ഒരു ജീവിയുടെ പ്രകൃതിദത്തമായ ചുറ്റുപാടാണ് അതിന്റെ പരിസ്ഥിതി. പരിസ്ഥിതിയിലെ ഘടകങ്ങളെ രണ്ടായി തിരിക്കാം-ജീവിയ ഘടകങ്ങളും അജീവീയ ഘടകങ്ങളും. സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളുമെല്ലാം ജീവീയഘടകങ്ങളുടെ ഭാഗമാണ്. മണ്ണ്, വെള്ളം, വായു, സൂര്യപ്രകാശം, താപം, പാറ തുടങ്ങി ജീവമണ്ഡലത്തില്‍ കാണപ്പെടുന്ന ജീവനില്ലാത്ത എല്ലാ വസ്തുക്കളും കാലാവസ്ഥയുമൊക്കെ അജീവീയ ഘടകങ്ങളുടെ ഭാഗമാണ്. ഇവ രണ്ടും ചേര്‍ന്നതാണ് ആവാസവ്യവസ്ഥ. ഒരു ആവാസവ്യവസ്ഥയിലെ ഘടകങ്ങളെല്ലാം പരസ്പരം ആശ്രയിക്കുന്നു.
സ്വപോഷികളും പരപോഷികളും
സ്വന്തമായി ആഹാരം നിര്‍മിക്കാന്‍ കഴിവുള്ള ജീവികളാണ് സ്വപോഷികള്‍. എല്ലാ ഹരിതസസ്യങ്ങളും സള്‍ഫര്‍, ബാക്ടീരിയ പോലുള്ളവയും സ്വപോഷികളാണ്. ഇവയാണ് ജീവമണ്ഡലത്തിന് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ ഇവയെ ഉത്പാദകര്‍ എന്നും വിളിക്കുന്നു. സ്വന്തമായി ആഹാരം നിര്‍മിക്കാന്‍ കഴിവില്ലാത്തവരും ഭക്ഷണത്തിനായി മറ്റ് ജീവികളെ ആശ്രയിക്കുന്നതുമായ ജീവികളാണ് പരപോഷികള്‍. എല്ലാ ജന്തുക്കളും പരപോഷികളാണ്. ഹരിതകമില്ലാത്ത സസ്യങ്ങളും ഫംഗസുകളും പരപോഷികളുടെ വിഭാഗത്തില്‍പ്പെടുന്നു. ആഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന ഇത്തരം ജീവികള്‍ ഉപഭോക്താക്കള്‍ എന്നും അറിയപ്പെടുന്നു.
ഭക്ഷ്യശൃംഖല
ഒരു ആവാസവ്യവസ്ഥയില്‍ ആഹാരം ഉത്പാദിപ്പിക്കുന്നത് ഹരിതസസ്യങ്ങളാണ്. പ്രകാശസംശ്ലേഷണം വഴിയാണ് സസ്യങ്ങള്‍ ആഹാരം ഉത്പാദിപ്പിക്കുന്നത്. സൗരോര്‍ജത്തെ രാസോര്‍ജമാക്കിമാറ്റുന്ന ഹരിതസസ്യങ്ങളാണ് ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി. ഒരു ആവാസവ്യവസ്ഥയില്‍ തിന്നുകയും തിന്നപ്പെടുകയും ചെയ്യുകവഴി ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം കൈമാറ്റംചെയ്യുന്ന എല്ലാ ജീവികളുടെയും ശ്രേണിയാണ് ഭക്ഷ്യശൃംഖല. ഒരു ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഉത്പാദകരായ സസ്യങ്ങളാണ്. രണ്ടാമത്തെ കണ്ണി സസ്യഭുക്കുകളായ ഉപഭോക്താക്കളും. മൂന്നാമത്തെ കണ്ണി സസ്യഭുക്കുകളെ ആഹാരമാക്കുന്ന മാംസഭുക്കുകളാണ്.
സസ്യഭുക്കുകള്‍ പ്രാഥമിക ഉപഭോക്താക്കളെന്നും മാംസഭുക്കുകള്‍ ദ്വിതീയ ഉപഭോക്താക്കളെന്നും അറിയപ്പെടുന്നു. ചില മാംസഭുക്കുകള്‍ മറ്റ് മാംസഭുക്കുകളെ ആഹാരമാക്കുന്നു. അവ തൃതീയ ഉപഭോക്താക്കള്‍ എന്നറിയപ്പെടുന്നു.
