ങ്ങള്‍ നാലു കൂട്ടുകാര്‍ ഒരുമിച്ചാണ് പത്താം ക്ലാസ്സ് പാസായത്. അന്ന് അറുന്നൂറിലാണ് മാര്‍ക്ക്. അഞ്ഞൂറ്റിനാല്പതൊക്കെയാണ് ഒന്നാം റാങ്ക്. ഇരുനൂറ്റിപ്പത്ത് പാസ്സ്മാര്‍ക്ക്. അഞ്ഞൂറിനു മുകളില്‍ മാര്‍ക്ക് വാങ്ങിയ ഞാനായായിരുന്നു ക്ലാസ്സില്‍ ഒന്നാമത്. രണ്ടാമത്തെയാള്‍ (ബി എന്നു വിളിക്കാം) നാനൂറ്റിയന്‍പതിനു മുകളില്‍ മാര്‍ക്ക് വാങ്ങി. മൂന്നാമന് (സി) മുന്നൂറ്റി ഇരുപത്, നാലാമന് (ഡി) ഇരുനൂറ്റിപ്പത്ത്.

ഞങ്ങള്‍ വളരെയടുത്ത കൂട്ടുകാരാണ്. മാര്‍ക്ക് വന്നപ്പോള്‍ സി യുടെയും ഡി യുടെയും അമ്മമാര്‍ അവരോട് പറഞ്ഞു, 'നീയൊക്കെ ആ മുരളിയെ കണ്ടുപഠിക്ക്' എന്ന്. അന്ന് പതിനഞ്ച് വയസ്സ് പ്രായമുള്ള ഞങ്ങള്‍ ആരും ആരെയും കണ്ടുപഠിക്കാന്‍ പോയില്ല.

പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഞാനന്ന് പിഎച്ച്ഡി ചെയ്യുകയാണ്. ബി ബിരുദാനന്തരബിരുദം കഴിഞ്ഞ് ബാങ്കില്‍ ക്ലര്‍ക്കായി, സി ബിരുദമൊന്നും കിട്ടാതെ ഒരു കമ്പനിയുടെ സെയില്‍സ്മാനായി, ഡി പ്രീഡിഗ്രി പൊട്ടി നേരെ പാടത്തിറങ്ങി.

പത്തു പാസ്സായി മുപ്പത്തിയഞ്ചു വര്‍ഷം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ കാര്യങ്ങളാകെ മാറിയിരുന്നു. ഡി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സൊക്കെ നടത്തി നാട്ടിലെ പ്രമുഖ പണക്കാരനായെങ്കിലും കുട്ടികളുടെ പഠിത്തമെല്ലാം സ്വാഹയായി. സി സെയില്‍സ് മാനില്‍ നിന്നും റീജിയണല്‍ സെയില്‍സ് മാനേജരായി. മക്കള്‍ രണ്ടു പേര്‍ എന്‍ജിനീയര്‍മാരായി. മകളുടെ കല്യാണം കഴിഞ്ഞു. പക്ഷെ ആള്‍ ഫുള്‍ടൈം തണ്ണിയാണ്, അതിന്റെ പ്രശ്‌നങ്ങളുമുണ്ട് കുടുംബത്തില്‍.

ബി യുടെ കാര്യം അപ്പോഴേക്കും സാമ്പത്തികമായി അല്പം പരുങ്ങലിലായി. മകന്‍ നന്നായി പഠിക്കുന്നതു കാരണം മുന്നോട്ടു നോക്കുമ്പോള്‍ അത്ര കുഴപ്പമില്ല. എന്റെ കാര്യം ഔദ്യോഗികമായി യുഎന്‍ ഒക്കെയാണെങ്കിലും വ്യക്തിജീവിതത്തില്‍ അന്ന് പല പ്രതിസന്ധികള്‍ നേരിടുകയാണ്. ആരും ആരെയും നോക്കി പഠിക്കാന്‍ ഇപ്പോള്‍ ഞങ്ങളോട് ആരും പറയാറില്ല.

