രു ശരാശരി മലയാളിയുടെ ജീവിതസ്വപ്നവും പലരുടെയും ജീവിതസ്വപ്നങ്ങളുടെ അടിസ്ഥാനവും വിദേശത്ത് ഒരു ജോലി എന്നതാണ്. ഇതിന് സ്ത്രീപുരുഷഭേദമില്ലാത്തതുപോലെതന്നെ ഇപ്പോള്‍ പഠനം കഴിഞ്ഞിറങ്ങിയ ആളാണോ അടുത്തയാഴ്ച റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ആളാണോ എന്നതും പ്രശ്‌നമല്ല. എന്തിന് ഇന്ത്യക്ക് പുറത്താണെങ്കില്‍ പിന്നെ ലോകത്ത് എവിടെയും പോകാന്‍ മലയാളി 

റെഡിയാണ്. യുദ്ധം നടക്കുന്ന നാടുകളിലേക്കുപോലും സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് മലയാളികള്‍ പോകുന്നു. എന്താണ് വിദേശജോലിയെ ഇത്ര ആകര്‍ഷകമാക്കുന്നത്? പണം തന്നെയാണ് ഒന്നാമത്തെ ആകര്‍ഷണം. ലോകത്തെ പല നാടുകളിലെയും അടിസ്ഥാനശമ്പളം കേരളത്തിലെ ശരാശരി ഉയര്‍ന്ന ശമ്പളത്തെക്കാള്‍ കൂടുതലാണ്. ഒരേജോലി ലോകത്ത് രണ്ടിടത്ത് ഒരേപോലെ ചെയ്യുമ്പോള്‍ കേരളത്തെക്കാള്‍ ഇരട്ടിയോ അതിലധികമോ വരുമാനം മറ്റൊരിടത്ത് കിട്ടുമെങ്കില്‍പ്പിന്നെ അതിനെപ്പറ്റി അധികം ആലോചിക്കേണ്ട കാര്യമില്ലല്ലോ.

ഉയര്‍ന്ന വരുമാനം മാത്രമല്ല, വിദേശജോലികളെ ആകര്‍ഷകമാക്കുന്നത്. സമൂഹത്തിന്റെ അംഗീകാരവും ഒരു പ്രധാന കാര്യമാണ്. ചുരുക്കം ചില ജോലികള്‍ക്ക് മാത്രമാണ് കേരളത്തില്‍ സമൂഹത്തിന്റെ അംഗീകാരമുള്ളത്. കെട്ടിടംപണിക്ക് കമ്പി വളക്കുന്നതൊന്നും നല്ല ജോലിയായി സമൂഹം അംഗീകരിച്ചിട്ടില്ല. അതേസമയം മുടിവെട്ടുന്ന ആള്‍ക്ക് നാട്ടില്‍കിട്ടാത്ത അംഗീകാരം വിദേശത്ത് പോയി ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കാരനായാല്‍ കിട്ടുകയും ചെയ്യും. ഇത് കഷ്ടമാണെങ്കിലും സത്യമാണ്.

ഉയര്‍ന്ന വരുമാനം സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം, യാത്ര ചെയ്യുന്നതിനുള്ള അവസരം, മറ്റു സംസ്‌കാരങ്ങളുമായുള്ള പരിചയപ്പെടല്‍... വിദേശ ജോലിക്ക് ആകര്‍ഷണങ്ങള്‍ പലതാണ്‌

സഞ്ചരിക്കാനുള്ള അവസരം, മറ്റു സംസ്‌കാരങ്ങളില്‍ ഉള്ളവരുമായി ചേര്‍ന്ന് ജോലി ചെയ്യാനുള്ള അവസരം എന്നിങ്ങനെ വിദേശജോലിക്ക് കാരണങ്ങള്‍ വേറെയും പലതുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് മാത്രമല്ല, കൂടുതല്‍ വിദ്യാഭ്യാസമുള്ളവര്‍ക്കും കേരളത്തില്‍ വലിയ അവസരമോ അംഗീകാരമോ ഇല്ല. എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന വിദ്യാഭ്യാസമോ ശാസ്ത്രത്തില്‍ പിഎച്ച്.ഡി.യോ ഉള്ളവര്‍ക്ക് പറ്റിയ ഒരു ജോലിയും കേരളത്തിലില്ല. പഠനത്തിനനുസരിച്ചുള്ള ജോലിയും ശമ്പളവും കിട്ടണമെങ്കില്‍ ഇവര്‍ക്കും നാട് കടന്നേ പറ്റൂ.