വിഘാടകര്‍
ജൈവാവശിഷ്ടങ്ങളില്‍ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നത് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയാണ്. ഇവ വിഘാടകര്‍ എന്നറിയപ്പെടുന്നു. ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും ശരീരം അഴുകി മണ്ണില്‍ ചേരുന്നതിന് വിഘാടകര്‍ സഹായിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതും ഉത്പാദകര്‍ക്ക്/ഹരിതസസ്യങ്ങള്‍ക്ക് ആവശ്യമായ പോഷകഘടകങ്ങള്‍ വീണ്ടും മണ്ണിലെത്തിക്കുന്നതും ഈ വിഘാടകരാണ്. സസ്യാവശിഷ്ടങ്ങളെ ഫംഗസുകള്‍ വിഘടിപ്പിക്കുമ്പോള്‍ ജന്തുക്കളുടെ അവശിഷ്ടങ്ങളെ ബാക്ടീരിയകളാണ് വിഘടിപ്പിക്കുന്നത്.
ഇവരെ ഓര്‍ക്കാം
റെഡ്വുഡ് മരങ്ങളെ സംരക്ഷിക്കാനായി മരത്തില്‍ കയറിയിരുന്ന് സമരം ചെയ്ത പെണ്‍കുട്ടി ആരാണ്?
ജൂലിയ ബട്ടര്‍ഫ്‌ളൈ ഹില്‍
ഇന്ത്യയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിന് രൂപം നല്‍കിയ വ്യക്തി ആര്?
മനേക ഗാന്ധി
2004-ല്‍ സമാധാന നൊബേല്‍ സമ്മാനം നേടിയ പരിസ്ഥിതിപ്രവര്‍ത്തക:
വങ്കാരി മാതായ്
ചിമ്പാന്‍സികളെക്കുറിച്ച് പഠിക്കുന്ന ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞയും പരിസ്ഥിതിപ്രവര്‍ത്തകയുമായ വ്യക്തി?
ജെയിന്‍ ഗൂഡാള്‍
പര്‍വത ഗോറില്ലകളെക്കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ജീവശാസ്ത്രജ്ഞ:
ഡയാന്‍ ഫോസി
പരിസ്ഥിതി പ്രശ്‌നങ്ങള്‍
ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മനുഷ്യര്‍ നടത്തുന്നുണ്ട്. ഇവ പരിസ്ഥിതിയെ മലിനീകരിക്കുന്നു. ജലം, വായു, മണ്ണ്, ജൈവവൈവിധ്യം എന്നിവയെല്ലാം ഇത്തരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നു.
ജലം എങ്ങനെ മലിനമാവുന്നു?
ഭൗമോപരിതലത്തിലെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്. അതില്‍ 97 ശതമാനവും ഉപ്പുവെള്ളമാണ്. മനുഷ്യന് ഉപയോഗിക്കാന്‍കഴിയുന്ന രീതിയില്‍ ലഭ്യമായത് ഒരുശതമാനത്തില്‍ താഴെ മാത്രം ശുദ്ധജലമാണ്. ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം 7 ആണ്. 6.5 മുതല്‍ 7.5 വരെ പി.എച്ച്. മൂല്യമുള്ള വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നു.
ജലത്തിന് ഭൗതികവും രാസപരവും ജൈവപരവുമായ ഗുണങ്ങളുണ്ട്. ഈ പ്രത്യേകതകളെ ബാധിക്കുന്ന രീതിയില്‍ മാലിന്യങ്ങള്‍ കലരുമ്പോഴാണ് ജലം മലിനമാവുക. ഈ മാലിന്യങ്ങളുടെ തോത് അളന്നിട്ടാണ് ജലത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുക.