കാലമിനിയുമുരുളും. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഞങ്ങള്‍ക്കെല്ലാം ഇനിയുമുണ്ടാകും. ഇനി അറുപതോ എഴുപതോ വയസ്സില്‍ ഞങ്ങള്‍ കണ്ടുമുട്ടിയാല്‍ ഞങ്ങളുടെ ആരോഗ്യം, കുട്ടികള്‍ ഞങ്ങളെ കരുതലോടെ നോക്കുന്നുണ്ടോ എന്നതൊക്കെയായിരിക്കും ഞങ്ങളുടെ പ്രധാന സംസാരവിഷയം. അപ്പോഴേക്കും ആരെന്നും എന്തെന്നും ആര്‍ക്കറിയാം.

ഇത് എന്റെ മാത്രം കഥയല്ല. അന്‍പതോ, അറുപതോ വയസ്സുള്ളവര്‍ ഓരോരുത്തര്‍ക്കും നിങ്ങളുടെ ചുറ്റിലുമുള്ള നാല് പേരെ നിരീക്ഷിച്ച് ഈ പരീക്ഷണം ചെയ്തു നോക്കാവുന്നതാണ്. നാല്പത് വര്‍ഷം മുന്‍പുണ്ടായിരുന്ന നിങ്ങളുടെ ആപേക്ഷിക നില എന്തായി, ഇപ്പോഴത്തെ നില എന്ത്, ഇനി എങ്ങോട്ടാണ് പോകുന്നത്.  എങ്ങോട്ടു ജീവിതം പോകുമെന്നാണ് നാം കരുതിയിരുന്നത്, ഇപ്പോള്‍ എവിടെയെത്തി ?

മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കരിയറിലെ ഉന്നതിയെപ്പറ്റിയായിരുന്നു ഈ സീരീസ്. നിങ്ങള്‍ എവിടെയാണെങ്കിലും ഏതു തൊഴിലിലാണെങ്കിലും ഏതു പ്രായത്തിലാണെങ്കിലും തൊഴില്‍ ജീവിതത്തില്‍ മുന്നേറാനുള്ള മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നതോ അവര്‍ അര്‍ഹിക്കുന്നതോ ആയ തൊഴില്‍ ജീവിതം തന്നെ ലഭിച്ചു എന്ന് വരില്ല. എന്നാല്‍ അതുകൊണ്ട് മാത്രം അവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടുവെന്നോ, മറ്റുള്ളവരെക്കാള്‍ പിന്നിലാണെന്നോ വിചാരിക്കേണ്ട കാര്യമില്ല. 

അതേസമയം തന്നെ 'കുടുംബമാണ് ഏറ്റവും വലുത്', 'പണം കൊണ്ടൊന്നും വലിയ കാര്യമില്ല' എന്ന തരത്തിലൊക്കെയുള്ള തത്വശാസ്ത്രത്തില്‍ ഒന്നും വലിയ കാര്യമില്ല താനും. ഇതൊക്കെ പൊതുവെ 'കിട്ടാത്ത മുന്തിരി' തരം ജീവിത വീക്ഷണമാണ്. ജീവിതവിജയം എന്നത് നമ്മുടെ തൊഴില്‍രംഗത്തെ പുരോഗതിയോ, സാമ്പത്തികനേട്ടമോ, കുട്ടികളുടെ പഠനമികവോ, കുടുംബത്തിലെ സന്തോഷമോ മാത്രം നോക്കി അളക്കാവുന്ന ഒന്നല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇതിലോരോന്നിനും എത്രമാത്രം പ്രാധാന്യം കൊടുക്കണം എന്നതിന് സമൂഹത്തില്‍ ചില അളവുകോലുകളുണ്ട്. ഉദാഹരണത്തിന്, കുടുംബമാണ് സമൂഹജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് ചിന്തിക്കുന്നവരാണ് സമൂഹത്തില്‍ ഏറിയ കൂറും. പണമുണ്ടാക്കുന്നവരെ പൊതുവെ സമൂഹം അംഗീകരിക്കും. നല്ല കരിയറില്‍ എത്തിപ്പറ്റുന്നവരെയും, അധികാര സ്ഥാനത്ത് ചെന്നെത്തുന്നവരെയും പൊതുവെ സമൂഹത്തിന് മതിപ്പാണ്. ഇതെല്ലാം കൂടി ആര്‍ക്കും തന്നെ സാധിക്കാറില്ലെങ്കിലും.

