ര്‍ക്ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലിചെയ്യുക എന്നത് ഒരു പുതിയ കാര്യമല്ല. ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളും പുസ്തകങ്ങളുമൊക്കെ വന്നത് ഫാക്ടറികളില്‍ നിന്നല്ല; വീടുകളില്‍ നിന്നുതന്നെയാണ്. ഓഫീസ് വിട്ടാല്‍ ഓഫീസ് കാര്യമില്ലെന്ന നിലപാട് പടിഞ്ഞാറുണ്ട്. നമുക്കില്ല. അതുകൊണ്ടുതന്നെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വര്‍ക്ക് ഫ്രം ഹോം വന്‍വിജയമായി.

ഓഫീസില്‍നിന്നെടുക്കുന്ന പണിയെക്കാള്‍ കൂടുതല്‍ വീട്ടിലിരുന്ന് ചെയ്യുന്നവരുണ്ട് പണ്ടേ. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഏഷ്യാ പസഫിക്കിലെ രാജ്യങ്ങളിലും അങ്ങനെയൊരു രീതിയില്ല. അതുകൊണ്ടാണ് നമ്മുടെ മേഖലകളൊന്നും തകര്‍ന്നുപോവാതിരുന്നത്. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാവുന്നത് ഒരപകടമുണ്ടാക്കുന്നുണ്ട്. ജോലിസംബന്ധമായ സമ്മര്‍ദത്തില്‍നിന്ന് കരകയറാന്‍ അത് അനുവദിക്കുന്നില്ല. ജോലിക്കും ഫാമിലിക്കുമിടയില്‍ നമ്മള്‍ സഞ്ചരിക്കുന്ന ഒരു ദൂരമുണ്ട്. ആ സഞ്ചാരവഴിയിലാണ് പലരും സമ്മര്‍ദങ്ങളെ ഇറക്കിവിടുന്നത്. ഇവിടെ അതില്ലാതായിപ്പോവുന്നു.

ഒരു സ്ട്രസ്സില്‍നിന്ന് നേരെ മറ്റൊരു സ്ട്രസ്സിലേക്കുള്ള നെട്ടോട്ടമായിപ്പോവാനുള്ള സാധ്യത ഏറുകയാണ്.

ഈ അവസ്ഥ അതിജീവിക്കാന്‍ വേണ്ടത് ചിട്ടയോടെ, ഊര്‍ജസ്വലത നിലനിര്‍ത്തുന്ന ജീവിതക്രമീകരണമാണ്. ഒറ്റനോട്ടത്തില്‍ വീട്ടില്‍നിന്നുള്ള ജോലി ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നുണ്ട്, സ്ഥാപനത്തിന്റെ െചലവ് കുറയുന്നുണ്ട്, ഇന്ധനോപയോഗവും പരിസരമലിനീകരണവും കുറയുന്നുണ്ട്. പരിസ്ഥിതിസൗഹൃദവുമാണ് ആശയം. എന്നാല്‍, ഈ ഉത്പാദനക്ഷമത ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമാണോ എന്നതില്‍ സംശയമുണ്ട്. 

വീട്ടിലിരിക്കുമ്പോള്‍ താമസിയാതെ വീടുവിട്ടിറങ്ങാനാണ് മനുഷ്യന്‍ ആഗ്രഹിക്കുക. ഒരു സാമൂഹികജീവി സ്‌ക്രീന്‍ജീവിയായി ഒതുങ്ങുന്നത് മാനസികപ്രശ്‌നങ്ങളിലേക്ക് നയിക്കും. മനുഷ്യന്‍ ഗുഹകളില്‍നിന്ന് കൃഷിസ്ഥലത്തേക്കും ഫാക്ടറികളിലേക്കും ഓഫീസുകളിലേക്കും മാറിയതാണ് ചരിത്രം. കോവിഡൊന്ന് തിരിച്ചുനടത്തി, നമ്മളെ ഗുഹയ്ക്കുള്ളിലാക്കി. കംപ്യൂട്ടര്‍ സ്‌ക്രീന്‍ സൂക്ഷിച്ചുനോക്കിയാല്‍ ഒരു വെര്‍ച്വല്‍ ഗുഹാലോകം മാത്രമാണ്.

Content Highlights: Work from home Career Guidance, IIMK directors column