കലങ്ങല്‍ അഥവാ ടെര്‍ബിഡിറ്റി ജലശുദ്ധിയുടെ പ്രധാനപ്പെട്ട ഒരു അളവുകോലാണ്. ശുദ്ധജലത്തിന് നിറം, ചുവ, ഗന്ധം എന്നിവ ഉണ്ടാകരുത്. ഗുണമേന്മയുള്ള ജലത്തില്‍ ആവശ്യമായ അളവില്‍ ഓക്സിജന്‍ ലയിച്ചുചേര്‍ന്നിരിക്കണം. ഗുണനിലവാരമുള്ള വെള്ളത്തിന്റെ ഡി.ഒ. (dissolved oxygen) ലെവല്‍ 6mg /liter-ന് മുകളിലായിരിക്കണം.
ജലത്തിന്റെ ഗുണം നിര്‍ണയിക്കുന്നതിലും മലിനീകരണനിയന്ത്രണ സാങ്കേതികവിദ്യയിലും പ്രധാന സൂചകമാണ് ബി.ഒ.ഡി. (ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ്). ബി.ഒ.ഡി. കൂടിയ ജലത്തില്‍ സൂക്ഷ്മജീവികളുടെ അളവ് കൂടുതലായിരിക്കും. ഉപരിതലജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുന്നത് ആല്‍ഗകളുടെയും പായലുകളുടെയും വളര്‍ച്ച ത്വരിതപ്പെടുത്തും. ഇത് ജലത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകും. ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന മറ്റൊന്നാണ് കോളിഫോം ബാക്ടീരിയകളുടെ എണ്ണം.
മലിനമായ കുടിവെള്ളത്തിലൂടെ പലതരം രോഗങ്ങള്‍ പകരുന്നു. വിസര്‍ജ്യവസ്തുക്കളിലൂടെ ജലത്തില്‍ എത്തുന്ന ഇ-കോളി ബാക്ടീരിയകള്‍ ഡയേറിയയ്ക്ക് കാരണമാകുന്നു. ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയും കുടിവെള്ളത്തിലൂടെ പകരുന്ന ചില രോഗങ്ങളാണ്.
മണ്ണുമലിനീകരണം
ജീവികളുടെ നിലനില്പിന് ആധാരമാണ് മണ്ണ്. മണ്ണില്‍ വായു, ജലം, ധാതുക്കള്‍, ജൈവവസ്തുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാ പ്രദേശത്തും ഒരുപോലെയല്ല. ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ജൈവസംബന്ധമായ മേല്‍മണ്ണ് രൂപപ്പെടുന്നത് അനേക വര്‍ഷങ്ങള്‍കൊണ്ടാണ്. മേല്‍മണ്ണ് ഏകദേശം ഒരടി കനത്തില്‍ കാണപ്പെടുന്നു. മേല്‍മണ്ണ് നഷ്ടപ്പെടുന്നതിന് മണ്ണൊലിപ്പ് കാരണമാകുന്നു.
പ്ലാസ്റ്റിക്‌പോലുള്ള വസ്തുക്കള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നതും രാസകീടനാശിനികളുടെ ഉപയോഗവും മണ്ണിനെ ദോഷകരമായി ബാധിക്കുന്നു. ഇലക്ട്രോണിക് മാലിന്യങ്ങളിലെ മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങളും മണ്ണിനെയും ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നു.
വായുവിന് സംഭവിക്കുന്നത്
മണ്ണും വെള്ളവും പോലെ പ്രധാനപ്പെട്ടതാണ് വായു. അന്തരീക്ഷവായുവിലെ ഘടകങ്ങള്‍ നൈട്രജന്‍ 78%, ഓക്സിജന്‍ 20.9% കാര്‍ബണ്‍ഡയോക്സൈഡ് 0.03% മറ്റ് ഘടകങ്ങള്‍ 1.07% ശതമാനം എന്നിങ്ങനെയാണ്.
അന്തരീക്ഷവായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കള്‍ വായുവില്‍ കലരുകയോ ചെയ്യുമ്പോള്‍ വായു മലിനമായി എന്ന് പറയുന്നു.
വാഹനപുകയിലെ കാര്‍ബണ്‍ മോണോക്സൈഡ് മനുഷ്യനിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്സി ഹീമോഗ്ലോബിന്‍ ഉണ്ടാകും. ഇത് രക്തത്തിന്റെ ഓക്സിജന്‍ വഹിക്കാനുള്ള കഴിവ് കുറയ്ക്കും. വിറക്, കല്‍ക്കരി തുടങ്ങിയവ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ആഗോളതാപനത്തിന് കാരണമാകും. ഫാക്ടറികളില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന സള്‍ഫര്‍ ഡയോക്സൈഡ് ശ്വാസകോശാര്‍ബുദംപോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും ഉത്പാദിപ്പിക്കുന്ന നൈട്രജന്‍ ഓക്സൈഡുകള്‍ അമ്ലമഴയ്ക്കും കാരണമാകുന്നു.
