ത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യഘട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ പി.എസ്.സി. പൂര്‍ത്തിയാക്കി. ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. 14 ജില്ലകളിലായി 1833 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്. 4,32,000 പേരാണ് ആദ്യപരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍പേര്‍ തിരുവനന്തപുരത്തും കുറവ് വയനാട്ടിലുമാണ്. തിരുവനന്തപുരത്ത് 278 കേന്ദ്രങ്ങളിലായി 65,000 പേരും വയനാട്ടില്‍ 48 കേന്ദ്രങ്ങളിലായി 12,000 പേരും പരീക്ഷയെഴുതും. ഹാള്‍ടിക്കറ്റ് പി.എസ്.സി. വെബ്സൈറ്റിലെ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്യാം.

ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

* ഹാള്‍ടിക്കറ്റ് പ്രിന്റില്‍ ബാര്‍കോഡും പി.എസ്.സിയുടെ മുദ്രയും വ്യക്തമായി തെളിഞ്ഞിരിക്കണം. അല്ലാത്ത അഡ്മിഷന്‍ ടിക്കറ്റുമായെത്തുന്നവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. അഡ്മിഷന്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയില്‍ പേരും ഫോട്ടോയെടുത്ത തീയതിയും വ്യക്തമായിരിക്കണം.
 
* ഏതൊക്കെ തസ്തികയുടെ തിരഞ്ഞെടുപ്പിനാണ് ഉദ്യോഗാര്‍ഥിയെ പരിഗണിക്കുന്നതെന്ന് അഡ്മിഷന്‍ ടിക്കറ്റിന്റെ ആദ്യപേജില്‍തന്നെ രേഖപ്പെടുത്തിയിരിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കിയ തസ്തികകളിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. അവയുടെ കാറ്റഗറി നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റിലുണ്ട്. അവ പരിശോധിച്ച് ഉറപ്പാക്കണം. അവയുടെ രണ്ടാം പരീക്ഷയ്ക്കായിരിക്കും ആദ്യത്തെതിന്റെ മാര്‍ക്ക് അനുസരിച്ച് ഉദ്യോഗാര്‍ഥിയെ പരിഗണിക്കുക. 

* പരീക്ഷാകേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥിക്ക് അനുവദിച്ച ഇരിപ്പിടത്തില്‍ അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന സമയത്തിന് 15 മിനിറ്റ് മുന്‍പെങ്കിലും ഹാജരാകണം. പരീക്ഷ തുടങ്ങിയശേഷം ഹാളില്‍ പ്രവേശിക്കാനോ പരീക്ഷ കഴിയുന്നതിനുമുന്‍പ് വെളിയിലിറങ്ങാനോ അനുവദിക്കില്ല. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസല്‍, നീല/കറുപ്പ് മഷിയുള്ള ബോള്‍ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ കൊണ്ടുപോകാവൂ. ബാഗ്, വാച്ച്, പഴ്സ്, മൊബൈല്‍ഫോണ്‍ തുടങ്ങിയ മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തില്‍ സജ്ജീകരിക്കുന്ന ക്ലോക്ക്റൂമില്‍ സൂക്ഷിക്കണം. നിരോധിക്കപ്പെട്ട ഏതെങ്കിലും വസ്തുക്കളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍നിന്ന് പി.എസ്.സി. സ്ഥിരമായി വിലക്കും. പരീക്ഷാര്‍ഥികളുടെ കൂടെ വരുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാനാകില്ല. അവര്‍ പുറത്ത് കാത്തുനില്‍ക്കണം. 

* പരീക്ഷാഹാളില്‍ നല്‍കുന്ന മേല്‍വിലാസപ്പട്ടികയിലെ ഫോട്ടോയ്ക്ക് കുറുകേ താഴെഭാഗത്ത് ഒപ്പിടണം. ഫോട്ടോയില്‍ മുഖത്തിന് മുകളിലൂടെ ഒപ്പിടരുത്. ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, ഉദ്യോഗാര്‍ഥി പരിശോധനയ്ക്ക് നല്‍കണം. തിരിച്ചറിയല്‍രേഖ കൈവശമില്ലാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. 

* ഓരോ ഉദ്യോഗാര്‍ഥിക്കും അനുവദിച്ചിട്ടുള്ള ആല്‍ഫാ കോഡ് രജിസ്റ്റര്‍ നമ്പറിനൊപ്പം ഇരിപ്പിടത്തിനുസമീപം രേഖപ്പെടുത്തിയിട്ടുണ്ടാകും. തങ്ങള്‍ക്ക് ലഭിക്കുന്ന ചോദ്യക്കടലാസും ഉത്തരക്കടലാസും ഒരേ ആല്‍ഫാ കോഡിലുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തണം.

* ഉത്തരക്കടലാസിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം (പാര്‍ട്ട് എ) രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, തസ്തികയുടെ പേര്, പരീക്ഷാതീയതി എന്നിവ രേഖപ്പെടുത്താനുള്ളതാണ്. അതീവശ്രദ്ധയോടെ ഇത് എഴുതുകയും കുമിള കറുപ്പിക്കുകയും വേണം. തെറ്റായി രേഖപ്പെടുത്തുന്ന ഒ.എം.ആര്‍. ഷീറ്റുകള്‍ മാറ്റിത്തരാന്‍ വ്യവസ്ഥയില്ല. രണ്ടാംഭാഗത്തിലാണ് (പാര്‍ട്ട് ബി) ഉത്തരങ്ങള്‍ അടയാളപ്പെടുത്തുന്നത്. രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി എന്നിവ എഴുതുന്നതിനൊപ്പം ബന്ധപ്പെട്ട കുമിളകള്‍ കറുപ്പിക്കുകയും വേണം. രജിസ്റ്റര്‍നമ്പറിനൊപ്പമുള്ള ഇംഗ്ലീഷ് അക്ഷരം രേഖപ്പെടുത്താന്‍ പ്രത്യേകം കളം അനുവദിച്ചിട്ടുണ്ട്.

