ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ആധാരം സസ്യങ്ങളാണ്. അവ ഉത്പാദിപ്പിക്കുന്ന ഓക്‌സിജനാണ് മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നമുക്കുവേണ്ടിവരുന്ന 80% ആഹാരം സസ്യങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. വസ്ത്രങ്ങള്‍, പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള ഉപയോഗം തുടങ്ങി പരമ്പരാഗത നാട്ടുചികിത്സ മുതല്‍ അത്യാധുനിക മരുന്നുകള്‍ വരെ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളില്‍നിന്നും (ആല്‍ക്കലോയ്ഡ്, ടെര്‍പ്പിനോയ്ഡ്‌സ്, പോളീഫീനോള്‍ഡ്, ഗ്ലൈക്കോസൈഡ്സ് മുതലായവ) വേര്‍തിരിച്ചെടുക്കുന്നവയാണ്. ലോകജനസംഖ്യയുടെ പകുതിയില്‍ അധികം പേരുടെയും പ്രധാന വരുമാനമാര്‍ഗം സസ്യങ്ങളെയാശ്രയിച്ചാണുള്ളത്. അതായത് ലോകരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി പോലും സസ്യസമ്പത്തിനെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ സസ്യങ്ങളുടെ ആരോഗ്യത്തിന്, അല്ലെങ്കില്‍ അവയുടെ സ്വാഭാവികമായ നിലനില്‍പ്പിന് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍, ലോകത്ത് അധിവസിക്കുന്ന ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട ദുര്‍ബല ജനതയുടെ നിത്യജീവിതത്തെ അത് സാരമായി ബാധിക്കും.

ഐക്യരാഷ്ട്രസഭയുടെ 2018ലെ ജനറല്‍ അസംബ്ലിയിലാണ് 2020 അന്താരാഷ്ട്ര സസ്യ ആരോഗ്യവര്‍ഷം (International Year of Plant Health - IYPH) ആയി ആചരിക്കാന്‍ തീരുമാനമായത്. സസ്യങ്ങളുടെ ആരോഗ്യപരിപാലനത്തിലൂടെ ദാരിദ്ര്യ ലഘൂകരണം, പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ സാമ്പത്തികപുരോഗതി എന്നിവ ലക്ഷ്യമിടുന്നു. ഒപ്പം അന്തര്‍ദേശീയ, ദേശീയ, തദ്ദേശീയമായ സസ്യആരോഗ്യ പ്രസ്ഥാനങ്ങളെക്കുറിച്ച് പൊതുബോധം വളര്‍ത്തിയെടുക്കാനും വര്‍ഷാചരണത്തിലൂടെ ഉദ്ദേശിക്കുന്നു.

എന്തുകൊണ്ട്‌ സസ്യാരോഗ്യം?

സസ്യാരോഗ്യം എന്നത് പ്രകൃതിയുടെ തന്നെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. പലവിധ സാധ്യതകള്‍ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുന്നതിനും അവയെ തടയുന്നതിനുമുള്ള ആശയസ്വാംശീകരണം വര്‍ഷാചരണത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ) പദ്ധതിയിടുന്നുണ്ട്. കളസസ്യങ്ങളുടെയും സസ്യങ്ങളില്‍ രോഗങ്ങള്‍ പരത്തുന്ന ജീവികളുടെയും വ്യാപനം തടയുക, സസ്യാരോഗ്യത്തെ ബാധിക്കുന്ന മനുഷ്യന്റെ ഇടപെടലിനെതിരേയുള്ള ബോധവത്കരണം തുടങ്ങിയ കാര്യങ്ങളും എഫ്.എ.ഒയുടെ അജണ്ടയിലുണ്ട്. 2030 ആകുമ്പോഴേക്കും സസ്യാരോഗ്യത്തിലൂടെ സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് എഫ്.എ.ഒ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി 1992-ല്‍ ഇറ്റലിയിലെ റോം ആസ്ഥാനമായി അന്തര്‍ദേശീയ സസ്യസംരക്ഷണ കണ്‍വെന്‍ഷന്‍ (International Plant Protection Convention - IPCC) എഫ്.എ.ഒയുടെ കീഴില്‍ നിലവില്‍ വന്നു.