സൈലന്റ് വാലി
പാലക്കാട് ജില്ലയിലെ സൈലന്റ്വാലിയെ 1984-ല്‍ അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
* 1985-ല്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി, ഇവിടെ നാഷണല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
* സൈലന്റ്വാലിയെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് റോബര്‍ട്ട് വൈറ്റ് ആണ്.
* സൈലന്റ്വാലിയിലെ പ്രധാന സംരക്ഷണമൃഗം സിംഹവാലന്‍ കുരങ്ങാണ്.
* സിംഹവാലന്‍കുരങ്ങിന്റെ ശാസ്ത്രനാമം മക്കാക്ക സൈലനസ് എന്നാണ്.
* ചീവീടുകളുടെ ശബ്ദമില്ലാത്തതിനാലാണ് സൈലന്റ്വാലിക്ക് ആ പേര് ലഭിച്ചത്.
ഓസോണ്‍ ശോഷണം
സൂര്യനില്‍ നിന്ന് വരുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ജീവമണ്ഡലത്തെ രക്ഷിക്കുന്ന അന്തരീക്ഷപാളിയാണ് ഓസോണ്‍. ഓക്സിജന്റെ ഒരു രൂപാന്തരത്വമാണ് ഓസോണ്‍. ഒരു ഓസോണ്‍ തന്മാത്രയില്‍ മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ടാകും (O3). ഓസോണ്‍ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്. ഓസോണ്‍പാളിയുടെ കനം അളക്കുന്ന യൂണിറ്റാണ് ഡോബ്സണ്‍. ശീതീകരണ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍, ഹാലോണുകള്‍ തുടങ്ങിയവ ഓസോണ്‍പാളിയുടെ നാശത്തിന് കാരണമാകുന്നു.
സി.എഫ്.സികളാണ് ഓസോണ്‍പാളിയുടെ നാശത്തിന് മുഖ്യകാരണം എന്ന് കണ്ടുപിടിച്ചത് ഷെര്‍വുഡ് റോലാന്‍ഡ്, മാറിയോ മോളിന എന്നീ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ്. സെപ്റ്റംബര്‍ 16 എല്ലാവര്‍ഷവും ഓസോണ്‍ദിനമായി ആചരിക്കുന്നു.
ആഗോളതാപനം
സൂര്യതാപംമൂലം ഭൂമി ചൂടുപിടിക്കും. ചൂടുപിടിച്ച ഭൂമിയില്‍നിന്ന് താപതരംഗങ്ങള്‍ മുകളിലേക്ക് ഉയരും. അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ചൂടിനെ പുറത്തേക്ക് വിടാതെ തിരിച്ച് ഭൂമിയിലേക്കുതന്നെ അയക്കും. അത് അന്തരീക്ഷത്തിന്റെ ചൂട് കൂടുന്നതിന് കാരണമാകും. ഈ പ്രതിഭാസമാണ് ഹരിതഗൃഹപ്രഭാവം. 1824-ല്‍ ജോസഫ് ഫോറിയറാണ് ഇത് കണ്ടെത്തിയത്.
ഹരിതഗൃഹപ്രഭാവത്തിന് പ്രധാനമായും കാരണമാകുന്ന വാതകങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡും നീരാവിയുമാണ്. മീഥൈന്‍, നൈട്രസ് ഓക്സൈഡ്, ഓസോണ്‍ തുടങ്ങിയവയെല്ലാം ഹരിതഗൃഹവാതകങ്ങളാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രത പി.പി.എമ്മിലാണ് (പാര്‍ട്സ് പെര്‍ മില്യണ്‍) സാധാരണ പറയുന്നത്. ഹരിതഗൃഹപ്രഭാവം ആഗോളതാപനത്തിന് കാരണമാകുന്നു. വ്യവസായശാലകളില്‍നിന്നും വാഹനങ്ങളില്‍നിന്നും പുറത്തുവരുന്ന കാര്‍ബണ്‍ ഡൈയോക്സൈഡ്, വയലുകളില്‍ നിന്നും ചതുപ്പുകളില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മീഥൈന്‍ എന്നിവ ആഗോളതാപനത്തിന് വലിയ പങ്കുവഹിക്കുന്നു. ഇത് കാലാവസ്ഥാവ്യതിയാനത്തിനും കാരണമാവുന്നു.