ഇത്രയും കാര്യങ്ങള്‍ എല്ലാ മലയാളികള്‍ക്കും ബാധകമാണെങ്കിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ ചില കാരണങ്ങളുമുണ്ട് വിദേശത്ത് പോകാന്‍. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും സ്ത്രീകളെ ബഹുമാനത്തോടെ അംഗീകരിക്കുന്നതില്‍ നാം ഇപ്പോഴും ഏറെ പിന്നിലാണ്. വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈബ്രറിയില്‍ പോകാനോ പുറത്തിറങ്ങാനോ വിലക്കേര്‍പ്പെടുത്തുന്ന കുടുംബങ്ങളും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും ഇപ്പോഴും വിരളമല്ല. 

വഴിയിലാണെങ്കില്‍ പകല്‍ പോലും കമന്റടിക്കുന്നവരുടെയും തട്ടാനും മുട്ടാനും തക്കംനോക്കുന്നവരുടെയും തിരക്കാണ്. നാട്ടിലെക്കാളും ശമ്പളം കുറവാണെങ്കിലും സ്ത്രീകളെ മനുഷ്യരായി കാണുന്ന നാടുകളില്‍ ജീവിക്കാന്‍ സ്ത്രീകള്‍ താത്പര്യപ്പെടുന്നതില്‍ അദ്ഭുതമില്ല. എന്തിനാണ് മലയാളികള്‍ ഇന്ത്യക്ക് പുറത്ത് ജോലി തേടുന്നത് എന്നതല്ല വാസ്തവത്തില്‍ എന്റെ വിഷയം. 

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഏത് കരണത്താലും കൂടുതല്‍ മലയാളികള്‍ ഇന്ത്യക്ക് പുറത്ത് പോകണമെന്നും അങ്ങനെ സങ്കുചിത ചിന്താഗതികളില്‍നിന്ന് മുക്തിനേടണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ പുറത്തേക്ക് പോകാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന കാരണം എന്തുതന്നെയായാലും അത് ഏത് രാജ്യത്തെക്കാണ് പോകുന്നത് എന്നതിനെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്യും. 

ഇന്ത്യക്ക് പുറത്ത് ജോലിക്ക് പോകുന്ന മലയാളികളുടെ ലക്ഷ്യസ്ഥാനങ്ങളെ പൊതുവേ അഞ്ചായി തിരിക്കാം
1. എണ്ണകൊണ്ട് സമ്പന്നമായ അറബ് രാജ്യങ്ങള്‍
2. കുടിയേറി ജോലിയന്വേഷിക്കാന്‍ പറ്റിയ ഇടങ്ങളായ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ
3. പശ്ചിമ യൂറോപ്പ്, അമേരിക്ക, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങള്‍
4. മറ്റു രാജ്യങ്ങള്‍
5. കപ്പലിലുള്ള ജോലി

ഇനി ഇന്ത്യക്ക് പുറത്ത് ജോലികിട്ടാന്‍ പൊതുവില്‍ എടുക്കേണ്ട തയ്യാറെടുപ്പുകളെപ്പറ്റി പറയാം.

പാസ്‌പോര്‍ട്ട് 
ഏതു വിദേശരാജ്യത്ത് ജോലിചെയ്യാനും ആവശ്യമായ അടിസ്ഥാനരേഖയാണ് പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടില്ലാതെ വിദേശത്ത് പോകാനോ വിദേശത്തേക്ക് പോകുന്ന കപ്പലില്‍ ജോലിചെയ്യാനോ സാധിക്കില്ല. ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് കിട്ടുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും പാസ്‌പോര്‍ട്ട് കിട്ടാതിരിക്കാന്‍ തക്ക പണിയൊന്നും ചെയ്യാതെയും നോക്കണം. ക്രിമിനല്‍ കേസിലൊന്നും പോയി ചാടരുതെന്ന് സാരം.