അതേസമയം വ്യക്തിപരമായി നമുക്ക് വേറെ ചിന്താഗതി ഉണ്ടാകാം. പണത്തിലും വലുത് അഭിമാനമാണെന്ന് ചിന്തിക്കുന്നവരും, മിടുക്കരായ കുട്ടികളുള്ളതാണ് ഏറ്റവും വലിയ നേട്ടമെന്ന് ചിന്തിക്കുന്നവരുമുണ്ട്. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി എത്രയോ മികച്ച കരിയര്‍ അവസരങ്ങള്‍ വേണ്ടെന്നു വെച്ച ആളുകളുണ്ട്!. ഇതൊന്നും പ്രത്യേകിച്ച് ശരിയോ തെറ്റോ അല്ല. ശരിയും തെറ്റും ഉണ്ടുതാനും. ഇതിലോരോന്നിലും തീരുമാനമെടുക്കേണ്ടത് നമ്മളാണ്. എന്നുവെച്ച് ഈ തീരുമാനങ്ങളൊന്നും നമ്മള്‍ പതിനഞ്ചാം വയസ്സില്‍ എടുക്കേണ്ടതോ, ഒരിക്കല്‍ എടുത്താല്‍പ്പിന്നെ മാറ്റാന്‍ പറ്റാത്തതോ അല്ല.

മനുഷ്യര്‍ അടിസ്ഥാനമായി അത്യാഗ്രഹികളാണ്. ജീവിതത്തെ അളക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും പുരോഗതി മാത്രമുണ്ടാകണമെന്നും, പറ്റിയാല്‍ എല്ലാത്തിലും മറ്റുള്ളവരുടെ മുന്‍പിലെത്തണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷെ അത് നടക്കുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ജീവിത വിജയത്തെപ്പറ്റി നമ്മുടെ വീക്ഷണം എന്തായിരിക്കണം?

രണ്ടുതരത്തിലാണ് ഞാന്‍ ജീവിതത്തെ നോക്കിക്കാണുന്നത്. ഒന്നാമത് ജീവിതം എന്നത് ഒരു റണ്ണിങ് ട്രാക്കിലെ ഓട്ടം പോലെ ഒരു ദിശയില്‍ മാത്രം ഉള്ളതല്ല. തൊഴില്‍ ജീവിതം, കുടുംബം, കുട്ടികള്‍, പണം, സമൂഹത്തിന്റെ അംഗീകാരം, ആരോഗ്യം, സുഹൃത്തുക്കള്‍ എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് ആക്‌സിസില്‍ കൂടെയാണ് ഞാന്‍ എന്റെ ജീവിതത്തെ കാണുന്നത്. ഇതിലോരോന്നിലും ഞാന്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നത് മാത്രമല്ല, ഞാന്‍ എവിടെ നിന്ന് തുടങ്ങി എന്നതും എനിക്ക് പ്രധാനമാണ്. എന്റെ കയ്യിലിപ്പോള്‍ അഞ്ചു കോടി രൂപ ഉണ്ടെന്നു കരുതുക (കടം ചോദിക്കണ്ട, ചുമ്മാ പറഞ്ഞതാ). അപ്പോള്‍ ആറ് കോടി കയ്യിലുള്ള മറ്റൊരാളെക്കാള്‍ പുറകിലാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍, ഞാന്‍ ജീവിതം തുടങ്ങിയത് പത്തു ലക്ഷത്തിലും, മറ്റെയാള്‍ തുടങ്ങിയത് പത്തു കോടിയിലും ആണെങ്കില്‍ പുരോഗതി ഉണ്ടായത് എനിക്കാണെന്ന് വ്യക്തമാണല്ലോ.