* ശരിയുത്തരത്തിനുള്ള കുമിള പൂര്‍ണമായും കറുപ്പിക്കണം. മറ്റ് രീതികളില്‍ ഉത്തരം രേഖപ്പെടുത്തുന്നത് പരിഗണിക്കില്ല. ശരിയുത്തരത്തിന് ഒരുമാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് 0.33 മാര്‍ക്ക് കുറയ്ക്കുകയും ചെയ്യും. ഒരു ചോദ്യത്തിന് ഒന്നിലേറെ കുമിള കറുപ്പിക്കുന്നതും കറുപ്പിച്ച കുമിള മായ്ച്ച് മറ്റൊന്ന് കറുപ്പിക്കുന്നതും നെഗറ്റീവ് മാര്‍ക്കായി മാറും. 

* ഉത്തരം കണ്ടെത്താനുള്ള ക്രിയകള്‍ക്ക് ചോദ്യക്കടലാസിലെ അവസാനപുറം ഉപയോഗിക്കണം. പരീക്ഷാസമയം കഴിഞ്ഞ ശേഷം ഒ.എം.ആര്‍. ഷീറ്റിലെ എ, ബി ഭാഗങ്ങള്‍ സൂക്ഷിച്ച് വേര്‍തിരിച്ച് രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടിന് കൈമാറണം. പരീക്ഷ കഴിയുന്നതിനുമുമ്പ് എ, ബി ഭാഗങ്ങള്‍ വേര്‍തിരിക്കരുത്. ഒരു ചോദ്യത്തിനെങ്കിലും ഉത്തരമെഴുതിയില്ലെങ്കില്‍ ഒ.എം.ആര്‍. ഷീറ്റ് റദ്ദാകും. 

* പരീക്ഷ കഴിയുന്നതോടെ താത്കാലിക ഉത്തരസൂചിക പി.എസ്.സി. വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതില്‍ പരാതിയുള്ളവര്‍ അഞ്ച് ദിവസത്തിനകം പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ പരാതി സമര്‍പ്പിക്കണം. മറ്റ് രീതിയില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. 

പരീക്ഷാകേന്ദ്രമോ തീയതിയോ മാറ്റി നല്‍കില്ല 

പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് നേരത്തെതന്നെ പി.എസ്.സി. അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ് പോസിറ്റീവായവര്‍, ബന്ധപ്പെട്ട രേഖകള്‍ സഹിതം മുന്‍കൂര്‍ അപേക്ഷിക്കുന്ന പക്ഷം പ്രത്യേകം പരീക്ഷാകേന്ദ്രം അനുവദിക്കും. പരീക്ഷയുടെ തലേദിവസംവരെ ഈ അപേക്ഷകള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് ഒഴികെ മറ്റ് സ്ഥലങ്ങളില്‍ ജില്ലാ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തിരുവനന്തപുരം ജില്ലയില്‍ jointce.psc@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. 

കൂടെ വരുന്നവര്‍ക്കും നിയന്ത്രണം

പരീക്ഷാകേന്ദ്രത്തിലും ഹാളിനുള്ളിലും ഉദ്യോഗാര്‍ഥികള്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മുഖാവരണം നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കണം. സുതാര്യമായ ചെറിയ ബോട്ടിലില്‍ സാനിറ്റൈസര്‍ അനുവദിക്കും. സുതാര്യമായ കുപ്പിയില്‍ കുടിവെള്ളവും ഹാളില്‍ കൊണ്ടുവരാം. കൂടെ വരുന്നവരെ ഒഴിവാക്കി തിരക്ക് കുറയ്ക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പത്ത് വയസ്സിന് താഴെ പ്രായമുള്ളവരെയും ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവരെയും കൂടെ കൊണ്ടുവരരുത്. 

പരീക്ഷാഹാളില്‍ അനുവദിക്കാത്ത സാധനങ്ങള്‍: 

എഴുതിയതോ അച്ചടിച്ചതോ ആയ കടലാസ് കഷണങ്ങള്‍, ജ്യോമെട്രി/പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് കവറുകള്‍, കാല്‍ക്കുലേറ്റര്‍, മഷി/ജെല്‍ പേന, സ്‌കെയില്‍, എഴുതാനുള്ള ബോര്‍ഡ്, പെന്‍ഡ്രൈവ്, മായ്ക്കാനുള്ള റബ്ബര്‍, ലോഗരിതം ടേബിള്‍, ഇലക്ട്രോണിക് പേന/സ്‌കാനര്‍. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, ക്യാമറ, മറ്റ് ലോഹ ഉപകരണങ്ങള്‍. വാച്ചും വാച്ച് ഉപകരണങ്ങളും. പൊതിഞ്ഞതോ അല്ലാത്തതോ ആയ ആഹാരവസ്തുക്കള്‍, സുതാര്യമല്ലാത്ത കുപ്പിയിലെ കുടിവെള്ളം, ഹാന്‍ഡ് ബാഗ്, പഴ്സ്, കവറുകള്‍.

thozhil

Content Highlights: Kerala PSC 10th level preliminary exam starts tomorrow, keep these things in mind