മ്മള്‍ ഒരു പകര്‍ച്ചവ്യാധിയുടെ നടുവിലാണ്. അതിനെതിരേ വിജയം ഉറപ്പാക്കാനായി ആവശ്യപ്പെടാത്ത ഉപദേശങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. മിക്ക കേസുകളിലും പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് അറിയുകയാണ്, ചെയ്യാതിരിക്കുകയാണ് ശരിയായ വഴി.

സ്വന്തം ബുദ്ധിയെ വിശ്വസിക്കുക, വിശ്രമിക്കുക, സ്വയമേവ അകന്നുനില്‍ക്കുക, വൈറസിനെ അതിന്റെ വഴിക്കുവിടുക. പകര്‍ച്ചവ്യാധിയെക്കാള്‍ പലമടങ്ങ് വലുതാവുകയാണ് അതിനു ചുറ്റിലുമായി കെട്ടിപ്പടുത്ത ഉപദേശവ്യവസായം. കൊറോണ വൈറസ് രണ്ടുശതമാനം മരണമാണ് വരുത്തുന്നതെങ്കില്‍ 100 ശതമാനത്തിലും മരണഭയമാണ് ഉപദേശകവൃന്ദം ഉണ്ടാക്കുന്നത്.

ചിലപ്പോള്‍ പല മാനേജര്‍മാരും ലീഡര്‍മാരും അവരുടെ പ്രൊഫഷണല്‍, വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ ഉപദേശം തേടാറുണ്ട്. സത്യത്തില്‍ മിക്കവര്‍ക്കും ഒരു ഉപദേശത്തിന്റെയും ആവശ്യമില്ല. മാനസികമായി അവര്‍ ഒരു തീരുമാനത്തില്‍ അതിനകം എത്തിയിട്ടുണ്ടാവും.

ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാനേജര്‍ ഒരുപദേശത്തിനായി സമീപിച്ചു. മാനസികമായി അവള്‍ ആ ജോലി ഉപേക്ഷിച്ചതിനു ശേഷമാണത്. എന്നില്‍നിന്ന് കേള്‍ക്കാനായി അവള്‍ ആഗ്രഹിച്ചതൊക്കെയും ഞാന്‍ പറഞ്ഞപ്പോള്‍ അവളൊരുപാട് ആഹ്ലാദിച്ചു. മാനസികമായി ജോലി ഉപേക്ഷിക്കാന്‍ തയ്യാറെടുത്ത ഒരാളോട് ജോലി ഒരിക്കലും ഉപേക്ഷിച്ചു കളയരുത് എന്നു ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ അതൊരു സംശയാസ്പദമായ ഉപദേശമായി അവള്‍ കണക്കാക്കിയേനെ.

ഒരാള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും നല്ല ഉപദേശമെന്താണ്? തന്നെക്കുറിച്ചുതന്നെ വ്യക്തി മറന്നുപോയ വേണ്ടത്ര മനസ്സിലാക്കാതെപോയ സ്വന്തം കഴിവിനെ പറ്റി ഓര്‍മിപ്പിക്കുന്ന സുഖമുള്ള ഒരു തള്ളാണ് ഏറ്റവും മികച്ച ഉപദേശം. എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവിന്റെ പരമാവധിയിലേക്ക് ഒരു ചെറിയതള്ള്. സ്വന്തം ഭയാശങ്കകള്‍ മിക്കവര്‍ക്കും തടവറകളാവുന്നു, തീവ്രാഭിലാഷങ്ങള്‍ സ്വതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളും.

(കോഴിക്കോട് ഐ.ഐ.എം ഡയറക്ടറാണ് ലേഖകന്‍)

Content Highlights: What could be the best advise one can give to others, IIMK Director's Column