പ്രതിസന്ധികള്‍ക്ക് എവിടെയും രണ്ടുവശങ്ങളുണ്ട്. ഇരുണ്ടവശം കാഴ്ചപ്പുറത്തും തിളക്കമാര്‍ന്നത് കാഴ്ചക്കപ്പുറത്തുമായിരിക്കും. അപ്രതീക്ഷിതമായ ചില വ്യവസായങ്ങള്‍ ഉയര്‍ന്നുവരും ചിലത് വിസ്മൃതമാവും. വാണിജ്യം, വ്യവസായം, സംരംഭകത്വം എല്ലാ മേഖലകളിലും സമൂലമായ മാറ്റം ഉറപ്പാണ്. ഉത്പാദനമേഖലകളുടെയും കിടമത്സരങ്ങളുടെയും ലോകത്തുനിന്ന് നാം കരുതലിന്റെയും സഹകരണത്തിന്റെയും ലോകത്തേക്ക് മാറുകയാണ്. ഈ പുതിയ ലോകത്ത് സാങ്കേതികവിദ്യ ഒരു പ്രധാന പങ്കുവഹിക്കാന്‍ പോകുന്നു, കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവാന്‍ പോവുന്നു.

വീടുകളെ സാങ്കേതികവിദ്യകള്‍ തൊഴിലിടങ്ങളാക്കും. കുടംബബന്ധങ്ങളെ അതേറെ ഊഷ്മളമാക്കും. നാമിതുവരെ ചിന്തിക്കുക കൂടി ചെയ്യാത്ത ഒട്ടേറെ പുതിയ അവസരങ്ങള്‍ ഉടലെടുക്കും പഴയ ബോധ്യങ്ങളെ കടലെടുക്കും. ഇതൊരു പരിവര്‍ത്തന കാലഘട്ടമാണ്. ഇവിടെ വളരെയധികം ജോലികള്‍ ഇല്ല എന്നത് സത്യമാണ്. എന്നാല്‍, പുതിയ ബിരുദധാരികള്‍ക്ക് അനുഭവം എന്ന മഹാസമ്പത്തിന്റെ സൃഷ്ടിക്കായി ഈ അവസരം ഉപയോഗിക്കാം. 

ഭൂട്ടാനിലെ കര്‍മ യോണ്ടന്‍ എന്നൊരു വ്യക്തിയെ എനിക്കറിയാം. എല്ലാവരും ഒന്നുംചെയ്യാതിരുന്നപ്പോള്‍ അദ്ദേഹം തന്റെ പ്രദേശത്തെ മാലിന്യമുക്തമാക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ അത് അദ്ദേഹത്തെ നയിച്ചത് രാജ്യത്തെ ആദ്യത്തെ വെയ്സ്റ്റ് മാനേജ്‌മെന്റ് സ്ഥാപനം ആരംഭിക്കുന്നതിലേക്കാണ്. ഇന്നദ്ദേഹത്തിന്റെ സേവനം നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചു. മാലിന്യത്തില്‍നിന്ന് അദ്ദേഹം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു.

ഓക്ക്, ബീച്ച് തുടങ്ങിയ ചില മരങ്ങളില്‍നിന്ന് പൊഴിഞ്ഞ ഇലകള്‍ ശേഖരിക്കുന്നൊരാള്‍ സിങ്കപ്പൂരിലുണ്ട്. അക്വേറിയങ്ങളിലെ മത്സ്യങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് അതു സഹായിക്കുന്നതായി അദ്ദേഹം കണ്ടു. കൊഴിഞ്ഞ ഇലകളില്‍നിന്ന് ശതകോടികളല്ലെങ്കിലും ദശലക്ഷക്കണക്കിന് അദ്ദേഹം നേടുന്നു. പുതുതായി പഠിച്ചിറങ്ങുന്നവര്‍ പുതിയസംരംഭങ്ങളിലേക്കു സംഘടിക്കൂ. സ്വന്തം സാഹചര്യങ്ങളെക്കാള്‍ വലിയവരാണ് ഓരോരുത്തരും എന്നുറച്ചു വിശ്വസിക്കുക. നൂറു സ്റ്റാര്‍ട്ടപ്പുകള്‍ വിരിയട്ടെ.

Content Highlights: startups and future, Career Guidance column by IIMK director