ത്താം ക്ലാസ് യോഗ്യതയായുള്ള തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ഫെബ്രുവരി 20 മുതല്‍ നാല് ഘട്ടങ്ങളായി നടത്തുമെന്ന് പി.എസ്.സി. അറിയിച്ചുകഴിഞ്ഞു. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 തീയതികളിലും പരീക്ഷ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. വിവിധ തസ്തികകളിലായി 16 ലക്ഷത്തിലേറെപ്പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിക്കഴിഞ്ഞു. 

പ്രാധാന്യം മനസിലാക്കി വേണം പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍. 150-ലേറെ തസ്തികകളിലേക്ക് ഒരുമിച്ച് നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റാണിത്. യോഗ്യത നേടാനായില്ലെങ്കില്‍ ഇവയില്‍ ഒന്നിന്റെയും മുഖ്യപരീക്ഷ എഴുതാനാവാത്ത സാഹചര്യമാണുണ്ടാവുക. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ഉദ്യോഗാര്‍ഥികള്‍. 

സിലബസ് അറിഞ്ഞ് തയ്യാറെടുക്കാം

ഏതൊരു മത്സരപരീക്ഷയെയും പോലെ പ്രധാനമാണ് വരാനിരിക്കുന്ന പ്രിലിമിനറി പരീക്ഷയുടെയും സിലബസ് മനസിലാക്കി തയ്യാറെടുപ്പ് നടത്തുകയെന്നത്. ശേഷിക്കുന്ന ദിവസങ്ങള്‍കൊണ്ട് സിലബസ് പൂര്‍ണമായും പഠിച്ചുതീര്‍ക്കുകയെന്നത് പ്രയാസകരമാണെങ്കിലും പ്രധാന മേഖലകള്‍ കണ്ടെത്തി അടിത്തറയുണ്ടാക്കാന്‍ സാധിക്കും. പ്രിലിമിനറി പരീക്ഷയ്ക്കുള്ള സിലബസിനെ പൊതുവെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 

പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും കേരള നവോഥാനവുമാണ് സിലബസിന്റെ ആദ്യ ഭാഗത്തിലുള്ളത്. ഇന്ത്യയിലെയും കേരളത്തിലെയും സമകാലിക സംഭവങ്ങള്‍, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, വ്യാവസായിക-ഗതാഗത-ഊര്‍ജ മേഖലകളുമായി ബന്ധപ്പെട്ട സവിശേഷതകള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യവും ദേശീയ പ്രസ്ഥാനവും, ഭരണഘടനയുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകള്‍, കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നവോഥാനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ജനറല്‍ സയന്‍സ് ആണ് സിലബസിന്റെ രണ്ടാം ഭാഗത്തിലുള്ളത്. ഇതിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്, ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും, രോഗങ്ങളും രോഗകാരികളും, കേരളത്തിലെ ആരോഗ്യ ക്ഷേമപദ്ധതികള്‍, കേരളത്തിലെ പ്രധാന ഭക്ഷ്യകാര്‍ഷിക വിളകള്‍, വനങ്ങളും വന വിഭവങ്ങളും, പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും എന്നിവ നാച്ചുറല്‍ സയന്‍സിന്റെ ഭാഗമാണ്. 

ആറ്റവും ആറ്റത്തിന്റെ ഘടനയും, അയിരുകളും ധാതുക്കളും, മൂലകങ്ങളും അവയുടെ വര്‍ഗീകരണവും, ഹൈഡ്രജനും ഓക്‌സിജനും, രസതന്ത്രം നിത്യജീവിതത്തില്‍, ദ്രവ്യവും പിണ്ഡവും, പ്രവൃത്തിയും ഊര്‍ജവും, ഊര്‍ജവും അതിന്റെ പരിവര്‍ത്തനവും, താപവും ഊഷ്മാവും, പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും, ശബ്ദവും പ്രകാശവും, സൗരയൂഥവും സവിശേഷതകളും എന്നിവ ഫിസിക്കല്‍ സയന്‍സില്‍ ഉള്‍പ്പെടുന്നു.