ജാപ്പനീസും ജര്‍മ്മനുമൊക്കെ കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. കേരളത്തിലെ നഴ്‌സിങ് കോളേജുകളില്‍ വിദേശത്തു നിന്ന് ഇന്റേണ്‍സിനെ കൊണ്ടുവന്ന് ഇംഗ്ലീഷ് പഠിപ്പിക്കുകയും വേണം

അംഗീകാരമുള്ള വിദ്യാഭ്യാസം
മറ്റു രാജ്യങ്ങള്‍ ആളുകളെ ജോലിക്കെടുക്കുമ്പോള്‍ അവര്‍ക്ക് ശരിയെന്നു തോന്നുന്ന വിദ്യാഭ്യാസയോഗ്യതകള്‍ നിഷ്‌കര്‍ഷിക്കും. ഇക്കാര്യത്തില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നമ്മള്‍ ഏതു തൊഴില്‍ ചെയ്യുന്നവരാണെങ്കിലും, ചുരുങ്ങിയത് ഇന്ത്യയിലെങ്കിലും അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ പഠിച്ച് പരീക്ഷയെല്ലാം പാസായി ശരിയായരീതിയില്‍ സംഘടിപ്പിച്ച ഒരു സര്‍ട്ടിഫിക്കറ്റ് നമുക്ക് ഉണ്ടായിരിക്കണം. 

ജാപ്പനീസും ജര്‍മ്മനുമൊക്കെ കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. കേരളത്തിലെ നഴ്‌സിങ് കോളേജുകളില്‍ വിദേശത്തു നിന്ന് ഇന്റേണ്‍സിനെ കൊണ്ടുവന്ന് ഇംഗ്ലീഷ് പഠിപ്പിക്കുകയും വേണം

നന്നായി തൊഴില്‍ചെയ്യാന്‍ അറിയാമെന്നത് മാത്രം വിദേശത്ത് ജോലിക്ക് അടിസ്ഥാനമാക്കാന്‍ പറ്റിയ യോഗ്യതയല്ല. കേരളത്തില്‍നിന്നുള്ള അനവധി ആളുകള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ ചെയ്തും, എന്തിന് വ്യജ സര്‍ട്ടിഫിക്കറ്റ് വരെ ഉണ്ടാക്കിയും വിദേശത്ത് എത്തുന്നുണ്ട്. ഇത്തരം റിസ്‌ക്കൊന്നും എടുത്ത് വിദേശത്ത് പോകാന്‍ ശ്രമിക്കരുത്. നാട്ടില്‍ അംഗീകാരമുള്ള വിദ്യാഭ്യാസം നേടുന്നതിലും ഒന്നുകൂടി നല്ലതാണ് വിദേശത്തും കൂടി അംഗീകാരമുള്ള വിദ്യാഭ്യാസം നേടുക എന്നത്. ഇത് വിദേശത്ത് പഠിച്ച് നേടുന്ന യോഗ്യതയാകാം, അല്ലെങ്കില്‍ ഇന്ത്യയില്‍തന്നെ പഠിച്ച് വിദേശത്തുനിന്നും അക്രെഡിറ്റേഷന്‍ കിട്ടിയ യോഗ്യതയാകാം. 

ഇംഗ്ലീഷ് ഭാഷ ഒരു താക്കോലാണ്
വിദേശത്ത് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് അവരുടെ ഭാഷയിലാണ്. ഇംഗ്ലീഷ് എങ്ങനെയും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണം. മലയാളിയുടെ ഉച്ചാരണം ശരിയാക്കിയെടുക്കാന്‍ പ്രത്യേകം ക്ലാസില്‍ പോയാല്‍ പോലും നഷ്ടമില്ല. പണ്ടൊക്കെ വിമാനത്തില്‍ വരുമ്പോള്‍ ഇമിഗ്രേഷന്‍ കാര്‍ഡ് പൂരിപ്പിക്കാന്‍ കഷ്ടപ്പെടുന്ന മലയാളികളെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഫോം ഒന്നുമില്ലെങ്കിലും അല്പം ഇംഗ്ലീഷ് കൈവശമുണ്ടെങ്കില്‍ അത് വിദേശയാത്രയില്‍ പ്രായോഗികഗുണം ഉണ്ടാക്കുമെന്ന് മാത്രമല്ല, ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.

