പ്രതിപക്ഷ ബഹളത്തിനിടയിലും പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. സാധാരണക്കാരുടെ ആശ്രയമായ പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്ന വാദമുയര്‍ത്തി പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ഇരുസഭകളിലും ബില്ല് പാസായി. പാര്‍മെന്റിലെ നിയമ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയാം.

പബ്ലിക് ബില്ലും പ്രൈവറ്റ് ബില്ലും

സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് പബ്ലിക് ബില്‍ എന്നറിയപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയായിരിക്കും ഇത് സഭയില്‍ അവതരിപ്പിക്കുക. സര്‍ക്കാരിന്റെ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളാവും പബ്ലിക് ബില്ലിലൂടെ അവതരിപ്പിക്കപ്പെടുക. അവതരിപ്പിക്കാനായി ഏഴ് ദിവസംമുന്‍പ് നോട്ടീസ് നല്‍കി അനുവാദം വാങ്ങിയിരിക്കണം. സഭയില്‍ ഭൂരിപക്ഷമുള്ളത് ഭരണപക്ഷത്തിനായതില്‍ത്തന്നെ ഇത് പാസാകാനുള്ള സാധ്യതയും കൂടുതലാണ്. അഥവാ പാസായില്ലെങ്കില്‍ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വരും.

മന്ത്രിമാരൊഴികെയുള്ള ഏതെങ്കിലും പാര്‍ലമെന്റ് അംഗം അവതരിപ്പിക്കുന്ന ബില്ലിനെ പ്രൈവറ്റ് ബില്‍ എന്നു പറയുന്നു. പൊതുകാര്യങ്ങളിലെ പ്രതിപക്ഷത്തിന്റെ നിലപാടായിരിക്കും പ്രൈവറ്റ് ബില്ലുകളില്‍ ഉണ്ടായിരിക്കുക. പ്രൈവറ്റ് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഒരുമാസം മുന്‍പ് നോട്ടീസ് നല്‍കണം.

ബില്ലുകള്‍ നിയമമാകുന്നതിങ്ങനെ

ഓഡിനറി ബില്ലുകള്‍ രാജ്യസഭയിലോ ലോക്‌സഭയിലോ അവതരിപ്പിക്കാം.  ബില്ലിന്റെ സംക്ഷിപ്ത രൂപവും ഉദ്ദേശ്യലക്ഷ്യങ്ങളും അവതരിപ്പിക്കുന്ന ആള്‍ വായിക്കുന്ന ഫസ്റ്റ് റീഡിങാണ് ബില്‍ അവതരണത്തിലെ ആദ്യഘട്ടം. വിശദമായ ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കില്ല. ഇതിനുശേഷം ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 

മൂന്ന് ഘട്ടങ്ങള്‍ ചേര്‍ന്നതാണ് സെക്കന്‍ഡ് റീഡിങ്. പൊതുചര്‍ച്ച, കമ്മിറ്റി ഘട്ടം, ചര്‍ച്ചയ്ക്ക് പരിഗണിക്കല്‍ എന്നിവയാണവ. ബില്ലുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍, തത്തവങ്ങള്‍ എന്നിവയില്‍ വിശദമായ ചര്‍ച്ച നടക്കുന്നത് ഈ ഘട്ടത്തിലാണ്. ബില്ല് പാസാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഘട്ടമാണ് മൂന്നാം വായന. ബില്ല് വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു.

അവതരിപ്പിക്കപ്പെടുന്ന സഭയില്‍ പാസായാല്‍ മാത്രം രണ്ടാമത്തെ സഭയിലേക്ക് ബില്‍ പോവുന്നു. അവിടെയും ഒന്നാമത്തെ സഭയില്‍ നടന്ന അതെ നടപടികള്‍ ഉണ്ടാകും. ഇരുസഭകളിലും പാസാകുന്ന ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി വിടുകയും ചെയ്യുന്നു. ഇരു സഭകളിലെ ചര്‍ച്ചയ്ക്കൊടുവിലും തീരുമാനമായില്ലെങ്കില്‍ രാഷ്ട്രപതിക്ക് സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ വോട്ടിനിടാം.