ജൈവവൈവിധ്യം
ഭൂമിയിലെ വിവിധ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അവയുടെ ആവാസവ്യവസ്ഥയും ഒക്കെ ചേര്‍ന്ന ജൈവസമ്പന്നതയാണ് ബയോഡൈവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുന്നത്. 1986 വാള്‍ട്ടര്‍ ജി റോസന്‍ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ജനിതക വൈവിധ്യം, സ്പീഷീസ് വൈവിധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിവയാണ് ജൈവവൈവിധ്യത്തിന്റെ മൂന്ന് തലങ്ങള്‍.
ബയോഡൈവേഴ്സിറ്റി ഹോട്‌സ്പോട്ട്
ബയോഡൈവേഴ്സിറ്റി ഹോട്‌സ്പോട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷ് പരിസ്ഥിതിശാസ്ത്രജ്ഞനായ നോര്‍മന്‍ മയേഴ്സ് ആണ്. വൈവിധ്യമാര്‍ന്ന ധാരാളം ജീവജാതികളുള്ളതും ഏറെ വംശഭീഷനാശ ഭീഷണി നിലനില്‍ക്കുന്നതുമായ പ്രദേശങ്ങളെയാണ് ഈ പദംകൊണ്ട് സൂചിപ്പിക്കുന്നത്.
ഒരു പ്രദേശം ഹോട്‌സ്പോട്ട് ആകണമെങ്കില്‍ അവിടെ ചുരുങ്ങിയത് 1500 തദ്ദേശീയമായ സസ്യങ്ങളെങ്കിലും ഉണ്ടായിരിക്കണം. അവിടത്തെ യഥാര്‍ഥ ആവാസവ്യവസ്ഥയുടെ 70 ശതമാനത്തോളം ഭാഗം പാരിസ്ഥിതിക ഭീഷണി നേരിടണം. ലോകമൊട്ടാകെ 34 ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നാല് ഹോട്‌സ്പോട്ടുകളാണുള്ളത്.
1. കിഴക്കന്‍ ഹിമാലയ സാനുക്കള്‍,
2. പശ്ചിമഘട്ടം, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.
3. ഇന്‍ഡോ-ബര്‍മന്‍ പ്രദേശങ്ങള്‍.
4. സുന്ദ ലാന്‍ഡ്
വന്യജീവിസങ്കേതങ്ങള്‍
കേരളത്തില്‍ 18 വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ട് ബയോസ്ഫിയര്‍ റിസര്‍വുകളും ഒരു കമ്യൂണിറ്റി റിസര്‍വും ഉണ്ട്. നീലഗിരി, അഗസ്ത്യമല എന്നിവയാണ് ബയോസ്ഫിയര്‍ റിസര്‍വുകള്‍. ജൈവവൈവിധ്യ സംരക്ഷണത്തിനായി ഇന്ത്യയില്‍ നടപ്പാക്കിയവയാണ് പ്രോജക്ട് ടൈഗര്‍, പ്രോജക്ട് എലിഫെന്റ് എന്നീ പദ്ധതികള്‍.
പ്രോജക്ട് എലിഫന്റ്: ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് 1992-ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്റ്റ് എലിഫന്റ്. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കിയത്. കേരളത്തില്‍ നാല് പ്രോജക്റ്റ് എലിഫന്റ് ആനസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ആനമുടി, വയനാട്, നിലമ്പൂര്‍, പെരിയാര്‍ എന്നിവയാണവ.
പ്രൊജക്ട് ടൈഗര്‍: 1973-ലാണ് ആരംഭിച്ചത്. ഇന്ത്യയില്‍ 50 ടൈഗര്‍ റിസര്‍വുകളുണ്ട്. കടുവസംരക്ഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ നാഷണല്‍ പാര്‍ക്കാണ് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്. ആന്ധ്രാപ്രദേശിലെ നാഗാര്‍ജുനസാഗര്‍ ടൈഗര്‍ റിസര്‍വാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവസംരക്ഷണകേന്ദ്രം. മഹാരാഷ്ട്രയിലെ പെഞ്ച് ആണ് ഏറ്റവും ചെറുത്. കേരളത്തിലെ കടുവസംരക്ഷണകേന്ദ്രങ്ങളാണ് പെരിയാറും പറമ്പിക്കുളവും. ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്.
