കൂടെയെടുക്കാന്‍ പറ്റിയ എന്തെങ്കിലും നമുക്കു കാണിച്ചുതരുന്നവരാണ് മഹാത്മാക്കള്‍. ഒന്നിനും കൊള്ളാത്തവരാവട്ടെ ഒരിക്കലും കാണാന്‍ പാടില്ലാതിരുന്നവരെ  അനുസ്മരിപ്പിക്കും എന്നുപറഞ്ഞത് അമേരിക്കന്‍ കൊമേഡിയനായ പാറ്റണ്‍ ഓസ്വാള്‍ട് ആണ്.  അല്പം അഭിനിവേശമുള്ള ഒരാള്‍ക്ക് ഒരു അമെച്ചര്‍ ആവാന്‍ കഴിയും. തീര്‍ത്തും ഒരു പ്രൊഫഷണലാവാന്‍ സമയം വേണം. ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്കുള്ള വളര്‍ച്ചയുടെ സമയമാണത്. അമെച്ചറും പ്രൊഫഷണലും തമ്മിലുള്ള വ്യത്യാസമായി അദ്ദേഹം കാണുന്നത് ആ സമയമാണ്.

സ്റ്റേജില്‍ നേരിടേണ്ടിവരുന്ന പരാജയങ്ങളെപ്പോലും ഏറെ ഇഷ്ടത്തോടെ കാണുന്നയാളാണ് ഒരു പ്രൊഫഷണല്‍. ഓരോ പരാജയശേഷവും പിറ്റേന്നുകാലത്ത് താന്‍ വീണ്ടും ഉറങ്ങിയുണര്‍ന്നു എന്നുമാത്രമല്ല, ലോകവും ബാക്കിയുണ്ടായിരുന്നു എന്നദ്ദേഹം പറയുന്നത് കോമഡിയായല്ല. ആ ബോധമില്ലാതാവുമ്പോഴാണ് ജീവിതം ട്രാജഡിയാവുന്നത് എന്നു പറയുകയാണ്.  

വിജയത്തിലെ സന്തോഷം അനുഭവിക്കുകയും പരാജയത്തിലെ വിഷമം സഹിക്കുകയുമാണ് മിക്കവരും. പരാജയത്തെയും വിജയത്തെയും ഒരുപോലെ എടുക്കാനാവുന്ന ബോധത്തിലേക്കുള്ള വളര്‍ച്ചയാണ് ഒരു അമെച്ചറില്‍നിന്നും പ്രൊഫഷണലിലേക്കുള്ള ഉയര്‍ച്ച.  കലാരംഗത്തുള്ളവര്‍ക്ക് ഭീകരമായ ഒരു പരാജയമെങ്കിലുമാണ് താന്‍ ആശംസിക്കുക എന്ന് അദ്ദേഹം പറയുന്നു. അമാനുഷമായ കഴിവുകളൊക്കെയും പുറത്തുവരുക ആ പരാജയത്തില്‍നിന്നാണ് എന്നദ്ദേഹം വിശദീകരിക്കുന്നു. 

ഇതൊക്കെയും സാധ്യമാവണമെങ്കില്‍ പറന്നുയരുന്നതിന് തടസ്സമായി കാലില്‍ കുരുങ്ങിക്കിടക്കുന്ന സേഫ്റ്റി നെറ്റിന് കൊള്ളിവെക്കുകയാണ് ആദ്യം വേണ്ടത്. സാമ്പത്തികസുരക്ഷയുടെ കവചം  മികവിനായി തള്ളിയവരാണ് എക്കാലത്തെയും മികച്ചസംരംഭകരും പ്രൊഫഷണലുകളും. ജീവിതത്തിലെ ഏറ്റവും നല്ല നിക്ഷേപമായി ഓസ്വാള്‍ട് കാണുന്നത്  മൂന്നുവര്‍ഷത്തെ സമ്പാദ്യം പൊടിച്ചുകളഞ്ഞ് നയിച്ച ഒരു വര്‍ഷത്തെ ദരിദ്രജീവിതത്തെയാണ്. അയാളെ മികച്ച കൊമേഡിയനായി വളര്‍ത്തിയ ഒരുവര്‍ഷം. 

Content Highlights: success can be achieve only after getting away from your comfort zone, Success Mantra