ലക്ഷ്യങ്ങള്‍

1. സസ്യങ്ങളിലെ കീടബാധ വ്യാപനത്തിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം. (ബാക്ടീരിയ, ഫംഗസ്, വൈറസ്, പ്രാണികള്‍, ഷഡ്പദങ്ങള്‍ എന്നീ പരാദങ്ങള്‍ ഉള്‍പ്പെടെയു
ള്ളവയെ കീടങ്ങള്‍ എന്ന് ഇവിടെ അര്‍ഥമാക്കുന്നു)
2. കീടബാധക്കെതിരെയുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക.
3. കീടബാധ കുറയ്ക്കുന്നതിനാവശ്യമായ പ്രായോഗിക പരിജ്ഞാനത്തെ പരിപോഷിപ്പിക്കുക.
4. സുസ്ഥിര സസ്യാരോഗ്യപരിപാലനം

സസ്യാരോഗ്യ സംരക്ഷണം

സസ്യങ്ങള്‍ നിരന്തരമായി അധിനിവേശകീടങ്ങളുടെ ആക്രമണംമൂലം നശിക്കുന്നു. ഇത്തരം കീടങ്ങള്‍ കാര്‍ഷിക വിളകളെയും സാധാരണ സസ്യങ്ങളെയും നശിപ്പിക്കുന്നു. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള കീടങ്ങളെ പ്രതിരോധിക്കുന്നതിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിന് അന്തര്‍ദേശീയതലംമുതല്‍ പ്രാദേശികതലം
വരെയുള്ള സംഘടനകള്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ആഗോളതലത്തില്‍ പ്രകൃതി നേരിടുന്ന വെല്ലുവിളികളെ സസ്യആരോഗ്യ സംരക്ഷണത്തിലൂടെ എങ്ങനെ മറികടക്കാം?

സസ്യസംരക്ഷണ സംഘടനകള്‍ ഒട്ടനവധി സുപ്രധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അധിനിവേശകീടങ്ങളില്‍നിന്ന് വിളസസ്യങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയാല്‍ ഭക്ഷ്യഭദ്രത ഉറപ്പാക്കാനും അതുവഴി ദാരിദ്ര്യം ലഘൂകരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും കഴിയും. അതുവഴി കൃഷിയെ ആശ്രയിച്ച് കഴിയുന്ന ദരിദ്രരാഷ്ട്രങ്ങളുടെ സമ്പദ്ഘടന ഉയര്‍ത്താനും സാധിക്കും.

ഭക്ഷ്യഭദ്രത

സുസ്ഥിരമായ ഭക്ഷ്യവിളകളുടെ ഉത്പാദനവും വിതരണവും വര്‍ധിച്ച് വരുന്ന ഭക്ഷ്യആവശ്യകത മറികടക്കാന്‍ അനിവാര്യമാണ്. പക്ഷേ, പല രാഷ്ട്രങ്ങള്‍ക്കും ഇത് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ്. അധിനിവേശകീടങ്ങളുടെ ആക്രമണം ചെറുക്കുന്നതിലുണ്ടാകുന്ന പാളിച്ചകളാണ് ഇതിന് പ്രധാന കാരണം. ഇത്തരം കീടങ്ങള്‍ ഏകദേശം 40 ശതമാനം ഭക്ഷ്യവിളകളെ വര്‍ഷാവര്‍ഷം നശിപ്പിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്..