പശ്ചിമഘട്ടം
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട സംരക്ഷിതപ്രദേശമാണ് പശ്ചിമഘട്ടം. അറബിക്കടലിന് സമാന്തരമായി 1600 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. കന്യാകുമാരിമുതല്‍ താപ്തിനദിവരെ നീണ്ടുകിടക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ് പാലക്കാട് ചുരം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടിയാണ് (2695 മീറ്റര്‍).
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
പശ്ചിമഘട്ടത്തിന്റെ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുക, പരിസ്ഥിതിലോലപ്രദേശങ്ങളും മറ്റും കൃത്യമായി അടയാളപ്പെടുത്തുക, ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, പശ്ചിമഘട്ട സംരക്ഷണം ശാസ്ത്രീയമായി നടപ്പാക്കാന്‍ കഴിയുന്ന പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി 2010 മാര്‍ച്ച് 4-ന് രൂപവത്കരിക്കപ്പെട്ടു. പ്രസിദ്ധ പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗിലായിരുന്നു അധ്യക്ഷന്‍. മൂന്നുതരം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പശ്ചിമഘട്ടത്തെ വിവിധ പരിസ്ഥിതിമേഖലകളായി തിരിക്കാമെന്ന് വിദഗ്ധസമിതി കണ്ടെത്തി.
ഓരോ പ്രദേശത്തും നടത്തേണ്ട കാര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ കമ്മിറ്റി മുന്നോട്ടുവെച്ചു. രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായി പരിശോധിക്കുന്നതിനുവേണ്ടി ബഹിരാകാശശാസ്ത്രജ്ഞനായ ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിയോഗിച്ചു.
കസ്തൂരിരംഗന്‍ സമിതി സ്വാഭാവിക വനങ്ങളും ജൈവമണ്ഡലങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളെ സ്വാഭാവിക ഭൂവിഭാഗം എന്നും മനുഷ്യന്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ സാംസ്‌കാരിക വിഭാഗം എന്നും തരംതിരിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും മലയോരമേഖലയിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ടാക്കി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഉമ്മന്‍ വി. ഉമ്മന്‍ അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിച്ചു. മനുഷ്യവാസകേന്ദ്രമാണോ പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശമാണോ എന്ന് നിര്‍ണയിക്കുന്നത് നേരിട്ടുള്ള പരിശോധനയ്ക്കുശേഷമാവണം എന്നും സംയോജിതകൃഷി വ്യാപിപ്പിക്കണമെന്നും ഖനനം, പാറപൊട്ടിക്കല്‍ തുടങ്ങിയവ നിരോധിക്കണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്.
ഗ്രെറ്റ തുന്‍ബെര്‍ഗ്
സ്വീഡനിലെ പരിസ്ഥിതിപ്രവര്‍ത്തകയായ പെണ്‍കുട്ടിയാണ് ഗ്രെറ്റ തുന്‍ബെര്‍ഗ്. കാലാവസ്ഥയ്ക്കുവേണ്ടിയുള്ള സ്‌കൂള്‍സമരങ്ങളാണ് ഗ്രെറ്റയെ പ്രസിദ്ധയാക്കിയത്. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് കാലാവസ്ഥയ്ക്കുവേണ്ടി ഗ്രെറ്റയുടെ നേതൃത്വത്തില്‍ സമരംചെയ്യുന്നു.
ബദല്‍ നൊബേല്‍സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് (2019), 2019-ലെ കുട്ടികള്‍ക്കുള്ള സമാധാന സമ്മാനം തുടങ്ങിയവ ഗ്രെറ്റ നേടി. 2019-ല്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തിരഞ്ഞെടുത്തത് ഗ്രെറ്റ തുന്‍ബെര്‍ഗിനെയാണ്.
Content Highlights: Environment and biodiversity, Global warming pollution, greta thunberg