രുക്കന്‍ പാറക്കല്ലില്‍ ഒരു മൃദുശലഭം പാറിവന്നിറങ്ങുന്ന ശബ്ദം ആരെങ്കിലും കേട്ടിട്ടുണ്ടോ? പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണത്. സോഫ്റ്റ് സ്‌കില്ലിന്റെ പ്രായോഗികതലത്തിലെ ബാലപാഠം അവിടെ തുടങ്ങാവുന്നതാണ്. എന്തു ചെയ്യുന്നു എന്നതല്ല എങ്ങനെ ചെയ്യുന്നു എന്നതുകൂടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അവിടെയാണ് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടറിന് സോഫ്റ്റ്​വെയർ പോലെ അനിവാര്യമാവുന്നത്.

ബിസിനസ് ആശയവിനിമയം വിമുഖതയെക്കാള്‍ വാചാലതയ്ക്ക്, ശ്രദ്ധയെക്കാള്‍ സംസാരത്തിന്, മൗനത്തെക്കാള്‍ മൊഴികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് ബോര്‍ഡ് റൂം മീറ്റിങ്ങുകളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഏറെപ്പേരും കേള്‍ക്കുക ഏറ്റവും കുറവ് സംസാരിക്കുന്നയാളെയാണ്. ശ്രദ്ധിച്ചുനോക്കിയാല്‍ മതി ഒരു വാചാലന്‍ വായ തുറക്കുമ്പോഴേക്കും ഏറെപ്പേരും മാനസികമായി സ്വിച്ചോഫ് മോഡിലേക്കു വഴുതിവീണിരിക്കും.

രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഹൗസിന്റെ ചെയര്‍മാന്‍ വെറും രണ്ടര മിനിറ്റ് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ടീം ലീഡേഴ്‌സിന് മുഴുവന്‍ അവരുടെ വീക്ഷണങ്ങള്‍ പകരാനുള്ള കൃത്യമായ ഡിസ്‌കഷന്‍ പോയന്റ്‌സ് മുഴുവനായും അദ്ദേഹം ആ വെറും രണ്ടരമിനിറ്റില്‍ എടുത്തിട്ടു.

മാതാപിതാക്കളുടെ മൃദുമൊഴികള്‍ കുട്ടികളിലെ ആശയവിനിമയത്തെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. നല്ല പ്രവണതകളിലേക്ക് നയിക്കുന്നു. നിശ്ശബ്ദതയുടെ, വീഴാത്ത വാക്കുകളുടെ കരുത്ത് അപാരമാണ്. മൗനം വിട്ടകന്ന് വാക്കുകളുടെ അടിമകളായി വിവരംതേടിയലയുന്ന നമുക്ക് ആനുകാലിക മൗനം ഔഷധമാണ്. തൊഴിലിടം ഒരു പൂന്തോട്ടമാക്കുന്ന മാനവികതയുടെ ഉറവിടമാണ് സോഫ്റ്റ്‌സ്‌കില്‍സ്.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Practicality of Soft Skills, Career Guidance, Success Mantra, IIMK Director Colum