നുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട് രസതന്ത്ര വിജ്ഞാനത്തിന്. നിത്യജീവിതത്തിലെ പലവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് രസതന്ത്രത്തിന്റെ തുടക്കം. 

കൃഷിയിലെ രസതന്ത്രം

മനുഷ്യന്‍ കൃഷിയാരംഭിച്ചിട്ട് പതിനായിരത്തോളം വര്‍ഷമായെങ്കിലും മണ്ണിന്റെ വളക്കൂറിനെപ്പറ്റി ശരിയായ ധാരണയുണ്ടാകുന്നത് അടുത്തകാലത്തുമാത്രമാണ്. ചാണകം മണ്ണില്‍ച്ചേര്‍ക്കുന്നത് നല്ലതാണെന്ന് നിരീക്ഷിച്ചത് ഫ്രഞ്ച് രസതന്ത്രജ്ഞനായ ബര്‍നാര്‍ഡ് പല്ലിസി (Bernard Palissy)യാണ്- 1563-ല്‍. വെള്ളവും കാര്‍ബണ്‍ഡൈ ഓക്സൈഡും മാത്രമല്ല സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് മറ്റുപല മൂലകങ്ങളും ആവശ്യമുണ്ടെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞനായ വോണ്‍ ലീബിഗ് (Justus Freiherr von Liebig) 1840-ല്‍ തെളിയിച്ചു. 

ജനസംഖ്യ പെരുകിയതോടെ അവരെ തീറ്റിപ്പോറ്റാന്‍ കാര്‍ഷികരംഗത്ത് പുതിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നു. കൃഷിസ്ഥലത്ത് വേണ്ടത്ര ധാതുലവണങ്ങളും കൃത്രിമവളങ്ങളും ചേര്‍ത്ത് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി. ജൈവകീടനാശിനികള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം മതിയാവാതെ വന്നു. പുതിയ പുതിയ രാസകീടനാശിനികള്‍ രംഗത്തുവന്നു.

സസ്യവളര്‍ച്ചയ്ക്ക് അത്യാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയടങ്ങിയ വളങ്ങള്‍ (എന്‍.പി.കെ. വളങ്ങള്‍) വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ചെടികള്‍ക്ക് ആരോഗ്യവും ഉന്മേഷവും നല്‍കുന്നതിനും ഇലകളെ സൗരോര്‍ജം കൂടുതല്‍ അവശോഷണം ചെയ്യാന്‍ സഹായിക്കുന്നതിനും കിഴങ്ങുവിളകള്‍ക്ക് കൂടുതല്‍ വലുപ്പം ലഭിക്കാനും പൊട്ടാസ്യം സഹായകരമാണ്. 

സസ്യഭാഗങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ചാരം വെള്ളത്തില്‍ കലക്കി ആ ലായനി ബാഷ്പീകരിച്ച് അവശിഷ്ടം ഭസ്മമാക്കിയായിരുന്നു ആദ്യകാലങ്ങളില്‍ പൊട്ടാസ്യം നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ധാതുക്കളില്‍നിന്ന് ലഭിക്കുന്നവയാണ്. പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം സള്‍ഫേറ്റ്, മൂറിറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പൊട്ടാസ്യം വളങ്ങള്‍.

ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യവിളകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ വളമാണ് ഫോസ്ഫേറ്റ്. കൂടാതെ മഴ കുറവായ പ്രദേശങ്ങളില്‍ വിളവര്‍ധനയ്ക്കും വേഗം മൂപ്പെത്തുവാനും ഫോസ്ഫേറ്റുകള്‍ സഹായിക്കുന്നു. എല്ലുകളിലെ ഫോസ്ഫേറ്റ്, ചെടികള്‍ക്ക് എളുപ്പം ഉപയോഗിക്കത്തക്കവിധം പൊടിച്ച് സള്‍ഫ്യൂറിക്ആസിഡുമായി ചേര്‍ത്തായിരുന്നു ആദ്യകാലങ്ങളില്‍ പ്രയോഗിച്ചിരുന്നത്. ജിപ്സത്തിന്റെയും ഫോസ്ഫേറ്റിന്റെയും മിശ്രിതമാണ് സൂപ്പര്‍ഫോസ്ഫേറ്റ്. പിന്നീട് ഫോസ്ഫേറ്റ് പാറകള്‍ കണ്ടുപിടിച്ചു. സൂപ്പര്‍ ഫോസ്ഫേറ്റ് ഇപ്പോള്‍ ഫോസ്ഫേറ്റ് പാറകളില്‍നിന്നാണ് നിര്‍മിക്കുന്നത്. സൂപ്പര്‍ഫോസ്ഫേറ്റ്, എല്ലുപൊടി, അമോണിയംഫോസ്ഫേറ്റ്, കാല്‍സ്യംഫോസ്ഫേറ്റ് എന്നിവയാണ് പ്രധാന ഫോസ്ഫേറ്റ് വളങ്ങള്‍. 

ഫലപ്രദമായകീടനിയന്ത്രണം, കൂടുതല്‍ ലഭ്യത, തയ്യാറാക്കാനുള്ള സൗകര്യം എന്നിവ കൃത്രിമ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ കാരണമായി. കൃത്രിമ വളങ്ങളുടെയും കീടനാശിനികളുടെയും കളനാശിനികളുടെയും അമിതോപയോഗം ഇന്ന് ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. രാസവളങ്ങളുടെ അമിതോപയോഗം മണ്ണിനെ നിര്‍ജീവവും ഊഷരവുമാക്കുന്നു.

നൈട്രജനും കൃഷിയും 

പയറുവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ക്കുമാത്രമേ ബാക്ടീരിയയുടെ സഹായത്തോടെ നൈട്രജന്‍ ശേഖരിച്ചുവയ്ക്കാനുള്ള കഴിവുള്ളൂ. മിക്ക വിളകള്‍ക്കും ഇത് സാധ്യമല്ലാത്തതിനാല്‍ സംയോജിതരീതിയിലുള്ള നൈട്രജന്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുകയേ നിര്‍വാഹമുള്ളൂ. കല്‍ക്കരിയില്‍നിന്നുകിട്ടുന്ന അമോണിയയും വെടിയുപ്പുമെല്ലാമായിരുന്നു ആദ്യകാല നൈട്രജന്‍ വളങ്ങള്‍. അമോണിയം സള്‍ഫേറ്റ്, അമോണിയം നൈട്രേറ്റ്, യൂറിയ എന്നിവയാണ് പ്രധാന നൈട്രജന്‍ വളങ്ങള്‍.

ലോകം ചലിപ്പിച്ച പെട്രോള്‍

സമുദ്രജീവികളുടെ അവശിഷ്ടങ്ങള്‍ അനേക വര്‍ഷക്കാലം ഭൂമിക്കടിയില്‍ കിടന്ന് രാസപരിണാമത്തിന് വിധേയമായി ഉണ്ടായ ഹൈഡ്രോകാര്‍ബണ്‍ മിശ്രിതമാണ് പെട്രോളിയം. ഇത് യന്ത്രസംവിധാനങ്ങളുപയോഗിച്ച് ഖനനം ചെയ്‌തെടുക്കുന്നതാണ് പെട്രോളിയം അഥവാ ക്രൂഡ് ഓയില്‍. പെട്രോളിയത്തിന്റെ വിവിധ ഹൈഡ്രോകാര്‍ബണുകള്‍ക്കൊപ്പം ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ തുടങ്ങിയ മറ്റ് ഓര്‍ഗാനിക് സംയുക്തങ്ങളും കണ്ടുവരുന്നു. 