ദാരിദ്ര്യ ലഘൂകരണം

വികസിച്ചുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലും പ്രധാന വരുമാനമാര്‍ഗം കാര്‍ഷികോത്പന്നങ്ങളാണ്. കാര്‍ഷികോത്പാദനം കൂടിയാല്‍ സ്വാഭാവികമായും ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാണ്. ഉദാഹരണമായി ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലെ ദാരിദ്ര്യത്തിന്റെ തോത് 48.9% ത്തില്‍നിന്ന് 31.5% ആയി കുറയ്ക്കാന്‍ കാര്‍ഷികവികസനം കൊണ്ട് സാധ്യമായി. ഇത്തരത്തില്‍ അധിനിവേശകീടങ്ങളുടെ വ്യാപനം തടഞ്ഞാല്‍ കാര്‍ഷികവിളകള്‍കൊണ്ട് ഓരോ രാജ്യത്തിനും സുസ്ഥിരമായ ഒരു സമ്പദ്വ്യവസ്ഥ ഉറപ്പുവരുത്താന്‍ കഴിയും. അതിനായി സസ്യ ആരോഗ്യസംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭീഷണി അധിനിവേശ കീടങ്ങള്‍

ജൈവവൈവിധ്യശോഷണത്തിന്റെ സുപ്രധാന കാരണം അധിനിവേശ കീടങ്ങളാണ്. ഒരു കീടം പുതിയ സ്ഥലത്തേക്ക് വന്നാല്‍ തദ്ദേശീയ സസ്യങ്ങള്‍ ആദ്യമായി ആക്രമിക്കപ്പെടുന്നു. കീടങ്ങള്‍ക്ക് പ്രകൃതിയിലുള്ള ശത്രുക്കള്‍ കുറവായതുകൊണ്ട് അവയ്‌ക്കെതിരെയുള്ള സ്വാഭാവിക പ്രതിരോധം വളരെ കുറവായിരിക്കും.

ഇത്തരം കീടങ്ങളുടെയും പൂപ്പലുകളുടെയും (Fungus) ആക്രമണംമൂലം ഒട്ടനവധി രാജ്യങ്ങളുടെ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്. 1942-43 കാലഘട്ടത്തില്‍ ബ്രൗണ്‍ സ്‌പോട്ട് (Brown Spot) പൂപ്പല്‍ ബംഗാള്‍ മേഖലയിലെ നെല്‍കൃഷി മൊത്തമായി നശിപ്പിച്ചത് വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചിട്ടുണ്ട്.

ഫോള്‍ ആര്‍മിവേം (Fall Armyworm) എന്ന കീടം അമേരിക്കയില്‍ മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നൈജീരിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. ഇത്തരത്തില്‍ കീടങ്ങളുടെയും മറ്റ് പരാദങ്ങളുടെയും പുതിയ സ്ഥലങ്ങളിലേക്കുള്ള വ്യാപനം തടയുന്നതുവഴി ഒരു ആവാസവ്യവസ്ഥയിലെ സസ്യങ്ങളുടെ വൈവിധ്യം സംരക്ഷിക്കപ്പെടുന്നു.

അധിനിവേശകീടങ്ങളുടെ വ്യാപനം തടയുന്നതുവഴി മാരകമായ കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുവാന്‍ സാധിക്കും. അതുവഴി പരാഗണം നടത്തുന്ന പ്രാണികളുടെ നാശം കുറയ്ക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും സാധിക്കും.

