First impression is the best impression എന്നാണല്ലോ. ഉദ്യോഗാര്‍ഥിയെക്കുറിച്ച് തൊഴില്‍ദാതാവിന് ആദ്യ ധാരണ ലഭിക്കുന്നതെവിടെനിന്നാണ്? തീര്‍ച്ചയായും റസ്യൂമെ അഥവാ വ്യക്തിവിവരണരേഖ എന്നു മലയാളീകരിക്കാവുന്ന ഒന്നോ രണ്ടോ കടലാസ് താളുകളില്‍ നിന്നുതന്നെ. അവസരങ്ങള്‍ കുറവും ആവശ്യക്കാര്‍ കൂടുതലുമുള്ള കാലത്ത് ജോലി വാങ്ങിയെടുക്കുക എന്ന വെല്ലുവിളി വിജയിക്കാന്‍ റസ്യൂമെ ഒരു നിര്‍ണായക ഘടകമാകുന്നു. അത് നിങ്ങളുടെ പ്രൊഫഷനലിസത്തെ പ്രകടമാക്കുന്നതാകണം. റസ്യൂമേയിലൂടെ സ്വയം പരസ്യപ്പെടുത്തുകയാണ്. എന്തുകൊണ്ട് നിങ്ങള്‍? എന്ന ചോദ്യത്തിന് റസ്യൂമെ ഉത്തരം പറയണം. 

തൊഴില്‍ദാതാക്കളോ എച്ച്.ആര്‍.ഉദ്യോഗസ്ഥരെ നിങ്ങളുടെ റസ്യൂമെ അരിച്ചുപെറുക്കി വായിക്കാനുള്ള സാധ്യതകളൊക്കെ വിരളമാണ്. അതുകൊണ്ടുതന്നെ വിവരങ്ങളെ അടുക്കിവേണം അവതരിപ്പിക്കാന്‍ ഒറ്റനോട്ടത്തില്‍ നിന്നുതന്നെ നിങ്ങളുടെ സവിശേഷതകള്‍ തൊഴില്‍ദാതാവിന്റെ കണ്ണിലുടക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക: 

  • - പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തതയോടെയും പ്രാധാന്യത്തോടെയും തുടക്കത്തില്‍ തന്നെ നല്‍കണം.  
  • - പ്രൊഫൈലിനെക്കുറിച്ചുളള ലഘുവിവരണം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം നിങ്ങള്‍ ഈ പ്രൊഫഷനെ എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു എന്ന് സമ്മറി/ ഒബ്ജക്ടീവില്‍ നിന്ന് വ്യക്തമാകണം. ഇന്റര്‍നെറ്റില്‍ നിന്നോ സുഹൃത്തുക്കളുടെ ബയോയില്‍ നിന്നോ കോപ്പി- പേസ്റ്റ് ചെയ്യാതിരിക്കുക.
  • - നൈപുണികള്‍. ഇവിടെ അല്പം സെല്‍ഫ് പ്രൊമോഷന്‍ ആകാം. എന്നുകരുതി അപ്പുക്കുട്ടനെപ്പോലെ ഓവറാക്കി ചളമാക്കരുത്. ലളിതമായും കൃത്യമായും നിങ്ങളുടെ കഴിവുകള്‍ വ്യക്തമാക്കുന്നതിന് അനുയോജ്യമായ വാക്കുകള്‍ ഉപയോഗിക്കേണ്ടത് നൈപുണികള്‍ എഴുതുമ്പോള്‍ പ്രധാനമാണ്. ഇല്ലാത്തകാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച് റെസ്യൂമെയുടെ വലിപ്പം കൂട്ടാനും ശ്രമിക്കേണ്ടതില്ല. 
  • - തൊഴില്‍പരിചയം: ഏറ്റവും ഒടുവില്‍ ജോലി ചെയ്ത വിവരങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ എഴുതണം. നിങ്ങളുടെ പദവി, ജോലി ചെയ്ത സ്ഥാപനം എന്നിവ വ്യക്തമാക്കണം. തൊഴില്‍പരിചയം ഇപ്പോള്‍ അപേക്ഷിക്കുന്ന ജോലിക്ക് എങ്ങനെ ഗുണം ചെയ്യുമെന്നത് പറയാതെ പറയണം. ജോലിയുടെ സ്വഭാവം, നേട്ടങ്ങള്‍ എന്നിവ പരാമര്‍ശിക്കാം. ശമ്പളത്തെക്കുറിച്ച് ആവശ്യപ്പെടത്തപക്ഷം റസ്യൂമെയില്‍ സൂചിപ്പിക്കേണ്ടതില്ല. 
  • - വിദ്യാഭ്യാസ യോഗ്യതകള്‍: ഏറ്റവും ഉയര്‍ന്ന യോഗ്യത ആദ്യം എന്ന ക്രമത്തിലാണ് എഴുതേണ്ടത്. സി.വിയുടെ അത്ര വിശദമാക്കേണ്ടതില്ലെങ്കിലും നിങ്ങളുടെ അക്കാദമിക് മികവ് വ്യക്തമായിരിക്കണം. നേട്ടങ്ങള്‍ പരാമര്‍ശിക്കാം. ലൈസന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും ഉള്‍പ്പെടുത്താം. 

റസ്യൂമെ തയാറാക്കിയാല്‍ അത് അയയ്ക്കുന്നതിന് മുമ്പ് അക്ഷരത്തെറ്റുകള്‍ ഇല്ലെന്ന് പലയാവര്‍ത്തി വായിച്ച് ഉറപ്പിക്കണം. പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

റസ്യൂമേ കാഴ്ചയില്‍ വൃത്തിയുളളതായിരിക്കണം. ഫോര്‍മാറ്റ് കാലോചിതമായിരിക്കണം. അനാവശ്യമായി ഫോട്ടോഷോപ്പ് അലങ്കാരങ്ങള്‍ വേണമെന്നില്ല. ടംപ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് നന്നാവും. റസ്യൂമെ ടെംപ്ലേറ്റുകള്‍ക്കായി ഗൂഗിള്‍ ഡോക്‌സ് (Google Docs) സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 

Content Highlights: How to make a professional resume, Resume Templates