പെട്രോളിയത്തെ അംശികസ്വേദനമെന്ന രസതന്ത്ര പ്രവര്‍ത്തനത്തിന് വിധേയമാക്കിയാണ് ചലിപ്പിക്കുന്ന ഊര്‍ജസ്രോതസ്സുകളായ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയും ഗാര്‍ഹിക വ്യാവസായിക ഇന്ധനമായ സാന്ദ്രീകരിക്കപ്പെടാത്ത വാതകങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കളായ പെട്രോളിയം ജെല്ലി, പാരഫിന്‍വാക്സ്, സ്റ്റേഹകമായ ഗ്രീസ്, മെഴുക്, ബൂട്ട്പോളിഷ്, വാക്സ്, ടാര്‍പോളിന്‍ഷീറ്റ്, റോഡ് ടാറിങ്ങിനുപയോഗിക്കുന്ന ബിറ്റുമിന്‍ എന്നീഘടകങ്ങളും വേര്‍തിരിച്ചെടുക്കുന്നത്. പെട്രോളിയത്തില്‍നിന്ന് ലഭിക്കുന്ന ഹൈഡ്രോ കാര്‍ബണുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന രാസവസ്തുക്കളാണ് പെട്രോകെമിക്കലുകള്‍.

ചികിത്സയിലെ രസതന്ത്രം 

ജൈവശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത് രാസപദാര്‍ഥങ്ങള്‍കൊണ്ടാണ്. ജൈവപ്രവര്‍ത്തനങ്ങളെല്ലാം അതുകൊണ്ടുതന്നെ രാസപ്രവര്‍ത്തനങ്ങളാണ്. ഇത്തരം രാസപ്രവര്‍ത്തനങ്ങളില്‍ വരുന്ന വൈകല്യമാണ് രോഗാവസ്ഥ. ശരീരത്തില്‍ അനുയോജ്യമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ചില രാസപദാര്‍ഥങ്ങളുടെ പ്രയോഗത്തിലൂടെ സൃഷ്ടിച്ച് രോഗം മാറ്റാം എന്നതാണ് ആധുനിക ചികിത്സാ സമ്പ്രദായം.

1772-ല്‍ പ്രീസ്റ്റ്ലി (Joseph Priestley) കണ്ടുപിടിച്ച നൈട്രസ് ഓക്‌സൈഡ് വാതകം ബോധംകെടുത്താനുപയോഗിക്കാമെന്ന് നിര്‍ദേശിച്ചത് സര്‍ ഹംഫ്രി ഡേവി(Sir Humphry Davy) യാണ്, 1800-ല്‍. തുടര്‍ന്ന് ഈഥറും ക്ലോറോഫോമുമെല്ലാം ഇതിനായി ഉപയോഗിച്ചുതുടങ്ങി. പിന്നീട് ശരീരത്തിന്റെ പ്രത്യേകഭാഗങ്ങളെ മാത്രം മരവിപ്പിക്കുന്ന രാസവസ്തുക്കള്‍ രംഗത്തുവന്നു. ആധുനിക ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന എല്ലാ ഔഷധങ്ങളിലും അടങ്ങിയിട്ടുള്ളത് രാസപദാര്‍ഥങ്ങളാണ്. 

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ് രാസവസ്തുക്കളുപയോഗിച്ചുള്ള രോഗശമനൗഷധങ്ങള്‍ രംഗത്തുവന്നത്. 1935-ല്‍ ഡൊമാഖ് (Gerald Domagk) സള്‍ഫാ ഔഷധം കണ്ടുപിടിച്ചതോടെ രാസചികിത്സ പ്രചാരത്തിലായി. രോഗങ്ങള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ ഇന്നും പുതിയ പുതിയ രാസവസ്തുക്കള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 

രോഗപ്രതിരോധത്തിനായും രോഗനിര്‍ണയത്തിനായും രോഗത്തെ ശമിപ്പിക്കുന്നതിനായും നാം ഒട്ടേറെ ഔഷധങ്ങളെ ഉപയോഗപ്പെടുത്തുന്നു. കൂടാതെ വേദനസംഹാരികളായും അണുനാശിനികളായും ഔഷധങ്ങളെ പ്രയോജനപ്പെടുത്തുന്നു. ഇവയെയൊക്കെ വ്യത്യസ്തമാക്കുന്നത് അവയിലടങ്ങിയിരിക്കുന്ന വ്യത്യസ്ത രാസഘടകങ്ങളാണ്.