നമ്മുടെ ജന്മം എന്നത് പ്രപഞ്ചത്തിലെ ഒരു ലോട്ടറിയാണ്. വെങ്ങോലയില്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശരാശരിക്കാരായ അച്ഛനമ്മമാരുടെ മകനായി ഞാന്‍ പിറന്ന അതേസമയത്ത് തന്നെ അമേരിക്കയില്‍ ശതകോടീശ്വരന്റെ മക്കളായും, ജര്‍മ്മനിയില്‍ നോബല്‍ സമ്മാനം കിട്ടിയവരുടെ മക്കളായും, സോമാലിയയിലെ മുക്കുവന്റെ മക്കളായുമൊക്കെ ആളുകള്‍ ജനിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും സ്റ്റാര്‍ട്ടിങ് കാപിറ്റല്‍ ഏറെ വ്യത്യസ്തമാണ്. എന്നാല്‍, ഇത് ആര്‍ജ്ജിക്കാന്‍ നമ്മള്‍ ഒന്നും ചെയ്തിട്ടുമില്ല. അപ്പോള്‍ നമുക്കോരോരുത്തര്‍ക്കും കിട്ടിയ മൂലധനമുപയോഗിച്ച് നാം എങ്ങനെ മുന്നോട്ടു വന്നു എന്നതാണ് നാം നമ്മളെ അളക്കാന്‍ ഉപയോഗിക്കേണ്ട മാനദണ്ഡം, അല്ലാതെ നമ്മുടെ കയ്യില്‍ എന്ത് നീക്കിയിരിപ്പുണ്ടെന്നത് മാത്രമല്ല. ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം ജീവിത വിജയം.

രണ്ടാമത്തെ കാര്യം അല്‍പം സിംബോളിക്ക് ആണ്. സര്‍ക്കസില്‍ കൂടാരം കണ്ടിട്ടുളളവര്‍ അതിലെ നെടുംതൂണ് പല വശങ്ങളിലേക്ക് വലിച്ചുകെട്ടിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. വലിച്ചു കെട്ടിയിരിക്കുന്ന ഓരോ കയറിന്റെയും ടെന്‍ഷന്റെ സംതുലിതാവസ്ഥയിലാണ് നെടും തൂണവിടെ ഉറച്ചുനില്‍ക്കുന്നത്. ഈ തൂണിന്റെ ബലത്തിലാണ് കൂടാരം നിലനില്‍ക്കുന്നത്. മനുഷ്യജീവിതവും ഇതുപോലെയാണ്. സുഹൃത്തുക്കള്‍, കരിയര്‍, സമ്പത്ത്, ആരോഗ്യം, കുടുംബം, കുട്ടികള്‍, എന്നീ അനവധി ബന്ധനങ്ങളാല്‍ വലിച്ചുമുറുക്കിയാണ് ഓരോ മനുഷ്യനും നിലനില്‍ക്കുന്നത്. 