ലഘുഗണിതവും മാനസികശേഷിയുമാണ് സിലബസിന്റെ മൂന്നാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഖ്യകളും അടിസ്ഥാന ക്രിയകളും, ലസാഗു, ഉസാഘ, ഭിന്നസംഖ്യകള്‍, ദശാശ സംഖ്യകള്‍, വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും ശരാശരി, ലാഭവും നഷ്ടവും സമയവും ദൂരവും എന്നിവ ലഘുഗണിതത്തില്‍ വരുന്നു. ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍, ശ്രേണികള്‍, സമാന ബന്ധങ്ങള്‍, തരംതിരിക്കല്‍, ഒറ്റയാനെ കണ്ടെത്തല്‍, വയസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്ഥാന നിര്‍ണയം, പദങ്ങളുടെ ക്രമീകരണം എന്നിവ മാനസികശേഷി പരിശോധനയില്‍ ഉള്‍പ്പെടുന്നു.

പാഠപുസ്തകങ്ങളില്‍ നിന്ന് തുടങ്ങാം

പ്രിലിമിനറി പരീക്ഷാ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങളില്‍ സമകാലിക സംഭവങ്ങള്‍ ഒഴികെയുള്ള ഒട്ടുമിക്കവയും ചെറിയ ക്ലാസുകളില്‍ നാം പഠിച്ചവയാണ്. എസ്.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകങ്ങളില്‍നിന്ന് കിട്ടുന്ന അറിവുകളാണ് ഇവയിലേറെയും. യു.പി., ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര, ശാസ്ത്ര, ഗണിത പാഠപുസ്തകങ്ങളിലൂടെ കടന്നുപോകാനായാല്‍ അടിസ്ഥാന അറിവുണ്ടാക്കാം. എസ്.സി.ഇ.ആര്‍.ടി.യുടെ സമഗ്ര പോര്‍ട്ടലില്‍നിന്ന് പുസ്തകങ്ങള്‍ പി.ഡി.എഫ്. ഫയലായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എന്നാല്‍ നിലവില്‍ പരീക്ഷാത്തീയതി അടുത്ത സാഹചര്യത്തില്‍ എല്ലാ മേഖലയും ഇത്തരത്തില്‍ പഠിച്ചു തീര്‍ക്കുകയെന്നത് എളുപ്പമായിരിക്കില്ല. സിലബസില്‍നിന്ന് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന ഭാഗം കണ്ടെത്തി അവ വായിച്ചുപോകുന്നതാവും ഉചിതം. 

മോക്ക് ടെസ്റ്റുകളും മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകളും

പത്താം ക്ലാസ് യോഗ്യതയായി വരുന്ന തസ്തികകളിലേക്ക് മുന്‍പ് പി.എസ്.സി നടത്തിയിട്ടുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ചോദ്യരീതിയും ആവര്‍ത്തിച്ചു വരുന്ന മേഖലകളും മനസിലാക്കാന്‍ ഇവ ഉപയോഗപ്പെടുത്താം. പരീക്ഷയോട് അടുത്ത ദിവസങ്ങളില്‍ മോക്ക് ടെസ്റ്റുകള്‍ ധാരാളം ചെയ്യുന്നത് ഗുണപ്രദമാകും. സമയം ക്രമീകരിക്കാനും 'വീക്ക് ഏരിയ' മനസിലാക്കാനും കൂടുതല്‍ ചോദ്യങ്ങള്‍ പരിചയപ്പെടാനും മാതൃകാ പരീക്ഷകള്‍ സഹായിക്കും. ഇതിനായി 'മാതൃഭൂമി തൊഴില്‍ വാര്‍ത്ത' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. 

നെഗറ്റീവ് വരാതെ ശ്രദ്ധിക്കാം

പരീക്ഷാദിവസം ഒ.എം.ആര്‍. പേപ്പറില്‍ തെറ്റുത്തരങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ തെറ്റുത്തരത്തിനും 0.33 മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. ഉത്തരം രേഖപ്പെടുത്താത്തവയ്ക്ക് നെഗറ്റിവില്ല. നിരന്തരമായി മോക്ക് ടെസ്റ്റുകള്‍ ചെയ്ത് പരിശീലിക്കുന്നതിലൂടെ നെഗറ്റീവ് മാര്‍ക്ക് കുറയ്ക്കാനാവും. തീരെ അറിയാത്തവയ്ക്ക് ഉത്തരം നല്‍കാതിരിക്കുന്നതാവും ഉചിതം.

Content Highlights: Kerala PSC 10th level preliminary exam, How to write exam, syllabus, Techniques