വിദ്യാഭ്യാസകാലത്ത് നേടുന്ന മാർക്കും റാങ്കും മെഡലുകളും ഒന്നുമല്ല പിന്നീടുള്ള മുന്നോട്ടുള്ള പ്രയാണത്തെ നിർണയിക്കുക. അവിടെ മറ്റു ചിലതാണ്. കൈവെക്കുന്ന മേഖലയിലെ കിരീടംവെക്കാത്ത രാജാവാകുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അവിടെ രാജാവാകണമോ പരിചാരകനാവണമോ എന്നു തീരുമാനിക്കുക അഭിനിവേശത്തിന്റെ തീവ്രതയാണ്. കാര്യക്ഷമത, അഭിനിവേശവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.

പലരും മടുത്തുതളർന്ന് പിൻവാങ്ങുന്നിടത്തും ക്ഷീണമെന്തെന്നറിയാതെ അഹോരാത്രം പ്രവർത്തിക്കുന്നവരെ നോക്കുക-കോവിഡ് കാലത്ത് രാപകലില്ലാതെ കർമനിരതരാവുന്ന എത്രയോ പേരെ നോക്കൂ. അവരെ നയിക്കുന്നത് ശമ്പളമല്ല, മറ്റു സൗകര്യങ്ങളുമല്ല, എല്ലാ ഇല്ലായ്മകളുടെ നടുവിലും അവരെ നയിക്കുന്നത് വ്യാപരിക്കുന്ന മേഖലകളോടുള്ള അഭിനിവേശം ഒന്നുമാത്രമാണ്. അവരുടെ കാര്യക്ഷമതയ്ക്കുപിന്നിലും അതുതന്നെയാണ്.

ഏതു മേഖലകളിലും പാഷൻ ഒന്നുകൊണ്ടു മാത്രം എത്തിപ്പെട്ടവരാണെങ്കിൽ അവരുടെയൊക്കെയും കാര്യക്ഷമത എന്താവുമായിരുന്നു. പ്രൊഫഷണൽ ലോകം എത്രമേൽ സുന്ദരമാവുമായിരുന്നു എന്നാലോചിച്ചു നോക്കൂ. നാം ചെയ്യാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും നിരന്തരമായി ചെയ്യാനുള്ള അവസരത്തിൽപ്പരം ജീവിതസൗഭാഗ്യം വേറൊന്നില്ല. അങ്ങനെയൊരു സുവർണാവസരത്തെക്കാൾ മികച്ച ഒരു അവാർഡോ ബഹുമതിയോ ഇല്ല. അതിലേക്കുള്ള അവസരമൊരുക്കുക സ്വന്തം അഭിനിവേശം എവിടെയാണെന്ന കണ്ടെത്തലാണ്. ആ അഭിനിവേശത്തെ കാര്യക്ഷമത പിന്തുടർന്നെത്തുകയാണ് പതിവ്.

ഓരോ മേഖലകളെയും നയിക്കുന്ന പ്രതിഭാശാലികളായ നേതാക്കൾ മറ്റുള്ളവർക്ക് മാതൃകയാവുന്നതും പ്രചോദനമാവുന്നതും അവരിലെ പാഷൻ കാരണമാണ്. ഏറ്റെടുക്കുന്ന ദൗത്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിജ്ഞാബന്ധതയും കാര്യക്ഷമതയുമാണ് അവരെ ആരാധനാപാത്രങ്ങളാക്കുന്നത്. വിഭവദാരിദ്ര്യത്തെ ഭാവനാസമ്പന്നതയാൽ മറികടക്കുന്നവരാണ് അവർ. കൃത്യനിർവഹണം അങ്ങനെയുള്ളവർക്ക് ശ്വാസോച്ഛ്വാസം പോലെ അയത്നലളിതവുമാണ്.

അല്ലാത്തവർക്ക് ശ്വാസംമുട്ടലാവുക സ്വാഭാവികവും. സാധ്യമാവുന്ന ജീവിതം മാറ്റിവെച്ച് ചെറിയ കളികളിലൊതുങ്ങുന്ന ചെറിയ ജീവിതത്തിലേക്ക് ഒതുങ്ങുന്നത് ഒരു ദുരന്തമാണ്. ഇഷ്ടമേഖലകളെ തിരിച്ചറിയുക, അതിലേക്കു മാറിയൊഴുകുക. വേണ്ടാത്ത ഉപദേശങ്ങൾ അഭിനിവേശത്തെയാണ് ആക്രമിക്കുക.

(കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ് ലേഖകൻ)

Content Highlights: Passion for the work you do will lead to success, IIMK Director's Column