ഇംഗ്ലീഷ് മാത്രമല്ല ഭാഷ
മലയാളികള്‍ ജോലിചെയ്യുന്ന പ്രധാന രാജ്യങ്ങളിലെ ഭാഷ നോക്കിയാല്‍ അത് ഇംഗ്ലീഷ് ആയിരിക്കില്ല, അറബിക് ആയിരിക്കും. ഇംഗ്ലീഷ് ആണ് ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും ബിസിനസ് ഭാഷ എങ്കിലും ലോകത്തെല്ലായിടത്തും അങ്ങനെയല്ല. ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, (മാന്‍ഡരിന്‍), മലയ, ഇന്‍ഡൊനീഷ്യന്‍, സ്വാഹിലി എന്നിങ്ങനെ മലയാളികള്‍ ജോലിചെയ്യുന്ന നാടുകളില്‍ സംസാരഭാഷയും ഔദ്യോഗികഭാഷയും ബിസിനസ്ഭാഷയുമായി ഭാഷകള്‍ അനവധിയുണ്ട്. 

ഇതില്‍ ഏതെങ്കിലുമൊക്കെ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍സാധ്യത ഇരട്ടിക്കും. ജാപ്പനീസും ജര്‍മനും ഒക്കെ കേരളത്തിലെ എന്‍ജിനീയറിങ് കോളേജില്‍ നിര്‍ബന്ധ വിഷയമാക്കണമെന്നും കേരളത്തിലെ നഴ്‌സിങ് കോളേജിലോക്കെ ഓസ്‌ട്രേലിയയില്‍നിന്നും ഇംഗഌില്‍നിന്നുമൊക്കെ ചെറുപ്പക്കാരായ ഇന്റേണ്‍സിനെ കൊണ്ടുവന്ന് നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നും അഭിപ്രായമുള്ള ആളാണ് ഞാന്‍. നമ്മുടെ കുട്ടികളുടെ എംപ്ലോയബിലിറ്റി അതോടെ പത്തിരട്ടിയാകും.

നെറ്റ്‌വര്‍ക്ക് 
വിദേശരാജ്യങ്ങളിലൊന്നും പി. എസ്.സിയോ യു.പി.എസ്.സിയോ ഒന്നുമില്ലാത്തതിനാല്‍ നമ്മള്‍ നന്നായി പഠിച്ചതുകൊണ്ടോ ആവശ്യത്തിനുള്ള യോഗ്യത ഉണ്ടായതുകൊണ്ടോ, ഭാഷ അറിഞ്ഞതുകൊണ്ടോ ഒന്നും ആരും ജോലിതരാന്‍ പോകുന്നില്ല. അവസരങ്ങളെപ്പറ്റി നമ്മളെ സമയത്ത് അറിയിക്കാനും സഹായിക്കാനും നമ്മുടെ കഴിവറിഞ്ഞ് അത് പ്രമോട്ട് ചെയ്യാനുമൊക്കെ ആരെങ്കിലും ഉണ്ടാവുക എന്നതാണ് പ്രധാനം. 

ബിരുദത്തെക്കാളും ബന്ധങ്ങളാണ് വിദേശജോലിക്ക് പ്രധാനം എന്ന് സാരം. ബന്ധം എവിടെനിന്നും തുടങ്ങാം. ബന്ധുക്കളില്‍നിന്നുതന്നെ ആദ്യം. അച്ഛനോ അമ്മയോ ഒക്കെ വിദേശത്താണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിങ്ങനെ. ഇനി അഥവാ ഇങ്ങനെയാരുമില്ലെങ്കില്‍ നിങ്ങള്‍ പഠിച്ച കോളേജിലെ പൂര്‍വവിദ്യാര്‍ഥികളുടെ നെറ്റ്വര്‍ക്ക് ഉപയോഗിക്കുക. സമൂഹമാധ്യമത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് ബന്ധങ്ങള്‍ ഉണ്ടാക്കി യെടുക്കാന്‍ ശ്രമിക്കണം.