എഫ്.എ.ഒയുടെ കീഴില്‍ വരുന്ന ചില സസ്യസംരക്ഷണ ഏജന്‍സികള്‍

1. Asia Pacific Plant Protection Commission (APPPC)
2. Caribbean Agricultural Health and Food saftey Agency (CAHFSA)
3. European and Mediterranean Plant Protection Organization (EPPO)
4. Inter -African Phytosanitary Council (IAPSC)
5. North American Plant Protection Organization (NAPPO)

 

സമ്പദ്ഘടനയെ സഹായിക്കുന്നു

വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ സസ്യങ്ങളുടെയും സസ്യ ഉത്പന്നങ്ങളുടെയും കച്ചവടം സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നു. എഫ്.എ.ഒയുടെ കണക്ക് പ്രകാരം കാര്‍ഷിക ഉത്ന്നങ്ങളുടെ കച്ചവടം വര്‍ഷത്തില്‍ 1.1 ട്രില്ല്യണ്‍ യു.എസ്. ഡോളറാണ്. പക്ഷേ, 220 ബില്ല്യണ്‍ യു.എസ്. ഡോളറിന്റെ നഷ്ടം കീടബാധ മൂലം ഉണ്ടാകുന്നു.

കാര്‍ഷിക ഉത്പന്നങ്ങളുടെ കച്ചവടത്തിലൂടെ തൊഴില്‍ഭദ്രത ഉറപ്പിക്കാന്‍ കഴിയുന്നു. IPPCയുടെ നിര്‍ദേശാനുസരണം ലോകത്ത് ഒത്തൊരുമയോടുകൂടി ശാസ്ത്രീയമായ സസ്യ ആരോഗ്യ പരിപാലനം ഉറപ്പുവരുത്തിയാല്‍ കീടങ്ങളുടെ വ്യാപനം തടയാന്‍ സാധിക്കും.

മറ്റുചില വസ്തുതകള്‍

196000 ടണ്‍ കീടനാശിനികളാണ് ഓരോ വര്‍ഷവും സസ്യങ്ങളെ സംരക്ഷിക്കാനായി ഉപയോഗിക്കുന്നത്. ഏറ്റവും ആക്രമണകാരികളായ പത്ത് വൈറസുകളില്‍ എട്ടെണ്ണവും ചെടികളില്‍നിന്ന് ചെടികളിലേക്ക് പരക്കുന്നത് പ്രാണികള്‍ വഴിയാണ്.

Xylella fastidiosa എന്ന ബാക്ടീരിയ മെഡിറ്ററേനിയന്‍ മേഖലയിലെ ഒലിവ് ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. അത് പരത്തുന്നതാവട്ടെ Lethocerus പ്രാണികളാണ്.

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡ്ഷയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Centre for Agriculture and Bioscience International (CABI - 1910)ന്റെ കണക്കുപ്രകാരം 1187 പ്രാണിവര്‍ഗങ്ങള്‍ (Arthopods) സസ്യങ്ങളില്‍ രോഗവാഹകരാണ്.
Cotton Bollworm (Helicoverpa armigera) എന്ന കീടമാണ് പരുത്തി, ചോളം, മറ്റ് പയറുവര്‍ഗങ്ങള്‍, തക്കാളി എന്നീ വിളകളെ വ്യാപകമായി നശിപ്പിക്കുന്നത്. ഈ കീടമാകട്ടെ 49-ല്‍പ്പരം കീടനാശിനികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. CABIയുടെ കണക്കുപ്രകാരം 15 ബില്യണ്‍ യു.എസ്. ഡോളറാണ് ഒരു വര്‍ഷത്തെ ശരാശരി കീടനാശിനി ഉപയോഗത്തിനായി ലോകത്താകെ ചെലവിടുന്നത്. ഭാരിച്ച ചിലവിന് പുറമെ രാസ കീടനാശിനികളുടെ അമിതോപയോഗം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും കാണാതിരുന്നുകൂടാ. അതുകൊണ്ടാണ് സസ്യാരോഗ്യത്തിനുള്ള സ്വാഭാവിക മാര്‍ഗങ്ങളെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിട്ടുള്ളത്.