ആധുനികവൈദ്യശാസ്ത്രം വേദനസംഹാരികളായി അനാള്‍ജസിക്കുകള്‍ (Analgesics) ഉപയോഗിക്കുന്നു. ശരീരതാപനില അഥവാ പനി കുറയ്ക്കുന്നതിനായി ആന്റിപൈററ്റിക്കുകളും (അിശേു്യൃലശേര)െ അസിഡിറ്റി കുറയ്ക്കുന്നതിനായി അന്റാസിഡുകളും (Antacids) ഉപയോഗിക്കുന്നു. സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനായി ആന്റിസെപ്റ്റിക്കുകള്‍ (Antiseptics) ഉപയോഗിക്കുന്നു. രോഗകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനും അവയുടെ വളര്‍ച്ച തടയുന്നതിനുമായി ആന്റിബയോട്ടിക്കുകളും (Antibiotics) അലര്‍ജിക്കെതിരേ ആന്റിഹിസ്റ്റമിനുകളും (Antihistamines) ഉപയോഗിക്കുന്നു. 

ശസ്ത്രക്രിയക്കുംമറ്റും ബോധംകെടുത്താനായി അനസ്‌തെറ്റിക്കുകള്‍(Anaesthetics) പ്രയോജനപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിനെതിരായി ആന്റിനാര്‍ക്കോട്ടിക്കുകളെ( Anti narcotics) പ്രയോജനപ്പെടുത്തുന്നു. ഓരോ ഔഷധത്തിലുമടങ്ങിയ ചില രാസഘടകങ്ങളാണ് രോഗശമനത്തിനായും മറ്റും സഹായകമാകുന്നത്. പല ഔഷധങ്ങളിലും ഒന്നിലധികം രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതരത്തിലുള്ള രാസഘടനകളുടെ സംയോജനങ്ങളും ഉപയോഗപ്പെടുത്തുന്നു.

ഡെറ്റോളും ഫിനോളും: അണുനാശകങ്ങള്‍ രണ്ടുതരമുണ്ട്. ശരീരകലകള്‍ക്ക് ദോഷം ചെയ്യാതെ രോഗാണുക്കളെ നശിപ്പിക്കുന്നത് ആന്റിസെപ്റ്റിക്കുകള്‍. ഉദാ: ഡെറ്റോള്‍. രണ്ടാമത്തേതായ ഡിസ് ഇന്‍ഫെക്ടന്‍ഡുകളാവട്ടെ (disinfectant) രോഗാണുക്കളെ നശിപ്പിക്കുമെങ്കിലും ശരീരകലകള്‍ക്ക് ദോഷമുണ്ടാക്കും. ഉദാ: ഫിനോള്‍.

വെറുമൊരു പൂപ്പലില്‍നിന്ന്

ബാക്ടീരിയാ രോഗങ്ങളോട് പടപൊരുതാന്‍ മനുഷ്യനുകിട്ടിയ 'ദിവ്യായുധ'മാണ് ആന്റിബയോട്ടിക്കുകള്‍. ബാക്ടീരിയകളെ സൂക്ഷിച്ച ഒരു സ്ഫടികപാത്രത്തിലേക്ക് പാറിവീണ പൂപ്പല്‍ ആ ബാക്ടീരിയയെ പൂര്‍ണമായി നശിപ്പിച്ചതായി കണ്ടെത്തിയ അലക്സാണ്ടര്‍ ഫ്‌ളെമിങ്ങാണ് ആന്റിബയോട്ടിക് യുഗത്തിന് തുടക്കം കുറിച്ചത്. ജീവനുള്ള വസ്തുക്കളില്‍നിന്ന് കിട്ടുന്ന ചില പദാര്‍ഥങ്ങളാണ് ബാക്ടീരിയയ്‌ക്കെതിരേ ആദ്യകാലങ്ങളില്‍ പ്രയോഗിച്ചിരുന്നത്. പല ആന്റിബയോട്ടിക്കുകളും ഇന്ന് കൃത്രിമമായും നിര്‍മിച്ചുവരുന്നു.