Thozil

ഗള്‍ഫിലെ ജോലി 
മുപ്പതുവര്‍ഷം മുന്‍പാണ് ഞാന്‍ സിവില്‍ എന്‍ജിനീയറായി ഗള്‍ഫില്‍ ജോലിക്ക് ശ്രമിച്ചത്. 'ഇപ്പോള്‍ പഴയ ഡിമാന്‍ഡൊന്നുമില്ലെന്ന്' അകന്ന ബന്ധുക്കളും 'റാങ്ക് ഒന്നും പോരാ, എക്‌സ്പീരിയന്‍സ് തന്നെ വേണം' എന്ന് അടുത്ത ബന്ധുക്കളും പറഞ്ഞു. എന്തായാലും അന്ന് കാര്യം നടന്നില്ല. ഇതേ പല്ലവിതന്നെയാണ് ഇപ്പോഴും നാം കേള്‍ക്കുന്നത്. എന്നാല്‍ പുതിയതായി പഠിച്ച് പാസായവര്‍തൊട്ട് പിഎച്ച്.ഡിയും മുപ്പതുവര്‍ഷം തൊഴില്‍പരിചയമുള്ളവരുമടക്കം ലക്ഷക്കണക്കിന് മലയാളികള്‍ ഓരോ വര്‍ഷവും ഗള്‍ഫിലെത്തുന്നു. 

ഇവര്‍ക്കെല്ലാം പൊതുവായി ഒരേയൊരു യോഗ്യതയേ ഉള്ളൂ, നെറ്റ്വര്‍ക്. ബന്ധുക്കളോ കൂട്ടുകാരോ നാട്ടുകാരോ ആരെങ്കിലും ഗള്‍ഫിലുണ്ടാകുകയും അവര്‍ നിങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്താല്‍ അന്നും ഇന്നും ഗള്‍ഫില്‍ ജോലിക്ക് വലിയ സാധ്യതയുണ്ട്. അഞ്ചുവര്‍ഷമെങ്കിലും തൊഴില്‍പരിചയമുള്ളതും ഗള്‍ഫില്‍ അംഗീകരിക്കപ്പെട്ട ഡിപ്ലോമ ഉള്ളതുമെല്ലാം അവരുടെ പണി എളുപ്പമാക്കും. 

ഗള്‍ഫിലേക്ക് ആളുകളെ അയയ്ക്കുന്ന ഏജന്‍സികള്‍ ധാരാളമുണ്ട്. പക്ഷേ, മിക്കതും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നവയല്ല. സേവനവേതന വ്യവസ്ഥകളെപ്പറ്റിയുള്ള അവ്യക്തത, ഉദ്യോഗാര്‍ഥിയുടെയും തൊഴില്‍ ദാതാവിന്റെയും കൈയില്‍നിന്ന് പണംപറ്റല്‍, എന്തെങ്കിലും കുഴപ്പമുണ്ടായാലുള്ള ഉത്തരവാദിത്തമില്ലായ്മ എന്നിങ്ങനെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെകൂടെ പോകുന്നതില്‍ പല റിസ്‌കുമുണ്ട്. 

കുടിയേറ്റവും ജോലിയും
സ്വന്തം രാജ്യത്ത് ആളുകളുടെ എണ്ണം കൂട്ടാനും രാജ്യത്തെ ജനവൈവിധ്യം വര്‍ധിപ്പിക്കാനുംവേണ്ടി ഔദ്യോഗികമായി കുടിയേറ്റം അനുവദിക്കുന്ന ചില രാജ്യങ്ങളുണ്ട്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ഇവയാണതില്‍ പ്രധാനം. നമ്മുടെ പ്രായം, ഭാഷാസ്വാധീനം, തൊഴില്‍ രംഗം, തൊഴില്‍ പരിചയം ഇതൊക്കെ അനുസരിച്ചാണ് അവര്‍ നമുക്ക് അങ്ങോട്ട് കുടിയേറാനുള്ള അനുമതി തരുന്നത്. 

