ജീവിതത്തിന് നമ്മൾ കരുതുന്നതിലും വേഗം കൂടുതലാണ്. എല്ലാവരിലും മതിപ്പുളവാക്കുന്ന ഒരു ജീവിതം പലരുടെയും വ്യാമോഹമാണ്. സ്ഥിരമായി മറ്റുള്ളവരിൽ മതിപ്പുളവാക്കാനുള്ള ശ്രമം സ്വന്തം ജീവിതത്തിൽ മടുപ്പുളവാക്കും. ജീവിതം ഹൃസ്വമാണെന്നറിയുക. ലഭിക്കുന്ന ഓരോ ദിവസവും വലിയ ദാനമാണ്. അങ്ങനെ ഭാഗ്യമായി, ദാനമായി ലഭിക്കുന്നതാണ് ഓരോ ദിവസവുമെന്ന തിരിച്ചറിവിൽ നമ്മുടെ സംഭാവന നിരന്തരമായി ലോകത്തിനു നൽകുന്നതാണ് ജീവിതാനന്ദം. മഹാത്മാക്കളുടെയൊക്കെ, പ്രതിഭാശാലികളായ എല്ലാവരുടെയും ജീവിതം അങ്ങനെയാണ്. അവരാരും നടത്തിയത് മറ്റുള്ളവരിൽ മതിപ്പുളവാക്കാനുള്ള ശ്രമമായിരുന്നില്ല. മറിച്ച് സ്വയം സ്വന്തം കഴിവിനെ അതിന്റെ പരമകോടിയിലേക്ക് എത്തിക്കുകയായിരുന്നു.

നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ തോന്നലുകളെ അടിസ്ഥാനമാക്കി നാം നമ്മെ നിർവചിക്കുന്ന രീതി ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാവരിലും മതിപ്പുളവാക്കുന്നതാണ് നല്ലജീവിതമെന്ന അസംബന്ധം അവിടെ അവസാനിക്കും. പിന്നെ നമ്മുടെ സ്വയം വിലയിരുത്തലുകൾ, സ്വയം വിമർശം ഇതൊക്കെയും നമ്മെ തളർത്താനാവരുത്. തിരുത്താൻ മാത്രമുള്ളതാവണം. നിസ്സാരമായ തെറ്റുകൾ സ്വയം പർവതീകരിച്ചു അതിൽ തളർന്നുപോവുന്നവരുണ്ട്. സ്വയവിമർശംകൊണ്ട് തളർന്നുപോവുന്നതിനെക്കാൾ നല്ലത് സ്വയം അഗീകരിച്ചു മുന്നേറുകയാണ്.

മറ്റുള്ളവരെ നമ്മൾ വിമർശിക്കുന്നത് അവരെ തളർത്താനല്ല. തിരുത്താനാണ് എന്നത് നമുക്കും ബാധകമാണ്. അവരവരുടെ ഏറ്റവും വലിയ വിമർശകരായി അവരവർതന്നെ മാറുമ്പോൾ സംഭവിക്കുന്നത് തളർത്തലാണ്, തിരുത്തലല്ല. നമ്മൾ നമ്മളോട് കരുണയുള്ളവരാവണം. വിമർശനത്തിലും വേണ്ടത് കൃത്യമായ വിലയിരുത്തലാണ്.

വിമർശനത്തിൽ മറ്റുള്ളവരോട് കാണിക്കുന്ന അതേ കരുണ നമ്മോടുതന്നെയും കാണിക്കണം. ചിലപ്പോഴെങ്കിലും സ്വന്തം തോന്നലുകളുടെ ഇരകളായി പോവാറുണ്ട് നമ്മൾ. ജിജ്ഞാസ, ഏകാഗ്രത, സ്ഥിരോത്സാഹം, സ്വയം വിമർശം, വിജയം അവയിൽ നിന്നൊക്കെയാണെന്ന് ഐൻസ്റ്റൈൻ.

(ഐഐഎം കോഴിക്കോട് ഡയറക്ടറാണ് ലേഖകൻ)

Content Highlights: Self valuation and criticism should be for correcting ourself