ഠനംകഴിഞ്ഞു ജോലിയിലേറിയവരെ നയിക്കുന്നത് ഒരു വിശ്വാസമാണ്. ഇനി പേടിക്കാനില്ല, പഠിക്കാനില്ല. പഴയ ലോകത്ത് ആ വിശ്വാസം സാധ്യമായിരുന്നു. പുതിയ ലോകത്ത് പുതിയതെന്തെങ്കിലും പഠിക്കാത്തവര്‍ക്ക് നാളെ ജോലിയില്‍ തുടരുക അസാധ്യമാണ്. ഐ.ഐ.എം. പോലുള്ള പ്രീമിയര്‍ ബിസിനസ് സ്‌കൂളുകള്‍ അതിനു വഴിയൊരുക്കുന്നതും അതുകൊണ്ടാണ്. അവിടെ ഈ കോവിഡ് കാലത്തും പഠനം തുടരുന്നു. കോവിഡ് ലോകത്തെയല്ല, മനുഷ്യന്റെ ശീലങ്ങളെയാണ് മാറ്റിമറിക്കുന്നത്. മാറുന്ന ബിസിനസ് ശീലങ്ങള്‍ നിരന്തരമായ പഠനവും നവീകരണവും ആവശ്യപ്പെടുകയാണ്. സ്വാഭാവികമായും അതിനൊത്തുയരണം ബിസിനസ് സ്‌കൂളുകളും ക്യാമറകള്‍ക്കു മുന്നിലേക്കു മാറുന്ന അധ്യാപനവും.

ക്ലാസ്മുറികളിലെ താത്കാലികമായി ഇല്ലാതായിപ്പോവുന്ന ഊഷ്മളമായ പഠനാന്തരീക്ഷത്തെ, പിയര്‍ലേണിങ്ങിനെ ഒക്കെയും മറികടക്കാവുന്ന വിധത്തില്‍ കോഴ്സ് ക്രമീകരണങ്ങള്‍ സാധ്യമാണ്. ക്ലാസ്റൂം മോഡും ഇന്‍കാമ്പസ് പ്രോഗ്രാമുകളും സംയോജിപ്പിച്ചാല്‍ അതു സാധ്യമാവുന്നതേയുള്ളൂ. മാറുന്ന അധ്യാപനത്തിനായി അധ്യാപകസമൂഹവും തയ്യാറാവേണ്ടതുണ്ട്. പ്രതിസന്ധികളില്‍ അവസരങ്ങളെ കണ്ടെത്തേണ്ടവരാണ് ലീഡര്‍മാര്‍. സാഹചര്യത്തിനൊത്ത് പെട്ടെന്നുതന്നെ പുതിയ മോഡലുകളിലേക്ക് മാറാനുള്ള ഫ്‌ലക്സിബിലിറ്റി വലിയ ഗുണമാണ്. ഫ്‌ലക്സിബിലിറ്റിയും എക്സ്പേര്‍ട്ടീസും ചേരുന്ന ഫ്‌ളെക്സ്പേര്‍ട്ടീസിന്റേതാണ് ലോകം.

ലിബറലൈസേഷന്റെ കാലഘട്ടമാണ്, വിദ്യാഭ്യാസരീതികളും ലിബറലൈസ്ഡ് ആവട്ടെ. കോവിഡ് കടുക്കുമ്പോള്‍ അയവുള്ളതാവണം വിദ്യാഭ്യാസരീതികള്‍. സാങ്കേതികവിദ്യയുടെ കൂടിയ ഉപയോഗമാണ് കോവിഡിന്റെ ഒരു സംഭാവന. അത് ഓണ്‍ലൈന്‍ പഠനരീതികളില്‍ പ്രതിഫലിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് വിപ്ലവകരമായ മാറ്റമാണ്. ഇന്ന് വോയ്സിന്റെ സ്ഥാനം ടെക്സ്റ്റ് എറ്റെടുക്കുകയാണ്. അടുത്തമുറിയിലെ മകളെ ഭക്ഷണത്തിനു വിളിച്ചാല്‍ കേള്‍ക്കണമെന്നില്ല, ഒരു ടെക്സ്റ്റ് മെസേജില്‍ അവള്‍ തീന്‍മേശയിലെത്തുന്ന ശീലവും കോവിഡിന്റെ സംഭാവനയാണ്. കോവിഡ് നമ്മെ അകലാന്‍ ശീലിപ്പിച്ചു, അകല്‍ച്ചയുടെ ഭാഷയും. അവിടെ സുരക്ഷിതമായ നാളെകള്‍ക്കായി ഇന്നലെകളിലില്ലാത്ത ടൂളുകള്‍ അനിവാര്യമാണ്.

(കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: Need of aquiring new skills to sustain job security in difficult times, IIMK Director's Column