ഈ അനുമതി തൊഴിലിനുള്ള ഗ്യാരണ്ടിയല്ല. രണ്ടുവര്‍ഷത്തേക്ക് തൊഴിലൊന്നും കിട്ടിയില്ലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള സാമ്പത്തികഭദ്രത ഇല്ലെങ്കില്‍ കുടിയേറ്റത്തിന് പോകുന്നത് റിസ്‌കാണ്. അതേസമയം ചെറുപ്പത്തില്‍തന്നെ ഇങ്ങനെയുള്ള രാജ്യങ്ങളില്‍ പോയി താമസമുറപ്പിക്കുന്നത് ഭാവിയില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. 

യൂറോപ്പും മറ്റ് വികസിത രാജ്യങ്ങളും
യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നും തൊഴിലിനല്ലാതെ നേരിട്ടുള്ള കുടിയേറ്റം അനുവദിക്കാറില്ല. തൊഴിലുകളില്‍തന്നെ നഴ്‌സുമാരുടെയും അതുപോലെ ഉയര്‍ന്ന പ്രത്യേക വൈദഗ്ധ്യം വേണ്ടവരുടെയും ജോലികള്‍ക്ക് മാത്രമേ അവസരം കൊടുക്കാറുള്ളൂ. അതിനാല്‍ ഇവിടങ്ങളില്‍ നേരിട്ട് ജോലി കിട്ടുക എളുപ്പമല്ല. അതിനുള്ള ചില മാര്‍ഗങ്ങള്‍ പറയാം.

വെസ്റ്റ്ഇന്‍ഡീസ്, ഫിജി, കെനിയ, നൈജീരിയ, ബ്രൂണെ, മലേഷ്യ എന്നിവിടങ്ങളിലൊക്കെ മലയാളികള്‍ കുടിയേറിയത് ഇംഗ്ലീഷ് പരിജ്ഞാനവും കൊളോണിയല്‍ കാലത്ത് തുടങ്ങിയ ബന്ധങ്ങളും ഉപയോഗിച്ചാണ്. അനവധി ജോലിസാധ്യതകള്‍ ഉള്ളതും എന്നാല്‍, അധികം മലയാളികള്‍ ഇല്ലാത്തതുമായ രാജ്യങ്ങളുമുണ്ട്. ഫ്രഞ്ച് സംസാരഭാഷയായിട്ടുള്ള, പണ്ട് ഫ്രഞ്ചുകാര്‍ ഭരിച്ച രാജ്യങ്ങളാണിവ

 

ഈ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനെത്തുക. ഇംഗ്ലീഷ് അല്ലാത്ത ഭാഷയുള്ള രാജ്യങ്ങളില്‍ ഇംഗ്ലീഷിനൊപ്പം അവിടുത്തെ ഭാഷയും പഠിക്കണം. മിക്കവാറും രാജ്യങ്ങളെല്ലാം അവിടെ നല്ല സ്ഥാപനങ്ങളില്‍ പഠിക്കുകയും ഭാഷ അറിയുകയും ചെയ്യുന്നവര്‍ക്ക് ജോലി അന്വേഷിക്കാന്‍ കുറെ നാള്‍ സാവകാശം നല്‍കും. ഭൂരിഭാഗത്തിനും ആ സമയംകൊണ്ട് ജോലി കിട്ടുകയും ചെയ്യും. അതേസമയം വിസ കിട്ടാനായി തട്ടിപ്പിന് ഡിപ്ലോമാ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളും അവയെ പ്രമോട്ട് ചെയ്യുന്ന എജുക്കേഷണല്‍ കണ്‍സള്‍ട്ടന്റുമാരും ഉണ്ട്. ഇവര്‍ പറയുന്നതുകേട്ട് ഇവിടെയെത്തിയാല്‍ കഷ്ടപ്പെടും എന്നത് തീര്‍ച്ച.