നിറങ്ങളുടെ രസതന്ത്രം

പ്രകൃതിയിലും കൃത്രിമവസ്തുക്കളിലുമൊക്കെ വര്‍ണ വൈവിധ്യമുണ്ടാക്കുന്നത് വ്യത്യസ്തമായ രാസപദാര്‍ഥങ്ങളാണ്. വസ്ത്രങ്ങള്‍, കെട്ടിടങ്ങള്‍, പ്രിന്റിങ്, ഭക്ഷണ വസ്തുക്കള്‍, പാനീയങ്ങള്‍, ഗ്ലാസ് തുടങ്ങിയവയൊക്കെ വര്‍ണാഭമാക്കാന്‍ നിറങ്ങളെ പ്രയോജനപ്പെടുത്തുന്നു. ആദ്യമായി കൃത്രിമ ചായങ്ങളുണ്ടാക്കിയത് പെര്‍ക്കിന്‍ (William Henry Perkin) എന്നുപേരുള്ള ഒരു പതിനെട്ടുകാരനാണ്. സ്വന്തമായി നടത്തിയ ചില രസതന്ത്ര ഗവേഷണങ്ങള്‍ക്കിടെ 1856- ലാണ് ഈ സംഭവം. 

മലേറിയയ്‌ക്കെതിരായി ഔഷധമായി ഉപയോഗിച്ചിരുന്ന ക്വിനന്‍ സിങ്കോണ മരത്തില്‍നിന്നുമാണ് ലഭിച്ചിരുന്നത്. 'ക്വിനന്‍', കോള്‍ട്ടാറില്‍നിന്നും കൃത്രിമമായി ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രശസ്ത ശാസ്ത്രജ്ഞനായ ഹോഫ്മാനിന്റെ (August Wilhelm von Hofmann) നിരീക്ഷണത്തില്‍ ആവേശം കയറിയാണ് പെര്‍ക്കിന്‍ പരീക്ഷണമാരംഭിച്ചത്. ക്വിനന്‍ നിര്‍മിക്കാനായി പെര്‍ക്കിന്‍, അനിലീനും പൊട്ടാസ്യം ഡൈക്രോമേറ്റും ചേര്‍ത്തുണ്ടാക്കിയ പദാര്‍ഥത്തില്‍ ആല്‍ക്കഹോള്‍കൂടി ചേര്‍ത്തതോടെയാണ് ആദ്യത്തെ കൃത്രിമ ചായം രൂപപ്പെട്ടത്. 'മോവ്' അഥവാ 'അനിലീന്‍ പര്‍പ്പിള്‍' എന്നാണ് ഈ ആദ്യത്തെ ചായം അറിയപ്പെടുന്നത്. 

അലിസാരിന്‍ റെഡ്, ഇന്‍ഡിഗോ ബ്ലൂ (നീലം) എന്നിവ പ്രകൃതിദത്ത ഡൈ അഥവാ ചായങ്ങളാണ്. സിന്തറ്റിക് ഡൈകള്‍ നിര്‍മിക്കുന്നതിനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങളാണ് ബെന്‍സീന്‍, അനുലിന്‍, ഫിനോള്‍ തുടങ്ങിയ ഓര്‍ഗാനിക് സംയുക്തങ്ങള്‍.

സോപ്പിന്റെ രഹസ്യം

മൃഗക്കൊഴുപ്പുകളോ സസ്യഎണ്ണകളോ ഒരു ആല്‍ക്കലിയുമായി (സോഡിയം ഹൈഡ്രോക്സൈഡ്) ചൂടാക്കിയാണ് സോപ്പ് നിര്‍മിക്കുന്നത്. അതിനും മുന്‍പ് എണ്ണയും ചാരവും ചേര്‍ത്ത കുഴമ്പും സോപ്പായി ഉപയോഗിച്ചുപോന്നു. പലതരം നിറങ്ങളും കൃത്രിമ സുഗന്ധവുമെല്ലാം സോപ്പുനിര്‍മാണം ഒരു വന്‍ വ്യവസായമാക്കി മാറ്റി.