CITES (Convention on International Trade in Endangered Species of Wild Flora and Fauna) ലോകരാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ ഒരിക്കലും സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ജീവനും നിലനില്‍പ്പിനും ഭീഷണിയാവരുത് എന്നതാണ് ഈ ഉടമ്പടി. ഓരോ മൂന്ന് വര്‍ഷത്തിലും 183 രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ഭേദഗതികള്‍ വരുത്തുകയും ചെയ്യുന്നു. 18-ാമത്തെ കണ്‍വെന്‍ഷന്‍ 2019 ഓഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍വെച്ച് നടന്നു.

വൈവിധ്യം

ന്യൂസീലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന Phytotaxa എന്ന ജേണലില്‍ 2016-ല്‍ മാര്‍ട്ടെന്‍ ക്രിസ്റ്റന്‍ഹസ് (Royal Botanical Garden, Kew), ജയിംസ് ബിങ് (ബയോഡൈവേഴ്‌സിറ്റി സെന്റര്‍, നെതര്‍ലന്‍ഡ്‌സ്) എന്നീ പ്രശസ്ത അന്താരാഷ്ട്ര സസ്യശാസ്ത്രജ്ഞര്‍ ഭൂമിയിലുള്ള വിവിധ സസ്യങ്ങളുടെ ഒരു കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. അതനുസരിച്ച് ഏകദേശം 3,74,000 തരം സസ്യങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. അതില്‍ സപുഷ്പികള്‍
(Flowering plants)295383  (Dicot-210008, Mpnocot- 74274), പായലുകള്‍ (Algae) 44000, Bryophytes-21925, Pteridophytes- 11850, Gymnosperm-1079.

ഓസ്‌ട്രേലിയ, ബ്രസീല്‍, ന്യൂഗിനിയ, ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പുതിയ സസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

2017ല്‍ Royal Botanical Garden-Kew 'State of the world's plants' എന്ന പേരില്‍ സസ്യങ്ങളെ സംബന്ധിച്ച് ആധികാരിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

  • 80 ശതമാനം വരുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങളും കേവലം 17 കുടുംബങ്ങളിലാണ് ഉള്‍പ്പെടുന്നത്.
  • 28187 സസ്യങ്ങള്‍ വിവിധതരം മരുന്നുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് കിടക്കുന്നു (2012ലെ കണക്കനുസരിച്ച് 83 ബില്യണ്‍ ഡോളറാണ് മരുന്നുചെടികളുടെ മൂല്യം).
  • മഡഗാസ്‌കറിലുള്ള 11138 സസ്യങ്ങളില്‍ 83 ശതമാനം ലോകത്ത് വേറൊരിടത്തും കാണുന്നില്ല (Endemic).
  • കട്ടിയുള്ള ഇലകളോട് കൂടിയതും ആഴത്തില്‍ വേരുള്ളതുമായ സസ്യങ്ങള്‍ ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കുന്നവയാണ്.
  • 6075 അധിനിവേശ സസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • അധിവേശ കീടങ്ങളെയും അതുപോലെ മറ്റ് രോഗങ്ങള്‍ പരത്തുന്ന കീടങ്ങളെയും തടഞ്ഞില്ലെങ്കില്‍ 540 ബില്യന്‍ ഡോളര്‍ ഓരോ വര്‍ഷവും നമുക്ക് ചെലവഴിക്കേണ്ടി വന്നേക്കാം.
  • സംവേദ കലകള്‍ (Xylem & Phloem) ഉള്ള 452 സസ്യകുടുംബങ്ങള്‍ ഉണ്ട് (Vascular Plants).
  • 2000ല്‍പരം സസ്യങ്ങള്‍ ഓരോ വര്‍ഷവും കണ്ടുപിടിക്കപ്പെടുന്നു.
  • ഏറ്റവും വലിയ സസ്യകുടുംബം (family) Asteraceae (സൂര്യകാന്തി കുടുംബം) ആണ്. 3250 വര്‍ഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വേറിട്ട സമീപനം