വിദേശരാജ്യങ്ങളില്‍ ബ്രാഞ്ചുള്ള ഏതെങ്കിലുമൊക്കെ സ്ഥാപനത്തില്‍ ജോലി തേടുക. ഇന്ത്യയില്‍ ബ്രാഞ്ച് ഉള്ളതും യൂറോപ്പിലോ വിദേശത്തോ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഉള്ളതുമായ കമ്പനിയുടെ ഇന്ത്യന്‍ ശാഖയില്‍ ജോലി ചെയ്യുന്നവരെ സ്ഥാപനങ്ങള്‍ അവരുടെ താത്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ വിദേശത്ത് ജോലിക്ക് എത്തിക്കുന്ന രീതിയുണ്ട്. മിക്കവാറും താത്കാലിക വിസയാണ് ഇവര്‍ക്ക് ലഭിക്കുക. പങ്കാളിക്ക് ജോലി വഹിക്കാനുള്ള അനുമതി ഉണ്ടായിരിക്കുകയില്ലെങ്കിലും വികസിതരാജ്യങ്ങളിലെ ജോലിയുടെ രീതികളുമായി പരിചയപ്പെടാനൊക്കെ ഇതൊരു നല്ല അവസരമാണ്.

മറ്റു രാജ്യങ്ങള്‍
ചന്ദ്രനിലും എവറസ്റ്റിന്റെ മുകളിലുമൊക്കെ മലയാളികള്‍ ഉണ്ടെന്നത് പ്രസിദ്ധമാണല്ലോ. ഞാന്‍ പോയിട്ടുള്ള അറുപതിലേറെ രാജ്യങ്ങളില്‍ ഭൂരിഭാഗത്തിലും മേമ്പൊടിക്കെങ്കിലും ഒരു മലയാളിയെ കണ്ടെത്തിയിട്ടുണ്ട്. പണ്ട് ബ്രിട്ടീഷ് കോളനിയായിരുന്നതും, ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയുള്ളതുമായ രാജ്യങ്ങളാണ് ഇവയില്‍ പ്രധാനം. വെസ്റ്റ് ഇന്‍ഡീസ്, ഫിജി, കെനിയ, നൈജീരിയ, ബ്രൂണെ, മലേഷ്യ എന്നിവിടങ്ങളിലൊക്കെ മലയാളികള്‍ എത്തിപ്പറ്റുന്നത് ഇംഗ്ലീഷും പഴയ കൊളോണിയല്‍ കാലത്ത് തുടങ്ങിയ നെറ്റ്‌വര്‍ക്കുകളും വെച്ചാണ്. 

അവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ വഴിയും ജോലിക്ക് ശ്രമിക്കാവുന്നതാണ്. ഇതില്‍ ഓരോ രാജ്യത്തെയും തൊഴില്‍നിയമങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും തൊഴില്‍ അന്വേഷിക്കുന്നവര്‍ ഗള്‍ഫില്‍ മാത്രമായി അന്വേഷണം ഒതുക്കേണ്ടതില്ല എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. ഗള്‍ഫിലെ കാര്യം പറഞ്ഞതുപോലെ ബന്ധുബലം തന്നെയാണിവിടെയും പ്രധാനം. എങ്ങനെയും ഇവിടുത്തെ ആരെയെങ്കിലും സമൂഹമാധ്യമ ചങ്ങലയില്‍ കുടുക്കുക. പിന്നെയെല്ലാം എളുപ്പമായി.

അനവധി ജോലിസാധ്യതകള്‍ ഉള്ളതും എന്നാല്‍ അധികം മലയാളികള്‍ ഇല്ലാത്തതുമായ മറ്റു രാജ്യങ്ങളുമുണ്ട്. ഫ്രാങ്കോഫോണ്‍ രാജ്യങ്ങള്‍, അല്ലെങ്കില്‍ ഫ്രഞ്ച് സംസാരഭാഷയായിട്ടുള്ള, പണ്ട് ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്ന രാജ്യങ്ങള്‍ ആണിവ. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കച്ചവടം നടത്തുന്നതുപോലെ ലണ്ടനില്‍നിന്നുള്ളവരാണ് ഈ രാജ്യങ്ങളില്‍ ബിസിനസ്സില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഫ്രഞ്ചുഭാഷ വ്യാപകമായി കേരളത്തില്‍ പഠിപ്പിച്ചാല്‍ എളുപ്പത്തില്‍തന്നെ ഈ ഫ്രാങ്കോഫോണ്‍ മാര്‍ക്കറ്റ് നമുക്ക് പിടിച്ചെടുക്കാന്‍ പറ്റും.

