന്നറിയപ്പെടുന്നതാര്?
ജെയിംസ് മാരിയോണ്‍

24. ഏത് നദിക്ക് കുറുകെയാണ് മഹാത്മ ഗാന്ധി സേതു നിര്‍മിച്ചിരിക്കുന്നത്? 
ഗംഗ

25. സെന്‍സെക്‌സ് എന്ന പദം കണ്ടെത്തിയതാര്? 
ദീപക് മോഹാനി

26. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടര്‍ ജനറല്‍ ആര്?
അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം

27. ദി ആര്‍ട്ട് ഓഫ് വാര്‍ എഴുതിയതാര്? 
നിക്കോളോ മാകിവെല്ലി

28. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും പിതാവെന്നറിയപ്പെടുന്നതാര്?  
ദാദാഭായ് നവറോജി 

29. ജര്‍മനിയുടേയും ചൈനയുടേയും ഓദ്യോഗിക രേഖകള്‍ അറിയപ്പെടുന്നത് ഏത് പേരില്‍? 
വൈറ്റ് ബുക്ക്  

30. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച ആദ്യ മലയാള സംവിധായകനാര്? 
അടൂര്‍ ഗോപാലകൃഷ്ണന്‍

thozhil

Content Highlights: LDC 2020 exam coaching, LDC study guidance Part-3