സുരക്ഷിതത്വം എറെയും ഒരു അന്ധവിശ്വാസമാണ്. പ്രകൃതിയിൽ അങ്ങനെയൊന്ന് നിലവിലില്ല. എന്താണ് ആ സുരക്ഷിതത്വബോധം? നമ്മൾ ന്യായമായും നൽകേണ്ടത് നൽകുന്നില്ലെങ്കിലും നമുക്കുകിട്ടാനുള്ളത് മുടങ്ങരുതെന്ന ബോധം മാത്രമാണത്. ചെയ്യേണ്ടതുചെയ്യാൻ നമ്മൾ തയ്യാറാണെങ്കിൽ നമ്മൾ സുരക്ഷിതരാണ്. തീയാളുമ്പോൾ തണ്ണിയെടുക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ് സുരക്ഷിതത്വം.

കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായിപാലിച്ചാൽ ഒരുപരിധിവരെ ആരോഗ്യപരമായി നാം സുരക്ഷിതരാണ്. തൊഴിലിടത്തെ പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ തൊഴിൽപരമായും നാം സുരക്ഷിതരാണ്.

ചുരുക്കിപ്പറഞ്ഞാൽ ചെയ്യേണ്ട പണി ചെയ്യില്ല. എന്നാൽ, നമ്മുടെ പണി പോവുകയുമരുത്. നമ്മുടെ അറിവിനെ, അനുഭവങ്ങളെ, കഴിവിനെ ഒന്നും വളർത്തിയെടുക്കാതെ എടുക്കുന്ന പണിതന്നെ എടുക്കാൻ ഭാവിയിലും കഴിയണം. ആ പ്രതിഫലം കിട്ടുകയുംവേണം പണി മറ്റൊരാൾക്കു പോവുകയുമരുത് എന്നുചിന്തിക്കുന്നുണ്ടെങ്കിൽ മികവിന്റെ ലോകം നമ്മളെ ലക്ഷണമൊത്തൊരു അന്ധവിശ്വാസിയായി അടയാളപ്പെടുത്തും.

''ഈ ലോകത്ത് ഒരുമനുഷ്യന് ലഭിക്കുന്ന യഥാർഥ സുരക്ഷിതത്വം അറിവ്, അനുഭവം, കഴിവ് എന്നിവയുടെ കരുതൽശേഖരമാണ്'' -വാക്കുകൾ ഓട്ടോമൊബൈൽരംഗത്തെത്തന്നെ മഹാനായ വ്യവസായി ഹെന്റി ഫോർഡിന്റേതാണ്. അറിവും കഴിവും അനുഭവസമ്പത്തും വർധിപ്പിക്കാതെ സുരക്ഷിതത്വംമാത്രം വർധിക്കുന്ന ഒരു പ്രതിഭാസം സാമാന്യബോധത്തിനു നിരക്കുന്നതല്ല.

മാറുന്ന ലോകം ആവശ്യപ്പെടുന്നത് കാലികമായി സ്വന്തം കഴിവുകളെ വളർത്തുന്ന പ്രതിഭകളെയാണ്. അനുഭവങ്ങളെ വിട്ട് സുരക്ഷിതത്വം തേടാൻ ഉപദേശിക്കുന്നവരെ തള്ളിക്കളയുന്നവർക്കുള്ളതാണ് പ്രതിഭകളുടെ ലോകം. ലോകത്തെ ഏറ്റവുംസുരക്ഷിത ഇടം കല്ലറയാണെന്നുപറഞ്ഞത് ഒരിന്ത്യൻ യോഗിയാണ്.

(കോഴിക്കോട് ഐ.ഐ.എം. ഡയറക്ടറാണ് ലേഖകൻ)

Content Highlights: Need of Skill Development and Job Security, IIMK Director's Column