രു പണി കിട്ടിയിട്ട് തുടങ്ങാം എന്നു കരുതുന്നവരുണ്ട്. പണി കിട്ടാത്തതുകൊണ്ട് തുടങ്ങാത്തവരും. നിങ്ങള്‍ ഒരു എഴുത്തുകാരനാവാനാണ് അല്ലെങ്കിലൊരു പത്രപ്രവര്‍ത്തകനാവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ പത്രവും വേണ്ട പുസ്തകപ്രസാധക സ്ഥാപനവും വേണ്ട. ഒരു ബ്ലോഗില്‍ ഹരിശ്രീ കുറിക്കുകയേ വേണ്ടൂ. ബ്ലോഗുകളിലൂടെ വന്ന് ലോകപ്രശസ്തരായ എത്രയോ എഴുത്തുകാരുണ്ട്, പത്രപ്രവര്‍ത്തകരും.

നമ്മുടെ കഴിവും ലോകത്തിന്റെ ആവശ്യവും സന്ധിക്കുന്ന വേളയില്‍ ലോകത്തിനും നമുക്കുമിടയിലെ പാലമാവാന്‍ സോഷ്യല്‍ മീഡിയ ഉണ്ട്. ലിങ്ക്ടിന്‍ പോലുള്ളവരുണ്ട്. നിങ്ങളൊരു പ്രോഗ്രാമറാവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഗിറ്റ്ഹബ് പോലുള്ള വേദികളുണ്ട്. പുതിയ ലോകം സുതാര്യതയുടേതാണ്. ആരുടെയും ശുപാര്‍ശക്കത്തുകള്‍ ഇല്ലാതെ നമ്മുടെ കഴിവുകളത്രയും ഷോ കേസ് ചെയ്യാനുള്ള വേദികളുള്ള കാലമാണ്. സുതാര്യതയും സാങ്കേതികവിദ്യയും ലോകത്തെ ഉഴുതുമറിക്കുകയാണ്. പുതിയൊരു യുഗത്തിന്റെ വരവിനായി.

വ്യാവസായിക ലോകം ആവശ്യപ്പെടുന്ന മികച്ച കഴിവുള്ള പ്രൊഫഷണല്‍ സമൂഹത്തെ തന്നെയാണ് നമ്മുടെ വിദ്യാഭ്യാസരീതി സൃഷ്ടിച്ചെടുക്കുന്നത്. ഒരു പാടുപേര്‍ സ്ഥിരജോലിയുടെ സൗകര്യത്തിലും സുരക്ഷിതത്വത്തിലും കഴിയുമ്പോള്‍, ചിലരുണ്ട് അതിനപ്പുറത്തേക്ക് പറന്നുയരുന്ന സാഹസികര്‍. സ്വന്തമായി ഒരു മാനേജ്മെന്റ് സ്ഥാപനം നടത്തിയ പിതാവ്, പ്രൊഫസറും എഴുത്തുകാരിയുമായ മാതാവ്. മകള്‍ പ്രശസ്ത സ്ഥാപനങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും. ആ മകള്‍ സുരക്ഷിതമായ മേഖല വിട്ട് മുംബൈ ബോളിവുഡ്ഡിലേക്കു സിനിമാനടിയാവാന്‍ പോവുന്നു എന്നു പറഞ്ഞപ്പോള്‍ ആദ്യം ഒരല്പം സംശയാലുക്കളായെങ്കിലും ആ മാതാപിതാക്കള്‍ എതിര്‍ത്തില്ല. റിച്ച ചദ്ദയോട് അന്ന് അമ്മ പറഞ്ഞത് ഇങ്ങനെ ഒരടി മുന്നോട്ടുപോവാന്‍, പിന്നിലെ കാലിനെയാണ് ആദ്യം നീ മുന്നോട്ടേക്കെടുക്കേണ്ടത്. അല്ലെങ്കില്‍ നിനക്ക് മുന്നോട്ടേക്കുള്ള പ്രയാണം സാധ്യമാവുകയില്ല.

Content Highlights: New World of Talent, Career Guidance, IIMK Director's Column