വര്‍ധിച്ചുവരുന്ന ജനസഖ്യയ്ക്ക് ആനുപാതികമായി ലോകത്ത് കാര്‍ഷികവിളകളുടെ തോത് ഉയര്‍ത്തുന്നതിന് പരിമിതികള്‍ ഏറെയുണ്ട്. അതിനൊരു ശാസ്ത്രീയ പരിഹാരമാണ് SCP (Single Cell Protein). നമ്മുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ചെറുസസ്യങ്ങളെ ആണ് സൂക്ഷ്മ പായലുകള്‍ (micro algae) എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ചില പായലുകളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന പോഷകങ്ങള്‍ ഉപയോഗിച്ച് കാപ്‌സ്യൂള്‍ അല്ലെങ്കില്‍ ടാബ്ലറ്റുകള്‍ ഉണ്ടാക്കി നമുക്ക് ഭാവിയിലേക്കുള്ള ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കും. സ്‌പൈറുലിന, ക്ലോറല്ല, ഡുനാലിയെല്ല തുടങ്ങിയ സൂക്ഷ്മ പായലുകള്‍ ഇത്തരത്തിലുള്ള SCP-കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള വലിയ തോതിലുള്ള മാംസ്യത്തിന്റെ (Protein) അളവും മറ്റ് പോഷകങ്ങളുമാണ് ഇതിനു കാരണം.

സ്‌പൈറുലിന ഉത്പാദനത്തില്‍ ഏറ്റവും മുന്നിലുള്ളത് ചൈനയിലെ ഹൈനാന്‍ പ്രവിശ്യയില്‍ ഉള്ള ഹൈനാന്‍ സിമായ് (Hainan Simai) എന്റര്‍പ്രൈസസ് ആണ്. ഇവിടെനിന്നുള്ള വാര്‍ഷിക ഉത്പാദനം 200 ടണ്‍ ആല്‍ഗല്‍ പൗഡര്‍ ആണ്. സൂക്ഷ്മ പായല്‍ ഉത്പാദനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ കാലിപാട്രിയ (Calipatria) എന്ന സ്ഥലത്താണ്. 440000 ചതുരശ്ര മീറ്ററാണ് ഇവിടുത്തെ പായല്‍ ടാങ്കുകളുടെ വിസ്തൃതി. 20ല്‍പരം രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ടാബ്ലറ്റുകള്‍ കയറ്റുമതി ചെയ്യുന്നു. ഭാവിയിലെ ആഹാരമായി സസ്യവര്‍ഗത്തിലെ, പരിണാമപരമായി ഏറ്റവും ആദിമമായ പായലുകള്‍ അഥവാ ആല്‍ഗകള്‍ മാറുമെന്നുള്ള കാര്യത്തില്‍ സംശയിക്കേണ്ടതില്ല.       

Plant Kingdom

അനുഭവങ്ങള്‍ പങ്കുവെക്കാം

സസ്യാരോഗ്യ വര്‍ഷാചരണത്തോട് അനുബന്ധമായി എഫ്.എ.ഒ. അനുഭവക്കുറിപ്പുകള്‍ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും രചനകള്‍ അയയ്ക്കാം. സസ്യാരോഗ്യം വ്യത്യസ്ത മേഖലകളിലെ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാകണം ഉള്ളടക്കം. അതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുവാന്‍ കഴിയണം. കൂടുതല്‍ വിവരങ്ങളും നിര്‍ദേശങ്ങളും www.fao.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കുറിപ്പുകള്‍ iyph@fao.org എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി: ഫെബ്രുവരി 15.


(മാല്യങ്കര എസ്.എന്‍.എം. കോളേജില്‍ ബോട്ടണി വിഭാഗം തലവനും റിസര്‍ച്ച് ഗൈഡുമാണ് ലേഖകന്‍)

വിശദമായ വിശകലനങ്ങള്‍ മാതൃഭൂമി ഇയര്‍ബുക്കില്‍ വായിക്കാം.

thozhil

Content Highlights: 2020 International Year of Plant Health