അന്താരാഷ്ട്ര വനിതാദിനം നാമിന്നലെ ആഘോഷിച്ചു. ഒരുദിനമല്ല, ദിനരാത്രങ്ങളത്രയും ഭൂമിയും വനിതകളുടേതു കൂടിയാവുമ്പോഴാണ് സമത്വം സമാഗതമാവുക. ടൈം മാഗസിനു പണ്ടു മാൻ ഓഫ് ദ ഇയർ മാത്രമായിരുന്നു. ഒന്നും തങ്ങൾക്കന്യമല്ല എന്നു വനിതകൾ തെളിയിച്ചു കൊണ്ടേയിരിക്കുമ്പോൾ തിരുത്തപ്പെട്ടത് ചരിത്രം മാത്രമല്ല, സംസ്കാരം കൂടിയാണ്. മാൻ ഓഫ് ദ ഇയറിൽ നിന്നും അതു  പേഴ്സൺ ഓഫ് ദി ഇയറായി മാറി.

2019 ഒന്നുകൂടി സുന്ദരമായി, ടൈമിന്റെ പേഴ്സൺ ഓഫ് ദി ഇയറായി വന്നത് ലോകത്തെ തന്നെ തന്റെ പ്രതിഭയാൽ, പരിസ്ഥിതി പ്രേമത്താൽ വിസ്മയിപ്പിച്ച ഒരു കൗമാരക്കാരിയായിരുന്നു– ഗ്രെറ്റ ത്യുൻബേ എന്ന സ്വീഡിഷ് പെൺകുട്ടി.  

ലോകത്തു നമ്മളാഗ്രഹിക്കുന്ന മാറ്റം നമ്മിലാദ്യം തുടങ്ങണം എന്നു ഉദ്ബോധിപ്പിച്ച മഹാത്മാവിന്റെ വാർധക്യമില്ലാത്ത വാക്കുകളെ കുഞ്ഞിലേ തന്റെ വലിയ ദൗത്യങ്ങളിലേക്കു മൊഴിമാറ്റി, മാതാപിതാക്കളെ പരിസ്ഥിതി ബോധവാൻമാരാക്കി, പരിസ്ഥിതി സൗഹൃദ ജീവിതത്തിലേക്കു സ്വയം കാലെടുത്തുവെച്ചുകൊണ്ടാണു അവൾ ലോകത്തോടു സംവദിച്ചത്. 

വിദ്യാർഥികളുടെ കൈയിലെ അവസാന ആയുധമാണ് പഠിപ്പുമുടക്കെന്നു നമുക്കറിയാം. ഒരു നേർക്കുനേർ സംഭാഷണങ്ങളിലൂടെ തീരേണ്ട വിഷയങ്ങൾക്കുവേണ്ടി ദിവസങ്ങളോളം അധ്യയനദിനങ്ങൾ നഷ്ടപ്പെടുത്തുന്ന നടപ്പുരീതികളുടെ പ്രായോജകർക്ക് അവൾ ഒരു പാഠപുസ്തകമാവേണ്ടതാണ്.  ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്നൊരു പ്രസ്ഥാനമായി വളർന്നതു അവളുടെ ഒറ്റയാൾ പോരാട്ടമായിരുന്നു.

പ്രകാശത്തെക്കുറിച്ചു നമ്മൾ കേട്ട ‘രാമൻ ഇഫക്ട്‌’ പോലെ പരിസ്ഥിതിയെപ്പറ്റി ഇന്നു നമുക്കനുഭവവേദ്യമാവുകയാണ് ഗ്രേറ്റ ഇഫക്ട്. ലോകത്ത് എറ്റവും സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ ടൈം മാഗസിൻ ലിസ്റ്റിൽ ഒരാൾ ആ കൗമാരക്കാരിയാണ്. ഫോബ്സ് പട്ടികയിലെ ലോകത്തെ നൂറു കരുത്തരായ വനിതകളിൽ ഒരാളും അവളാണ്. സമ്പത്തോ രാഷ്ട്രീയസ്വാധീനമോ അല്ല, വരാനിരിക്കുന്ന തലമുറകൾക്കുകൂടി അവകാശപ്പെട്ടതാണ് ഭൂമിയും ആകാശവും എന്ന ചിന്തയിൽനിന്നുദിച്ച ലക്ഷ്യബോധമാണ് അവളെ വ്യത്യസ്തയാക്കിയത്. അതുകൊണ്ടാണു ലോകം അവൾക്കു കാതോർക്കുന്നതും.

 ത​ന്റേതായ പരിമിതികളെ, അസ്പേർജസ് സിൻഡ്രത്തെയും ഒസിഡിയെയും സെലക്ടിവ് മ്യൂട്ടിസത്തെയും എത്ര മനോഹരമായാണ് അവൾ സ്വപ്രയത്നത്താലും ലക്ഷ്യത്താലും അതിജീവിച്ച് ലോകയുവത്വത്തിനുതന്നെ മാതൃകയാവുന്നത്. മുകളിലെ തന്റെ അസുഖാവസ്ഥകളെ ഒരു ടെഡ് ടോകിലൂടെ അവൾ സംഗ്രഹിച്ചത് ഇങ്ങനെ:– ‘‘സംസാരിക്കേണ്ടത് ആവശ്യമാണെന്നു എനിക്കു തോന്നുമ്പോൾമാത്രമേ ഞാൻ സംസാരിക്കാറുള്ളൂ. ഇത് അങ്ങനെയൊരു നിമിഷമാണ് ’’. വെറുതേയാവില്ല, ടൈം അവളെ ദ പവർ ഓഫ് യൂത്ത് എന്നു വിശേഷിപ്പിച്ചത്. യുവതയുടെ കരുത്തിന്റെ പ്രതീകമാണവൾ; മാതൃകയും.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: World hearing the voice of Greta Thunberg, International Women's Day 2020