ഉലകം ചുറ്റുന്നവര്‍
ഒരുരാജ്യത്തും സ്ഥിരതാമസം അല്ലെങ്കിലും ലോകം ചുറ്റുന്ന മറ്റൊരുകൂട്ടം ആളുകളാണ് കപ്പലില്‍ ജോലിചെയ്യുന്നവര്‍. ലോകത്താകമാനം നൂറുകണക്കിന് ഷിപ്പിങ് കമ്പനികളും, കപ്പിത്താന്റെ തൊട്ട് കപ്പലില്‍ ഭക്ഷണം വിളമ്പുന്നവരുടെവരെ ലക്ഷക്കണക്കിന് കപ്പല്‍ ജോലികളുമുണ്ട്. ആകര്‍ഷകമായ ശമ്പളം, നീണ്ട അവധിക്കാലം, ലോകമാകെ കറങ്ങിനടക്കാനുള്ള അവസരം എന്നിങ്ങനെ കപ്പല്‍ജോലിക്ക് ഗുണങ്ങള്‍ അനവധിയുണ്ട്. 

കപ്പലില്‍ ജോലികിട്ടാന്‍ മറൈന്‍ എന്‍ജിനീയറിങ് പഠിക്കണമെന്നില്ല,മര്‍ച്ചന്റ് നേവി ട്രെയിനിങ്ങിന് പോകുന്ന എല്ലാവര്‍ക്കും കപ്പലില്‍ ജോലി കിട്ടണം എന്നുമില്ല. ഏറെ കള്ളനാണയങ്ങളുള്ള രംഗമാണിത്. അതുകൊണ്ടുതന്നെ ശരിയായ പരിശീലനവും സര്‍ട്ടിഫിക്കറ്റും ഒന്നുമില്ലാതെ കപ്പല്‍പണിക്ക് പോകരുത്. കഴിഞ്ഞദിവസം കപ്പലില്‍ ജോലിക്കുപോയ കുറെ മലയാളികള്‍ക്ക് ഇരിക്കാന്‍പോലും സ്ഥലമില്ലാത്ത ജയിലില്‍ കഴിയേണ്ടി വന്നു എന്നു വായിച്ചില്ലേ? 

വിദേശജോലിയെപ്പറ്റി ഇത്രയുംകൂടി 
1. സാമ്പത്തികലാഭം മാത്രമല്ല, മനസികവികാസവും ഏറെ നല്‍കുന്ന ഒന്നാണ് വിദേശജോലികള്‍. കേരളത്തില്‍ എത്ര നല്ല ജോലിയുള്ളവരും ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും കേരളത്തിനുപുറത്ത് ജോലിക്ക് പോകണമെന്നാണ് എന്റെ ഉപദേശം.
2. അതേസമയം വിദേശജോലി എന്ന ലക്ഷ്യത്തിനുവേണ്ടി എന്തുവേഷവും കെട്ടരുത്. ഏതു ജോലിക്കും മാന്യതയുണ്ടെന്നത് ശരിയാണെങ്കിലും എന്‍ജിനീയറിങ്ങും പിഎച്ച്.ഡിയും കഴിഞ്ഞ് വിദേശത്ത് പോകാന്‍വേണ്ടി മാത്രം പാചകക്കാരനോ വെയിറ്ററോ ആകുന്ന ആളുകള്‍ ആയുഷ്‌കാലം മുഴുവന്‍ അപകര്‍ഷതയിലായിരിക്കും ജീവിക്കുന്നത്. അതവര്‍ക്കോ ആ തൊഴിലിനോ ഗുണം ചെയ്യില്ല.