ഈ തൂണുകളില്‍ കെട്ടിയ കൂടാരത്തിന്റെ തണലിലാണ് നാം നമ്മുടെ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാല്‍, ഇതിലേതെങ്കിലും ഒരു കയറില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കൊടുത്താലോ തീരെ ശ്രദ്ധിക്കാതിരുന്നാലോ തൂണ് ലംബമായി നില്‍ക്കില്ല. അതിനാല്‍ നമ്മുടെ ജീവിതം എന്നത് ഏതെങ്കിലും ഒരു വിഷയത്തിലേക്ക് മാത്രമൊതുങ്ങിയാല്‍ അത് ഏങ്കോണിച്ച കൂടാരം പോലെയാകും. ഉദാഹരണത്തിന് ഓഫീസിനു പുറത്ത് ജീവിതമില്ലാത്ത ആള്‍, കുടുംബത്തിന് പുറത്ത് ഒട്ടും ഇടപെടാത്ത ആള്‍, പണത്തിന്റെ പുറകെ മാത്രം പോകുന്ന ആള്‍, ഇവരെല്ലാം ചെരിഞ്ഞ തൂണിന്റെ കീഴെ കൂടാരം കെട്ടി താമസിക്കുന്നവരാണ്.

അത് വലിയ പ്രശ്‌നമൊന്നുമല്ല, എല്ലാ ടെന്റുകളും തികച്ചും സന്തുലിതമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നിങ്ങള്‍ നിങ്ങളുടെ ടെന്റിന്റെ രൂപത്തിലും ശക്തിയിലും സംതൃപ്തരാണോ എന്നത് മാത്രമാണ് പ്രധാനം. പ്രശ്‌നം അതല്ല, നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുകയും ആ വിഷയത്തില്‍ നിങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ നെടുംതൂണ്‍ താഴെ വീഴും. ടെന്റിലുള്ളവരുടെയെല്ലാം കാര്യം കുഴപ്പത്തിലാകുകയും ചെയ്യും. ഉദാഹരണത്തിന,് കുടുംബത്തെ ശ്രദ്ധിക്കാതെ നിങ്ങള്‍ കരിയറില്‍ ശ്രദ്ധിച്ചു എന്നും,  ഏതെങ്കിലും കാരണം കൊണ്ട് കരിയര്‍ പൊളിഞ്ഞു പോയി എന്നും കരുതുക. അപ്പോള്‍ നിങ്ങളുടെ ജീവിതം പിടിവിട്ടു പോകും, ടെന്റ് വശം കുത്തി വീഴും. കുടുംബത്തിലോ, പണത്തിലോ, സുഹൃത്തുക്കളിലോ, സമൂഹത്തിലോ എവിടെയാണെങ്കിലും അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ ഉള്ള കുഴപ്പമാണിത്. 

നിങ്ങള്‍ എവിടെ ശ്രദ്ധ കൊടുക്കുന്നോ അത് പാളിയാല്‍ പിന്നെ നിങ്ങളുടെ ജീവിതം പിടിച്ചാല്‍ കിട്ടില്ല. അപ്പോഴാണ് മദ്യത്തിലും ആത്മീയഗുരുക്കന്മാരിലേക്കും നമ്മള്‍ എത്തിപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരാജയം.

ജീവിതത്തില്‍ കുടുംബത്തിനും കരിയറിനും അപ്പുറം പലതും ഉണ്ട്. അവയൊക്ക നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും ആണ്. ഒരു കാര്യത്തിലും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് ശരിയല്ലാത്ത പണമുണ്ടാക്കുന്നതും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതും ഒക്കെ  അവഗണിക്കുന്നതും മണ്ടത്തരം ആണ്. ഇതിലൊന്നും കൃത്യമായ ബാലന്‍സ് ഒന്നും ആര്‍ക്കും കിട്ടില്ല, എന്ന് വച്ച്  അതിനു ശ്രമിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. 

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി

18. വിദേശജീവിതവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും

19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം

20. തൊഴില്‍ കമ്പോളത്തിലെ രണ്ടാമൂഴം

21. രാഷ്ട്രീയം ഒരു നല്ല തൊഴിലാണോ?

22. പിഎച്ച്ഡി യില്‍ നിന്നും പിഡിഎഫിലേക്ക്

23. ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുമ്പോള്‍

24. പണികൊടുക്കുന്ന പണി

25. മിലേനിയല്‍ പിള്ളേര്‍ക്ക് ഒരു പണി കൊടുക്കട്ടെ