ശ്വരമായ ജീവിതത്തെ അനശ്വരമാക്കുന്നത് അസാധാരണമായ അഭിനിവേശത്തോടെയുള്ള ദൗത്യങ്ങളാണ്. പാഷനാണത്. പിന്തുടരേണ്ടത് ആ പാഷനെയാണ്. അല്ലാത്തതൊക്കെയും ശരാശരി ജീവിതമെന്നേ പറയാനാവൂ. വ്യക്തിമുദ്ര എന്നൊക്കെ കേൾക്കുന്നത് സ്വന്തംനിലയിൽ സമൂഹത്തിൽ വ്യക്തി ഒരു ബ്രാൻഡാവുമ്പോഴാണ്. അതു സംഭവിക്കുക സ്വന്തം പാഷൻ ഒരാൾ കണ്ടെത്തുമ്പോഴാണ്. തന്റേതായ ഇടത്തെ തിരിച്ചറിയുമ്പോൾ. ശരാശരിക്കാരും മികവിന്റെ ആൾരൂപങ്ങളും തമ്മിലുള്ള അന്തരം അളക്കേണ്ടത് ആ പാഷന്റെ സ്കെയിലിലാണ്.

സ്വന്തം പാഷൻ എവിടെയോ അവിടെ പ്രൊഫഷൻ കണ്ടെത്തുന്നവരാണ് ലോകത്തെ ഏറ്റവും സംതൃപ്തർ. അതായത് അഭിവൃദ്ധിയുടെ താക്കോൽ അഭിനിവേശമാണ്. ശ്രദ്ധയെ പിടിച്ചുനിർത്തുന്ന, നോക്കിനിൽക്കാൻ തോന്നുന്ന, ആകാംക്ഷ ഉളവാക്കുന്ന കാര്യങ്ങൾ, ആശയങ്ങൾ ഒക്കെയും തിരഞ്ഞുനോക്കൂ. വ്യക്തിഗതമായ അഭിനിവേശം അവിടെയെവിടെയോ കാണണം. ലേശം താത്‌പര്യമുള്ള നാല്പതു പേരെക്കാൾ നല്ലത് അഭിനിവേശമുള്ള ഒരാളാണെന്ന് ഇ.എം. ഫോസ്റ്റർ.

മാർഗത്തിലൂടെ ലക്ഷ്യത്തെ മഹത്തരമാക്കിയ മഹാത്മാക്കളുണ്ട്. അവിടെ ഇന്ധനമായത് അവരുടെ പാഷനാണ്. ലക്ഷ്യത്തിൽ മാത്രമായി കുടികൊള്ളേണ്ട ഒന്നല്ല പാഷൻ, മാർഗത്തിൽ കൂടിയുള്ളതാണ്. ഇഷ്ടം തോന്നുന്ന ഹോബികൾ, ഇഷ്ടപ്പെടുന്ന തൊഴിലുകൾ, ഇഷ്ടപ്പെടുന്ന നേരമ്പോക്കുകൾ, നിങ്ങളുടെ താത്‌പര്യങ്ങളെ ഉദ്ദീപിപ്പിക്കുന്ന എന്തിലും തിരഞ്ഞുനോക്കി കണ്ടെത്തേണ്ടതാണത്. എന്തെങ്കിലും ഒന്നിന്റെ അന്തിമഫലമല്ല, മറിച്ച് അതിലേക്കുള്ള മാർഗം, പ്രോസസ് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് പാഷനുണ്ട് എന്നർഥം.

ആരെയും മാതൃകകളാക്കാതെ, പുതിയൊരു മാതൃക കണ്ടെത്തുകയാണ് നമ്മൾ വേണ്ടത്. ഭാവിലോകം ശരാശരിക്കാരുടെയും ആവർത്തനങ്ങളുടെയും അനുകരണങ്ങളുടെയും ഒരു ഷോറൂമാവരുത്. അച്ഛനെയും അമ്മയെയും അധ്യാപകരെയും മാതൃകകളാക്കി അവരുടെ നിഴലിൽ വളർച്ച മുരടിക്കാതെ, സ്വന്തം അഭിനിവേശത്തിന്റെ ചൂടിലും വെയിലിലും വളരുന്ന പ്രതിഭകളാണ് ലോകത്തെ ഏറെ മനോഹരമാക്കുന്നത്.

Content Highlights: Role models are not required for the birth of genius, career guidance, IIMK directors column