ബേബി സോപ്പുകളില്‍ ഒലിവ് എണ്ണയാണ് ചേര്‍ക്കുന്നത്. പൊട്ടാസ്യം ഹൈഡ്രോക്സൈഡും വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന സോപ്പിന്റെ ഒരു ജലലായനിയാണ് ദ്രാവക സോപ്പ്. സോപ്പുനിര്‍മാണത്തില്‍ ലഭിക്കുന്ന ഒരു ഉപോത്പന്നമാണ് ഗ്ലിസറോള്‍. ഗ്ലിസറോള്‍ ചേര്‍ത്താണ് സുതാര്യസോപ്പുകള്‍ നിര്‍മിക്കുന്നത്. 

സോപ്പുകളേക്കാള്‍ ശുചീകരണ ശേഷിയുള്ള വസ്തുവിനുവേണ്ടിയുള്ള അന്വേഷണമാണ് ഡിറ്റര്‍ജന്റുകളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഡിറ്റര്‍ജന്റുകളില്‍ ധാരാളം സിന്തറ്റിക്ക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. സോപ്പില്ലാത്ത സോപ്പ് എന്നാണിവ അറിയപ്പെടുന്നത്. കാരണം അവ സോപ്പുപോലെ പ്രവര്‍ത്തിക്കുമെങ്കിലും അവയില്‍ സോഡിയം സ്റ്റിയറേറ്റ് പോലുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടില്ല.

സിന്തറ്റിക് ഡിറ്റര്‍ജന്റ് എന്നാല്‍ ബെന്‍സീന്‍ സള്‍ഫോണിക് ആസിഡിന്റെയോ ഒരു ആല്‍ക്കൈന്‍ ഹൈഡ്രജന്‍ സള്‍ഫേറ്റിന്റെയോ സോഡിയം ലവണമാണ്. സോപ്പുകളേക്കാള്‍ പതിന്മടങ്ങ് ശേഷിയുള്ളതിനാല്‍ ഇന്ന് ഡിറ്റര്‍ജന്റുകള്‍ വളരെയേറെ പ്രചാരത്തിലായിക്കഴിഞ്ഞു. അത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തുടങ്ങിയിട്ടുണ്ട്. ഡിറ്റര്‍ജന്റുകളിലടങ്ങിയിട്ടുള്ള ആല്‍ക്കൈന്‍ ബെന്‍സീന്‍ സള്‍ഫോണേറ്റിന്റെ സാന്നിധ്യംമൂലം ബാക്ടീരിയങ്ങള്‍ക്ക് അവയെ നശിപ്പിക്കാന്‍ സാധ്യമല്ല. വെള്ളത്തില്‍ ആല്‍ഗകള്‍ ക്രമാതീതമായി പെരുകുന്നതിനും അതുവഴി ജലത്തില്‍ ഓക്സിജന്‍ ദൗര്‍ലഭ്യമനുഭവപ്പെടുന്നതിനും ഡിറ്റര്‍ജന്റുകള്‍ കാരണമാകുന്നു. ഇത് ജലജീവികളുടെ നാശത്തിന് കാരണമാകുന്നു.

കാപ്സ്യൂളിലെ പ്ലാസ്റ്റിക് 

മണ്ണില്‍ ലയിക്കുന്ന അഥവാ സൂക്ഷ്മജീവികള്‍ക്ക് വിഘടിപ്പിക്കാന്‍ കഴിയുന്ന ലഘു തന്മാത്രകള്‍ മോണോമെറായുള്ള പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. പോളിഹൈഡ്രോക്സി ബ്യൂട്ടേറ്റ് - കോ- ബീറ്റാ ഹൈഡ്രോക്സി വാലറ്റേറ്റ് (ജഒആഢ) ഇതിനുദാഹരണമാണ്. കാപ്സ്യൂള്‍ മരുന്നുകള്‍ പൊതിയുന്നത് ഇതുപയോഗിച്ചാണ്. ഉള്ളിലെത്തുമ്പോള്‍ അവ വിഘടിക്കുകയും മരുന്ന് പുറത്തുവരികയും ചെയ്യും. 

Content Highlights: Chemistry in daily life, from soap to health, coloring agents, kerala PSC exam