സഭകളില്‍ പാസാകുന്ന ബില്ലില്‍ രാഷ്ട്രപതിക്ക് ഒപ്പുവെക്കുകയോ മാറ്റങ്ങള്‍ വരുത്താനായി സഭയിലേക്ക് തിരിച്ചയക്കുകയോ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. തിരിച്ചയക്കുന്ന ബില്‍ വീണ്ടും പരിഗണനയ്ക്ക് എത്തിയാല്‍ രാഷ്ട്രപതി ഒപ്പുവെച്ചേ മതിയാകൂ. 

മണി ബില്‍

നികുതി ചുമത്തലും നിയന്ത്രണങ്ങളും, സര്‍ക്കാരിന് വായ്പ വാങ്ങുന്നതിനുള്ള നിയന്ത്രണം, കണ്‍സോളിഡേറ്റഡ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആറോളം വിഷയങ്ങള്‍ മണി ബില്ലായാണ് അവതരിപ്പിക്കുക. 

മണി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതില്ല. ഒരിക്കല്‍ ലോക്സഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയാല്‍ ഇത് മണി ബില്‍ ആണെന്ന സ്പീക്കറുടെ സാക്ഷ്യപത്രത്തോടെ രാജ്യസഭയിലേക്കയയ്ക്കും. രാജ്യസഭയ്ക്ക് ബില്‍ തള്ളാനോ അതില്‍ ഭേദഗതി വരുത്താനോ അനുവാദമില്ല. 14 ദിവസത്തിനകം ലോക്സഭയ്ക്ക് ഇത് തിരിച്ചയയ്ക്കുകയും വേണം. അതിനുശേഷം ലോക്സഭയ്ക്ക് വേണമെങ്കില്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. ബില്‍ 14 ദിവസത്തിനകം ലോക്സഭയിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും അത് പാസാക്കാം.

ഓഡിനന്‍സ്

താത്‌കാലികമായി നിര്‍മിക്കുന്ന നിയമമാണ് ഓഡിനന്‍സ്. പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ പോലെ തന്നെ നിയമസാധുത ഓഡിനന്‍സുകള്‍ക്കുണ്ട്. പാര്‍ലമെന്റിലെ ഇരുസഭകളും പ്രവര്‍ത്തിക്കാതിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ഓഡിനന്‍സ് പുറപ്പെടുവിക്കാം. യൂണിയന്‍ ലിസ്റ്റിലോ കണ്‍കറന്റ് ലിസ്റ്റിലോ ഉള്‍പ്പെട്ട വിഷയത്തില്‍ മാത്രമേ രാഷ്ട്രപതിക്ക് ഓഡിനന്‍സ് പുറപ്പെടുവിക്കാനാകൂ. ഇതിനെ പിന്നീട് പാര്‍ലമെന്റ് സമ്മേളത്തില്‍ നിയമമാക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഓഡിനനന്‍സ് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്.

ചോദ്യങ്ങള്‍

ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെ അംഗബലം?
-543
രാജ്യസഭയുടെ അധ്യക്ഷനാര്?
-ഉപരാഷ്ട്രപതി
ലോക്‌സഭയുടെ 17-ാമത്തെ സ്പീക്കറാര്?
-ഓം ബിര്‍ല
ലോക്‌സഭയെ പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണുള്ളത്?
-രാഷ്ട്രപതി
ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്രവര്‍ഷമാണ്?
- ആറുവര്‍ഷം
രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നു?
- 12 അംഗങ്ങളെ
ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ മണി ബില്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കാണ്?
-സ്പീക്കര്‍
മണി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദമേത്?
-അനുച്ഛേദം 110

Content Highlights: Law Making Procedures in Indian Parliament